പൊട്ടച്ചിറ അന്‍വരിയ്യ അറബിക് കോളജ് 44ാം വാര്‍ഷിക സനദ്ദാന സമ്മേളനം ആഘോഷിക്കുകയാണ്. പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശ്ശേരിക്കടുത്ത് പൊട്ടച്ചിറയില്‍ സ്ഥിതിചെയ്യുന്ന ഈ മത കലാലയം ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്തവിധം പ്രശസ്തമാണ്.
കേരളത്തില്‍ സൂഫികളുടെയും പണ്ഡിതവര്യരുടെയും സാദാത്തുക്കളുടെയും കൂട്ടായ്മയില്‍നിന്ന് ഉടലെടുത്ത ഒട്ടനവധി സ്ഥാപനങ്ങള്‍ ഉണ്ടെങ്കിലും അന്‍വരിയ്യയെ വേര്‍തിരിക്കുന്ന വ്യത്യസ്തമായ ചില ഘടകങ്ങളുണ്ട്. ആരുടെയും പ്രലോഭനങ്ങളും പ്രീണനവുമില്ലാതെ ഇസ്‌ലാമികേതര ജീവിതം മാറ്റിവെച്ച് സത്യത്തിന്റെ പാതയിലേക്ക് കടന്നുവന്ന ഫാത്വിമ എന്ന മഹതിയാണ് അന്‍വരിയ്യയുടെ സ്ഥാപക. അവരെ അതിലേക്ക് നയിച്ചത് ആത്മീയ ചക്രവര്‍ത്തി വീരാന്‍ ഔലിയയാണ്.
1925ല്‍ ഒറ്റപ്പാലം താലൂക്കിലെ ചെര്‍പ്പുളശ്ശേരിക്കടുത്ത കുറ്റിക്കോട് ഗ്രാമത്തില്‍ ചോലയില്‍ വേലപ്പന്റെയും കാളിയുടെയും മകളായി ജനിച്ചതാണ് ഫാത്വിമാ ബീവി. നേരത്തെ അവര്‍ ലക്ഷ്മി ആയിരുന്നു.
17ാം വയസ്സില്‍ നെല്ലായ പഞ്ചായത്തിലെ മോളൂര്‍ എന്ന പ്രദേശത്തെ തെക്കേതില്‍ വേലുവിന്റെയും വള്ളിയുടെയും മകനായ കോരു എന്ന യുവാവുമായി വിവാഹിതയായി. ഒരു വര്‍ഷത്തിനുശേഷം ചെര്‍പ്പുളശ്ശേരിക്കടുത്ത എലിയപ്പറ്റയിലേക്ക് ഇരുവരും താമസം മാറ്റി. അതിനിടയില്‍ രോഗബാധിതയായ ഇവര്‍ രോഗശമനത്തിന് സമീപിച്ചത് അമ്പംകുന്ന് വീരാന്‍ ഔലിയയെയാണ്. ഓരോ ഗ്രാമങ്ങളിലൂടെ ചുറ്റിനടക്കുക അദ്ദേഹത്തിന്റെ പതിവായിരുന്നു. വീരാന്‍ ഔലിയയോട് കാര്യം പറഞ്ഞു. രോഗ ശമനത്തിന് അദ്ദേഹം ചില നിര്‍ദേശങ്ങള്‍ നല്‍കി. രോഗം ഭേദമായി. തുടര്‍ന്ന് വീരാന്‍ ഔലിയയുടെ പല സദസ്സുകളിലേക്കും മഹതി പോകാന്‍ തുടങ്ങി. അതവരെ ഇസ്‌ലാമിക ആചാരങ്ങളോട് കൂടുതല്‍ അടുപ്പിച്ചു. കുടുംബങ്ങളില്‍നിന്ന് അകലാന്‍ ഇത് കാരണമായി. അവര്‍ ഏകയായി ജീവിക്കാനാണ് ഇഷ്ടപ്പെട്ടത്. ഇത് ഭര്‍ത്താവിനെ കൂടുതല്‍ വേദനിപ്പിച്ചു.