സമസ്ത നൂറാം വാര്‍ഷികം: കര്‍മ്മപദ്ധതിക്ക് ഏഴംഗ സമിതി

ചേളാരി: സമസ്ത നൂറാം വാര്‍ഷിക കര്‍മ്മപദ്ധതികള്‍ക്ക് രൂപം നല്‍കാന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ യോഗം ഏഴംഗ സമിതിയെ രെരഞ്ഞെടുത്തു. എം.പി. മുസ്തഫര്‍ ഫൈസി (കണ്‍വീനര്‍), കെ ഉമ്മര്‍ ഫൈസി മുക്കം, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, എ.വി അബ്ദുറഹിമാന്‍ മുസ്ലിയാര്‍, വാക്കോട് മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍, ഐ.ബി ഉസ്മാന്‍ ഫൈസി, ബംബ്രാണ അബ്ദുല്‍ഖാദിര്‍ മുസ്ലിയാര്‍, എന്നിവരാണ് സമിതി അംഗങ്ങള്‍.

സമിതിയുടെ റിപ്പോര്‍ട്ട് സമസ്ത ഏകോപന സമിതി യോഗം ചര്‍ച്ച ചെയ്ത ശേഷം കേന്ദ്രമുശാവറയുടെ അംഗീകാരത്തിന് സമര്‍പ്പിക്കും. 1926ല്‍ രൂപീകരിച്ച സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രവര്‍ത്തന രംഗത്ത് ഒമ്പതര പതിറ്റാണ്ട് പിന്നിട്ടിരിക്കുകയാണ്. 2016 ആലപ്പുഴയില്‍ നടന്ന തൊണ്ണൂറാം വാര്‍ഷിക സമ്മേളനത്തില്‍ വെച്ചാണ് 2026ല്‍ നൂറാം വാര്‍ഷികത്തിന്റെ പ്രഖ്യാപനം നടന്നത്. 100-ാം വാര്‍ഷികത്തിന്റെ ഭാഗമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായും പോഷക സംഘടനകളും നടപ്പാക്കേണ്ട പദ്ധതികള്‍ക്ക് സമിതിയോഗം ചേര്‍ന്ന് രൂപം നല്‍കും.

വെളിമുക്ക് ക്രസന്റ് ബോര്‍ഡിംഗ് മദ്റസ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന കേന്ദ്ര മുശാവറ യോഗത്തില്‍ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു. യു.എം അബ്ദുറഹിമാന്‍ മുസ്ലിയാര്‍, എം.ടി ആബ്ദുല്ല മുസ്ലിയാര്‍, പി.പി ഉമര്‍ മുസ്ലിയാര്‍ കൊയ്യോട്, കെ.ടി ഹംസ മുസ്ലിയാര്‍, വി. മൂസക്കോയ മുസ്ലിയാര്‍, കെ.പി.സി തങ്ങള്‍ വല്ലപ്പുഴ, എം.പി കുഞ്ഞിമുഹമ്മദ് മുസ്ലിയാര്‍ നെല്ലായ, പി.കെ. മൂസക്കുട്ടി ഹസ്രത്ത്, ടി.എസ് ഇബ്രാഹീം കുട്ടി മുസ്ലിയാര്‍, മാണിയൂര്‍ അഹ്മദ് മുസ്ലിയാര്‍, കെ. ഹൈദര്‍ ഫൈസി പനങ്ങാങ്ങര, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, എം. മൊയ്തീന്‍ കുട്ടി ഫൈസി വാക്കോട്, കെ. ഉമര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹിമാന്‍ മുസ്ലിയാര്‍ നന്തി, കെ.കെ.പി അബ്ദുല്ല മുസ്ലിയാര്‍, ഇ.എസ്. ഹസ്സന്‍ ഫൈസി, ഐ.ബി ഉസ്മാന്‍ ഫൈസി, മാഹിന്‍ മുസ്ലിയാര്‍ തൊട്ടി, എം.പി മുസ്തഫല്‍ ഫൈസി, എന്‍.കെ അബ്ദുല്‍ഖാദിര്‍ മുസ്ലിയാര്‍ പൈങ്കണ്ണിയൂര്‍, ബി.കെ അബ്ദുല്‍ഖാദിര്‍ മുസ്ലിയാര്‍ ബംബ്രാണ, കാടേരി മുഹമ്മദ് മുസ്ലിയാര്‍, എം.എം. അബ്ദുല്ല ഫൈസി എടപ്പലം ചര്‍ച്ചയില്‍ പങ്കെടുത്തു.
- Samasthalayam Chelari

