സമസ്ത ബഹ്‌റൈന്‍ ഇഫ്താര്‍ സംഗമം ഇന്ന്

മനാമ: സമസ്ത കേരള സുന്നീ ജമാഅത്ത് ബഹ്‌റൈന്‍ ഗ്രാന്റ് ഇഫ്താര്‍ മീറ്റ് ഇന്ന് ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ വെച്ച് നടത്തപ്പെടുമെന്ന് സമസ്ത നേതാക്കള്‍ അറിയിച്ചു. കേന്ദ്ര മദ്‌റസയായ മനാമ ഇര്‍ഷാദുല്‍ മുസ്‌ലിമീന്‍ മദ്‌റസയുടെ 20ാം വാര്‍ഷിക ത്രൈമാസ കാമ്പയിന്‍ 'തസ്ബീത് 2015' നോടനുബന്ധിച്ചാണ് ഇഫ്താര്‍ സംഗമം സംഘടിപ്പിക്കുന്നത്. ബഹ്‌റൈനിലെ പ്രവാസികളായ കേരളീയരുടെ മദ്‌റസാ പഠന ചരിത്രത്തില്‍ 1 മുതല്‍ 12 വരെ ക്ലാസുകളിലായി ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ഒരുമിച്ച് പഠനം നടത്തുന്ന ഏക മദ്‌റസയാണ് സമസ്ത ഇര്‍ഷാദുല്‍ മുസ്‌ലിമീന്‍ ഹയര്‍ സെക്കണ്ടറി മദ്‌റസ. പ്രഥമ മദ്‌റസയായി പരിഗണിക്കപ്പെടുന്ന ഈ സ്ഥാപനം 1995ലാണ് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ വ്യവസ്ഥാപിതമായി നിലവില്‍വന്നത്. ഇത്തരുണത്തിലാണ് 'തസ്ബീത് 2015' എന്ന പേരില്‍ വൈവിദ്യമാര്‍ന്ന പരിപാടികളോടെ സ്ഥാപനം 20ാം വാര്‍ഷികം ആഘോഷിക്കുന്നത്. വാര്‍ഷികാഘോഷത്തിന്റെ ഉദ്ഘാടനം ബഹു: പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ജൂണ്‍ 5ന് വൈകുന്നേരം പാകിസ്ഥാന്‍ ക്ലബ്ബില്‍വെച്ച് നിര്‍വ്വഹിക്കുകയുണ്ടായി. ത്രൈമാസ കാമ്പയിനിന്റെ ഭാഗമായി പ്രൊഫ. ആലികുട്ടി മുസ്‌ലിയാര്‍, സിംസാറുല്‍ഹഖ് ഹുദവി, മുസ്തഫ അശ്‌റഫി കക്കുപ്പടി, തുടങ്ങിയ പണ്ഡിതര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തുകയുണ്ടായി. 
വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഇഫ്താര്‍ സംഗമത്തില്‍ 1500ല്‍ പരം ആളുകളും വിവിധ മത, സാംസ്‌കാരിക, സാമൂഹിക സംഘടനാ നേതാക്കളും അറബി പ്രമുഖരും സംബന്ധിക്കും. എല്ലാ ദിവസവും കേന്ദ്ര കമ്മിറ്റിയുടെ നേതൃത്വത്തില്‍ മനാമ സമസ്ത സ്വലാത്ത് ഹാളില്‍ നടന്നുവരുന്ന നോമ്പ്തുറ എന്തുകൊണ്ടും പ്രശംസനീയമാണ്. കൂടാതെ ഏരിയാ തലങ്ങളിലും വിവിധ കമ്മിറ്റികളുടെ കീഴില്‍ ഇഫ്താര്‍ സംഗമം നടത്തിവരുന്നു.
ആഗസ്റ്റ് 29ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്‌ലിയാര്‍, ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേര്‍സിറ്റി വൈസ് ചാന്‍സലര്‍ ഡോ:ബഹാഉദ്ധീന്‍ മുഹമ്മദ് നദ്‌വി, മുസ്തഫ ഹുദവി ആക്കോട് തുടങ്ങിയ പ്രമുഖ പണ്ഡിതരും അറബി പ്രമുഖരും പങ്കെടുക്കുമെന്നും നേതാക്കള്‍ അറിയിച്ചു.
- Samastha Bahrain