'അനുഗ്രഹീതമായ ഒരു രാവിലാണ് നാമിത് അവതരിപ്പിച്ചത്. ഇതുവഴി നാം ഒരു മുന്നറിയിപ്പ് നല്‍കുകയായിരുന്നു. കാര്യങ്ങളെല്ലാം ആ രാത്രിയിലാണ് നമ്മുടെ ഉത്തരവനുസരിച്ച് തീരുമാനിക്കപ്പെടുന്നത്. ദൈവ ദൂതന്‍മാരെ അയക്കുന്നത് നാം തന്നെയാണ്. നിന്റെ നാഥനില്‍നിന്നുള്ള കാരുണ്യമാണത്. എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാണവന്‍ (വി.ഖു. 44: 3-6).
ആ രാത്രി റമസാന്‍ മാസത്തിലാണന്ന് ഖുര്‍ആന്‍ മറ്റൊരിടത്ത് പറയുന്നു (2: 185). 'ആയിരം മാസങ്ങളേക്കാള്‍ ശ്രേഷ്ഠമാണ് ആ രാത്രി. മാലാഖമാരും പരിശുദ്ധാത്മാവും ആ രാവില്‍ അവരുടെ രക്ഷിതാവിന്റെ അനുമതിയോടെ സര്‍വ്വ നിശ്ചയങ്ങളുമായി ഇറങ്ങിവരും. സമാധാനത്തിന്റേതാണാരാവ്. പ്രഭാതം പുലരുവോളം' (97: 3-5). വിധി നിര്‍ണയത്തിന്റെയും ആസൂത്രണത്തിന്റെയും പദവിയുടെയും മൂല്യത്തിന്റെയും ശക്തിയുടെയും രാത്രി എന്നൊക്കെ അര്‍ത്ഥം കൊടുക്കാവുന്നതാണ് 'ലൈലത്തുല്‍ ഖദ്ര്‍' എന്ന വാചകത്തിന്.
മനുഷ്യ ജീവിതത്തിന് അതിന്റെ ആത്യന്തികമായ വിജയത്തിലേക്ക് വഴി തുറന്നു കിട്ടിയ രാത്രി. അനുഭൂതിപൂരകമായ സ്വര്‍ഗ പൂങ്കാവനങ്ങളില്‍ മനുഷ്യന് നിത്യാനന്ദത്തിന്റെ ശാശ്വത ജീവിതത്തിന് വഴിയൊരുങ്ങിയ രാത്രി. അത് അനുഗ്രഹത്തിന്റേതാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ദൈവീക കാരുണ്യം പ്രവഹിപ്പിച്ച് ആകാശം ഭൂമിയെ മാറോടണച്ചപ്പോള്‍ അതിലൂടെ മനുഷ്യാത്മാവ് തന്റെ രക്ഷിതാവിന്റെ ഉത്തുംഗ സവിധത്തിലെത്തിച്ചേര്‍ന്ന മഹോന്നത രാത്രി.
പ്രപഞ്ചത്തിന്റെ ചരിത്രത്തില്‍ അത്ര പ്രധാനപ്പെട്ട മറ്റൊരു രാത്രി ഉണ്ടായിട്ടില്ല. ആയിരം എന്ന് പറഞ്ഞത് കണക്ക് നിജപ്പെടുത്തിയല്ല. ആധിക്യത്തെ സൂചിപ്പിക്കാന്‍ പ്രയോഗിച്ചതാണ്. മനുഷ്യ ചരിത്രത്തില്‍ ആ വിശുദ്ധ രാത്രി ചെലുത്തിയ സ്വാധീനത്തിന്റെയും പരിവര്‍ത്തനത്തിന്റെയും അളവുവെച്ച് നോക്കുമ്പോള്‍ ആ രാത്രിയുടെ മഹത്വം എല്ലാ വിവരണങ്ങള്‍ക്കും മേലെയാണ്.
നൂറ്റാണ്ടുകള്‍ക്കിപ്പുറത്തുനിന്ന് ഇന്നും സത്യവിശ്വാസികള്‍ ആ രാത്രിയെ സ്മരിക്കുമ്പോള്‍ ഉള്‍പ്പുളകമുണ്ടാവുന്നു.
ആ രാത്രിയുടെ സ്മരണ മരിക്കാതിരിക്കാന്‍ അന്നിറങ്ങിയ അനുഗ്രഹത്തിന്റെ ആവര്‍ത്തനം വര്‍ഷംതോറും അല്ലാഹു വിശ്വാസികള്‍ക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. അബൂഹുറയിറയില്‍നിന്ന് ഇമാം ബുഖാരിയും മുസ്‌ലിമും നിവേദനം ചെയ്യുന്നു. നബി (സ) പറഞ്ഞു. ''വിശ്വാസത്തോടും പ്രതിഫലേച്ഛയോടും കൂടി ലൈലത്തുല്‍ ഖദ്‌റില്‍ ആരെങ്കിലും സുന്നത്ത് നമസ്‌കരിച്ചാല്‍ അവന്റെ മുന്‍കാല പാപങ്ങളെല്ലാം പൊറുക്കപ്പെടും.''
റമസാനില്‍ ആ രാത്രി ഏതാണെന്ന് നിര്‍ണയിച്ചുകൊണ്ട് വിവിധ പണ്ഡിതാഭിപ്രായങ്ങള്‍ ഉണ്ട്. ഇരുപത്തിയഞ്ചാം രാവെന്നും ഇരുപത്തി ഏഴാം രാവെന്നും പ്രബല അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നു. പ്രവാചകനില്‍നിന്ന് നിവേദനം ചെയ്യപ്പെട്ട പ്രാമാണികമായ ഹദീസുകള്‍ അവലംബിച്ചാല്‍ റമസാന്‍ അവസാനത്തിലെ ഏഴ് ദിവസങ്ങളിലെ ഒറ്റ രാവുകളിലൊന്നാണ് ലൈലത്തുല്‍ ഖദ്ര്‍ എന്നാണ് മനസ്സിലാവുന്നത്.
റമസാനില്‍ അവസാനത്തെ പത്തായാല്‍ നബി (സ) രാത്രിയെ സജീവമാക്കുകയും കുടുംബത്തെ ഉണര്‍ത്തുകയും ആരാധനാ കര്‍മ്മങ്ങള്‍ക്കുവേണ്ടി കച്ചകെട്ടുകയും ചെയ്യുമായിരുന്നു എന്ന് ഹസ്രത്ത് ആയിഷ (റ) യില്‍നിന്ന് ബുഖാരിയും മുസ്‌ലിമും നിവേദനം ചെയ്തിട്ടുണ്ട്. ഒരിക്കല്‍ ആയിഷ (റ) പ്രവാചകനോട് ചോദിച്ചു: 'അല്ലാഹുവിന്റെ റസൂലേ ലൈലത്തുല്‍ ഖദ്ര്‍ ഏതാണെന്ന് ഞാന്‍ അറിയുകയാണെങ്കില്‍ അന്നു ഞാന്‍ എന്താണ് പറയേണ്ടത്? നബി (സ) പറഞ്ഞു: 'അല്ലാഹുമ്മ ഇന്നക്ക അഫുവ്വുന്‍ തുഹിബ്ബുല്‍ അഫ്‌വ ഫഅ്ഫ് അന്നീ (അല്ലാഹുവേ നീ മാപ്പ് നല്‍കുന്നവനാണ്, മാപ്പ് കൊടുക്കുന്നത് നിനക്ക് ഇഷ്ടവുമാണ്. അതിനാല്‍ എനിക്ക് നീ മാപ്പരുളേണമേ)' (തുര്‍മുദി) തീരുമാനിക്കപ്പെടേണ്ട എല്ലാ കാര്യങ്ങളും ആ രാവില്‍ തീരുമാനിക്കപ്പെടുന്നു. അതില്‍ മലക്കുകള്‍ ഇറങ്ങി വരുന്നു.
