ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ പൊതുപരീക്ഷ സംവിധാനം അക്കാദമിക രംഗത്ത് ഉദാത്ത മാതൃകയാവുന്നു. സര്‍ക്കാര്‍, യൂണിവേഴ്സിറ്റികള്‍ മറ്റു ഏജന്‍സികള്‍ എന്നിവരെല്ലാം നടത്തുന്ന പൊതുപരീക്ഷകള്‍ പലപ്പോഴായി താളം തെറ്റുമ്പോള്‍ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡിന്റെ കുറ്റമറ്റ പൊതുപരീക്ഷ സംവിധാനം അക്കാദമിക് ലോകം പലപ്പോഴായി പ്രശംസിച്ചിട്ടുണ്ട്. അപേക്ഷ സ്വീകരിക്കുന്നത് മുതല്‍ റിസള്‍ട്ട് പ്രഖ്യാപിക്കുന്നത് വരെ എണ്ണയിട്ടയന്ത്രം പോലെയാണ് സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. കോവിഡ്-19 മൂലം വിദേശങ്ങളില്‍ മദ്റസകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ കഴിയാത്തതിനാല്‍ ഓണ്‍ലൈന്‍ ആയാണ് പരീക്ഷ നടന്നിരുന്നത്. വിദേശങ്ങളില്‍ നടന്ന സമസ്ത ഓണ്‍ലൈന്‍ പരീക്ഷയെ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും അധ്യാപകരും അക്കാദമിക സമൂഹവും മുക്തകണ്ഠം പ്രശംസിച്ചിരുന്നു. ഇന്ത്യയില്‍ 3,4 തിയ്യതികളില്‍ നടത്തിയ ഓഫ്ലൈന് പരീക്ഷയുടെ 11 ലക്ഷത്തോളം ഉത്തരക്കടലാസുകള്‍ പരിശോധിച്ച് ടാബുലേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി രണ്ടാഴ്ചക്കകം ഫലം പ്രഖ്യാപനം നടത്താന്‍ കഴിഞ്ഞു എന്നത് ശ്രദ്ധേയമാണ്. കോവിഡ്-19 ന്റെ നിയന്ത്രണ പശ്ചാത്തലത്തിലാണ് ഈ വര്‍ഷത്തെ പൊതുപരീക്ഷ പ്രവര്‍ത്തനങ്ങള്‍ എന്നത് ഏറെ ശ്രദ്ധേയം. കോവിഡ്-19 പ്രോട്ടോക്കോള്‍ പൂര്‍ണമായും പാലിച്ചു കൊണ്ടാണ് പ്രവര്‍ത്തനങ്ങളെല്ലാം നടന്നത്.
മദ്റസകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ 2020 ജൂണ്‍ ഒന്നു മുതല്‍ ഓണ്‍ലൈന്‍ മുഖേനയാണ് ഈ അദ്ധ്യായന വര്‍ഷത്തെ ക്ലാസുകള്‍ നടന്നിരുന്നത്. സാങ്കേതിക മേന്മയും അവതരണമികവും സമസ്ത ഓണ്‍ലൈന്‍ മദ്റസയെ പ്രത്യേകം ശ്രദ്ധേയമാക്കിയിരുന്നു. പൊതുപരീക്ഷാ ഫലത്തിലെ ഉയര്‍ന്ന ശതമാനം ഓണ്‍ലൈന്‍ പഠനത്തിന്റെ മികവിന്റെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും പ്രത്യേക ശിക്ഷണത്തിന്റെയും ഫലമാണ് സൂചിപ്പിക്കുന്നത്.
പരീക്ഷ നടത്തിപ്പുമായി സഹകരിച്ച എല്ലാവരെയും വിജയം നേടിയ വിദ്യാര്‍ത്ഥികളെയും സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ട് പി.കെ.പി അബ്ദുസ്സലാം മുസ്ലിയാരും ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാരും പ്രത്യേകം അഭിനന്ദിച്ചു.
