കോഴിക്കോട്: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് 2015 മെയ് 30, 31 തിയ്യതികളില്‍ നടത്തിയ പൊതുപരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. കേരളം, തമിഴ്‌നാട്, പോണ്ടിച്ചേരി, കര്‍ണ്ണാടക, മഹാരാഷ്ട്ര, ലക്ഷദ്വീപ്, അന്തമാന്‍, യു.എ.ഇ, ഒമാന്‍, ബഹ്‌റൈന്‍, മലേഷ്യ, സഊദി അറേബ്യ, കുവൈറ്റ് എന്നിവിടങ്ങളിലെ 9503 മദ്‌റസകളിലെ അഞ്ച്, ഏഴ്. പത്ത്, പ്ലസ്ടു ക്ലാസുകളിലാണ് പൊതുപരീക്ഷ നടന്നത്. ആകെ രജിസ്തര്‍ ചെയ്തിരുന്ന 2,22,417 വിദ്യാര്‍ത്ഥികളില്‍ 2,15,487 പേരാണ് പരീക്ഷക്കിരുന്നത്. ഇതില്‍ 2,04,347 പേര്‍ വിജയിച്ചു (94.83%).
അഞ്ചാം ക്ലാസില്‍ മലപ്പുറം ജില്ലയിലെ താഴെക്കോട് - അമ്മിനിക്കാട് കുറ്റിപ്പുള്ളി നൂറുല്‍ ഇസ്‌ലാം മദ്‌റസയിലെ ഫാത്തിമ ശാദില എം.കെ. 500ല്‍ 494 മാര്‍ക്ക് വാങ്ങി ഒന്നാം റാങ്കും, കാസര്‍ഗോഡ് ജില്ലയിലെ ചട്ടഞ്ചാല്‍ ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസയിലെ ഹലീമത്തുഫിദ്‌യ ടി.ടി 500ല്‍ 493 മാര്‍ക്ക് നേടി രണ്ടാം റാങ്കും, മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം - ശുഹദാ നഗറിലെ ഇര്‍ശാദുസ്വിബ്‌യാന്‍ മദ്‌റസയിലെ ശൈമ നസ്‌റിന്‍ കെ.ടി. 500ല്‍ 492 മാര്‍ക്ക് വാങ്ങി മൂന്നാം റാങ്കും കരസ്ഥമാക്കി.
അഞ്ചാം തരത്തില്‍ 53,398 ആണ്‍കുട്ടികളും, 51,803 പെണ്‍കുട്ടികളും പങ്കെടുത്തതില്‍ 46,937 ആണ്‍കുട്ടികളും 48,545 പെണ്‍കുട്ടികളും വിജയിച്ചു. 4,953 ഡിസ്റ്റിംങ്ഷനും, 15,638 ഫസ്റ്റ് ക്ലാസും, 12,539 സെക്കന്റ് ക്ലാസും, 62,352 തേര്‍ഡ് ക്ലാസുമുള്‍പ്പെടെ 95,482 പേര്‍ വിജയിച്ചു (90.76%).
ഏഴാം ക്ലാസില്‍ മലപ്പുറം ജില്ലയിലെ പറപ്പൂര്‍-വീണാലുക്കല്‍ ഇശാഅത്തുല്‍ ഉലൂം മദ്‌റസയിലെ മുഹമ്മദ് ജാസില്‍ സി 400ല്‍ 396 മാര്‍ക്ക് വാങ്ങി ഒന്നാം റാങ്കും, പാലക്കാട് ജില്ലയിലെ തച്ചനാട്ടുകര-പാറമ്മല്‍ ഇര്‍ശാദുസ്വിബ്‌യാന്‍ മദ്‌റസയിലെ ശഹന ശറിന്‍ എം.പി. 400ല്‍ 395 മാര്‍ക്ക് വാങ്ങി രണ്ടാം റാങ്കും, മലപ്പുറം ജില്ലയിലെ കുറുവ-മേക്കുളമ്പ് ഹിമായത്തുസ്വിബ്‌യാന്‍ മദ്‌റസയിലെ ഷിഹാന വി.പി. 400ല്‍ 394 മാര്‍ക്ക് വാങ്ങി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഏഴാം ക്ലാസില്‍ 39,703 ആണ്‍കുട്ടികളും 39,749 പെണ്‍കുട്ടികളും പങ്കെടുത്തതില്‍ 39,007 ആണ്‍കുട്ടികളും 39,403 പെണ്‍കുട്ടികളും വിജയിച്ചു. 12,375 ഡിസ്റ്റിംങ്ഷനും, 27,000 ഫസ്റ്റ് ക്ലാസും, 14,208 സെക്കന്റ് ക്ലാസും, 24,827 തേര്‍ഡ് ക്ലാസുമുള്‍പ്പെടെ 78,410 പേര്‍ വിജയിച്ചു (98.69%).