'ലൈറ്റ് ഓഫ് മിഹ്‌റാബ്' പ്രഭാഷക ശില്‍പശാല സമാപിച്ചു: സുന്നീ മഹല്ല് ഫെഡറേഷന്‍

ചേളാരി: സമസ്ത കേരള സുന്നീ മഹല്ല് ഫെഡറേഷന്‍ - സമസ്ത കേരള ജംഇയ്യത്തുല്‍ ഖുത്വബാ സംസ്ഥാന കമ്മിറ്റികള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന 'ലൈറ്റ് ഓഫ് മിഹ്‌റാബ്' ത്രൈമാസ കാമ്പയിനിന്റെ ഭാഗമായി പ്രഭാഷക ശില്‍പശാലയും മൊഡ്യൂള്‍ പ്രിപ്പറേഷനും സംഘടിപ്പിച്ചു. ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയില്‍ നടന്ന പരിപാടി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ഉല്‍ഘാടനം ചെയ്തു. ജംഇയ്യത്തുല്‍ ഖുത്വബാ സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് ഹദിയ്യത്തുല്ല അല്‍ ഐദറൂസി തങ്ങള്‍ ആലപ്പുഴ അധ്യക്ഷനായി. എസ്.എം.എഫ്.സംസ്ഥാന ജനറല്‍ സെക്രട്ടറി യു.മുഹമ്മദ് ശാഫി ഹാജി, വര്‍ക്കിങ് സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ജംഇയ്യത്തുല്‍ ഖുത്വബാ സംസ്ഥാന ജനറല്‍ സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി, അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍ എന്നിവര്‍ വിഷയാവതരണം നടത്തി. കോഡിനേറ്റര്‍ ജാബിര്‍ ഹുദവി തൃക്കരിപ്പൂര്‍ കാമ്പയിന്‍ വിശദീകരണം നടത്തി. എസ്.എം.എഫ്. സംസ്ഥാന സെക്രട്ടറി വി.എ.സി. കുട്ടി ഹാജി പാലക്കാട്, കോഴിക്കോട് ജില്ലാ പ്രസിഡന്റ് ആര്‍.വി. കുട്ടി ഹസന്‍ ദാരിമി, ജില്ലാ സെക്രട്ടറിമാരായ എ.കെ.അബ്ദുല്‍ ബാഖി കണ്ണൂര്‍, പി.സി.ഇബ്രാഹിം ഹാജി വയനാട്, സലാം ഫൈസി മുക്കം, സി.എച്ച്. ത്വയ്യിബ് ഫൈസി മലപ്പുറം, ബശീര്‍ കല്ലേപ്പാടം തൃശൂര്‍, മഅ്മൂന്‍ ഹുദവി കോട്ടയം, ജംഇയ്യത്തുല്‍ ഖുത്വബാ സംസ്ഥാന വൈസ് പ്രസിഡന്റ് ചുഴലി മുഹ്യദ്ദീന്‍ ബാഖവി, ജില്ലാ സെക്രട്ടറിമാരായ സിറാജുദ്ദീന്‍ ദാരിമി കണ്ണൂര്‍, ഇ.ടി.അസീസ് ദാരിമി കോഴിക്കോട്, ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ്, മുജീബ് ഫൈസി വയനാട്, ഇസ്മാഈല്‍ റഹ്മാനി തൃശൂര്‍, ഹനീഫ കാശിഫി ഇടുക്കി, സിദ്ദീഖ് ഫൈസി തിരുവനന്തപുരം തുടങ്ങിയവര്‍ സംബന്ധിച്ചു. എസ്.എം.എഫ്.സംസ്ഥാന ഓര്‍ഗനൈസര്‍ എ.കെ.ആലിപ്പറമ്പ് സ്വാഗതവും മലപ്പുറം ജില്ലാ ഓര്‍ഗനൈസര്‍ ഇസ്മാഈല്‍ ഹുദവി ചെമ്മാട് നന്ദിയും പറഞ്ഞു.

കാമ്പയിന്‍ സംസ്ഥാന തല ഉദ്ഘാടനവും മലപ്പുറം ജില്ലാ സംഗമവും ഓഗസ്റ്റ് 31 ചൊവ്വാഴ്ച രാവിലെ മലപ്പുറം സുന്നി മഹലില്‍ നടക്കും. തുടര്‍ന്ന് മൂന്ന് മാസങ്ങളിലായി ജില്ലാ, മേഖലാ, മഹല്ല് തലങ്ങളില്‍ കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ നടക്കും.
- SUNNI MAHALLU FEDERATION