- Samasthalayam Chelari
തേഞ്ഞിപ്പലം: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് ഏപ്രില്‍ 2,3 തിയ്യതികളില്‍ വിദേശങ്ങളില്‍ ഓണ്‍ലൈനായും, ഏപ്രില്‍ 3, 4 തിയ്യതികളില്‍ ഇന്ത്യയില്‍ ഓഫ്ലൈനായും നടത്തിയ പൊതുപരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളില്‍ രജിസ്തര്‍ ചെയ്ത 2,62,577 വിദ്യാര്‍ത്ഥികളില്‍ 2,54,205 പേരാണ് പരീക്ഷക്കിരുന്നത്. ഇതില്‍ 2,44,228 പേര് വിജയിച്ചു (96.08 ശതമാനം). ആകെ വിജയിച്ചവരില്‍ 506 പേര് ടോപ് പ്ലസും, 18,212 പേര് ഡിസ്റ്റിംഗ്ഷനും, 42,543 പേര് ഫസ്റ്റ് ക്ലാസും, 28,145 പേര് സെക്കന്റ് ക്ലാസും, 1,54,822 പേര് തേര്‍ഡ് ക്ലാസും കരസ്ഥമാക്കി.
കേരളം, കര്‍ണാടക, പോണ്ടിച്ചേരി, തമിഴ്നാട്, അന്തമാന്‍, ലക്ഷ ദ്വീപ്, യു.എ.ഇ, ഖത്തര്‍, സഊദി അറേബ്യ, ബഹ്റൈന്‍, ഒമാന്‍, കുവൈത്ത് എന്നിവിടങ്ങളിലായി 7,224 സെന്ററുകളിലാണ് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ 10,287 അംഗീകൃത മദ്റസകളിലെ വിദ്യാര്‍ത്ഥികള്‍ പരീക്ഷക്കിരുന്നത്.
അഞ്ചാം ക്ലാസില്‍ പരീക്ഷ എഴുതിയ 1,14,049 കുട്ടികളില്‍ 1,10,327 പേര് വിജയിച്ചു. 96.74 ശതമാനം. 300 ടോപ് പ്ലസും, 12,409 ഡിസ്റ്റിംഗ്ഷനും, 28,899 ഫസ്റ്റ് ക്ലാസും, 17,856 സെക്കന്റ് ക്ലാസും, 50,863 തേര്‍ഡ് ക്ലാസും ലഭിച്ചു. ഏഴാം ക്ലാസില്‍ പരീക്ഷക്കിരുന്ന 96,877 കുട്ടികളില്‍ 92,208 പേര് വിജയിച്ചു. 95.18 ശതമാനം. 75 ടോപ് പ്ലസും, 3503 ഡിസ്റ്റിംഗ്ഷനും, 7,449 ഫസ്റ്റ് ക്ലാസും, 6,350 സെക്കന്റ് ക്ലാസും, 74,831 തേര്‍ഡ്ക്ലാസും ലഭിച്ചു. പത്താം ക്ലാസില്‍ പരീക്ഷക്കിരുന്ന 37,064 കുട്ടികളില്‍ 35,639 പേര് വിജയിച്ചു. 96.16 ശതമാനം. 88 ടോപ് പ്ലസും, 1,559 ഡിസ്റ്റിംഗ്ഷനും, 4,894 ഫസ്റ്റ് ക്ലാസും, 3,240 സെക്കന്റ് ക്ലാസും, 25,858 തേര്‍ഡ്ക്ലാസും ലഭിച്ചു. പ്ലസ്ടു ക്ലാസില്‍ പരീക്ഷക്കിരുന്ന 6,215 കുട്ടികളില്‍ 6,054 പേര് വിജയിച്ചു. 97.41 ശതമാനം. 43 ടോപ് പ്ലസും, 741 ഡിസ്റ്റിംഗ്ഷനും, 1,301 ഫസ്റ്റ് ക്ലാസും, 699 സെക്കന്റ് ക്ലാസും, 3,270 തേര്‍ഡ്ക്ലാസും ലഭിച്ചു.
