SMF “തര്‍ത്തീബ് 2021” ഒന്നാം ഘട്ടം ഫെബ്രുവരിയില്‍

ചേളാരി: മഹല്ലു ജമാഅത്തുകളില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട രജിസ്‌ട്രേഷനുകള്‍, അവ സമയബന്ധിതമായി പുതുക്കല്‍, വഖ്ഫ് വസ്തുക്കളുടെയും മറ്റു വസ്തു വഹകളുടെയും പ്രമാണങ്ങളും രേഖകളും രജിസ്റ്ററുകളും ശരിയാക്കി സൂക്ഷിക്കല്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകളിലും വഖ്ഫ് ബോഡിലും സമയാസമയങ്ങളില്‍ അടവാക്കേണ്ട നികുതികളും വിഹിതങ്ങളും റിട്ടേണുകളും സംബന്ധിച്ചും മഹല്ലു ജമാഅത്തുകള്‍ക്ക് കൃത്യമായ അവബോധം നല്‍കുവാനും ഇത്തരം വിഷയങ്ങളില്‍ മഹല്ല് ഭാരവാഹികള്‍ അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്ന സങ്കീര്‍ണതകളും നിയമപ്രശ്‌നങ്ങളും നേരിട്ട് കേട്ട് അവക്ക് പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കുവാനും വര്‍ത്തമാനകാല സാഹചര്യങ്ങള്‍ മുന്നില്‍ കണ്ട് മഹല്ല് ജമാഅത്തുകളുടെ ഭരണ നിര്‍വഹണ സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുള്ള പ്രായോഗിക പരിശീലനങ്ങള്‍ മഹല്ല് ഭാരവാഹികള്‍ക്ക് നല്‍കുന്നതിന്നുമായി സമസ്തക്ക് കീഴില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന മുഴുവന്‍ മഹല്ലുകളിലും സുന്നി മഹല്ല് ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ 85 മേഖലകളിലായി 2021 ഫെബ്രുവരിയില്‍ നടത്തപ്പെടുന്ന “തര്‍ത്തീബ് 2021” ഒന്നാം ഘട്ട പരിശീലന പരിപാടിക്ക് ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങളുടെയും എസ്.എം.എഫ് പ്രൊജക്ട് വിംഗ് ആര്‍.പി മാരുടെയും ശില്‍പശാല അന്തിമ രൂപം നല്‍കി.

സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. പരിശീലനത്തോടനുബന്ധിച്ച് മഹല്ലുകളില്‍ വിതരണം ചെയ്യുന്ന മഹല്ല് ഗൈഡ് 2021 ന്റെ പ്രകാശന കര്‍മ്മവും ചടങ്ങില്‍ വെച്ച് നടക്കുകയുണ്ടായി.

ഈയിടെ അന്തരിച്ച എസ്.എം.എഫ് സ്ഥാപക നേതാക്കളില്‍ പ്രമുഖനും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്ന ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, സംസ്ഥാന കമ്മിറ്റി അംഗം കാളാവ് സൈതലവി മുസ്‌ലിയാര്‍, സമസ്ത കേന്ദ്ര മുശാവറ അംഗമായിരുന്ന എ. മരക്കാര്‍ ഫൈസി എന്നിവരുടെ അനുസ്മരണവും പ്രത്യേക പ്രാര്‍ത്ഥനയും നടത്തി. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, കെ.ടി ഹംസ മുസ്‌ലിയാര്‍ വയനാട്, എസ്.കെ ഹംസ ഹാജി, കെ. മോയിന്‍ കുട്ടി മാസ്റ്റര്‍, തോന്നക്കല്‍ ജമാല്‍, നാസര്‍ ഫൈസി കൂടത്തായി എന്നിവര്‍ പ്രസംഗിച്ചു. ശില്‍പശാലയുടെ വിവിധ സെഷനുകളില്‍ എം.സി മായിന്‍ ഹാജി, പിണങ്ങോട് അബൂബക്കര്‍ എന്നിവര്‍ അധ്യക്ഷരായി. അബ്ദു സമദ് പൂക്കോട്ടൂര്‍, ജുനൈദ് പാറപ്പള്ളി, ബശീര്‍ കല്ലേപാടം, ശംസുദ്ദീന്‍ മാസ്റ്റര്‍ ഒഴുകൂര്‍ എന്നിവര്‍ വിഷയങ്ങളവതരിപ്പിച്ചു. യു. ശാഫി ഹാജി ചെമ്മാട് സ്വാഗതവും സി.ടി അബ്ദുല്‍ ഖാദര്‍ തൃക്കരിപ്പൂര്‍ നന്ദിയും പറഞ്ഞു.