പത്താം തരത്തില്‍ പാലക്കാട് ജില്ലയിലെ വല്ലപ്പുഴ-ചെമ്മന്‍കുഴി ഹിദായത്തുല്‍ മുസ്‌ലിമീന്‍ മദ്‌റസയിലെ അഹമ്മദ് കബീര്‍ ഇ കെ 400ല്‍ 396 മാര്‍ക്ക് നേടി ഒന്നാം റാങ്കും, പള്ളിപ്പുറം - മാഞ്ഞാമ്പ്ര ജവാഹിറുല്‍ ഉലൂം മദ്‌റസയിലെ ജുവൈരിയ സി.കെ. 400ല്‍ 395 മാര്‍ക്ക് വാങ്ങി രണ്ടാം റാങ്കും, മലപ്പുറം ജില്ലയിലെ ഇരുമ്പുഴി - തെക്കുംമുറിയിലെ അല്‍മദ്‌റസത്തുല്‍ ജലാലിയ്യയിലെ ആബിദ എം.പി. 400ല്‍ 394 മാര്‍ക്ക് വാങ്ങി മൂന്നാം റാങ്കും കരസ്ഥമാക്കി.
പത്താം ക്ലാസില്‍ 14,851 ആണ്‍കുട്ടികളും 13,747 പെണ്‍കുട്ടികളും പങ്കെടുത്തതില്‍ 14,611 ആണ്‍കുട്ടികളും 13,666 പെണ്‍കുട്ടികളും വിജയിച്ചു. 2,895 ഡിസ്റ്റിംങ്ഷനും, 8,264 ഫസ്റ്റ് ക്ലാസും, 5,825 സെക്കന്റ് ക്ലാസും, 11,293 തേര്‍ഡ് ക്ലാസുമുള്‍പ്പെടെ 28,277 പേര്‍ വിജയിച്ചു (98.88%).
പ്ലസ്ടു ക്ലാസില്‍ മലപ്പുറം ജില്ലയിലെ പൂക്കോട്ടൂര്‍-മുതിരിപ്പറമ്പ് ദാറുല്‍ഉലൂം മദ്‌റസയിലെ ശബാന ജാസ്മിന്‍ പി.സി. 400ല്‍ 394 മാര്‍ക്ക് വാങ്ങി ഒന്നാം റാങ്കും, കാസര്‍ഗോഡ് ജില്ലയിലെ ആലംപാടി-നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്‌ലാം മദ്‌റസയിലെ ഫാത്തിമ 400ല്‍ 392 മാര്‍ക്ക് വാങ്ങി രണ്ടാം റാങ്കും, മലപ്പുറം ജില്ലയിലെ പൂക്കോട്ടൂര്‍-മുതിരിപ്പറമ്പ് ദാറുല്‍ഉലൂം മദ്‌റസയിലെ മുഫീദ പി 400ല്‍ 390 മാര്‍ക്ക് വാങ്ങി മൂന്നാം റാങ്കും കരസ്ഥമാക്കി.
പ്ലസ്ടു ക്ലാസില്‍ 1276 ആണ്‍കുട്ടികളും 960 പെണ്‍കുട്ടികളും പങ്കെടുത്തതില്‍ 1227 ആണ്‍കുട്ടികളും 951 പെണ്‍കുട്ടികളും വിജയിച്ചു. 98 ഡിസ്റ്റിംങ്ഷനും, 453 ഫസ്റ്റ് ക്ലാസും, 348 സെക്കന്റ് ക്ലാസും, 1279 തേര്‍ഡ് ക്ലാസുമുള്‍പ്പെടെ 2179 പേര്‍ വിജയിച്ചു (97.41%).
ആകെ വിജയിച്ച 2,04,347 പേരില്‍ 20,321 പേര്‍ ഡിസ്റ്റിംഷനും, 51,355 പേര്‍ ഫസ്റ്റ് ക്ലാസും, 32,920 പേര്‍ സെക്കന്റ് ക്ലാസും, 99,751 പേര്‍ തേര്‍ഡ് ക്ലാസും കരസ്ഥമാക്കി.