ഈ വര്‍ഷം ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ അഞ്ചാം ക്ലാസില്‍ പങ്കെടുപ്പിച്ച് മികച്ച വിജയം കൈവരിച്ചത് മലപ്പുറം വെസ്റ്റ് ജില്ലയിലെ കടുങ്ങാത്തകുണ്ട് - താനൂര്‍ കെ.കെ. ഹസ്രത്ത് മെമ്മോറിയല്‍ സെക്കണ്ടറി മദ്റസയാണ്. 298 വിദ്യാര്‍ത്ഥികള്‍ രജിസ്തര്‍ ചെയ്തതില്‍ 260 വിദ്യാര്‍ത്ഥികള്‍ വിജയിച്ചു. ഏഴാം ക്ലാസില്‍ കടകശ്ശേരി ഐഡിയല്‍ ഇസ്ലാമിക് മദ്റസയാണ്. 214 കുട്ടികളില്‍ രജിസ്തര്‍ ചെയ്തതില്‍ 188 പേര് വിജയിച്ചു. പത്താം ക്ലാസില്‍ എടപ്പാള്‍ - ഹിദായ നഗര്‍ ദാറുല്‍ ഹിദായ മദ്റസയില്‍ നിന്നാണ്. 130 കുട്ടികള്‍ രജിസ്തര്‍ ചെയ്തതില്‍ എല്ലാവരും വിജയിച്ചു. പ്ലസ്ടു ക്ലാസില്‍ മലപ്പുറം ഈസ്റ്റ് ജില്ലയിലെ പേങ്ങാട് ഇര്‍ശാദു സ്വിബ്യാന് മദ്റസയിലും, മലപ്പറും വെസ്റ്റ് ജില്ലയിലെ വി.കെ. പടി ദാറുല്‍ ഇസ്ലാം അറബിക് മദ്രസയിലുമാണ്. 27 കുട്ടികളില്‍ എല്ലാവരും വിജയിച്ചു.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയത് മലപ്പുറം വെസ്റ്റ് ജില്ല്ലയിലെ എടപ്പാള്‍ ദാറുല്‍ ഹിദായ മദ്റസയിലാണ് 472 പേര് വിജയിച്ചു. ഇന്ത്യയിലെ ഇതര ഭാഗങ്ങളില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയ കര്‍ണാടക സംസ്ഥാനത്തിലെ ദക്ഷിണ കന്നഡ ജില്ലയിലാണ്. 7753 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. വിദേശ രാഷ്ട്രങ്ങളില്‍ നിന്നും കൂടുതല്‍ വിദ്യാര്‍ത്ഥികളെ ഓണ്‍ലൈന്‍ പരീക്ഷക്കിരുത്തിയ യു.എ.ഇ.യിലാണ്. 864 വിദ്യാര്‍ത്ഥികള്‍ പരീക്ഷയില്‍ പങ്കെടുത്തു വിജയിച്ചു.
ഒരു വിഷയത്തില്‍ മാത്രം പരാജയപ്പെട്ടവര്‍ക്ക് അതാത് ഡിവിഷന് കേന്ദ്രങ്ങളില്‍ 2021 മെയ് 30ന് ഞായറാഴ്ച രാവിലെ 10 മണി മുതല്‍ നടക്കുന്ന ''സേ’’പരീക്ഷക്കിരിക്കാവുന്നതാണ്. www.online.samastha.info എന്ന സൈറ്റില്‍ മദ്റസ ലോഗിന്‍ ചെയ്ത് മെയ് 3 മുതല്‍ 19 വരെ സേപരീക്ഷക്ക് 170 രൂപയും, പുനര്‍ മൂല്യനിര്‍ണയത്തിന് 100 രൂപയും ഫീസടച്ചു ഓണ്‍ലൈനായി അപേക്ഷിക്കാം. പരീക്ഷാ ഫലം www.samastha.info എന്ന വെബ്സൈറ്റുകളില്‍ ലഭ്യമാകും.
ഏപ്രില്‍ 2,3,4 തിയ്യതികളില്‍ നടത്തിയ പൊതുപരീക്ഷയില്‍ കോവിഡ് 19 പശ്ചാതലത്തില്‍ പരീക്ഷ എഴുതാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് മെയ് 29, 30 തിയ്യതികളില്‍ ഡിവിഷന് കേന്ദ്രങ്ങളില്‍ വെച്ച് സ്പെഷ്യല്‍ പരീക്ഷ നടത്തുന്നതാണ്. അത്തരം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന മദ്റസയിലെ ബന്ധപ്പെട്ടവര്‍ രേഖാമൂലം മേല്‍ തിയ്യതിക്കകം അപേക്ഷിക്കേണ്ടതാണ്.
- Samasthalayam Chelari
തിരൂരങ്ങാടി: പുതിയ അധ്യയന വര്‍ഷം മുതല്‍ ദാറുല്‍ഹുദാ ഇസ്്ലാമിക് സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളേജായി പ്രവര്‍ത്തിക്കുന്നതിനു രണ്ടു സ്ഥാപനങ്ങള്‍ക്ക് അംഗീകാരം നല്കി.