അസ്മി പ്രിന്‍സിപ്പല്‍ മീറ്റ് 31ന്

ചേളാരി. അസോസിയേഷന്‍ ഓഫ് സമസ്ത മൈനോറിറ്റി ഇന്‍സ്റ്റിറ്റിയൂഷന്‍സ് ( അസ്മി) യുടെ കീഴിലുള്ള സ്ഥാപനങ്ങളിലെ പ്രിന്‍സിപ്പല്‍ മീറ്റ് ആഗസ്ത് 31 ചൊവ്വാഴ്ച നടക്കും. ''ഗ്ലീം 21'' എന്ന പേരില്‍ നടക്കുന്ന പരിപാടി രാവിലെ 10.30 ന് സമസ്ത ജനറല്‍ മാനേജര്‍ കെ മോയീന്‍ കുട്ടി മാസ്റ്റര്‍ ഉല്‍ഘാടനം ചെയ്യും. അസ്മി ജനറല്‍ സെക്രട്ടറി പി കെ മുഹമ്മദ് ഹാജി അധ്യക്ഷത വഹിക്കും. ആര്‍ട്ട് ഓഫ് ലീഡര്‍ എന്ന വിഷയം എസ് വി മുഹമ്മദലിയും ഫോര്‍ പാരന്റ് എന്ന വിഷയം കെ ടി അഷ്‌റഫും അവതരിപ്പിക്കും. അസ്മി വര്‍ക്കിംഗ് സെക്രട്ടറി റഹീം ചുഴലി, അക്കാദമിക് സമിതി കണ്‍വീനര്‍ ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി, ട്രൈനിംഗ് ബോര്‍ഡ് കണ്‍ വീനര്‍ റശീദ് മാസ്റ്റര്‍ കമ്പളക്കാട്, ഇന്‍സ്‌പെക്ഷന്‍ സമിതി കണ്‍വീനര്‍ അഡ്വ നാസര്‍ കാളമ്പാറ, എക്‌സാം ബോര്‍ഡ് കണ്‍വീനര്‍ സയ്യിദ് അനീസ് ജിഫ്‌രി തങ്ങള്‍ പ്രിസം കണ്‍വീനര്‍ ശാഫി മാസ്റ്റര്‍ ആട്ടീരി, ഫെസ്റ്റ് കണ്‍വീനര്‍ മജീദ് പറവണ്ണ എന്നിവര്‍ വിവിധ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും. സയ്യിദ് കെ കെ എസ് തങ്ങള്‍ വെട്ടിച്ചിറ, പി വി മുഹമ്മദ് മൗലവി , അഡ്വ പി പി ആരിഫ്, നവാസ് ദാരിമി ഓമശ്ശേരി, സലീം എടക്കര, ഒ.കെ.എം കുട്ടി ഉമരി സംബന്ധിക്കും. കെ ജി വിഭാഗം ഓണ്‍ലൈനായും സ്‌കൂള്‍ വിഭാഗം ഓഫ് ലൈനായും നടക്കുന്ന മീറ്റില്‍ മുന്നൂറോളം സ്ഥാപന മേധാവികള്‍ പങ്കെടുക്കും.
- Samasthalayam Chelari

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി രണ്ടാം സെമസ്റ്റർ എം.എ പരീക്ഷ മാറ്റിവെക്കണം: ത്വലബ വിങ്

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി 2019 അഡ്‌മിഷൻ എം.എ വിദ്യാർത്ഥികൾക്ക് രണ്ടാം സെമസ്റ്റർ പരീക്ഷയും, 'കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് ' കാറ്റഗറി 3,4 പരീക്ഷയും സെപ്റ്റംബർ 3 ന് ഒരുമിച്ച് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഒരുപാട് വിദ്യാർത്ഥികൾക്ക് ഒരേ ദിവസം ഒരേ സമയം രണ്ട് പരീക്ഷകൾ ഒരുമിച്ച് വരുന്നതിനാൽ ഏതെങ്കിലും ഒരു പരീക്ഷ ഒഴിവാക്കുക എന്നല്ലാതെ മറ്റൊരു മാർഗമില്ല.

പ്രസ്തുത വിഷയത്തിൽ പരിഹാരം ആവശ്യപ്പെട്ടുകൊണ്ട് എസ്.കെ.എസ്.എസ്.എഫിന്റെ മത വിദ്യാർത്ഥി വിഭാഗം ത്വലബ വിങ് സംസ്ഥാന സമിതി സെപ്റ്റംബർ 3 ന് നടക്കാനുള്ള MA രണ്ടാം സെമസ്റ്റർ പരീക്ഷ മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. എം.കെ ജയരാജിന് നിവേദനം നൽകി. സംസ്ഥാന ഭാരവാഹികളായ സയ്യിദ് ഉമറുൽ ഫാറൂഖ് തങ്ങൾ ചേളാരി,ഹബീബ്‌ വരവൂർ,മുസ്തഫ ചേളാരി, സഫ് വാൻ പുതുപ്പറമ്പ തുടങ്ങിയവർ സംബന്ധിച്ചു.