കാളാവ് സൈദലവി മുസ്‌ലിയാര്‍ സേവന രംഗത്തെ ഉദാത്ത മാതൃക: സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍

ചേളാരി: സമസ്ത പ്രവാസി സെല്‍ ചെയര്‍മാനും നിരവധി സ്ഥാപനങ്ങളുടെ ജീവനാഡിയുമായിരുന്ന കാളാവ് സൈദലവി മുസ്‌ലിയാര്‍ സേവന രംഗത്തെ ഉദാത്ത മാതൃകയായിരുന്നുവെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. സമസ്ത പ്രവാസി സെല്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. താന്‍ പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനത്തെ അതിരറ്റ് സ്‌നേഹിക്കുകയും മുഴുസമയവും അതിന്റെ വളര്‍ച്ചക്കുവേണ്ടി യത്‌നിക്കുകയും ചെയ്ത മഹാനായിരുന്നു കാളാവ് സൈദലവി മുസ്‌ലിയാര്‍. പ്രവാസ ലോകത്തും വിശിഷ്യാ നാട്ടിലും ദീര്‍ഘകാലം മത-സാമൂഹിക ജീവകാരുണ്യ മേഖലയില്‍ പ്രവര്‍ത്തിക്കാനും സര്‍വ്വരുടെയും സ്‌നേഹാദരവുകള്‍ ഏറ്റുവാങ്ങുവാനും കാളാവ് സൈദലവി മുസ്‌ലിയാര്‍ക്ക് കഴിഞ്ഞിരുന്നു. സമസ്ത കേന്ദ്ര മുശാവറ മെമ്പറും ഫത്‌വ കമ്മിറ്റി അംഗവുമായിരുന്ന എ. മരക്കാര്‍ മുസ്‌ലിയാര്‍, സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി എന്നിവരുടെയും വിയോഗം സംഘടനക്ക് കനത്ത നഷ്ടമുണ്ടാക്കിയെന്നും അവരുടെ പ്രവര്‍ത്തനങ്ങളും എല്ലാവര്‍ക്കും മാതൃകയായിരുന്നുവെന്നും തങ്ങള്‍ തുടര്‍ന്നു പറഞ്ഞു.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ അദ്ധ്യക്ഷനായി. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ മുഖ്യപ്രഭാഷണവും സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ അനുസ്മരണ പ്രഭാഷണവും നിര്‍വ്വഹിച്ചു. പ്രാര്‍ത്ഥനക്ക് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി നേതൃത്വം നല്‍കി. കെ.ഉമര്‍ ഫൈസി മുക്കം, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ.മൊയ്തീന്‍ഫൈസി പുത്തനഴി, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, കെ.മോയിന്‍കുട്ടി മാസ്റ്റര്‍, സത്താര്‍ പന്തല്ലൂര്‍, ഡോ.അബ്ദുറഹിമാന്‍ ഒളവട്ടൂര്‍, സയ്യിദ് പൂക്കോയ തങ്ങള്‍ അല്‍ഐന്‍, അബ്ദുല്‍ഗഫൂര്‍ അല്‍ഖാസിമി കുണ്ടൂര്‍, പി.എസ്.എച്ച് തങ്ങള്‍, കെ.വി ശൈഖലി മുസ്‌ലിയാര്‍, കെ.വി ഹംസ മുസ്‌ലിയാര്‍, വി.പി.എ പൊയിലൂര്‍, എസ്.കെ ഹംസ ഹാജി, സയ്യിദ് അബ്ദുല്ലക്കോയ തങ്ങള്‍, പല്ലാര്‍ മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍, ലുഖ്മാന്‍ റഹ്മാനി, അബൂബക്കര്‍ ഫൈസി ചെങ്ങമനാട് പ്രസംഗിച്ചു. സമസ്ത പ്രവാസി സെല്‍ ചെയര്‍മാന്‍ ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാര്‍ സ്വാഗതവും, വര്‍ക്കിംഗ് കണ്‍വീനര്‍ ഹംസ ഹാജി മുന്നിയൂര്‍ നന്ദിയും പറഞ്ഞു.
- Samasthalayam Chelari

