മൈത്രിയുടെ വിളക്കുകള്‍ തെളിയുന്ന ഈദ് -- പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ എഴുതുന്നു..


വിശ്വാസികള്‍ക്ക് അനുവദനീയമായ രണ്ട് ആഘോഷ ദിനങ്ങളാണ് പെരുന്നാളുകള്‍. ഈദുല്‍ഫിത്വറും ഈദുല്‍ അസ്ഹായും (ചെറിയപെരുന്നാളും ബലിപെരുന്നാളും). റമസാനില്‍ നോമ്പനുഷ്ഠിച്ച് വ്യക്തി ജീവിതം ശുദ്ധീകരിക്കാന്‍ അവസരം നല്‍കിയ പ്രപഞ്ചനാഥനോടുള്ള നന്ദിപ്രകടനമാണ് ഈദുല്‍ഫിത്വര്‍. ദൈവീക കല്‍പന പ്രകാരം പുത്രനെ ബലിനല്‍കാന്‍ സന്നദ്ധനായ ഹസ്രത്ത് ഇബ്രാഹിം നബി (അ)യുടെ സമര്‍പ്പണ സന്നദ്ധതയെ സ്മരിക്കുന്ന വിശുദ്ധ ഹജ്ജ് കര്‍മ്മത്തിന്റെ അനുബന്ധമാണ് ഈദുല്‍ അസ്ഹാ.
ഇസ്‌ലാമിലെ കര്‍മാനുഷ്ഠാനങ്ങളായ നമസ്‌ക്കാരത്തിന്റെയും സകാത്തിന്റെയും നോമ്പിന്റെയും ഹജ്ജിന്റെയും അന്തസ്സത്ത തന്നെ; 'എല്ലാം അല്ലാഹുവിനുള്ളതാണ്' എന്ന വിശ്വാസ പ്രമാണമാണ്. 'എന്റെ ആരാധനകളും കര്‍മങ്ങളും ജീവിതവും മരണവും നാഥാ നിനക്കുള്ളതാണ്' എന്ന സമര്‍പ്പണം. അല്ലാഹു നല്‍കിയ ജീവിതം എന്ന അനുഗ്രഹത്തിന് പ്രതിഫലമായി അര്‍പ്പിക്കുന്നത്.
മനുഷ്യന്‍ എന്നത് ഒരു അഹങ്കാര പദമല്ലെന്നും അടിമുടി പരിശോധിച്ചാല്‍ തന്റേതെന്ന് അവകാശപ്പെടാന്‍ ഒരു തരിമ്പുപോലും ദേഹ പ്രകൃതിയില്‍ സ്വന്തമായി ഇല്ലാത്ത അതീവ ദുര്‍ബലനും ദരിദ്രനുമായ ജീവിയാണെന്നും മറ്റുള്ള മേന്മകളും പ്രൗഢികളുമെല്ലാം ദൈവത്തിന്റെ ഔദാര്യം കൊണ്ടു മാത്രമാണെന്നും ആരാധനാ കര്‍മ്മങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു.
അതോടൊപ്പം പ്രപഞ്ചത്തിലെ ഏറ്റവും അനുഗൃഹീതമായ ജീവിവര്‍ഗം മനുഷ്യരാണെന്നും നന്മയും തിന്മയും വേര്‍തിരിക്കാനുള്ള വിവേചനബുദ്ധി ലഭിച്ചു എന്നത് തന്നെ മനുഷ്യന്റെ ഏറ്റവും വലിയ മഹത്വമാണെന്നും തിരിച്ചറിയപ്പെടുകയും ചെയ്യുന്നു. സര്‍വശക്തനായ പ്രപഞ്ച സ്രഷ്ടാവ് മനുഷ്യനു നല്‍കിയ അനുഗ്രഹങ്ങളെക്കുറിച്ച് ആത്മ പരിശോധന ചെയ്യാന്‍ ലഭിക്കുന്ന ഏറ്റവും മഹത്തായ അവസരമാണ് റമസാന്‍.