സത്യധാര; രചനാ ശില്‍പശാലയും അവാര്‍ഡ് വിതരണവും നടത്തി

കോഴിക്കോട്: സത്യധാര ദ്വൈവാരിക കാമ്പയിന്റെ ഭാഗമായി ഏറ്റവും കൂടുതല്‍ വരിക്കാരെ ചേര്‍ത്ത ജില്ല, മേഖല, ക്ലസ്റ്റര്‍ യൂണിറ്റ് ഭാരവാഹികള്‍ക്കുള്ള ഉപഹാര സമര്‍പണവും തെരഞ്ഞെടുക്കപ്പെട്ട യുവ എഴുത്തുകാര്‍ക്കുള്ള രചനാ ശില്‍പശാലയും സംഘടിപ്പിച്ചു. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. സുപ്രഭാതം എഡിറ്റര്‍ എ. സജീവന്‍, സത്യധാര എഡിറ്റര്‍ പി. എ സ്വാദിഖ് ഫൈസി താനൂര്‍ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, റഷീദ് ഫൈസി വെള്ളായിക്കോട്, ഖാസിം ദാരിമി വയനാട്, സുലൈമാന്‍ ഉഗ്രപുരം, അബ്ദു സമദ് ടി, മുഹമ്മദ് കുട്ടി കുന്നുംപുറം, ഇസ്മായില്‍ ദാരിമി പാലക്കാട് , നജീബ് റഹ്മാനി തിരുവനന്തപുരം സംബന്ധിച്ചു
- SKSSF STATE COMMITTEE

സ്വാതന്ത്ര്യ സമര ചരിത്രം വക്രീകരിക്കാനുള്ള നീക്കം ഉപേക്ഷിക്കണം: സമസ്ത

ചേളാരി: ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രം വക്രീകരിക്കാനുള്ള ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സിലിന്റെ നീക്കം ഉപേക്ഷിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ യോഗം ആവശ്യപ്പെട്ടു. വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും, ആലി മുസ്ലിയാരും ഉള്‍പ്പെടെ 387 ധീരസമര യോദ്ധാക്കളെ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാനുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് നിയോഗിച്ച സമിതിയുടെ ശിപാര്‍ശ തള്ളിക്കളയണം. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രത്തിലെ അവിസ്മരണീയ അധ്യായമായിരുന്നു 1921ലെ മലബാര്‍ കലാപമെന്ന ചരിത്രകാരന്മാരുടെ രേഖപ്പെടുത്തലുകള്‍ മുക്കാല്‍ നൂറ്റാണ്ടിന് ശേഷം ഇപ്പോള്‍ തിരുത്താനുള്ള നീക്കം ചരിത്രത്തോട് ചെയ്യുന്ന കടുത്തപാതകമാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രത്തില്‍ നിന്നും മുസ്ലിംകളുടെ പങ്ക് തുടച്ചു നീക്കാനുള്ള ശ്രമമായെ ഇതിനെ കാണാന്‍ പറ്റുകുയുള്ളൂവെന്ന് യോഗം വിലയിരുത്തി.

വൈദേശികാധിപത്യത്തിനെതിരെ പടപൊരുതി ഇന്ത്യക്ക് സ്വാന്ത്ര്യം നേടിക്കൊടുത്ത ധീരദേശാഭിമാനികളെ ഭാവിതലമുറ എക്കാലവും സ്മരിക്കപ്പെടണം. ചരിത്രകാരന്മാരും, രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക നായകരും പ്രശ്നത്തില്‍ ഇടപെട്ട് ചരിത്രം മാറ്റി തിരുത്താനുള്ള ഐ.സി.എം.ആറിനെ നീക്കത്തില്‍ നിന്നും പിന്തിരിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു. യു.എം അബ്ദുറഹിമാന്‍ മുസ്ലിയാര്‍, എം.ടി ആബ്ദുല്ല മുസ്ലിയാര്‍, കെ.ടി ഹംസ മുസ്ലിയാര്‍, കെ.പി.സി തങ്ങള്‍ വല്ലപ്പുഴ, എം.പി കുഞ്ഞിമുഹമ്മദ് മുസ്ലിയാര്‍ നെല്ലായ, പി.കെ. മൂസക്കുട്ടി ഹസ്രത്ത്, ടി.എസ് ഇബ്രാഹീം കുട്ടി മുസ്ലിയാര്‍, മാണിയൂര്‍ അഹ്മദ് മുസ്ലിയാര്‍, കെ. ഹൈദര്‍ ഫൈസി പനങ്ങാങ്ങര, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, എം. മൊയ്തീന്‍ കുട്ടി ഫൈസി വാക്കോട്, കെ. ഉമര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹിമാന്‍ മുസ്ലിയാര്‍ നന്തി, കെ.കെ.പി അബ്ദുല്ല മുസ്ലിയാര്‍, ഇ.എസ്. ഹസ്സന്‍ ഫൈസി, ഐ.ബി ഉസ്മാന്‍ ഫൈസി, മാഹിന്‍ മുസ്ലിയാര്‍ തൊട്ടി, എം.പി മുസ്തഫല്‍ ഫൈസി, എന്‍.കെ അബ്ദുല്‍ഖാദിര്‍ മുസ്ലിയാര്‍ പൈങ്കണ്ണിയൂര്‍, ബി.കെ അബ്ദുല്‍ഖാദിര്‍ മുസ്ലിയാര്‍ ബംബ്രാണ, കാടേരി മുഹമ്മദ് മുസ്ലിയാര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
- Samasthalayam Chelari

