മക്ക: ഹജ്ജിന്റെ സുകൃതവുമായി തീര്‍ഥാടകര്‍ സ്വന്തം നാട്ടിലേക്ക് തിരിച്ചുതുടങ്ങി. ഇന്ത്യയിലേക്കുള്ള ആദ്യവിമാനം നവംബര്‍ ഒന്നിനാണ്. ഇതോടെ പതിമൂന്ന് നഗരങ്ങള്‍ വഴി 1.70 ലക്ഷം ഇന്ത്യന്‍ തീര്‍ഥാടകരുടെ മടക്കയാത്ര ആരംഭിക്കും.
ഹജ്ജ് കമ്മിറ്റി വഴിയുള്ള മലയാളികളുടെ ആദ്യവിമാനം 16ന് മദീനയില്‍ നിന്നാണ്. ഇതിനുമുമ്പ് ഇവര്‍ക്ക് മദീന സന്ദര്‍ശനത്തിന് അവസരം നല്‍കുംവിധത്തിലാണ് യാത്ര ക്രമീകരിച്ചിട്ടുള്ളത്.
തീര്ഥാടകരെല്ലാം കഴിഞ്ഞ ബുധനാഴ്ച വിശുദ്ധ ഹജ്ജ് കര്‍മത്തിനായി മിനയില്‍ തമ്പടിച്ചിരുന്നു. 31.6 ലക്ഷം തീര്‍ഥാടകര്‍ ഹജ്ജിന്റെ ചടങ്ങുകള്‍ സമാധാനത്തോടെ പൂര്‍ത്തിയാക്കി.
മിനയിലെ ചടങ്ങുകള്‍ക്ക് ശേഷം മക്കയിലെത്തിച്ചേര്ന്നതോടെ രണ്ടുമൂന്നു ദിവസമായി ആളൊഴിഞ്ഞ മക്ക നഗരി വീണ്ടും ജനസമുദ്രമായി. ഭൂരിഭാഗം ഹാജിമാരും ഇന്നലെ രാത്രിയോടെത്തന്നെ മിനയിലെ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി. അവശേഷിക്കുന്നവര്‍ ഇന്നലെയും മിനയില്‍ താമസിച്ചു.
ഇന്ന് അസ്തമയത്തിനുമുമ്പായി മിന താഴ്വാരത്തോട് വിടപറയും. ഇതോടെ ഈ വര്‍ഷത്തെ ഹജ്ജിന് പരിസമാപ്തിയായി. പിശാചിന്റെ പ്രതീകമായ മൂന്ന് ജംറകളിലും ഇന്നലെയും ഹാജിമാര്‍ കല്ലേറ് കര്‍മം നടത്തി. ഇന്നലെ മധ്യാഹ്നത്തിന് മുമ്പുതന്നെ ജംറക്ക് ചുറ്റും തീര്ഥാടകതിരക്ക് അനുഭവപ്പെട്ടു.
ധൃതിപിടിച്ച് കര്‍മം നടത്തിയാലുണ്ടാകുന്ന അപകടസാധ്യത ഇല്ലാതാക്കുന്നതിന് വിപുലമായ സൗകര്യങ്ങളാണ് ഇന്നലെയും ഒരുക്കിയത്.
രാവിലെ മുതല്‍ തന്നെ കല്ലേറ് കര്‍മത്തിനുള്ള തയ്യാറെടുപ്പുമായി ഹാജിമാരുടെ സംഘങ്ങള്‍ മിനയിലെ ക്യാമ്പില്‍ കഴിയുകയായിരുന്നു.
മിനയില്‍നിന്ന് മക്കയിലേക്കുള്ള തീര്‍ഥാടകരുടെ വാഹനവ്യൂഹം രൂപപ്പെട്ടതിനാല്‍ ഹജ്ജ് ക്യാമ്പില്‍ രാത്രി വളരെ വൈകിയാണ് പലരും എത്തിച്ചേര്‍ന്നത്.
പ്രായമുള്ളവരും രോഗികളും ബസിനെ ആശ്രയിക്കുമ്പോള്‍ മറ്റു പലരും കാല്‍നടയായി തുരങ്കങ്ങള്‍വഴി മസ്ജിദുല്‍ ഹറാമില്‍ എത്തിച്ചേര്‍ന്നു.