ബദര്‍ ദിനം നാളെ(ചൊവ്വ); വിശ്വാസി ലോകം ഇനി ബദര്‍ സ്‌മരണയിലേക്ക്‌..

ബദര്‍ പോരാട്ടം നടന്ന സ്ഥലം 
മലപ്പുറം: ഇസ്ലാമിക ചരിത്രത്തിലെ നാഴികകല്ലായി മാറിയ ബദര്‍ പോരാട്ട ദിനം നാളെ (റമസാന്‍ 17, ചൊവ്വ). വിശ്വാസി  ലോകം ഇനി ബദര്‍ സ്‌മരണകളിലേക്ക്‌.. നാടെങ്ങും ഇനി ബദര്‍ അനുസ്‌മരണങ്ങളും ബദരീങ്ങളുടെ പേരുകള്‍(അസ്‌മാഉല്‍ ബദര്‍) ചൊല്ലിയുള്ള പ്രത്യേക പ്രാര്‍ത്ഥനകളും മൌലിദ്‌ പാരായണങ്ങളുമുയരും. മലബാറിലെ പള്ളി മദ്രസ്സാ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച്‌ മൌലിദ്‌ പരിപാടികളും പ്രത്യേക നേര്‍ച്ചകളും അനുസ്‌മരണ പ്രാര്‍ത്ഥനാ ചടങ്ങുകളും ഇന്നുംനാളെയുമായി നടക്കും 
ബദരീങ്ങളുടെ പേരുകള്‍ ഉച്ചരിക്കുന്ന സ്ഥലത്ത്‌ അല്ലാഹുവിന്റെ പ്രത്യേക നിഅമത്തുകളും കാവലുമുണ്ടാകുമെന്നതിനാല്‍ സ്വന്തം വീടുകളിലും കച്ചവട സ്ഥാപനങ്ങളിലും ബദര്‍ദിന രാവായ ഇന്നും അടുത്ത ദിവസങ്ങളിലും ബദര്‍ മൌലിദ്‌ പാരായണവും പ്രത്യേക പ്രാര്‍ത്ഥനകളും നടക്കും. കേരളത്തിനു പുറമെ ഗള്‍ഫ്‌ നാടുകളിലും ഒരേ ദിവസം നോമ്പ്‌ ആരംഭിച്ചതിനാല്‍ ഗള്‍ഫ്‌ രാജ്യങ്ങളിലും നാളെ(തിങ്കള്‍)യാണ്‌ ബദര്‍ദിനം. 
കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്‌തമായി ഗസ്സ മുനമ്പില്‍ ഇസ്രാഈല്‍ തുടരുന്ന രൂക്ഷമായ ബോംബു വര്‍ഷങ്ങള്‍ക്കിടെയാണ്‌ ഇത്തവണ ബദ്‌ര്‍ ദിനം കടന്നെത്തിയിരിക്കുന്നത്‌. ഫലസ്ഥീനികള്‍ക്ക്‌ വേണ്ടി പ്രത്യേക പ്രാര്‍ത്ഥനാ ചടങ്ങുകള്‍ നടത്താന്‍ പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങളടക്കമുള്ള സമസ്‌ത നേതാക്കള്‍ നേരത്തെ ആഹ്വാനം ചെയ്‌തിട്ടുണ്ട്‌.