ലക്ഷദ്വീപിലെ അമിനി ദീപില്‍ ഖിദ്്മത്തുല്‍ ഇസ്്ലാം സംഘത്തിനും കീഴിലുള്ള സിദ്ദീഖ് മൗലാ അറബിക് കോളേജില്‍ ഹുദവി കോഴ്സിനും എറണാകുളം ചങ്ങമ്പുഴ നഗര്‍ ഖിദ്്മത്തുല്‍ ഇസ്്ലാം ട്രസ്റ്റിന് കീഴിലുള്ള പി.ടി അബൂബക്കര്‍ മൗലവി മെമ്മോറിയല്‍ ദാറുല്‍ ബനാത്ത് അക്കാദമിയില്‍ സഹ്റാവിയ്യ കോഴ്സിനുമാണ് അനുമതി നല്‍കിയത്. വാഴ്സിറ്റിയുടെ വനിതാ കാമ്പസിന്റെ പ്രഥമ അഫിലിയേറ്റഡ് സ്ഥാപനമായിരിക്കും എറണാകുളം ചങ്ങമ്പുഴ നഗറിലെ പി.ടി അബൂബക്കര്‍ മൗലവി മെമ്മോറിയല്‍ ദാറുല്‍ ബനാത്ത് അക്കാദമി. ഇരു സ്ഥാപനങ്ങളിലേക്കും അപേക്ഷിക്കുന്നതിനുള്ള സൗകര്യം അഡ്മിഷന് പോര്‍ട്ടലില്‍ ലഭ്യമാക്കിയിട്ടുണ്ട്.
- Darul Huda Islamic University
കോഴിക്കോട്: എസ് കെ എസ് എസ് എഫ് ട്രെൻഡ് ഏപ്രിൽ,മെയ് മാസങ്ങളിൽ സംഘടിപ്പിക്കുന്ന വേനൽകാല വിദ്യാഭ്യാസ പരിശീലന പദ്ധതിയായ സമ്മർ ഗൈഡിന്റെ സംസ്ഥാനതല ഉൽഘാ ടനം എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങൾ നിർവഹിച്ചു. എസ് കെ എസ് എസ് എഫ് പാണക്കാട് യൂണിറ്റിൽ വെച്ചായിരുന്നു പരിപാടി.
അടുത്ത അധ്യയന വർഷം പത്താം തരത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി യൂണിറ്റ് തലത്തിൽ എ പ്ലസ് ഗൈഡ് ഗോൾ സെറ്റിംഗ് ശിൽപശാലകൾ, പ്ളസ്റ്റു കഴിഞ്ഞ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ക്ളസ്റ്റർ തലങ്ങളിൽ കരിയർ ക്ലിനിക്ക്, കൗമാരക്കാർക്കായി മേഖല തലങ്ങളിൽ എക്സലൻഷ്യ റെസിഡ ൻഷ്യൽ ക്യാമ്പ്, ജില്ലാ തലങ്ങളിൽ വിദഗ്ധർ നയിക്കുന്ന കരിയർ കോൺഫ്രൻസ് സംസ്ഥാന സമിതിയുടെ കീഴിൽ എൻ ടി എസ് ഇ തീവ്ര പരിശീലനം, മഹല്ല് തലങ്ങളിൽ സമ്മർ സ്കൂൾ തുടങ്ങിയവയാണ് കാമ്പയിൻ കാലയളവിലെ പ്രധാന പരിപാടികൾ. പരിശീലനം നേടിയ ട്രെന്റ് റിസോഴ്സ് ബാങ്ക് അംഗങ്ങളാണ് വിവിധ ക്ളാസ്സുകൾക്ക് നേതൃത്വം നൽകുക.
