എസ്. കെ. എസ്. എസ്. എഫ് പരിസ്ഥിതി സംരക്ഷണവാരം ആചരിക്കും

കോഴിക്കോട്: ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് എസ്. കെ. എസ്. എസ്. എഫിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായി ജൂണ്‍ ഒന്ന് മുതല്‍ ആറ് വരെ പരിസ്ഥിതി സംരക്ഷണവാരം ആചരിക്കും. വാരാചരണത്തിന്റെ ഭാഗമായി പരിസ്ഥിതി പഠന സംഗമങ്ങള്‍, വൃക്ഷത്തൈ വിതരണം, ജൈവകൃഷി ബോധവത്കരണം, ഔഷധ സസ്യങ്ങളെ കുറിച്ചുള്ള പഠനങ്ങള്‍, സമൂഹ മാധ്യമങ്ങളെ ഉപയോഗിച്ചുള്ള വിവിധ പ്രചാരണ പരിപാടികള്‍ തുടങ്ങിയവ സംഘടിപ്പിക്കും. ജൂണ്‍ അഞ്ചിന് എസ്. കെ. എസ്. എസ്. എഫ് സൈബര്‍ വിങ്ങിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ തലങ്ങളില്‍ പരിസ്ഥിതി പ്രവര്‍ത്തകരുടെ കൂട്ടായ്മ സംഘടിപ്പിക്കും.
- SKSSF STATE COMMITTEE

ദാറുല്‍ഹുദാ കര്‍ണാടക കാമ്പസിന് ശിലയിട്ടു

ദാറുല്‍ഹുദാ വിദ്യാഭ്യാസ മോഡല്‍ രാജ്യവ്യാപകമാക്കും: ഹൈദരലി ശിഹാബ് തങ്ങള്‍


ഹാംഗല്‍ (ഉത്തര കര്‍ണാടക): ദാറുല്‍ഹുദാ ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയുടെ നാലാമത് കാമ്പസിനു ഉത്തര കര്‍ണാടകയിലെ ഹാവേരി ജില്ലയിലെ ഹാംഗലില്‍ ചാന്‍സലര്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ശിലയിട്ടു.
അരികുവത്കരിച്ചും അപരവത്കരിച്ചും കഴിയുന്ന ഇന്ത്യയിലെ മുസ്‌ലിം സമൂഹത്തിന്റെ സാമൂഹിക-വിദ്യാഭ്യാസ മുന്നേറ്റത്തിന് വിദ്യാഭ്യാസ വിപ്ലവം മാത്രമാണ് പരിഹാര മാര്‍ഗമെന്നും ഇതര സംസ്ഥാനങ്ങളില്‍ കാമ്പസുകള്‍ ആരംഭിക്കുന്നതിലൂടെ ദാറുല്‍ഹുദാ ലക്ഷ്യമാക്കുന്നത് കേരളത്തില്‍ സാധിച്ചെട്ടുന്ന സാമൂഹികാന്തരീക്ഷം രാജ്യത്തുടനീളം വ്യാപിപ്പിക്കലാണെന്നും തങ്ങള്‍ പറഞ്ഞു.  സെന്റര്‍ ശിലാസ്ഥാപന ചടങ്ങിനു ശേഷം നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതപരമായും ഭൗതികപരമായും സകല വിദ്യാസ സൗകര്യങ്ങളും അനുകൂല സാമൂഹിക സാഹചര്യവുമാണ് കേരളത്തിലുള്ളത്. എന്നാല്‍ ഇതര സംസ്ഥാനങ്ങളില്‍ മുസ്‌ലിം ന്യൂനപക്ഷങ്ങളെ രാഷ്ട്രീയ ലാഭങ്ങള്‍ക്കു വേണ്ടി മാത്രം ഉപയോഗിച്ച് ശേഷം മത - വര്‍ഗീയ ഇരുളാക്രമണങ്ങളുടെ ഇരയാക്കുന്ന പരിതാപകരമായ അവസ്ഥയാണ്. ഇതിനു പരിഹാരമായി അവരെ വിദ്യകൊണ്ട് പ്രബുദ്ധരാക്കുകയാണ്   ദാറുല്‍ഹുദാ ഈ ദൗത്യത്തിലൂടെ ലക്ഷ്യമാക്കുന്നതെന്നും ദാറുല്‍ഹുദായുടെ വിദ്യാഭ്യാസ മോഡല്‍ രാജ്യ വ്യാപകമാക്കുമെന്നും തങ്ങള്‍ പറഞ്ഞു.
വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷത വഹിച്ചു. ഹാജി കെ, അബ്ദുല്‍ കരീം സിര്‍സി, ഹാജി കെ. മുനിര്‍ അഹമദ്, ഡോ. സഹീര്‍ അഹമദ്, കെ.എം സൈദലവി ഹാജി കോട്ടക്കല്‍, യു.ശാഫി ഹാജി ചെമ്മാട്, ഹംസ ഹാജി മൂന്നിയൂര്‍, അബ്ദുല്ല ഹാജി ഓമച്ചപ്പുഴ, ഇബ്രാഹീം ഹാജി തയ്യിലക്കടവ്,  റഫീഖ് മാസ്റ്റര്‍ മംഗലാപുരം,  ഉമറുല്‍ ഫാറൂഖ് മദനി, കോട്ടക്കല്‍ നഗരസഭ ചെയര്‍മാന്‍ കെ.കെ അബ്ദുല്‍ നാസര്‍, ഡോ. കെ.ടി ബാബിര്‍ ഹുദവി, ശറഫുദ്ദീന്‍ ഹുദവി ആനമങ്ങാട് തുടങ്ങിയവര്‍ സംബന്ധിച്ചു.