ഇസ്‌ലാമിലെ മറ്റു അനുഷ്ഠാന കര്‍മ്മങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായി വ്യക്തി സ്വയം തിരിച്ചറിയുന്ന ആരാധന. താന്‍ ആരാണെന്നും തന്റെ ശേഷി എത്രത്തോളമെന്നും ഭൗതിക സൗകര്യങ്ങളില്‍ ഏതെങ്കിലുമൊന്നിന്റെ അഭാവം തന്റെ ദൈനംദിന ജീവിതത്തെ എപ്രകാരം സ്വാധീനിക്കുകയും മാറ്റി മറിക്കുകയും ചെയ്യുമെന്നും റമസാന്‍ വ്രതം ബോധ്യപ്പെടുത്തുന്നു.


ഇതെല്ലാം മറ്റൊരു വ്യക്തിയിലും സമൂഹത്തിലും എങ്ങനെയാണ് പ്രതിഫലിക്കുന്നതെന്നുമറിയുന്നു. ഒരു വ്യക്തിയുടെ അനുഷ്ഠാനം മൊത്തം സമൂഹത്തിന്റെ പ്രശ്‌നങ്ങളെ തിരിച്ചറിഞ്ഞു പരിഹരിക്കുന്നതിലേക്ക് പ്രേരിപ്പിക്കുന്ന ആരാധനയായി റമസാന്‍ വേറിട്ടു നില്‍ക്കുന്നു. വ്രതം നല്‍കിയ തിരിച്ചറിവ് സമൂഹ നന്മക്ക് ഊര്‍ജ്ജമായി പുനരവതരിപ്പിക്കുന്നതിനുള്ള പ്രചോദനമാണ് ഈദുല്‍ഫിത്വര്‍ നല്‍കുന്നത്. പെരുന്നാള്‍ ദിനം സമൃദ്ധിയുടേതാണ്. ധനികനും ദരിദ്രനും ഇളവില്ലാത്ത നിര്‍ബന്ധ ബാധ്യതയായ ഫിത്വര്‍ സകാത്ത് വഴി വിശ്വാസികള്‍ ഒന്നടങ്കം പട്ടിണിയില്ലാത്ത ഒരാഘോഷ ദിനം കൊണ്ടാടുന്നു.


പെരുന്നാള്‍ ദിനത്തില്‍ നോമ്പനുഷ്ഠിക്കുന്നത് നിഷിദ്ധമാണ്. അങ്ങനെ വിശ്വാസികള്‍ക്കിടയില്‍ സമത്വത്തിന്റെ ദിനമായി ഈദുല്‍ ഫിത്വര്‍ മാറുന്നു. പെരുന്നാള്‍ നമസ്‌കാരാനന്തരം ആലിംഗനം ചെയ്ത് ആശംസകള്‍ കൈമാറുമ്പോള്‍ വ്യക്തികള്‍ തമ്മിലുള്ള മാനസികമായ അകല്‍ച്ചകള്‍ ഉരുകിത്തീര്‍ന്ന് മൈത്രിയുടെ വിളക്കുകള്‍ തെളിയുന്നു.


പ്രകടന പരതയെക്കാള്‍ ആത്മീയാനുഭവമായ വ്രതത്തിന്റെ വിജയപരിസമാപ്തിയാണ് പെരുന്നാളിലൂടെ പ്രതിഫലിക്കുന്നത്. സ്വന്തം ആത്മാവില്‍നിന്നുറവെടുക്കേണ്ടതാണ് ഭക്തി. എല്ലാ ചപല വ്യാമോഹങ്ങളെയും ദുഷ്ചിന്തകളെയും ആസക്തികളെയും പരദൂഷണത്തെയും ധൂര്‍ത്തിനെയും ധാരാളിത്തത്തെയും ആഡംബരത്തെയും സ്വാര്‍ത്ഥതയെയും അഹന്തയെയും ഉച്ചാടനം ചെയ്ത് മനുഷ്യ മനസ്സിനെ ശുദ്ധീകരിക്കുന്ന പ്രക്രിയയാണത്.


