റമാളാന്‍ ഉറുദിയുടെ മാധുര്യവുമായി കുട്ടി പ്രഭാഷണ പരമ്പര

സഹല്‍ കുറുവന്തേരി ലൈലത്തുല്‍ ഖദ്ര്‍
വിഷയാവതരണം നടത്തുന്നു
കടമേരി : റമളാന്റെ പുണ്യദിനങ്ങളത്രയും സുകൃതങ്ങളില്‍ കഴിഞ്ഞ് കൂടുകയെന്നത് പ്രവാചകാധ്യാപനമാണ്. അറിവ് പകരുകയും പകര്‍ത്തുകയും ചെയ്യുകയെന്നത് ഇത്തരം നന്മകളില്‍ ഏറെ പവിത്രവുമാണ്. റമളാന്‍ ഒന്ന് മുതല്‍ പള്ളികളും മദ്രസകളും കേന്ദ്രീകരിച്ച് മതസംഘടനകളും സന്നദ്ധ സംഘടനകളും നടത്തുന്ന മതപഠന ക്ലാസുകള്‍ ഏറെ പ്രാധാന്യത്തോടെയാണ് വിശ്വാസികള്‍ ഉള്‍കൊള്ളുന്നത്. കൂടാതെ പള്ളികള്‍ കേന്ദ്രീകരിച്ചുള്ള ഉറുദിയുടെ മാസ്മരികത ഒന്ന് വേറെതന്നെയാണ്. അറബിക് കോളേജുകളിലും പള്ളി ദര്‍സുകളിലും ഓതിപ്പഠിക്കുന്ന മതവിദ്യാര്‍ത്ഥികള്‍ പ്രസംഗ പരിശീലനത്തിന്റെ കളരിയായി റമളാന്‍ ഉറുദി ഉപയോഗപ്പെടുത്തുന്നു. ഒപ്പം ശ്രോതാക്കള്‍ നല്‍കുന്ന പാരിതോഷികം വരും കാലങ്ങളിലെ തുടര്‍ പഠന ചെലവിന് ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. പക്ഷെ റമളാന്‍ ഉറുദി ഒരു കാംമ്പയിനായി ആചരിക്കുകയും പാരിതോഷികം സ്വീകരിക്കാതിരിക്കുകയും ചെയ്യുന്ന അപൂര്‍വ്വ സാഹചര്യമാണ് കടമേരി റഹ്മാനിയ്യ അറിക് കോളേജിലെ ബോര്‍ഡിംഗ് മദ്രസ വിദ്യാര്‍ത്ഥികള്‍ ഒരുക്കിയിരിക്കുന്നത്. സത്യസരണിയിലേക്ക് നീതി സാരത്തോടെ എന്ന പ്രമേയത്തില്‍ റയ്യാന്‍ റമളാന്‍ കാംമ്പയില്‍ ആചരിക്കുന്ന യൂണിറ്റ് SKSBV ലക്ഷ്യമിടുന്നത് കുരുന്നു പ്രതിഭകളുടെ സര്‍ഗ പരിപോഷണമാണ്. പ്രഭാത - പ്രദോഷ നിസ്‌കാരങ്ങള്‍ ഒഴികെ എല്ലാ നിസ്‌കാരങ്ങള്‍ക്ക് ശേഷവും പത്തും പതിനഞ്ചും പ്രായമായ കുരുന്നുകള്‍ ആവേശം വിതറുന്ന പ്രഭാഷണമാണ് നടത്തുന്നത്. നാട്ടുകാരും അധ്യാപകരും മുന്നൂറോളം വിദ്യാര്‍ത്ഥികളും ഈ കുട്ടിപ്രഭാഷണ പരമ്പരക്ക് സ്ഥിരം ശ്രോതാക്കളാകുന്നു. വലിയ മത പ്രഭാഷണ വേദികളില്‍ പ്രകടമാകുന്ന പ്രസംഗ ചാരുതയും വിഷയ ഗാംഭീര്യവും ഈ കുരുന്നു പ്രഭാഷകരെ ശ്രദ്ദേയമാക്കുന്നു. തഖ്‌വ, ഖുര്‍ആന്‍, റമളാന്‍, ആത്മ സംസ്‌കരണം, ബന്ധങ്ങള്‍, യുവത്വം, സന്താന പരിപാലനം, മര്‍ദിതന്റെ പക്ഷം, ലൈലത്തുല്‍ ഖദ്ര്‍ തുടങ്ങിയ ആനുകാലിക വിഷയങ്ങളില്‍ കുട്ടി പ്രഭാഷകര്‍ തീപ്പൊരി പ്രഭാഷണം നടത്തുമ്പോള്‍ വിശുദ്ധ റമളാനിന്റെ പകലുകള്‍ ഇനിയും ദീര്‍ഘിപ്പിച്ചു കിട്ടിയിരുന്നെങ്കിലെന്നാണ് ശ്രോതാക്കളുടെ ആഗ്രഹം.
- Rahmaniya Katameri