ദാറുല്‍ഹുദാ സര്‍വകലാശാലയുടെ നാഷണല്‍ പ്രൊജക്ടിന്റെ ഭാഗമായാണ് ഇതര സംസ്ഥാനങ്ങളില്‍ ഓഫ് കാമ്പസുകള്‍ സ്ഥാപിക്കുന്നത്. നിലവില്‍ സീമാന്ധ്രയിലെ പുങ്കനൂര്‍, പശ്ചിമ ബംഗാളിലെ ഭീര്‍ഭൂം  ജില്ലയിലെ ഭീംപൂരിലും ആസാമിലെ ബൈശയിലും ദാറുല്‍ഹുദായുടെ കാമ്പസുകളും മുംബൈ, കര്‍ണാടകയിലെ കാശിപ്ടണ, മാടന്നൂര്‍ എന്നിവിടങ്ങളില്‍ അഫിലിയേറ്റഡ് കോളേജുകളും പ്രവര്‍ത്തിക്കുന്നുണ്ട്. വ്യവസായ പ്രമുഖനും ദീനിതല്‍പരനുമായൊരു വ്യക്തി ദാനമായി നല്‍കിയ 6.14 ഏക്കര്‍ സ്ഥലത്താണ് കാമ്പസ് ആരംഭിക്കുന്നത്. അടുത്ത അധ്യയന വര്‍ഷം തന്നെ താത്കാലിക കെട്ടിടത്തില്‍ ക്ലാസുകള്‍ ആരംഭിക്കാനാണ് വാഴ്‌സിറ്റിയുടെ തീരുമാനം.
- Darul Huda Islamic University

മദ്‌റസ വിദ്യാഭ്യാസം; സമസ്തയുടെ പങ്ക് നിസ്തുലം: വൈസ് ചാന്‍സലര്‍

ചേളാരി: മദ്‌റസ വിദ്യാഭ്യാസത്തിന് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ പങ്ക് നിസ്തുല്യമാണെന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍ പറഞ്ഞു. ചേളാരി സമസ്താലയത്തില്‍ നടക്കുന്ന പൊതുപരീക്ഷയുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് സന്ദര്‍ശിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മത വിദ്യാഭ്യാസ രംഗത്ത് ഇത്രയേറെ വ്യവസ്ഥാപിതമായി നടക്കുന്ന മൂല്യനിര്‍ണയ ക്യാമ്പ് ലോകത്ത് മറ്റൊരിടത്തും കാണില്ലെന്നും ഇത് സമസ്തക്ക് മാത്രം അവകാശപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.
പൊതുപരീക്ഷയുടെ ഉത്തരപേപ്പര്‍ പരിശോധന എങ്ങിനെ കുറ്റമറ്റതാക്കാന്‍ കഴിയുമെന്നതിന്റെ ഒന്നാന്തരം ഉദാഹരണമാണ് ഈ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് നടത്തിപ്പുകാരെല്ലാം. ഇത് മാതൃകയായി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. മൂല്യനിര്‍ണയ ക്യാമ്പ് സംവിധാനങ്ങളെ അദ്ദേഹം ശ്ലാഘിച്ചു.
സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍, ടി. അലിബാവ, കെ. ഹംസക്കോയ, കെ. സി. അഹ്മദ് കുട്ടി മൗലവി, ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി, എ. ടി. എം. കുട്ടി മൗലവി തുടങ്ങിയവര്‍ ചേര്‍ന്ന് അദ്ധേഹത്തെ സ്വീകരിച്ചു.
ഫോട്ടോ: ചേളാരിയില്‍ നടക്കുന്ന സമസ്ത പൊതുപരീക്ഷ മൂല്യനിര്‍ണ്ണയ ക്യാമ്പ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. മുഹമ്മദ് ബഷീര്‍ സന്ദര്‍ശിക്കുന്നു.
- SKIMVBoardSamasthalayam Chelari

സമരം സഹനം സമര്‍പ്പണം SKIC റിയാദ് ക്യാമ്പ്

റിയാദ്: എസ് കെ എസ് എസ് എഫ് നടത്തുന്ന സമരം സഹനം സമര്‍പ്പണം റമദാന്‍ കാമ്പയിന്റെ ഭാഗമായി എസ് കെ ഐ സി റിയാദ് ഏകദിന ക്യാമ്പ് മെയ് ഇരുപത്തിഏഴ് വെളളി രാവിലെ ഒമ്പതിന് ശിഫ ജസീറ ഓഡിറേററിയ ത്തില്‍ നടക്കും. സ്വര്‍ഗീയ കവാടങ്ങള്‍ തുറക്കപ്പെടുമ്പോള്‍, പുണ്യം നിറഞ്ഞ രാവുകള്‍, നോമ്പ് ആചാരമാകുമ്പോള്‍, സമരം സഹനം സമര്‍പ്പണം എന്നീവിഷയങ്ങള്‍ അബ്ദുഹമാന്‍ ഹുദവി പട്ടാമ്പി, സലീം വാഫി മൂത്തേടം, അബൂബക്കര്‍ ഫൈസി ചെങ്ങമനാട്, മുസ്തഫ ബാഖവി പെരുമുഖം തുടങ്ങിവര്‍ അവതരിപ്പിക്കും, ചോദിക്കൂ പറയാം, കേട്ടതും പഠിച്ചതും, നോമ്പ് ഓര്‍മകളിള്‍ തുടങ്ങി വ്യത്യസ്ത സെഷനുകള്‍ ക്യാമ്പില്‍ നടക്കും. ക്യാമ്പില്‍ പങ്കെടുക്കാനാഗ്രിക്കുന്നവര്‍ 05369865799, 0502195506, 0502971416 ഈ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് ക്യാമ്പ് ഡയറക്ര്‍ ശമീര്‍ ഓമശ്ലേരി അറിയിച്ചു.
- Aboobacker Faizy