ബുക്‌പ്ലസ് ലിറ്റററി അവാർഡിന് രചനകൾ ക്ഷണിക്കുന്നു

ചെമ്മാട്: ബുക്‌പ്ലസ് പബ്ലിഷേഴ്സ് സംഘടിപ്പിക്കുന്ന നോവൽ രചന മത്സരത്ത്തിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. ബുക്‌പ്ലസ് ലിറ്റററി അവാർഡ് ന്റെ ഭാഗമായാണ് രചനകൾ ക്ഷണിക്കുന്നത്. പ്രശസ്ത നോവലിസ്റ്റ് ടി. ഡി രാമകൃഷ്ണൻ അവാർഡ് പ്രഖ്യാപനം നിർവഹിച്ചു. മികച്ച നോവലിനാണ് ഈ വർഷത്തെ സാഹിത്യ അവാർഡ് നൽകുക. 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങിയതാണ് അവാർഡ്. കൂടുതൽ അറിയാൻ 9846661147എന്ന നമ്പറിൽ ബന്ധപ്പെടുക.
- Darul Huda Islamic University

സ്വാതന്ത്ര്യസമര സേനാനിയുടെ ധന്യസ്മരണയില്‍ മമ്പുറം മഖാം

തിരൂരങ്ങാടി: മലബാറിലെ അധിനിവേശ വിരുദ്ധപോരാട്ടങ്ങളുടെ മുന്നണിപ്പോരാളിയായിരുന്ന സ്വാതന്ത്ര്യസമര സേനാനി കൂടിയായ ഖുഥ്ബുസ്സമാന്‍ സയ്യിദ് അലവി തങ്ങളുടെ ധന്യസ്മരണയില്‍ മമ്പുറം മഖാം. ആണ്ടുനേര്‍ച്ചക്കിടയില്‍ വന്ന സ്വാതന്ത്യദിനത്തില്‍ അദ്ദേഹത്തിന്റെ ജ്വലിക്കുന്ന ഓര്‍മകള്‍ അനുസ്മരിക്കുന്ന വേദി കൂടിയായി മമ്പുറം മഖാം.

ആത്മീയമായും സാമൂഹികമായും ഇടപെടലുകള്‍ നടത്തി സമ്പൂര്‍ണ വിമോചന പോരാട്ടത്തിനായി ജീവിതം സമര്‍പ്പിച്ച മഹത് വ്യക്തിയായിരുന്നു മമ്പുറം തങ്ങളെന്ന് മുഖ്യപ്രഭാഷണം നടത്തിയ സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പറഞ്ഞു.

ഭിന്നിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് നയത്തിനെതിരെ സന്ധിയില്ലാസമരത്തിന് ആഹ്വാനം ചെയ്യുകയും ബഹുജനങ്ങളെ അണിനിരത്തി പോരാട്ടങ്ങള്‍ നടത്തുകയും ചെയ്ത മമ്പുറം തങ്ങളുടെ ചരിത്രം പുതിയ കാലത്ത് കൂടുതല്‍ ഗവേഷണങ്ങള്‍ക്ക് വിധേയമാക്കേണ്ടതുണ്ടെന്നും മമ്പുറം തങ്ങളുടെയും മകന്‍ സയ്യിദ് ഫദ്ല്‍ പൂക്കോയതങ്ങളുടെയും ചരിത്രം സ്കൂൾ പാഠ്യപദ്ധതിയില്‍ ഉള്‍പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പാണക്കാട് സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍ പരിപാടി ഉദ്ഘാടനം ചെയ്തു. എം.കെ എം ജാബിറലി ഹുദവി പടിഞ്ഞാറ്റുമുറി അധ്യക്ഷനായി. യു. ശാഫി ഹാജി ചെമ്മാട്, സി.എച്ച് ത്വയ്യിബ് ഫൈസി പുതുപ്പറമ്പ്, ഇസ്ഹാഖ് ബാഖവി ചെമ്മാട്, വി.പി കോയക്കുട്ടി തങ്ങള്‍ മമ്പുറം, ഹംസ ഹാജി മൂന്നിയൂര്‍, സി.കെ മുഹമ്മദ് ഹാജി, കെ.പി ശംസുദ്ദീന്‍ ഹാജി എന്നിവർ സംബന്ധിച്ചു. വി. ജഅ്ഫർ ഹുദവി ഇന്ത്യനൂർ സ്വാഗതവും പി.കെ നാസർ ഹുദവി ഇന്ത്യനൂർ നന്ദിയും പറഞ്ഞു.
- Mamburam Andunercha