ആ രാത്രിയിലുണ്ടായ സംഭവവികാസങ്ങളെക്കുറിച്ച് പറഞ്ഞപ്പോള്‍ വര്‍ത്തമാനകാലത്തിനും ഭാവി കാലത്തിനും ഉപയോഗിക്കുന്ന ക്രിയാരൂപമാണ് അല്ലാഹു പ്രയോഗിച്ചത്. അതിനേറെ അര്‍ത്ഥതലങ്ങളുണ്ട്. കാര്യങ്ങളുടെ തീരുമാനവും മലക്കുകളുടെ വരവും കാരുണ്യത്തിന്റെ കുത്തൊഴുക്കും എല്ലാ ലൈലത്തുല്‍ ഖദ്‌റിലും അനുസ്യൂതം തുടര്‍ന്നുകൊണ്ടിരിക്കും എന്നാണ് അവ നമ്മെ ബോധ്യപ്പെടുത്തുന്നത്. യുക്തിജ്ഞനായ അല്ലാഹുവിന്റെ നടപടിക്രമങ്ങളില്‍ നമുക്കറിയാത്തത് ഏറെ ഉണ്ടാവുമല്ലോ.
ഈ പ്രപഞ്ചത്തിന്റെ ഏറ്റവും ലളിതമായ വ്യാഖ്യാനമാണ് ഖുര്‍ആന്‍. മനുഷ്യ പ്രകൃതത്തിന് ഖുര്‍ആന്റെ വിളി കേള്‍ക്കാന്‍ പാകത്തിലാണ് രണ്ടിനെയും അല്ലാഹു സംവിധാനിച്ചിട്ടുള്ളത്. അതിന്റെ അടിസ്ഥാനത്തില്‍ സമാധാനപരമായ ഒരു ലോകം കെട്ടിപ്പടുക്കാനാണ് അല്ലാഹു അത് അവതരിപ്പിച്ചത്. ആദ്യമായി പ്രവാചക ഹൃദയത്തില്‍ അത് പ്രശോഭിതമായപ്പോള്‍ ആ പ്രകാശം ഭൂമിയിലേക്ക് പ്രസരിപ്പിക്കാന്‍ പ്രവാചകനും ആദ്യകാലാനുയായികളും സഹിച്ച ത്യാഗം വമ്പിച്ചതായിരുന്നു.
തല്‍ഫലമായി ഖുര്‍ആനിന്റെ ആശയം കര്‍മലോകത്ത് ഏറെക്കാലം ചലനാത്മകമായിരുന്നു. പക്ഷേ ആ പാരമ്പര്യം ഇന്നില്ല. ഖുര്‍ആന്റെ അനുയായികള്‍തന്നെ അതില്‍നിന്ന് ഏറെ അകലം പോയിരിക്കുന്നു. ഈ ലോകത്ത് സമാധാനവും പരലോകത്ത് നിത്യശാന്ത ജീവിതവും ലഭിക്കാന്‍ ഖുര്‍ആനികാശയങ്ങള്‍ പ്രാവര്‍ത്തികമായേ മതിയാവൂ. വ്രതാനുഷ്ഠാനവും ഖുര്‍ആന്‍ പഠനവും ലൈലത്തുല്‍ ഖദ്ര്‍ ഉള്‍പ്പെടെയുള്ള എല്ലാ നാളുകളിലെയും ആരാധനാ കര്‍മങ്ങളും സംവിധാനിക്കപ്പെട്ടിട്ടുള്ളത് സത്യവിശ്വാസികള്‍ ആ നില പ്രാപിക്കേണ്ടതിനാണ്.
- എ.എ വഹാബ്