മസ്ജിദുകൾ ഉദാത്ത സംസ്കാരത്തിന്റെ പാഠശാലകൾ: സാദിഖലി ശിഹാബ് തങ്ങൾ

പൊന്നാനി: മസ്ജിദുകൾ കേന്ദ്രമാക്കിയുള്ള ആത്മീയ- സാംസ്കാരിക പ്രവർത്തനങ്ങളിലൂടെയാണ് വിശ്വാസി സമൂഹം ലോകത്ത് അഭിമാനകരമായ നേട്ടങ്ങൾ കൈവരിച്ചതെന്ന് എസ് കെ എസ് എസ് എഫ് ഇസ്ലാമിക് സെന്റർ ചെയർമാൻ സയ്യിദ്‌ സ്വാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. പൊന്നാനി സൗത്ത് ഉമറുൽ ഫാറൂഖ് മസ്ജിദിൽ ജുമുഅ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു തങ്ങൾ. ആത്മീയ വളർച്ചയുടെയും സാമൂഹ്യ നവോത്ഥാനത്തിന്റെയും സന്ദേശമാണ് മസ്ജിദുകൾ പ്രസരിപ്പിക്കേണ്ടതെന്നും തങ്ങൾ പറഞ്ഞു. സ്വാലിഹ് നിസാമി പുതുപൊന്നാനി ഉദ്‌ബോധന ഭാഷണവും സി. എം. അശ്റഫ് മൗലവി ഖുത്വുബയും നിർവഹിച്ചു. മഹല്ല് കമ്മിറ്റി പ്രസിഡൻറ് സി. കെ. അബ്ദുറസാഖ് അധ്യക്ഷത വഹിച്ചു. സയ്യിദ് അബ്ദുറഹ്മാൻ ഫൈസൽ ബാഫഖി തങ്ങൾ, അബൂബക്കർ ഫൈസി, സി. ടി അബ്ദുറഹ്മാൻ അഹ്സനി, തെക്കരകത്ത് ജിന്നൻ മുഹമ്മദുണ്ണി, യു. മുനീബ്, ടി. കെ. അബ്ദുൽ ഗഫൂർ, പി. വി. റാസിഖ്, സി. പി. ഹസൻ, പി. പി. ഉസ്മാൻ, സി. പി. ഹസീബ് ഹുദവി, വി. എ ഗഫൂർ, സി. ഹബീബ്, ബദറുദ്ദീൻ, ശഫീഖ് റഹ്മാൻ ഹുദവി, മൻസൂറലി അസ്ഹരി, സി പി. ശിഹാബ്, സി. പി റാസിഖ് സംബന്ധിച്ചു.
ഫോട്ടോ: പൊന്നാനി സൗത്ത് ഉമറുൽ ഫാറൂഖ് മസ്ജിദിൽ ജുമുഅ ഉദ്ഘാടനം നിർവ്വഹിച്ച ശേഷം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ സംസാരിക്കുന്നു.
- Rafeeq CK

അന്താരാഷ്ട്ര വ്യവസായ സെമിനാറില്‍ പ്രബന്ധമവതരിപ്പിക്കാന്‍ സുഹൈര്‍ ഹാദിക്ക് അപൂര്‍വ്വ അവസരം

കുറ്റിപ്പുറം: രാജസ്ഥാനിലെ മോഹന്‍ലാല്‍ സുകാതിയ യൂനിവേഴ്‌സിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കൊമേഴ്‌സ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വ്യവസായ സെമിനാറില്‍ പ്രബന്ധമവതരിപ്പിക്കാന്‍ മലയാളി വിദ്യാര്‍ഥി സുഹൈര്‍ ഹാദിക്ക് അപൂര്‍വ്വ അവസരം. സാമ്പത്തിക പുരോഗകതിയുടെ നയതന്ത്രങ്ങള്‍ എന്ന വിഷയത്തിലാണ് പ്രബന്ധമവതരിപ്പിക്കുന്നത്. വിവിധ രാഷ്ട്രങ്ങളിലെ ഡോക്‌ടേര്‍സും ഗവേഷകരും സംഗമിക്കുന്ന സെമിനാറിലെ ഏക മലയാളി വിദ്യാര്‍ത്ഥിയാണ് സുഹൈര്‍. മാണൂര്‍ ദാറുല്‍ ഹിദായ ദഅ്‌വാ കോളേജില്‍ നിന്ന് ഇസ്‌ലാമിക്‌സ് ആന്‍ഡ് ഹ്യൂമന്‍ സയന്‍സസില്‍ ബിരുദപഠനം പൂര്‍ത്തിയാക്കി ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഖുര്‍ആന്‍ ആന്‍ഡ് റിലേറ്റഡ് സയന്‍സസില്‍ ഗവേഷക പഠനം നടത്തി . ഇപ്പോള്‍ കണ്ണൂര്‍ അശ്ശുഹദ ഇസ്‌ലാമിക് ആര്‍ട്ട്‌സ് കോളേജില്‍ ലക്ചററായി സേവനമനുഷ്ഠിച്ച് വരികയാണ. . മലപ്പുറം ജില്ലയിലെ ഇ. എം. ഇ. എ എഞ്ചിനിയറിംഗ് കോളേജ്, മംഗലാപുരം യൂനിവേഴ്‌സിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കൊമേഴ്‌സ് സംഘടിപ്പിച്ച ദേശീയ സെമിനാറിലും പ്രബന്ധം അവതരിപ്പിച്ചിട്ടുണ്ട്. തിരുന്നാവായ സ്വദേശികളായ ഇബ്രാഹിം കുട്ടി - ഫാത്തിമ ദമ്പതികളുടെ മകനാണ് ഇദ്ദേഹം.
- Sidheeque Maniyoor

തൃക്കരിപ്പുർ ജെംസ് ഇംഗ്ലീഷ് സ്കൂൾ നവീകരണോദ്ഘാടനം അബ്ബാസലി തങ്ങൾ നിർവഹിക്കും

തൃക്കരിപ്പുർ: എസ്. കെ. എസ്. എസ്. എഫ് തൃക്കരിപ്പൂർ മേഖല കമ്മിറ്റിയുടെ കീഴിൽ മണിയനോടിയിൽ പ്രവത്തിക്കുന്ന ജെംസ് ഇംഗ്ലീഷ് സ്കൂൾ നവീകരണോദ്ഘാടനവും വിദ്യാരവും മജ് ലിസുന്നൂറും ജൂൺ ഒന്ന് മുതൽ മൂന്ന് വരെ തിയ്യതികളിൽ ജെംസ് അങ്കണത്തിൽ നടക്കും
ജൂൺ ഒന്നിന് രാവിലെ നടക്കുന്ന വിദ്യാരവം എസ്. വൈ. എസ് സംസ്ഥാന വൈസ്. പ്രസിഡെന്റ് മെട്രോ മുഹമ്മ്ദ് ഹാജി ഉദ്ഘാടനം നിവഹിക്കും പാണക്കാട് ഹാഫിസ് സയ്യിദ് റാജിഹ് അലി ശിഹാബ് തങ്ങൾ ആദ്യാക്ഷരം ചൊല്ലിക്കൊടുക്കും. ജാമി അ സ അദിയ്യ ഇസ് ലാമിയ്യ പ്രസിഡെന്റ് ടി. കെ പൂക്കോയ തങ്ങൾ അധ്യക്ഷത വഹിക്കും ഖാലിദ് ഹാജി വലിയ പറമ്പ പതാക ഉയർത്തും. തുടർന്ന് നടക്കുന്ന അർഹാം അസംബ്ലി പ്രശസ് ത ട്രൈനർ അബ്ശാദ് ഗുരുവായൂർ നേതൃത്വം നൽകും.
രണ്ടാം തിയ്യതി വൈകുന്നേരം ഏഴിന് നടക്കുന്ന മജ് ലിസുന്നൂറിന്ന് സയ്യിദ് നജ് മുദ്ധീൻ പൂക്കോയ തങ്ങൾ അൽ ഹൈദ്രൂസി മംഗലാപുരം നേതൃത്വം നൽ കും. നവീകരിച്ച ജെംസ് സമുച്ചയത്തിന്റെ ഉദ്ഘാടനം മൂന്നാം തിയ്യതി വൈകുന്നേരം നാലിന് ജെംസ് ഡയർക്ടർ പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ നിർ വഹിക്കും. ജെംസ് ചെയർമാൻ ഡോ. ഖത്തർ ഇബ് റാഹീം ഹാജി അധ്യക്ഷനാവും. ജില്ലാ പഞ്ചായത്ത് പ്രസിഡെന്റ് എ. ജി. സി ബശീർ, ഒ. ടി. അഹ് മദ് ഹാജി തുടങ്ങിയ പ്രമുഖർ സംബന്ധിക്കും.
- HARIS AL HASANI Ac