മമ്പുറത്ത് ഇന്ന് പ്രാര്‍ത്ഥനാ സദസ്സ്; നാളെ കൊടിയിറക്കം

തിരൂരങ്ങാടി: 183-ാമത് മമ്പുറം ആണ്ടുനേര്‍ച്ചയുടെ ഭാഗമായി ഇന്ന മഖാമില്‍ പ്രാര്‍ത്ഥനാ സദസ്സ് നടക്കും. നേര്‍ച്ച നാളെ കൊടിയിറങ്ങും. ഇന്ന് മഗ്‌രിബ് നമസ്‌കാരാനന്തരം നടക്കുന്ന പ്രാര്‍ത്ഥനാ സദസ്സ് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‍വി അധ്യക്ഷനാകും. കോഴിക്കോട് വലിയ ഖാദി സയ്യിദ് അബ്ദുന്നാസ്വിര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ ആമുഖ പ്രാര്‍ത്ഥന നടത്തും. പ്രാര്‍ത്ഥനാ സദസ്സിന് സയ്യിദ് ഫദ്ല്‍ തങ്ങള്‍ മേല്‍മുറി നേതൃത്വം നല്‍കും.

നാളെ ഉച്ചക്ക് രണ്ട് മണിക്ക് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന ഖത്മ് ദുആ സദസ്സോടെ ഓരാഴ്ചത്തെ ആണ്ടുനേര്‍ച്ചക്ക് സമാപ്തിയാവും. കോവിഡ് പ്രത്യേക സാഹചര്യത്തില്‍ ഇത്തവണയും സമാപന ദിവസത്തെ അന്നദാനമുണ്ടാകില്ല. നേര്‍ച്ചയുടെ പ്രധാന ചടങ്ങുകളിലൊന്നായ അന്നദാനത്തിന് ഒരു ലക്ഷത്തിലധികം നെയ്‌ച്ചോര്‍ പാക്കറ്റുകളായിരുന്നു മുന്‍ വര്‍ഷങ്ങളില്‍ തയ്യാറാക്കിയിരുന്നത്.

നേര്‍ച്ച സമയങ്ങളില്‍ മഖാമിലെത്തുന്ന സന്ദര്‍ശകര്‍ക്ക് രാവിലെ മുതല്‍ വൈകീട്ട് വരെ നിയന്ത്രണങ്ങളോടെ തീര്‍ത്ഥാടനം ചെയ്യാനുള്ള സൗകര്യം മഖാം കമ്മിറ്റി ഒരുക്കിയിട്ടുണ്ട്.

ഇന്നലെ രാത്രി നടന്ന മതപ്രഭാഷണം ബശീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി.
- Mamburam Andunercha

SKSSF സൈബർ സുരക്ഷാ കാംപയിന് തുടക്കം

കോഴിക്കോട്: സുരക്ഷിത സൈബർ ഉപയോഗത്തെക്കുറിച്ച് രക്ഷിതാക്കൾ, വിദ്യാർഥികൾ, കൗമാരപ്രായക്കാർ തുടങ്ങിയവരെ ബോധവൽക്കരിക്കാൻ എസ് കെ എസ് എസ് എഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ദ്വൈമാസ കാംപയിന്റെ സംസ്ഥാന തല ഉദ്ഘാടനം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളുടെ അദ്ധ്യക്ഷതയിൽ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. ഓൺലൈൻ ബോധവത്ക്കരണ പരിപാടികളുടെ ഉദ്ഘാടനം എ. ഡി. ജി. പി മനോജ് എബ്രഹാം ഐ. പി. എസ് നിർവ്വഹിച്ചു. സമൂഹത്തിൽ സൈബർ സുരക്ഷ വലിയ വെല്ലുവിളി നേരിട്ടു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ഇത്തരം കാംപയിൻ അനിവാര്യമാണെന്ന് അദ്ധേഹം പറഞ്ഞു. കോഴിക്കോട് ജില്ലാ ചൈൽഡ്ലൈൻ കോ-ഓർഡിനേറ്റർ മുഹമ്മദ് അഫ്സൽ മുഖ്യ പ്രഭാഷണം നടത്തി. ഉദ്ഘാടന ചടങ്ങ് എസ്. കെ. ഐ. സി. ആർ യുട്യൂബ് ചാനലിലും സംഘടനയുടെ ഔദ്യോഗിക ഫെയ്സ് ബുക്ക് പേജിലും സംപ്രേഷണം ചെയ്തു.

