ലഗേജുകളില്‍ പതിക്കാനുള്ള സ്റ്റിക്കർ നേരത്തെ നല്‍കിയിട്ടുണ്ട്; അവ നിര്‍ബന്ധമായും പതിക്കണം
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴിയുള്ള ഹജ്ജ് തീര്‍ത്ഥാടകരുടെ യാത്രാ രേഖകള്‍ കൈകാര്യം ചെയ്യുന്ന ഹജ്ജ് സെല്‍ ഇന്ന്മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങും. സൈബര്‍ സെല്‍ പൊലീസ് മേധാവി യു. അബ്ദുല്‍കരീമിന്റെ നേതൃത്വത്തില്‍ 31 ഉദ്യോഗസ്ഥരാണ് ഹജ്ജ് സെല്ലില്‍ സേവനത്തിനുണ്ടാവുക.
ഇന്ന് മുതല്‍ പാസ്പോര്‍ട്ടുള്‍പ്പെടെ യാത്രാരേഖകള്‍ അതത് കവര്‍ നമ്പര്‍ അടിസ്ഥാനത്തില്‍ വേര്‍തിരിച്ചു തുടങ്ങും. സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി അവസരം ലഭിച്ച 8336 പേരുടെയും, ലക്ഷദ്വീപിലെ 311, മാഹിയിലെ 59 പാസ്പോര്‍ട്ടുകള്‍ക്കും പുറമെ 21 ഗവണ്മെന്റ് ക്വാട്ടയിലെയും 27 വളണ്ടിയര്‍മാരുടെയും പാസ്പോര്ട്ടുകള് ഹജ്ജ് സെല്ലിന് കൈമാറും. മൊത്തം 8754 പാസ്പോര്ട്ടുകള് രണ്ട് ദിവസം മുമ്പ് തന്നെ വിസ അടിച്ച് ഹജ്ജ് ഹൗസില്‍ എത്തിയിട്ടുണ്ട്.
ഹജ്ജ് ക്യാമ്പില്‍ അലോപ്പതി, ഹോമിയോ ഉള്‍പ്പെടെ മെഡിക്കല്‍ ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കും. സ്ത്രീ തീര്‍ത്ഥാടകര്‍ക്ക് ഈ വര്‍ഷം അവരുടെ താമസ സ്ഥലത്ത് തന്നെ ക്ലിനിക്ക് ഒരുക്കുന്നുണ്ട്.

ഹാജിമാരുടെ വിവരങ്ങള്‍ സ്റ്റിക്കറില്‍ രേഖപ്പെടുത്തി ലഗേജുകളില്‍ നിര്‍ബന്ധമായും പതിപ്പിക്കണമെന്ന് ഹജ്ജ് കമ്മിറ്റി ഓഫീസില്‍ നിന്നു അറിയിച്ചു. വിവരങ്ങള്‍ രേഖപ്പെടുത്താത്ത ലഗേജുകള്‍ സഊദി എയര്‍ലൈന്‍സ് സ്വീകരിക്കില്ല.
ഹാജിമാരുടെ ലഗേജുകള്‍ തിരിച്ചറിയാന്‍ കൂടിയാണിത്. ഈ വര്‍ഷം രജിസ്ട്രേഷനും ലഗേജ് സ്വീകരിക്കലും ഒരേ കൗണ്ടറില്‍ തന്നെയാവും. ഹാജിമാരുടെ പ്രയാസം കണക്കിലെടുത്താണ് ഈ വര്‍ഷം മുതല്‍ ഇങ്ങനെ ഒരു സംവിധാനമൊരുക്കിയത്. ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം 25നാണെങ്കിലും ക്യാമ്പ് 23 മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങും.