ചേളാരി : മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹ പ്രായ പരിധിയുമായി ബന്ധപ്പെട്ട് മുസ്‌ലിം സംഘടനകള്‍ ബഹു.സുപ്രിം കോടതിയെ സമീപിക്കാനെടുത്ത തീരുമാനത്തെ ചൊല്ലി ഉയര്‍ന്നുവന്ന വിവാദങ്ങളും, മാധ്യമ വിചാരണകളിലും ചിലര്‍ സെല്‍ഫ് ഗോളടിക്കാനാണ് തിടുക്കം കാണിക്കുന്നതെന്ന് സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി പിണങ്ങോട് അബൂബക്കര്‍ പറഞ്ഞു. കൂമണ്ണ വലിയ ജുമുഅത്ത് പള്ളിയില്‍ സംഘടിപ്പിച്ച മഹല്ല് സംഗമത്തില്‍ വിഷയാവതരണം നടത്തുകയായിരുന്നു അദ്ദേഹം. 1937ലെ മുഹമ്മദന്‍ ആപ്ലിക്കേഷന്‍ ആക്ടുമായി ബന്ധപ്പെട്ടതാണ് വിഷയം. കല്ല്യാണ പ്രായത്തിന്റെ കാര്യത്തിലുള്ള കടുംപിടുത്തമല്ല.
ശരീര ശാസ്ത്ര പരമായ പക്വതയാണ് വിവാഹപ്രായ പരിധിയെന്ന ശരീഅത്തിന്റെ വീക്ഷണം നിരാകരിക്കുന്നതാണ് 2006ലെ ചൈല്‍ഡ് മാരേജ് ആക്ട്. മൗലികാവകാശ ലംഘനം വന്നു ചേരുന്ന സാഹചര്യത്തെ തടയാന്‍ മുസ്‌ലിം വിശ്വാസികള്‍ക്കുള്ള മതകീയ ബാധ്യത നര്‍വഹിക്കുകയാണ് മുസ്‌ലിം സംഘടനകള്‍. ഇക്കാര്യത്തില്‍ രാഷ്ട്രീയ സംഘടനകള്‍ അവരുടെ നിലപാട് വ്യക്തമാക്കണം. ശരീഅത്ത് സംരക്ഷിക്കാന്‍ മുസ്‌ലിംകളെ സഹായിക്കുന്ന മാന്യവും രാജനീതിപരവുമായ നിലപാടുള്ളവരെ സഹായിക്കാനേ മുസ്‌ലിംകള്‍ക്ക് കടമയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.