ഓൺലൈൻ പഠന രീതി ഒരു വർഷം പിന്നിടുമ്പോൾ നെറ്റ് അഡിക്ഷനും സൈബർ ചൂഷണങ്ങളും വർധിച്ച് വരുന്ന സാഹചര്യത്തിലാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. "സ്പളൻഡിഡ്" കരുത്തരാകാൻ കരുതിയിരിക്കാം എന്നതാണ് കാംപയിനിന്റെ സന്ദേശം. നെറ്റ് അഡിക്ഷൻ, ഓൺലൈൻ ചൂഷണങ്ങൾ, സൈബർ നിയമങ്ങൾ, നിയന്ത്രണ രീതികൾ തുടങ്ങിയ വിഷയങ്ങളിലുള്ള ബോധവൽക്കരണ ക്ലാസുകൾ, വെബിനാർ, ചർച്ചകൾ, ഓൺലൈൻ അഡിക്ഷൻ സർവ്വേ, സാമൂഹ്യ മാധ്യമ ഇടപെടലുകൾ, കൗൺസിലിംഗ്, ക്യാമ്പുകൾ, സപ്പോട്ടിംഗ് കൂട്ടായ്മകളുടെ രൂപീകരണം, സൗജന്യ ടെലി കൗൺസിലിംഗ്, ലൈഫ് സ്കിൽ ട്രെയിനിങ്, ആത്മീയവബോധനം, മാനസികാരോഗ്യ പ്രവർത്തനങ്ങൾ തുടങ്ങിയ വിവിധ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.

സംഘടനയുടെ സംസ്ഥാന സമിതിക്ക് കീഴിൽ ജില്ല, മേഖല, കസ്റ്റർ, ശാഖ കമ്മിറ്റികളും വിവിധ ഉപസമിതികളും മറ്റു ബഹുജന കൂട്ടായ്മകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവയെ ഏകോപിപ്പിച്ചു കൊണ്ട് സംഘടിപ്പിക്കുന്ന കാംപയിൻ സെപ്തംബറിൽ സമാപിക്കും. ഉദ്ഘാടന ചടങ്ങിൽ എ. സ്. കെ. എസ്. എസ്. എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തലൂർ സ്വാഗതവും കാംപയിൻ സമിതി കണ്‍വീനര്‍ ബഷീര്‍ അസ്അദി നമ്പ്രം നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE

183-ാമത് മമ്പുറം ആണ്ടുനേര്‍ച്ചക്ക് അന്തിമ രൂപമായി

തിരൂരങ്ങാടി: ഖുഥ്ബുസ്സമാന്‍ സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ 183-ാമത് ആണ്ടുനേര്‍ച്ചയുടെ ഭാഗമായി നടക്കുന്ന വിവിധ ചടങ്ങള്‍ക്കു അന്തിമ രൂപമായി. കോവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ പരിപാടികളുടെ തത്സമ സംപ്രേഷണം സജ്ജീകരിക്കുന്നുണ്ട്.

10 ന് ചൊവ്വാഴ്ച സിയാറത്ത്, കൊടികയറ്റം, മജ്‌ലിസുന്നൂര്‍ എന്നിവ നടക്കും. 11 ന് രാത്രി മതപ്രഭാഷണവും 12 ന് മമ്പുറം സ്വലാത്തും നടക്കും. 13,14,15 തിയ്യതികളിലും മതപ്രഭാഷണങ്ങളുണ്ടാകും. 16 ന് പ്രാര്‍ത്ഥനാ സദസ്സും 17 ന് സമാപന ദുആ മജ്‌ലിസും നടക്കും. നേര്‍ച്ചയുടെ ദിവസങ്ങളില്‍ ഉച്ചക്ക് മഖാമില്‍ വെച്ച് മൗലിദ് പാരായണവും നടക്കും.

കൂടിയാലോചനാ യോഗത്തില്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷത വഹിച്ചു. കെ.എം സൈദലവി ഹാജി കോട്ടക്കല്‍, യു. ശാഫി ഹാജി ചെമ്മാട്, സി.എച്ച് ത്വയ്യിബ് ഫൈസി പുതുപ്പറമ്പ്, സി.കെ മുഹമ്മദ് ഹാജി, എം.എ ചേളാരി, ഹംസ ഹാജി മൂന്നിയൂര്‍, കെ.പി ശംസുദ്ദീന്‍ ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.
- Mamburam Andunercha