ഫാഷിസ്റ്റു ഭീഷണിക്കെതിരേയുള്ള കേരള ജനതയുടെ ജാഗ്രതാസന്ദേശം: SKSSF

കോഴിക്കോട്: ഫാസിസ്റ്റു ഭീഷണിക്കെതിരേയുള്ള കേരള ജനതയുടെ ജാഗ്രതാ സന്ദേശമാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍പന്തലൂര്‍ പ്രതികരിച്ചു. മുസ്‌ലിം വോട്ടുകള്‍ ഭിന്നിപ്പിക്കുതിലപ്പുറം പുതിയ മുസ്‌ലിം പാര്‍ട്ടികള്‍ക്ക് ഒന്നും ചെയ്യാനില്ലെന്ന്കൂടി തെരഞ്ഞെടുപ്പ് തെളിയിച്ചു. കാന്തപുരം ഫാക്ടര്‍ എത് കേരള രാഷ്ടീയത്തില്‍ ഒരു മിഥ്യയാണെ് വീണ്ടും തെളിയിച്ചു. വര്‍ഗീയതക്കെതിരേ ശക്തമായ നിലപാട് സ്വീകരിക്കാനും ന്യൂനപക്ഷ ശാക്തീകരണത്തിന് ക്രിയാത്മകമായി ഇടപെടാനും പുതിയസര്‍ക്കാറിന് സാധിക്കണം അദ്ദേഹം പറഞ്ഞു. 
- Mujeeb Poolode

ഇമാം ശാഫി ഇസ്ലാമിക് അക്കാദമിയില്‍ വഫിയ്യ ആരംഭിക്കുന്നു

കുമ്പള: ഇമാം ശാഫി ഇസ്ലാമിക് അക്കാദമിക്ക് കീഴില്‍ വളാഞ്ചേരി മര്‍കസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സി. ഐ. സി (കോ ഓര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജസ്) യുടെ അംഗീകാരത്തോടെയുള്ള പെണ്‍ കുട്ടികള്‍ക്കായുള്ള വഫിയ്യ കോഴ്‌സ് ആരംഭിക്കാന്‍ തീരുമാനമായി. പ്രസ്തുത സംരംഭം ആരംഭിക്കാനുള്ള ആലോചനാ മീറ്റിംഗ് മൊഗ്രാല്‍ സൂര്‍ത്തി മന്‍സിലില്‍ സംഘടിപ്പിച്ചു. കുമ്പള അറബി ഹാജിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ശൈഖുനാ എം. എ ഖാസിം മുസ്ല്യാര്‍ ഉല്‍ഘാടനം ചെയ്തു. സയ്യിദ് ഹാദി തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. ഖാലിദ് ഹാജി, മീപ്പിരി ശാഫി ഹാജി, യു. എച്ച്. മുഹമ്മദ് മുസ്ല്യാര്‍, മാഹിന്‍ മാസ്റ്റര്‍, അബൂബക്കര്‍ സാലൂദ് നിസാമി, ഉളൂവാര്‍ ഖാദര്‍, സി. എം. മുഹമ്മദ്, റഫീഖ് ഹാജി കോട്ടക്കുന്ന്, ഹില്‍ടോപ്പ് അബ്ദുല്ല, കബീര്‍ സൂര്‍ത്തി മുല്ല, മുഹമ്മദ് ഹുബ്ലി, വി. പി. മുഹമ്മദ് ഹുസൈന്‍, മൂസ നിസാമി എന്നിവര്‍ പ്രസംഗിച്ചു. കെ. എല്‍ അബ്ദുല്‍ ഖാദിര്‍ ഖാസിമി സ്വാഗതവും സലാം ഫൈസി പേരാല്‍ നന്ദിയും പറഞ്ഞു.
- Imam Shafi Academy

SKSSF വി-ടുഗെദര്‍ കാമ്പയിന്‍ സമാപനം ജൂണ്‍ 5 ന്

ചെന്ത്രാപ്പിന്നി: കര്‍മ്മപഥത്തില്‍ കരുത്തോടെ, കരുതലോടെ എന്ന പ്രമേയത്തില്‍ എസ് കെ എസ് എസ് എഫ് തൃശൂര്‍ ജില്ലാ കമ്മിറ്റി ആചരിച്ചു വരുന്ന വി-ടുഗെദര്‍ ദൈ്വമാസ കാമ്പയിന്റെ സമാപനം പരിസ്ഥിതി ദിനമായ ജൂണ്‍ 5 ന് ചെന്ത്രാപ്പിന്നിയില്‍ നടക്കും. സമാപനത്തിന്റെ ഭാഗമായി വിവിധ പരിപാടികള്‍ നടക്കും. കാമ്പയിനിന്റെ ഭാഗമായി നടന്ന ക്ലസ്റ്റര്‍ അദാലത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട ജില്ലയിലെ മികച്ച യൂണിറ്റുകള്‍ക്കുള്ള പുരസ്‌കാരം പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ സമ്മാനിക്കും. വിഖായ, ഇബാദ്, ത്വലബ, ട്രെന്റ്, കാമ്പസ് വിംഗ്, ഇസ്തിഖാമ, സൈബര്‍വിംഗ്, ‌സഹചാരി തുടങ്ങി മുഴുവന്‍ ഉപസമിതികളുടെയും സംഗമവും ഉപസമിതികളുടെ ഒരു വര്‍ഷത്തെ കര്‍മ്മപദ്ധതി അവതരണവും പരിപാടിയുടെ ഭാഗമായി നടക്കും.
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur

പാഠപുസ്തകങ്ങളുടെ പേരും വിലയും 2016-2017

പാഠപുസ്തകങ്ങളുടെ പേരും വിലയും 2016-2017

ഹാദിയ റമദാന്‍ പ്രഭാഷണം സ്വാഗതസംഘമായി

തിരൂരങ്ങാടി: വിശുദ്ധ റമദാന്‍ വിശ്വാസിയുടെ ആത്മഹര്‍ഷം പ്രമേയത്തില്‍ ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഹാദിയ സംഘടിപ്പിക്കുന്ന മൂന്നാമത് റമദാന്‍ പ്രഭാഷണത്തിന്റെ സ്വാഗത സംഘമായി.
ജൂണ്‍ 21 മുതല്‍ 26 കൂടിയ ദിവസങ്ങളില്‍ വാഴ്‌സിറ്റി കാമ്പസില്‍  പ്രത്യേകം തയ്യാറാക്കിയ മര്‍ഹൂം ഡോ. യു. ബാപ്പുട്ടി ഹാജി നഗറിലാണ് പ്രഭാഷണ പരമ്പര. മുസ്ത്വഫ ഹുദവി ആക്കോട്, സിംസാറുല്‍ ഹഖ് ഹുദവി മമ്പാട് എന്നിവര്‍ വിവിധ ദിവസങ്ങളില്‍ പ്രഭാഷണം നടത്തും.
സ്വാഗത സംഘം ഭാരവാഹികള്‍: ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി (മുഖ്യ രക്ഷാധികാരി), ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, കെ.എം സൈദലവി ഹാജി കോട്ടക്കല്‍, യു.ശാഫി ഹാജി ചെമ്മാട്, കെ.പി ശംസുദ്ദീന്‍ ഹാജി, ഡോ. യു.വി.കെ മുഹമ്മദ്, അലി മൗലവി ഇരിങ്ങല്ലൂര്‍, സി. യൂസുഫ് ഫൈസി മേലല്‍മുറി (രക്ഷാധികാരികള്‍), ഇസ്ഹാഖ് ബാഖവി (ചെയര്‍മാന്‍), സയ്യിദ് ഫൈസല്‍ ഹുദവി തളിപ്പറമ്പ്, സി.എച്ച് ശരീഫ് ഹുദവി പുതുപ്പറമ്പ് (വൈ. ചെയര്‍മാന്‍), പി.കെ നാസ്വിര്‍ ഹുദവി കൈപ്പുറം (ജന. കണ്‍വീനര്‍).
- Darul Huda Islamic University

സഹചാരി ഫണ്ട് ശേഖരണം ജൂണ്‍ 10ന്

കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന കമ്മിറ്റിയുടെ ആതുര സേവന വിഭാഗമായ സഹചാരി റിലീഫ് സെല്ലിന്റെ ഈ വര്‍ഷത്തെ ഫണ്ട് ശേഖരണം റമളാനിലെ ആദ്യവെള്ളിയാഴ്ചയായ ജൂണ്‍ 10ന് നടക്കും. സംസ്ഥാനത്തെ എല്ലാ പള്ളികളിലും ജുമുഅ നിസ്‌കാരാനന്തരം നടക്കുന്ന ഫണ്ട് ശേഖരണത്തിലൂടെ കഴിഞ്ഞ പത്ത് വര്‍ഷമായി ആയിരക്കണക്കിന് നിര്‍ധന രോഗികള്‍ക്ക് ധനസഹായം നല്‍കിയിട്ടുണ്ട്.  റോഡപകടങ്ങളില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്കും കിഡ്‌നി, ക്യാന്‍സര്‍ രോഗികള്‍ക്കുമായി സഹചാരിയില്‍ നിന്ന് ഇതിനകം രണ്ട് കോടിയിലധികം രൂപ ധനസഹായം നല്‍കി. സ്ഥിരമായി മരുന്ന് കഴിക്കുന്ന നിത്യരോഗികളായ മുന്നൂറ് പേര്‍ക്ക് ഇപ്പോള്‍ മാസാന്ത ധനസഹായം സഹചാരിയില്‍ നിന്നും ലഭ്യമാകുന്നുണ്ട്.  സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട നൂറ് കേന്ദ്രങ്ങളില്‍ ക്യാന്‍സര്‍ രോഗികള്‍ക്കുള്ള പ്രത്യേക ചികിത്സാ പദ്ധതി ജൂലൈ മാസത്തില്‍ തുടക്കും കുറിക്കും. ജൂണ്‍ പത്തിന് പള്ളികളില്‍ ഉദ്‌ബോധനം നടത്തി ഫണ്ട് ശേഖരണം നടക്കും. 11ന് ജില്ലാ കേന്ദ്രങ്ങളിലും 12ന് സംസ്ഥാന കമ്മിറ്റി ഓഫീസായ കോഴിക്കോട് ഇസ്‌ലാമിക് സെന്ററിലും ഫണ്ട് സ്വീകരിക്കും.  സഹചാരി സംസ്ഥാന സമിതി യോഗത്തില്‍ ചെയര്‍മാന്‍ സയ്യിദ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ ആധ്യക്ഷത വഹിച്ചു. നാസര്‍ ഫൈസി കൂടത്തായി, ഓണംമ്പിള്ളി മുഹമ്മദ് ഫൈസി, റശീദ് ഫൈസി വെള്ളായിക്കോട്, ബശീര്‍ ഫൈസി ദേശമംഗലം, കെ.എന്‍.എസ്.മൗലവി, ഇബ്രാഹീം ഫൈസി പേരാല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജനറല്‍ കണ്‍വീനര്‍ സത്താര്‍ പന്തലൂര്‍ സ്വാഗതവും സഹചാരി വകുപ്പ് സെക്രട്ടറി പി.എം. റഫീഖ് അഹ്മദ് നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE

സമസ്ത പൊതുപരീക്ഷ മൂല്യനിര്‍ണയ ക്യാമ്പ് സമാപിച്ചു

ചേളാരി: മെയ് 23 മുതല്‍ ചേളാരി സമസ്താലയത്തില്‍ നടന്നുവന്ന സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പൊതുപരീക്ഷയുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് സമാപിച്ചു. മെയ് 11, 12 തിയ്യതികളില്‍ ഇന്ത്യക്കകത്തും 13,14 തിയ്യതികളില്‍ വിദേശങ്ങളിലുമായി നടത്തിയ പൊതുപരീക്ഷയുടെ ഉത്തരപേപ്പര്‍ പരിശോധനയാണ് അഞ്ച് ദിവസങ്ങള്‍ കൊണ്ട് പൂര്‍ത്തിയാക്കിയത്. സമസ്തയുടെ 9603 അംഗീകൃത മദ്‌റസകളില്‍ നിന്നായി 2,29,023 വിദ്യാര്‍ത്ഥികളാണ് ഈ വര്‍ഷം പൊതുപരീക്ഷക്കിരുന്നത്. പത്ത് ലക്ഷത്തോളം പേപ്പറുകളാണ് 877 അധ്യാപകര്‍ അഞ്ച് രാപ്പലുകള്‍ എടുത്ത് പരിശോധന നടത്തിയത്. ഓരോ ഡിവിഷനിലും രണ്ട് സൂപ്രവൈസര്‍മാരെയും ഒരു ചെക്കിംഗ് ഇന്‍സ്‌പെക്ടറെയും നിയമിച്ചിരുന്നു. ഒരു മദ്‌റസ പൊതുപരീക്ഷക്ക് ഇത്രയധികം കുട്ടികള്‍ പങ്കെടുക്കുന്നത് ലോകത്ത് മറ്റൊരിടത്തും കാണില്ല. കുറ്റമറ്റ സംവിധാനമാണ് മൂല്യനിര്‍ണയത്തിനായി ഒരുക്കിയിരുന്നത്.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍ ഉള്‍പ്പെടെ അക്കാദമിക് രംഗത്തെ പല പ്രമുഖരും സമസ്ത പൊതുപരീക്ഷയുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് സന്ദര്‍ശിക്കാനെത്തിയിരുന്നു. പരീക്ഷ നടത്തിപ്പും കുറ്റമറ്റ മൂല്യനിര്‍ണയ സംവിധാനത്തെയും ഇവര്‍ പ്രശംസിക്കുകയുണ്ടായി.
ടാബുലേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി മൂന്നാഴ്ചക്കകം പരീക്ഷാ ഫലം പ്രസിദ്ധീകരിക്കാനാകും. പരീക്ഷാ നടത്തിപ്പിലും മൂല്യനിര്‍ണയത്തിലും സഹകരിച്ച എല്ലാവരെയും സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ അഭിനന്ദിച്ചു.
- SKIMVBoardSamasthalayam Chelari

തൃശൂര്‍ എം.ഐ.സി എന്‍ട്രന്‍സ് നാളെ (29/5/16)

തൃശൂര്‍: ഏഴ് വര്‍ഷം കൊണ്ട് മുഖ്തസറില്‍ മാലികി ബിരുദവും ഭൗതിക തലത്തില്‍ പി.ജിയും നല്‍കുന്ന മാലികി കോഴ്‌സിലേക്കുള്ള പ്രവേശനപ്പരീക്ഷ നാളെ 10 മണിക്ക് തൃശൂര്‍ എം ഐ സിയില്‍ നടക്കും. കോഴ്‌സിനു ചേരാന്‍ താല്‍പര്യപ്പെടുന്നവര്‍ നാളെ 9 മണിക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9142291442, 04872445828, 9142660584.
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur

സമസ്ത പ്രസിഡന്‍റ് ശൈഖുനാ ആനക്കര കോയക്കുട്ടി മുസ്‌ലിയാര്‍ വഫാത്തായി

ഖബറടക്കം നാളെ (ബുധന്‍) ഉച്ചക്ക്2മണിക്ക് ആനക്കരയില്‍ 
സമസ്ത മദ്റസകള്‍ക്ക് അവധി പ്രഖ്യാപിച്ചു
ആനക്കര: പ്രമുഖ സൂഫി വര്യനും പണ്ഢിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റുമായ ശൈഖുനാ ആനക്കര സി. കോയക്കുട്ടി മുസ്‌ലിയാര്‍ വഫാത്തായി . 81 വയസ്സായിരുന്നു. 
ഇന്ന് രാത്രി 9.40ന് സ്വവസതിയിലായിരുന്നു അന്ത്യം. സമസ്തകേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡ് എക്‌സിക്യൂട്ടീവ് അംഗം, സമസ്ത പരീക്ഷാബോര്‍ഡ്, ജാമിഅ നൂരിയ പരീക്ഷാബോര്‍ഡ്, സമസ്ത പാലക്കാട് ജില്ലാ പ്രസിഡന്റ്, മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ്, പൊന്നാനി താലൂക്ക് ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. പട്ടിക്കാട് ജാമിഅ നൂരിയ്യ, വളാഞ്ചേരി മര്‍കസുത്തര്‍ബിയത്തുല്‍ ഇസ്‌ലാമിയ്യ, വളവന്നൂര്‍ ബാഫഖി യതീംഖാന, താനൂര്‍ ഇസ്‌ലാഹുല്‍ ഉലൂം, ദാറുല്‍ ഹിദായ എടപ്പാള്‍ തുടങ്ങി നിരവധി സ്ഥാപനങ്ങളുടെ സാരഥിയും നിരവധി മഹല്ലുകളുടെ ഖാസിയുമായിരുന്നു. ഖബറടക്കം നാളെ ഉച്ചയ്ക്ക് രണ്ടുമണിക്ക് ആനക്കരയില്‍ വച്ചു നടക്കും.
1988 മുതല്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മുശാവറ അംഗമായ കോയക്കുട്ടി മുസ്‌ലിയാര്‍ 2001 മുതല്‍ വൈസ് പ്രസിഡന്റായും 2012 മുതല്‍ കാളമ്പാടി മുഹമ്മദ് മുസ്‌ലിയാരുടെ കാലശേഷം പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു.1934ല്‍ ചോലയില്‍ ഹസൈനാറിന്റെയും കുന്നത്തേതില്‍ ആഇശത്ത് ഫാത്വിമയുടെയും മകനായിട്ടാണു ജനനം.
മദ്‌റസാ പ്രസ്ഥാനം രൂപീകരിക്കുന്നതിനു യത്‌നിച്ചവരില്‍ പ്രമുഖനായിരുന്നു. ഒ.കെ.സൈനുദ്ദീന്‍കുട്ടി മുസ്‌ലിയാര്‍, കെ.പി.മുഹമ്മദ് മുസ്‌ലിയാര്‍, കഴുപുറം മുഹമ്മദ് മുസ്‌ലിയാര്‍, സി.കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍, ശൈഖ് ഹസന്‍ ഹസ്രത്ത്, ആദം ഹസ്രത്ത്, കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാര്‍, കെ.കെ.അബൂബക്കര്‍ ഹസ്രത്ത്, ആനക്കര സി.കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍,കടുപ്രം മുഹമ്മദ് മുസ്‌ലിയാര്‍, കരിങ്ങനാട് കെ.പി.മുഹമ്മദ് മുസ്‌ലിയാര്‍, രായിന്‍കുട്ടി മുസ്‌ലിയാര്‍ പടിഞ്ഞാറങ്ങാടി, കുഞ്ഞാനു മുസ്‌ലിയാര്‍ പട്ടാമ്പി തുടങ്ങിയവര്‍ പ്രധാന ഗുരുനാഥന്മാരാണ്. ഒതുക്കുങ്ങലില്‍ മുദരിസായി രണ്ടുവര്‍ഷം പൂര്‍ത്തിയാക്കിയ ശേഷമാണ് വെല്ലൂര്‍ ബാഖിയാത്തില്‍ ഉന്നത പഠനത്തിനായി പോകുന്നത്. ബാഖവി ആയ ശേഷം തിരൂരങ്ങാടി വലിയപള്ളി, കൊയിലാണ്ടി, വമ്പേനാട്, മൈത്ര, വാണിയന്നൂര്‍, പൊന്‍മുണ്ടം, എടക്കുളം, കൊടിഞ്ഞി, കാരത്തൂര്‍ ബദ്‌രിയ്യാ കോളജ് എന്നിവിടങ്ങളില്‍ മുദരിസായി സേവനം ചെയ്തിട്ടുണ്ട്.
കെ.കെ. അബ്ദുല്ല മുസ്‌ലിയാര്‍ കരുവാരകുണ്ട്, അബ്ദുല്ല മുസ്‌ലിയാര്‍ കടമേരി, അബ്ദുല്ല മുസ്‌ലിയാര്‍ തൃക്കരിപ്പൂര്‍ തുടങ്ങിയവര്‍ പ്രധാന സഹപാഠികളാണ്. ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാര്‍, കെ.സി. ജമാലുദ്ദീന്‍ മുസ്‌ലിയാര്‍, എം.എം. ബശീര്‍ മുസ്‌ലിയാര്‍ തുടങ്ങിയവരോടൊപ്പം സംഘടന വ്യാപിപ്പിക്കാന്‍ പ്രവര്‍ത്തിച്ചു. സൂഫീസരണയിലൂടെ മാതൃകാപരമായ ജീവിതം നയിച്ച അദ്ദേഹം ആധ്യാത്മികരംഗത്തെ നിറഞ്ഞ സാന്നിധ്യമായിരുന്നു. ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാര്‍, കക്കടിപ്പുറം അബൂബക്കര്‍ മുസ്‌ലിയാര്‍, ശൈഖുല്‍ ഖാദിരി ഞങ്ങാടി അബൂബക്കര്‍ ഹാജി എന്നീ സൂഫിവര്യന്മാരുടെ ആത്മീയ പരമ്പരയില്‍ കണ്ണിചേര്‍ന്ന ഉസ്താദ് നിരവധി സ്ഥലങ്ങളില്‍ ആത്മീയ സദസ്സുകള്‍ക്ക് നേതൃത്വം നല്‍കി വരികയായിരുന്നു.
കാട്ടിപരുത്തി കുഞ്ഞയിദ്രു മുസ്‌ലിയാരുടെ മകള്‍ കെ.കെ ഫാത്വിമയാണ് ഭാര്യ. മക്കള്‍: മുഹമ്മദ്‌നൂര്‍ ഫൈസി ആനക്കര (യു.എ.ഇ), അബ്ദുനാസര്‍ ഫൈസി ആനക്കര, ആബിദുല്‍ ഹകീം ഫൈസി, അബ്ദുസലാം ഫൈസി, അബ്ദുല്‍സമദ്, ഹാജറ, സഫിയ്യ. മരുമക്കള്‍: കുട്ടിരായിന്‍ ഫൈസി കാവനൂര്‍, ഉമര്‍ ഫൈസി കാവനൂര്‍, സുലൈഖ കാടഞ്ചേരി, ബുശ്‌റ കാട്ടിപരുത്തി, ഉമ്മുആഇശ കാരക്കാട്, ഫാത്വിമ കുറ്റിപ്പാല, മുബശ്ശിറത്ത് ചേകന്നൂര്‍.
ഉസ്താദിന്‍റെ നിര്യാണത്തില്‍ സമസ്ത നേതാക്കളും വിവിധ സംഘടനകളും അനുശോചനമറിയിച്ചു. കൂടുതല്‍ വാര്‍ത്തകള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

കണ്ണിയത്തുസ്താദിന്റെ ശിക്ഷണത്തില്‍ വളര്‍ന്ന്.. സമസ്തയെ വഴി നടത്തിയ സൂഫി വര്യന്‍..

രണ്ടര പതിറ്റാണ്ടുകാലം സമസ്തയുടെ പ്രസിഡന്‍രായിരുന്ന റഈസുല് മുഹഖിഖീന്‍ കണ്ണിയത്ത് അഹമ്മദ് മുസ്ലിയാരുടെ അരുമ ശിഷ്യനായിരുന്നു ശൈഖുനാ ആനക്കര സി.കോയക്കുട്ടി മുസ്ലിയാര്‍.