മത വിദ്യാർത്ഥികൾ സമൂഹത്തിനു വേണ്ടി രംഗത്ത് ഇറങ്ങണം: ആലിക്കുട്ടി മുസ്ലിയാർ

മലപ്പുറം: എസ് കെ എസ് എസ് എഫ് ത്വലബ വിങ് സംസ്ഥാന സമിതി സംഘടിപ്പിച്ച തജ്ലിയ ലീഡേഴ്സ് മീറ്റ് സമസ്ത ജനറൽ സെക്രട്ടറി ശൈഖുനാ ആലിക്കുട്ടി മുസ്ലിയാർ ഉദ്ഘാടനം നിർവഹിച്ചു. ഒറവംപുറം മീറാസുൽ അമ്പിയ ഹയർ സെക്കന്ററി മദ്രസയിൽ നടന്ന പരിപായിൽ വൈകീട്ട് നാലുമണിക്ക് മഹല്ല് പ്രസിഡന്റ് സി. പി ഹസൈനാർ ഹാജി പതാക ഉയർത്തി ത്വലബ വിങ് സംസ്ഥാന ചെയർമാൻ സയ്യിദ് സൈഫുദ്ധീൻ തങ്ങൾ കാസർകോട് അധ്യക്ഷനായി. ത്വയ്യിബ് ഫൈസി പുതുപ്പറമ്പ മുഖ്യപ്രഭാഷണം നടത്തി. വിവിധ സെഷനുകളിലായി സത്താർ പന്തല്ലൂർ, ഹാരിസലി ശിഹാബ് തങ്ങൾ, ആസിഫ് ദാരിമി പുളിക്കൽ തുടങ്ങിയവർ സംസാരിച്ചു. ഹമീദ് തങ്ങൾ മഞ്ചേരി, ഫൈറൂസ് ഫൈസി ഒറവംപുറം, ഖാദർ ഫൈസി പട്ടിക്കാട്, ഷഫീഖ് വാഫി ഓടമല, അൻവർ ഫൈസി, അബ്ദുൽ ഖാദർ ഒറവംപുറം, എൻ.അബ്ദുസ്സലാം ഫൈസി, ഹാഫിള് ശാക്കിർ ഫൈസി, സയ്യിദ് സ്വാലിഹ് തങ്ങൾ, സയ്യിദ് സിംസാറുൽ ഹഖ് തങ്ങൾ, ഹബീബ് വരവൂർ, റാഷിദ് പന്തിരിക്കര, തക്കിയുദ്ധീൻ തുവ്വൂർ, സ്വാലിഹ് തയ്യിട്ടുചിറ, മുസ്തഫ പണാബ്ര ഫിർദൗസ് ആലപ്പുഴ, റാസിൽ പലോട്ടുപള്ളി തുടങ്ങിയവർ പങ്കെടുത്തു.
- SKSSF STATE COMMITTEE

തെരഞ്ഞെടുപ്പ്; ചന്ദ്രിക വാര്‍ത്ത തെറ്റിദ്ധരിപ്പിക്കുന്നത്: സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍

കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന്റെ റിബല്‍ സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തണമെന്ന് താന്‍ പറഞ്ഞതായി ചന്ദ്രിക ദിനപത്രത്തില്‍ (04-12-2020) വന്ന വാര്‍ത്ത അടിസ്ഥാന രഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.

നാദാപുരത്തെ പുളിയാവില്‍ ഒരു സ്വകാര്യ ആവശ്യത്തിന് വന്നപ്പോള്‍ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നവരാണെന്ന് പരിചയപ്പെടുത്തി ചിലര്‍ എന്നെ സമീപിച്ചിരുന്നു. തെരഞ്ഞെടുപ്പ് നടക്കുന്ന ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ എല്ലാ രാഷ്ട്രീയ വിഭാഗത്തില്‍ പെട്ട ആളുകളും എന്നെ സമീപിക്കാറുണ്ട്. എല്ലാവര്‍ക്കും ഖൈറിന് വേണ്ടി പ്രാര്‍ത്ഥിക്കാറുമുണ്ട്. ഇതിലപ്പുറം നാദാപുരത്ത് തന്നെ സമീപിച്ചവരോട് പറയേണ്ട സാഹചര്യമില്ല. തെരഞ്ഞെടുപ്പിലെ റിബല്‍ ശല്യത്തെക്കുറിച്ചും ഹൈദരലി തങ്ങളുടെ തീരുമാനം അംഗീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുമൊക്കെ സൗഹൃദ സംഭാഷണത്തിനിടയില്‍ സംസാരിച്ചത് വാര്‍ത്തയാക്കുന്നതും വിവാദത്തിന് ഇടയാക്കുന്നതും മാന്യതയല്ല. ഏതെങ്കിലും മുന്നണികളെയോ വ്യക്തികളെയോ സംഘടനകളെയോ തോല്‍പിക്കണമെന്നോ വിജയിപ്പിക്കണമെന്നോ എന്നൊന്നും ഞാന്‍ പറഞ്ഞിട്ടില്ല.

മുസ്ലിം ലീഗിന്റെ മുഖപത്രമായ ചന്ദ്രികയില്‍ നിന്ന് ഇത്തരമൊരു സമീപനം പ്രതീക്ഷിച്ചിരുന്നില്ല. അവര്‍ തിരുത്തുമെന്നാണ് കരുതുന്നത്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ രാഷ്ട്രീയ നയം സുവിദിതവും വ്യക്തവുമാണ്. ആ നയത്തില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും മുന്‍ഗാമികളായ സമസ്ത നേതൃത്വമെടുത്ത ആ നയം തുടര്‍ന്നും മുമ്പോട്ട് കൊണ്ടു പോകുമെന്നും തങ്ങള്‍ പ്രസ്താവനയില്‍ പറഞ്ഞു.
- Samasthalayam Chelari

"അസ്തിത്വം, അവകാശം യുവനിര വീണ്ടെടുക്കുന്നു" SKSSF കാംപയിന്‍ ഡിസം. 6 ന് മമ്പുറത്ത് തുടക്കം

കോഴിക്കോട്: പുതിയ കാലത്തെ വെല്ലുവിളികളെ അതിജീവിക്കാനും വിദ്യാഭ്യാസ തൊഴില്‍ മേഖലയുടെ വീണ്ടെടുപ്പിന് പുതു തലമുറയെ പ്രാപ്തമാക്കുന്നതിനുമായി എസ് കെ എസ് എസ് എഫ് സംസ്ഥാന വ്യാപകമായി ആരംഭിക്കുന്ന പ്രചാരണ പരിപാടികള്‍ക്ക് ഡിസംബർ ആറിന് തുടക്കമാവും. നീതി നിഷേധങ്ങൾക്കെതിരായ പോരാട്ടത്തിന് ചരിത്രത്തിൽ അതുല്യ മാതൃക തീർത്ത മമ്പുറം തങ്ങളുടെ വീട്ടുമുറ്റത്താണ് ഉദ്ഘാടന സമ്മേളനം നടക്കുക. ഞായറാഴ്ച കാലത്ത് 9.30 ന് പ്രത്യേകം സംവിധാനിച്ച വേദിയിൽ നടക്കുന്ന പരിപാടിയിൽ പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിക്കും.

അസ്തിത്വം, അവകാശം യുവനിര വീണ്ടെടുക്കുന്നു എന്ന പ്രമേയത്തിൽ ഡിസംബര്‍ ആറ് മുതല്‍ ജനുവരി 26 വരെയാണ് കാംപയിന്‍. ജില്ലാ, മേഖലാ പ്രചാരണ പരിപാടികൾ, ക്ലസ്റ്റര്‍ തല സെമിനാറുകളും ശാഖാ തല പ്രമേയ പ്രഭാഷണങ്ങളും കാംപയിന്‍ കാലയളവില്‍ നടക്കും.

സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നയിക്കുന്ന മുന്നേറ്റ യാത്ര ഡിസംബര്‍ 30 മുതല്‍ ജനുവരി 11 വരെ നടക്കും. തിരുവനന്തപുരത്ത് നിന്ന് ആരംഭിക്കുന്ന യാത്ര മേഖലാ കേന്ദ്രങ്ങളിലെ പ്രചാരണ സമ്മേളനങ്ങള്‍ക്ക് ശേഷം മംഗലാപുരത്ത് സമാപിക്കും.

കാംപയിന്റെ മുന്നോടിയായുള്ള സംസ്ഥാന തല ശില്പശാല സമസ്ത മാനേജർ കെ.മോയിൻകുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ദീൻ ഹസനി തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. സി.കെ ഫൈസൽ, സത്താർ പന്തലൂർ, സ്വാദിഖ് ഫൈസി താനൂർ വിഷയാവതരണം നടത്തി. റശീദ് ഫൈസി വെള്ളായിക്കോട് സ്വാഗതവും താജുദ്ദീൻ ദാരിമി പടന്ന നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE

കാളാവ് സൈദലവി മുസ്‌ലിയാര്‍ അനുസ്മരണവും പ്രാര്‍ത്ഥന സംഗമവും ഡിസംബര്‍ 7ന്

ചേളാരി : സമസ്ത പ്രവാസി സെല്‍ ജനറല്‍ കണ്‍വീനറായിരുന്ന കാളാവ് സൈദലവി മുസ്‌ലിയാരുടെ പേരില്‍ സമസ്ത പ്രവാസി സെല്‍ സംഘടിപ്പിക്കുന്ന അനുസ്മരണവും പ്രാര്‍ത്ഥന സംഗമവും 2020 ഡിസംബര്‍ 7 ന് (തിങ്കള്‍) രാവിലെ 10 മണിക്ക് ചേളാരി സമസ്താലയത്തില്‍ നടക്കും. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി പ്രാര്‍ത്ഥന നടത്തും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉല്‍ഘാടനം ചെയ്യും. ജന. സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ അദ്ധ്യക്ഷനാകും. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ മുഖ്യ പ്രഭാഷണം നടത്തും. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജന. സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ അനുസ്മരണ പ്രഭാഷണം നിര്‍വ്വഹിക്കും. ആദൃശ്ശേരി ഹംസ കുട്ടി മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദിര്‍, ഇ മൊയ്തീന്‍ ഫൈസി പുത്തനഴി, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, യു മുഹമ്മദ് ശാഫി ഹാജി ചെമ്മാട്, കെ മോയിന്‍ കുട്ടി മാസ്റ്റര്‍, എം.എ ചേളാരി, സത്താര്‍ പന്തല്ലൂര്‍, ഡോ. അബ്ദുറഹിമാന്‍ ഒളവട്ടൂര്‍, ഹംസ ഹാജി മൂന്നിയൂര്‍ പ്രസംഗിക്കും.
- SAMASTHA PRAVASI CELL

സത്യധാര പ്രചാരണ കാമ്പയിൻ ആരംഭിച്ചു

കോഴിക്കോട്: വെറും വായനയല്ല, നട്ടെല്ലുള്ള നിലപാടുകൾ എന്ന പ്രമേയത്തിൽ എസ്. കെ. എസ്. എസ് എഫിൻ്റെ മുഖപത്രമായ സത്യധാരയുടെ പ്രചരണ കാമ്പയിന് ഉജ്വല തുടക്കം. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും വരിക്കാരായി ചേർന്നു കൊണ്ടാണ് സംസ്ഥാനതല ഉദ്ഘാടനം നടന്നത്.

വായനാ ലോകത്ത് നിലപാടുകളും, അകക്കാമ്പുമുള്ള എഴുത്തുകളാണ് സത്യധാരയെ വ്യതിരിക്തമാക്കുന്നതെന്നും, കാലിക വിഷയങ്ങളിൽ സത്യധാരയുടെ ഇടപെടൽ ഏറെ ശ്രദ്ധേയമാണെന്നും സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞു.

ആദര്‍ശ പ്രചരണ രംഗത്ത് സത്യധാരയുടെ തൂലികാ മുന്നേറ്റം ശ്ലാഘനീയമാണ്. മത സൗഹാർദവും സാമുദായിക സൗഹൃദവും കാത്തു സൂക്ഷിക്കുന്നതിലും തീവ്രവാദവും, നിരീശ്വരവാദവും ഉൻമൂലനം ചെയ്യുന്നതിലും സത്യധാര വഹിച്ച പങ്ക് വളരെ വലുതാണെന്നും സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും പറഞ്ഞു.

സർക്കാർ, അർദ്ധ സർക്കാർ ഓഫീസുകൾ, പബ്ലിക് ലൈബ്രറികൾ, മത സ്ഥാപനങ്ങൾ, വിദ്യാഭ്യാസസ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്കും മറ്റുവായനക്കാരിലേക്കും സത്യധാര എത്തിച്ചേരാനുള്ള വിപുലമായ പദ്ധതികളാണ് കാമ്പയിനിൻ്റെ ഭാഗമായി നടക്കുന്നത്. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ, സയ്യിദ് ഹാശിറലി തങ്ങൾ, താജുദ്ദിൻ ദാരിമി പടന്ന, ഖാസിം ദാരിമി വയനാട്, മുഹമ്മദ് കുട്ടി കുന്നുംപുറം, ഇസ്മായിൽ ദാരിമി പാലക്കാട്, ഫാറൂഖ് കരിപ്പൂർ തുടങ്ങിയവർ പങ്കെടുത്തു.
- SKSSFSTATECOMMITTEE