ദാറുല്‍ഹുദാ - യു.പി.എന്‍.എം; രാജ്യാന്തര വെബിനാര്‍ സംഘടിപ്പിച്ചു

തിരൂരങ്ങാടി: മലേഷ്യയിലെ നാഷണല്‍ ഡിഫന്‍സ് യൂനിവേഴ്‌സിറ്റി (യു.പി.എന്‍.എം) യും ദാറുല്‍ഹുദാ ഇസ്‌ലാമിക സര്‍വകലാശാലയും സംയുക്തമായി അക്കാദമിക സഹകരണ രംഗത്തെ പ്രത്യാശയും വെല്ലുവിളികളും എന്ന വിഷയത്തില്‍ രാജ്യാന്തര വെബിനാര്‍ സംഘടിപ്പിച്ചു. യു.പി.എന്‍.എം ഡെപ്യൂട്ടി വൈസ് ചാന്‍സലര്‍ പ്രൊഫ. ദാത്തോ ഡോ. അഹ്മദ് മുജാഹിദ് ബിന്‍ അഹ്മദ് സൈദി, ദാറുല്‍ഹുദാ രജിസ്ട്രാര്‍ എം.കെ.എം ജാബിറലി ഹുദവി എന്നിവര്‍ വിഷയമവതരിപ്പിച്ചു. യു.പി.എന്‍.എമ്മിലെ നൂറാ സിക്കിന്‍ ശാഹുല്‍ ഹമീദ് മോഡറേറ്ററായി.

കേന്ദ്ര സര്‍ക്കാര്‍ പുതുതായി പ്രഖ്യാപിച്ച ദേശീയ വിദ്യാഭ്യാസ നയം രാജ്യാന്തര സര്‍വകാശാലകളുമായുള്ള അക്കാദമി ധാരണകള്‍ക്ക് കൂടുതല്‍ വഴി തെളിയിക്കുമെന്നു വെബിനാര്‍ പ്രത്യാശ പ്രകടിപ്പിച്ചു. കോവിഡാനന്തരം വിദ്യാഭ്യാസ-അക്കാദമിക മേഖലയില്‍ സമൂലമാറ്റങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും വെബിനാര്‍ വിലയിരുത്തി. യു.പി.എന്‍.എം വൈസ് ചാന്‍സലര്‍ ലഫ്റ്റനന്റ് ജനറല്‍ ദാത്തോ ഹസാഗയ ബിന്‍ അബ്ദുല്ല, ദാറുല്‍ഹുദാ വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, പ്രൊഫ.ഡോ നൂറ സമാന്‍ ബിന്‍ മുഹമ്മദ്, ഡോ ജുനൈദ ഖമറുദ്ദീന്‍, ഡോ. മല്ലിക വസൂഗി, ഡോ. സയ്യിദ് മുഹ്‌സിന്‍ ഹുദവി, ഡോ. ചേക്കു ഹമീദ്, ഹാജി യൂസുഫ് ബിന്‍ ഹമീദ് തുടങ്ങിയവര്‍ സംബന്ധിച്ചു. ഇരു സര്‍വകര്‍കലാശാലകളിലെയും വിവിധ കുല്ലിയ്യ, ഡിപ്പാര്‍ട്ട്‌മെന്റ് പ്രതിനിധികളും ഗവേഷകരുമാണ് വെബിനാറില്‍ പങ്കെടുത്തത്.
- Darul Huda Islamic University

സ്വാതന്ത്ര്യ ദിനത്തിൽ SKSSF ഫ്രീഡം സ്ക്വയർ

കോഴിക്കോട്: സ്വാതന്ത്ര്യ ദിനത്തിൽ എസ് കെ എസ് എസ് എഫ് സംസ്ഥാന വ്യാപകമായി 170 മേഖലാ തലങ്ങളിൽ ഫ്രീഡം സ്ക്വയർ സംഘടിപ്പിക്കും. സ്വാതന്ത്ര്യം, പോരാട്ടം അവസാനിക്കുന്നില്ല എന്ന മുദ്രാവാക്യവുമായി നടക്കുന്ന പരിപാടി എല്ലാ മേഖലാ കേന്ദ്രങ്ങളിലും വൈകിട്ട് 4.30ന് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടക്കും. ഓരോ കേന്ദ്രങ്ങളിലും സംസ്ഥാന ജില്ലാ ഭാരവാഹികൾ പ്രമേയ പ്രഭാഷണം നിർവ്വഹിക്കും. ഫ്രീഡം സ്ക്വയറിൻ്റെ മുന്നോടിയായി ആഗസ്ത് പത്തിന് ഇന്ത്യ എങ്ങോട്ട് എന്ന വിഷയത്തിൽ കൊളാഷ് പ്രദർശനം നടക്കും. ആഗസ്റ്റ് 7, 8, 9 തിയ്യതികളിൽ മേഖലാ ഓൺലൈൻ ക്യാമ്പുകളും സംഘടിപ്പിക്കുന്നുണ്ട്. പരിപാടി വൻ വിജയമാക്കാൻ സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അഭ്യർത്ഥിച്ചു.
- SKSSF STATE COMMITTEE