ചേളാരി: മദ്‌റസ പഠനം കാര്യക്ഷമമാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സമസ്ത കേരള മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി ചേളാരി സമസ്താലയത്തില്‍ സംഘടിപ്പിച്ച നേതൃസംഗമവും മദ്‌റസാ ശാക്തീകരണ ക്യാമ്പയിനും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി കേരളത്തില്‍ വ്യവസ്ഥാപിതമായി മദ്‌റസകള്‍ പ്രവര്‍ത്തിക്കുന്നതുമൂലം കേരളീയ സമൂഹത്തിന് ഒട്ടേറെ നേട്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളോടുള്ള ഭ്രമം മദ്‌റസ പഠനത്തിന് ഹാനികരമാവാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും തങ്ങള്‍ പറഞ്ഞു. ജൂലായ് 1 മുതല്‍ 31 വരെ നടക്കുന്ന മദ്‌റസാ ശാക്തീകരണ ക്യാമ്പയിന്‍ വിജയിപ്പിക്കാന്‍ തങ്ങള്‍ ആഹ്വാനം ചെയ്തു. എസ്.കെ.എം.എം.എ. സംസ്ഥാന പ്രസിഡന്റ് എ.പി.മുഹമ്മദ് മുസ്‌ലിയാര്‍ കുമരംപുത്തൂര്‍ അദ്ധ്യക്ഷത വഹിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി.
പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അവാര്‍ഡ് പ്രഖ്യാപനം നടത്തി. സമസ്ത പൊതുപരീക്ഷയിലെ റാങ്ക് ജേതാക്കള്‍ക്കും അവരുടെ അധ്യാപകര്‍ക്കും മദ്‌റസകള്‍ക്കും പൊതുപരീക്ഷയില്‍ ഏറ്റവും കൂടുതല്‍ കുട്ടികളെ പങ്കെടുപ്പിച്ച് ഉന്നതവിജയം കൈവരിക്കുന്ന സ്ഥാപനങ്ങള്‍ക്കും സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, കാളമ്പാടി എ. മുഹമ്മദ് മുസ്‌ലിയാര്‍, ടി.കെ.എം. ബാവ മുസ്‌ലിയാര്‍ എന്നിവരുടെ സ്മരണാര്‍ത്ഥം ഈവര്‍ഷം മുതല്‍ അവാര്‍ഡ് നല്‍കുന്നതാണെന്ന് തങ്ങള്‍ പറഞ്ഞു.
പി.കെ. ഷാഹുല്‍ഹമീദ് മാസ്റ്റര്‍ വിഷയാവതരണം നടത്തി. കെ. മോയിന്‍കുട്ടി മാസ്റ്റര്‍ കര്‍മപദ്ധതി അവതരിപ്പിച്ചു. ഡോ. എന്‍.എ.എം. അബ്ദുല്‍ ഖാദിര്‍, കെ.കെ.എസ്. തങ്ങള്‍ വെട്ടിച്ചിറ, കൊടക് അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, പി.എ. ജബ്ബാര്‍ ഹാജി എളമരം, എം.എ. ചേളാരി, സത്താര്‍ പന്തല്ലൂര്‍, എം.എ.ഖാദര്‍, കെ.എം.കുട്ടി എടക്കുളം, എ.പി.പി. തങ്ങള്‍, കെ.എച്ച്. കോട്ടപ്പുഴ, കെ.പി.പി. തങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. എസ്.കെ.എം.എം.എ. സംസ്ഥാന സെക്രട്ടറി കെ.പി. കോയ ക്രോഡീകരണം നടത്തി. ജനറല്‍സെക്രട്ടറി കെ.എം.അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം സ്വാഗതവും സെക്രട്ടറി പുറങ്ങ് മൊയ്തീന്‍ മുസ്‌ലിയാര്‍ നന്ദിയും പറഞ്ഞു.
- SKIMVBoardSamasthalayam Chelari