അങ്ങനെയുള്ള വ്രതം മാത്രമേ ദൈവത്തിങ്കല്‍ സ്വീകാര്യമാവൂ. നോമ്പുകാരനും അല്ലാഹുവും തമ്മിലുള്ള രഹസ്യ ഇടപാടാണ് ഈ ആരാധന. ദൈവത്തിനല്ലാതെ മറ്റാര്‍ക്കും തിട്ടപ്പെടുത്താനാവില്ല അതിന്റെ മൂല്യം. സ്രഷ്ടാവിനെക്കുറിച്ചുള്ള ബോധം സദാ ഹൃദയത്തില്‍ സൂക്ഷിക്കുന്ന ആര്‍ക്കും തെറ്റായ മാര്‍ഗത്തിലേക്ക് പോകാനാവില്ല.
റമസാനിന്റെ മഹത്വം തന്നെ പരിശുദ്ധ ഖുര്‍ആന്‍ അവതരിച്ച മാസം എന്നതാണ്.


''ജനങ്ങള്‍ക്ക് മാര്‍ഗ ദര്‍ശനമായിക്കൊണ്ടും നേര്‍വഴി കാട്ടുന്നതും സത്യവും അസത്യവും വേര്‍തിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമസാന്‍. അതുകൊണ്ട് നിങ്ങളില്‍ ആര്‍ ആ മാസത്തില്‍ സന്നിഹിതരാണോ അവര്‍ ആ മാസം വ്രതമനുഷ്ഠിക്കട്ടെ'' എന്ന് അല്ലാഹു പറയുന്നു.


വിശുദ്ധ ഖുര്‍ആന്‍ ചൂണ്ടിക്കാട്ടുന്ന മാതൃകാ വ്യക്തിത്വത്തെയും സാമൂഹിക ജീവിതത്തെയുമാണ് റമസാന്‍ ചിട്ടപ്പെടുത്തിയത്. പട്ടിണിയുടെ കാഠിന്യവും ദാഹിച്ചു വലഞ്ഞാലും കുടിനീര്‍ കിട്ടാതിരിക്കുന്നതിന്റെ പ്രയാസവും ശരീരബലത്തിനു ഉലച്ചില്‍ തട്ടുമ്പോഴുള്ള മിതത്വവും ദേഹേച്ഛകളില്‍ നിന്നുള്ള വിട്ടുനില്‍ക്കലുമെല്ലാം വ്യക്തിജീവിതത്തിന്റെ പതിവു രീതികളെത്തന്നെ മാറ്റിമറിക്കുന്നവയാണ്. ധനിക, സമ്പന്ന ഭേദമന്യേ തോളുരുമ്മി നിന്നുള്ള പ്രാര്‍ത്ഥനകളും ദാനധര്‍മങ്ങളും നോമ്പുതുറ നേരത്തെ സംതൃപ്തിയുമെല്ലാം സമ്പൂര്‍ണ ജീവിതാവസ്ഥയായി റമസാന്‍ അനുഭവിപ്പിച്ചു. ഒരു മാസക്കാലം നീണ്ടുനിന്ന റമസാന്‍ വ്രതാനുഷ്ഠാനം മനുഷ്യനു നല്‍കിയ ജീവിത പാഠങ്ങളെ ആയുസ്സുടനീളം കാത്ത് സൂക്ഷിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്ന ആഘോഷ ദിനമാണ് ഈദുല്‍ ഫിത്വര്‍.


അചഞ്ചലമായ ദൈവവിശ്വാസത്തിന്റെയും സഹജീവി സ്‌നേഹത്തിന്റെയും മാതൃകയായി വ്യക്തിയെ പരിവര്‍ത്തിപ്പിച്ച പുണ്യവ്രതത്തിന്റെ സമാപനം കുറിക്കുന്ന ആഘോഷം. മാനവരാശിയുടെ ഐക്യത്തിനും സമാധാനത്തിനും വേണ്ടി പ്രവര്‍ത്തിക്കുമെന്ന് ഓരോ വിശ്വാസിയും പ്രതിജ്ഞ ചെയ്യേണ്ട പുണ്യദിനം. മനുഷ്യരുടെ ജീവനും സമ്പത്തും അഭിമാനവും പരസ്പരം സംരക്ഷിക്കുമെന്ന് ദൃഢനിശ്ചയം ചെയ്യണം. വ്യക്തിയുടെയും സമൂഹത്തിന്റെയും ദേശത്തിന്റെയും സ്വാതന്ത്ര്യവും പരമാധികാരവും പരിപാലിക്കേണ്ടത് ആധുനിക ജനതയുടെ കടമയാണ്.