ഈ വര്‍ഷം ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ അഞ്ച്, ഏഴ് ക്ലാസുകളില്‍ പങ്കെടുപ്പിച്ച് മികച്ച വിജയം കൈവരിച്ചത് തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞം സിറാജുല്‍ ഇസ്‌ലാം മദ്‌റസയിലാണ്. അഞ്ചാം ക്ലാസില്‍ 168 കുട്ടികളെ പരീക്ഷക്കിരുത്തിയതില്‍ 156 പേരും, ഏഴാ ക്ലാസില്‍ പരീക്ഷയില്‍ പങ്കെടുത്ത 120 കുട്ടികളും വിജയിച്ചു. പത്താം ക്ലാസില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത മലപ്പുറം ജില്ലയിലെ കൊളപ്പുറം - വി.കെ.പടി ദാറുല്‍ ഇസ്‌ലാം അറബിക് മദ്‌റസയിലെ 41 പേരും വിജയിച്ചു. പ്ലസ്ടു ക്ലാസില്‍ മലപ്പുറം ജില്ലയിലെ പട്ടര്‍കുളം-ചെകിരിയന്‍മൂച്ചി ഇര്‍ശാദുല്‍ മുസ്‌ലിമീന്‍ മദ്‌റസയിലെ പരീക്ഷയില്‍ പങ്കെടുത്ത 19 പേരും വിജയിച്ചു.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയ മലപ്പുറം ജില്ലയില്‍ 81,298 പേര്‍ വിജയം നേടി. ഏറ്റവും കുറച്ചു പരീക്ഷാര്‍ത്ഥികളെ പങ്കെടുപ്പിച്ച കോട്ടയം ജില്ലയില്‍ 201 പേര്‍ വിജയിച്ചു. ഇന്ത്യയിലെ ഇതര ഭാഗങ്ങളില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയ കര്‍ണ്ണാടകയിലെ ദക്ഷിണ കന്നട ജില്ലയില്‍ 7,113 പേര്‍ വിജയിച്ചു. ഏറ്റവും കുറവു വിദ്യാര്‍ത്ഥികള്‍ പരീക്ഷക്കിരുന്ന കോയമ്പത്തൂരില്‍ 61 പേരും വിജയിച്ചു. വിദേശ രാഷ്ട്രങ്ങളില്‍ നിന്നും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷക്കിരുത്തിയ യു.എ.ഇ.യില്‍ 604 പേരും, കുറവ് വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയ കുവൈറ്റില്‍ 3 പേരും വിജയിച്ചു.
ഒരു വിഷയത്തില്‍ മാത്രം പരാജയപ്പെട്ടവര്‍ക്ക് 128 ഡിവിഷന്‍ കേന്ദ്രങ്ങളില്‍ 2015 ആഗസ്ത് 2ന് ഞായറാഴ്ച രാവിലെ 11 മണിക്ക് നടക്കുന്ന ''സേ''പരീക്ഷക്കിരിക്കാവുന്നതാണ്. സേപരീക്ഷക്ക് രജിസ്തര്‍ ചെയ്യാനുള്ള അവസാന തിയ്യതി ജൂലൈ 20 ആണ്.
പുനര്‍മൂല്യനിര്‍ണയത്തിനുള്ള അപേക്ഷ 2015 ജൂലൈ 16 വരെ സ്വീകരിക്കും. പുനര്‍മൂല്യനിര്‍ണയത്തിനും സേ പരീക്ഷക്കും 80 രൂപ ഫീസടച്ചു നിശ്ചിത ഫോറത്തില്‍ മാത്രമേ അപേക്ഷിക്കുവാന്‍ പാടുള്ളൂ. ഫോറങ്ങള്‍ താഴെ കൊടുത്ത സമസ്ത വെബ്‌സൈറ്റില്‍ ലഭ്യമാണ്.
മാര്‍ക്ക് ലിസ്റ്റ് 128 ഡിവിഷന്‍ കേന്ദ്രങ്ങളില്‍ ജൂലൈ 8 ബുധനാഴ്ച പകല്‍ 11മണിക്ക് വിതരണം ചെയ്യും. റാങ്ക് ജേതാക്കള്‍ക്കും, അവരുടെ അധ്യാപകര്‍ക്കും ക്യാഷ് അവാര്‍ഡുകള്‍ നല്‍കും.
പരീക്ഷാ ഫലവും ഫോമുകളും www.samastha.info, www.result.samastha.info എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും.
- SKIMVBoardSamasthalayam Chelari