ചടങ്ങിൽ ട്രെന്റ് ചെയർമാൻ റഷീദ് കോടി യൂറ അധ്യക്ഷത വഹിച്ചു. മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹാഷിർ അലി ശിഹാബ് തങ്ങൾ, ഡോ: എം അബ്ദുൽ ഖയ്യും, നൗഫൽ വാകേരി, കെ.കെ മുനീർ വാണിമേൽ, സിദ്ധീഖുൽ അക്ബർ വാഫി, അനസ് പൂക്കോ ട്ടൂർ, മുഹമ്മദ് ഹസീം ആലപ്പുഴ, സിദ്ധീഖ് മന്ന,സൈനുൽ ആബിദ് കരുവാരക്കുണ്ട്, റഹൂഫ് കാച്ചടിപ്പാറ, സജീർ പാണക്കാട് പ്രസംഗിച്ചു. ട്രെന്റ് കൺവീനർ ഷാഫി ആട്ടീരി സ്വാഗതവും റാഫി വാഴയൂർ നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE
ചേളാരി: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ വിദേശ രാജ്യങ്ങളില്‍ ഏപ്രില്‍ 2,3 തിയ്യതികളില്‍ സമസ്ത നടത്തിയ ഓണ്‍ലൈന്‍ പൊതുപരീക്ഷ അക്കാദമിക സമൂഹത്തിന്റെ പ്രശംസ നേടി. പരീക്ഷാ സംവിധാനത്തിന്റെ നൂതനരീതിയും സാങ്കേതിക മികവും കുട്ടികള്‍ക്ക് പുതിയ അനുഭവമായി. ഓരോ കുട്ടിക്കും അനുവദിച്ച പാസ്വേര്ഡ് ഉപയോഗിച്ച് ലോഗിന്‍ ചെയ്താണ് നിശ്ചിത സമയത്ത് പരീക്ഷക്ക് അറ്റന്റ് ചെയ്തത്. യു.എ.ഇ, സഊദി അറേബ്യ, ഒമാന്‍, ബഹ്റൈന്‍, ഖത്തര്‍, കുവൈത്ത് എന്നീ രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഓണ്‍ലൈന്‍ വഴി പൊതുപരീക്ഷ നടന്നത്. പരീക്ഷ നടപടികള്‍ക്ക് സഹകരിച്ച എല്ലാവരെയും സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് ചെയര്മാന് എം.ടി അബ്ദുല്ല മുസ്ലിയാര് അഭിനന്ദിച്ചു.
- Samasthalayam Chelari
ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് നടത്തുന്ന പൊതുപരീക്ഷ ഇന്നലെ ആരംഭിച്ചു. അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലാണ് പൊതുപരീക്ഷ നടത്തുന്നത്. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ വിദേശ രാജ്യങ്ങളില്‍ ഓണ്‍ലൈനായാണ് പരീക്ഷ നടന്നത്. ആകെ 7220 സെന്ററുകളിലായി 2,62,512 കുട്ടികളാണ് ഈ വര്‍ഷത്തെ പൊതുപരീക്ഷയില്‍ പങ്കെടുക്കുന്നത്. 141 സൂപ്രണ്ടുമാരെയും 10,844 സൂപ്രവൈസര്‍മാരെയും പരീക്ഷ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്.
കോവിഡ് 19 പ്രോട്ടോകോള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടാണ് പരീക്ഷ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ വിത്യസ്തമായി ചില പ്രത്യേകതകള്‍ ഈ വര്‍ഷത്തെ പൊതുപരീക്ഷക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പരീക്ഷാ ഫീസടവും രജിസ്ത്രേഷനും ഓണ്‍ലൈന്‍ വഴിയാണ് സ്വീകരിച്ചിരുന്നത്. പരീക്ഷാര്‍ത്ഥികള്‍ക്ക് ഹാള്‍ടിക്കറ്റും ഏര്‍പ്പെടുത്തിയിരുന്നു. 141 ഡിവിഷന് കേന്ദ്രങ്ങളില്‍ വെച്ചാണ് ഈ വര്‍ഷത്തെ മൂല്യനിര്‍ണയം നടക്കുന്നത്. ഏപ്രില്‍ 7, 8 തിയ്യതികളില്‍ നടക്കുന്ന ഉത്തര പേപ്പര്‍ പരിശോധനക്ക് പതിനായിരത്തോളം അധ്യാപകരെ നിയോഗിച്ചിട്ടുണ്ട്. ഒരു സൂപ്രണ്ടും അസിസ്റ്റന്റ് സൂപ്രണ്ടും മൂല്യനിര്‍ണയ ക്യാമ്പിന് നേതൃത്വം നല്‍കും. പരീക്ഷ നടത്തിപ്പിന്ന് മദ്റസ കമ്മിറ്റികള്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്തിരുന്നു. ഇന്ന് വൈകുന്നേരത്തോടെ ഉത്തരപേപ്പറുകള്‍ ഡിവിഷന് കേന്ദ്രങ്ങളില്‍ വെച്ച് സൂപ്രണ്ടുമാര്‍ ഏറ്റുവാങ്ങും.
- Samasthalayam Chelari