മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹ പ്രായം; മുസ്‌ലിം സംഘടനാ നേതാക്കളുടെ തീരുമാനത്തിന് ശക്തി പകരുക : SYS മലപ്പുറം

മലപ്പുറം: മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹ പ്രായം സംബന്ധിച്ച നിയമത്തിനെതിരെ സുപ്രീം കോടതിയിയെ സമീപിക്കുമെന്ന കേരളത്തിലെ മുസ്‌ലിം സംഘടനാ നേതാക്കളുടെ തീരുമാനത്തിന് ശക്തി പകരാന്‍ ജില്ലയിലെ ഖാസി-മഹല്ല് കമ്മിറ്റി ഭാരവാഹികളോട് എസ്.വൈ.എസ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വൈസ് പ്രസിഡന്റ് കെ.എ റഹ്മാന്‍ ഫൈസി അദ്ധ്യക്ഷത വഹിച്ചു.
 കോഴിക്കോട് ഖാസിയും സംസ്ഥാന വൈസ് പ്രസിഡന്റുമായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹ പ്രായം സംബന്ധിച്ച മുസ്‌ലിം സംഘടനാ നേതാക്കളുടെ നിലപാടിനെതിരെ രംഗത്ത് വന്ന വിദ്യാര്‍ത്ഥി സംഘടനയായ എം.എസ്.എഫിന്റെ നിലപാട് അപഹാസ്യമാണെന്ന് യോഗം വിലയിരുത്തി.
മത കാര്യങ്ങളില്‍ രാഷ്ട്രീയക്കാര്‍ ഇടപെടുന്നത് അനാവശ്യമായ വിവാദങ്ങള്‍ ഉണ്ടാക്കും. കേരളത്തിലെ മുസ്‌ലിംകള്‍ അവരുടെ മതപരമായ കാര്യങ്ങളില്‍ പണ്ഡിതരെയാണ് ആശ്രയിക്കുന്നത്. ശരീഅത്തിന് വിരുദ്ധമായ നിലപാട് എടുക്കാന്‍ ആര്‍ക്കും അവകാശമില്ല. എം.എസ്.എഫിന്റെ പ്രതികരണം അജ്ഞത മൂലമാണ്. ഇത്തരം പ്രതികരണങ്ങള്‍ മുസ്‌ലിം കേരളം അവജ്ഞയോടെ തള്ളിക്കളയയുമെന്നും മുസ്‌ലിം വ്യക്തി നിയമ സംരക്ഷണ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരണമെന്നും യോഗം ആവശ്യപ്പെട്ടു. ജന:സെക്രട്ടറി ഹാജി.കെ മമ്മദ് ഫൈസി,
കാടാമ്പുഴ മൂസ ഹാജി, ഹാജി യു ശാഫി ഹാജി, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, പി.വി മുഹമ്മദ് മൗലവി, കാളാവ് സൈതലവി മുസ്‌ലിയാര്‍, സലീം എടക്കര, സി.എം കുട്ടി സഖാഫി, അലി മുസ്‌ലിയാര്‍ കട്ടുപ്പാറ, അബ്ദുല്‍ ഖാദിര്‍ ഫൈസി കുന്നുംപുറം ചര്‍ച്ചയില്‍ പങ്കെടുത്തു.