അറിവും സമ്പത്തും അധികാരവും വര്‍ധിച്ചപ്പോള്‍ മനുഷ്യത്വം നഷ്ടപ്പെട്ടവരായിത്തീര്‍ന്നിരിക്കുന്നു ലോകം. സമൂഹത്തില്‍ ഭിന്നതയും അക്രമങ്ങളും അനീതിയും പെരുകുകയാണ്. പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളുമടങ്ങുന്ന ദുര്‍ബലരാണ് ഏറ്റവുമധികം ക്രൂരതകള്‍ക്കിരയാകുന്നത്. സമൂഹത്തിന്റെ അധ:പതനമാണിത് തെളിയിക്കുന്നത്. ഫലസ്തീനില്‍ നടക്കുന്ന നരമേധങ്ങള്‍ മനുഷ്യനെക്കുറിച്ചുള്ള എല്ലാ സങ്കല്‍പങ്ങളും തകര്‍ക്കുന്നവയാണ്. യുദ്ധം എന്നു പേരിട്ട് ഏകപക്ഷീയമായ ആക്രമണങ്ങളിലൂടെ നൂറുകണക്കിനാളുകളെ കൂട്ടക്കശാപ്പ് ചെയ്യുകയാണ് ഇസ്രാഈല്‍ ഭരണകൂടം. പിഞ്ചുകുഞ്ഞുങ്ങളെ നിഷ്ഠൂരമായി കൊന്നൊടുക്കുന്നു.


വീടുകള്‍ക്കുള്ളിലുറങ്ങിക്കിടക്കുന്നവരെയാണ് രാത്രികാല ബോംബാക്രമണങ്ങളിലൂടെ ഉന്മൂലനം ചെയ്യുന്നത്. അഭയാര്‍ത്ഥി കേമ്പുകള്‍ക്കു നേരെ പോലും മിസൈലുകള്‍ തൊടുത്തുവിടുന്നു. മനുഷ്യര്‍ മരിച്ചൊടുങ്ങുന്നു. ഈ ക്രൂരതകള്‍ തടയാന്‍ കരുത്തുള്ള ലോകരാഷ്ട്ര നേതൃത്വം മൗനം പാലിക്കുകയാണ്.


ഈദുല്‍ഫിത്വര്‍ ആഘോഷിക്കുന്നവരുടെ മനസ്സില്‍ ഫലസ്തീനിലെ ചോരവാര്‍ന്നൊലിക്കുന്ന സഹോദരങ്ങളുടെ മുഖങ്ങള്‍ തെളിയണം. ആഘോഷങ്ങളില്‍ മിതത്വം പാലിക്കണം. കഷ്ടപ്പെടുന്നവരുടെ കണ്ണീരൊപ്പാന്‍ മുന്‍കൈ എടുക്കണം. ദരിദ്രര്‍ക്കും രോഗികള്‍ക്കും ആശ്രയമാവണം. സമാധാനവും ശാന്തിയും സ്ഥാപിതമാകുന്നതിന് പ്രപഞ്ചനാഥനോട് ഉള്ളുരുകി പ്രാര്‍ത്ഥിക്കണം.


പ്രാര്‍ത്ഥന തന്നെ ഒരു കരുത്തുറ്റ രക്ഷാകവചമാണ്. പരസ്പര സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും സന്ദേശവുമായി, അചഞ്ചലമായ ദൈവവിശ്വാസവുമായി നന്മയുടെ പാതയില്‍ കൈകോര്‍ത്തു നീങ്ങുക. പരസ്പരം വെളിച്ചമാവുക എന്നതാണ് ഈ സുദിനത്തിന്റെ പ്രചോദനം.
അല്ലാഹു അക്ബര്‍; വലില്ലാഹില്‍ഹംദ്‌(അവ.ചന്ദ്രിക)