ഹജ്ജ് ക്യാന്പ്‌ മുഖ്യമന്ത്രി സന്ദർശിച്ചു; മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഇന്ന് എത്തും

പുതിയ ബ്ലോക്കിന് 16 കോടിയുടെ ഭരണാനുമതി
ഹജ്ജ് ഹൗസില്‍
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി പുറപ്പെട്ട അഞ്ചാമത്തെ സംഘത്തിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി യാത്രാമംഗളം നേര്‍ന്നു. വിമാനത്താവളത്തില്‍ ഹാജിമാരെ കണ്ട മുഖ്യമന്ത്രി സംസ്ഥാന ഹജ്ജ് ക്യാമ്പിലെത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
ഹജ്ജ് ഹൗസില്‍ സ്ത്രീകള്‍ക്കുവേണ്ടി നിര്‍മിക്കുന്ന പുതിയ ബ്ലോക്കിന് 16 കോടിയുടെ ഭരണാനുമതി നല്‍കുമെന്ന് മുഖ്യമന്ത്രി ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്‌ല്യാരെ അറിയിച്ചു. അനുമതിക്കുവേണ്ടി അയച്ച ഒരു കോടി രൂപ ഈ വര്‍ഷം തന്നെ വകയിരുത്തിയിട്ടുണ്ട്. വൈകാതെ 15 കോടിയും വകയിരുത്തും.
കെ. മുഹമ്മദുണ്ണി ഹാജി എം.എല്‍.എ, എ. കെ അബ്ദുറഹിമാന്‍, ജില്ലാ കലക്ടര്‍ കെ. ബിജു എന്നിവര്‍ സന്നിഹിതരായിരന്നു. ഹജ്ജ് കമ്മിറ്റി വഴി 1804 പേര്‍ പുണ്യഭൂമിയില്‍ എത്തി. ഇന്നലെ രണ്ട് സംഘങ്ങളിലായി 601 പേരാണ് പുറപ്പെട്ടത്. രാവിലെ 166 പുരുഷന്മാരും 134 സ്ത്രീകളുമുണ്ട്. വൈകീട്ട്
156 പുരുഷന്മാരും 145 സ്ത്രീകളുമടക്കം 301 പേരും യാത്രതിരിച്ചു. ജുമുഅക്ക് തൊടിയൂര്‍ മുഹമ്മദ്കുഞ്ഞി മുസ്‌ല്യാര്‍ നേതൃത്വം നല്‍കി. ഹജ്ജ് വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഇന്ന് രാവിലെ 11 മണിക്ക് ഹജ്ജ് ക്യാമ്പിലെത്തും.