1934 ചോലായില്‍ ഹസൈനാരുടെയും ആലത്തില്‍ ഫാത്വിമയുടെയും മകനായിട്ടാണ് പാലക്കാട് ജില്ലയിലെ ആനക്കരയില്‍ ജനിക്കുന്നത്. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് മുഫത്തിശും സഹോദരനുമായിരുന്ന സി. കുഞ്ഞിമുഹമ്മദ് മുസ്‌ലിയാരുടെ ദര്‍സിലായരുന്നു കിതാബോതി തുടങ്ങിയത്. 
കടുപ്രം മുഹമ്മദ് മുസ്‌ലിയാരുടെ ദര്‍സില്‍ ചേര്‍ന്ന് ഓത്ത് തുടര്‍ന്ന ഉസ്താദ് പിന്നെ ചേരുന്നത് കണ്ണിയത്ത് ഉസ്താദിന്റെ ദര്‍സിലാണ്.

കരിങ്ങനാട് കെ.പി.മുഹമ്മദ് മുസ്‌ലിയാര്‍, കെകെ.അബൂബക്കര്‍ ഹസ്രത്ത്, ഒ.കെ.സൈനുദ്ദീന്‍ മുസ്‌ലിയാര്‍ തുടങ്ങിയവരാണ് മറ്റു ഉസ്താദുമാര്‍.

കണ്ണിയത്ത് ഉസ്താദിന് ശിഷ്യനായ കോയക്കുട്ടി ഉസ്താദിനോട് വലിയ സ്‌നേഹമായിരുന്നു. 
ഇടക്ക് വീട്ടില്‍ പോവുമ്പോള്‍ കൂടെ കൂട്ടിയിരുന്നത് ഉസ്താദിനെയായിരുന്നു. കണ്ണിയത്ത് ഉസ്താദ് പൊന്നാനിയിലെ ദര്‍സ് അവസാനിപ്പിച്ചപ്പോള്‍ ശിഷ്യനോട് പറഞ്ഞു: ‘നീ എന്റെ വീട്ടില് നിന്നോ, നിനക്ക് ഞാന്‍ ഓതിത്തരാം’. അത്രമേലായിരുന്നു ഉസ്താദുമായുള്ള ബന്ധം.
കുഴിപ്പുറത്ത് ഓ.കെ സൈനുദ്ദീന്‍ മുസ്ലിയാരുടെ ദര്‍സില് ഓതിക്കൊണ്ടിരിക്കെ ഒഴിവുസമയങ്ങളില്‍ വഅദ് പറഞ്ഞാണ് ബാഖിയാത്തിലേക്ക് പോകാനുള്ള പണം സമ്പാദിക്കുന്നത്. അങ്ങനെ വെല്ലൂരിലേക്ക് ഉപരിപഠനത്തിന് പോയി. 

ശൈഖ് ഹസന്‍ ഹസ്രത്ത്, ആദം ഹസ്രത്ത് തുടങ്ങിയവരാണ് ബാഖിയാത്തിലെ പ്രധാന അധ്യാപകര്‍‍.

ബാഖിയാത്തിലെ പഠനം കഴിഞ്ഞ് തിരിച്ചുവന്നത് തിരൂരങ്ങാടി ജുമുഅത്ത് പള്ളിയില്‍ മുദരിസാകാനായിരുന്നു. അക്കാലത്ത് അന്യദേശക്കാരായ 75 വിദ്യാര്‍ഥികളുണ്ടായിരുന്നു അവിടെ. കുറച്ച് കാലത്തെ സേവനത്തിന് ശേഷം അവിടം വിട്ടു. പിന്നെ നന്നമ്പ്ര, കൊയിലാണ്ടി, അരീക്കോട്, മൈത്ര, വാണിയന്നൂര്‍, പൊന്മുണ്ടം, എടക്കുളം, കൊടിഞ്ഞി തുടങ്ങി വിവിധ പള്ളികളില്‍ ദര്‍സു നടത്തി. 

നിരവധി ശിഷ്യഗണങ്ങള്‍ ആ ദര്‍സിലിരുന്നു മതത്തിന്റെ മര്‍മമറിഞ്ഞു. അല്ലാഹുവിന്റെ മാര്‍ഗവും തൃപ്തിയുമായിരുന്നു അരനൂറ്റാണ്ടിലേറെ കാലം ഉസ്താദിനെ ദര്‍സ് രംഗത്ത് ഉറപ്പിച്ചു നിര്‍ത്തിയത്. അതിനു ശേഷം കാരത്തൂര്‍ ജാമിഅ ബദരിയ്യയില്‍ പ്രിന്‍സിപ്പളായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

1988 ലാണ് സമസ്തയുടെ മുശാവറയില് അംഗമാകുന്നത്. 2001 ല്‍ സമസ്തയുടെ വൈസ് പ്രസിഡണ്ടു സ്ഥാനത്തേക്കും തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് 2012 ലാണ് സമസ്ത പ്രസിഡന്‍ര് പദവിയെലുത്തുന്നത്.

സമസ്തയുടെ പ്രസിഡന്‍റാകുന്നതിനു മുന്പു തന്നെ ആനക്കരയടക്കം നിരവധി മഹല്ലുകളുടെ ഖാദിയായിരുന്നു. കേരളത്തിലങ്ങോളമിങ്ങോളം നടക്കുന്ന ദുആസമ്മേളനങ്ങളില്‍ ഉസ്താദിന്റെ സാന്നിധ്യവും ശ്രദ്ധേയമായിരുന്നു.

സമസ്ത പാലക്കാട് ജില്ലാകമ്മിറ്റി പ്രസിഡണ്ട്, മലപ്പുറം ജില്ലാ കമ്മിറ്റി വൈസ് പ്രസിഡണ്ട്, സമസ്ത പരീക്ഷ ബോഡിലെയും വിദ്യാഭ്യാസ ബോഡിലെയും അംഗം തുടങ്ങി നിരവധി പദവികള്‍ സമസ്തയുടെ പ്രസിഡന്‍റാകുന്നതിനു മുന്പു തന്നെ വഹിച്ചു വന്നിരുന്നു..


കൂടുതല്‍ വാര്‍ത്തകള്‍ക്കും ഫോട്ടോകള്‍ക്കും ഇവിടെ ക്ലിക്ക് ചെയ്യുക