അക്കാദമിക് സഹകരണം; സൈതൂന യൂനിവേഴ്‌സിറ്റിയും ദാറുല്‍ ഹുദായും കൈകോര്‍ക്കുന്നു

ടുനീഷ്യയിലെ സൈതൂന യൂനിവേഴ്‌സിറ്റിയും ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയും തമ്മില്‍ അക്കാദമിക മേഖലയിലെ പരസ്പര സഹകരണത്തിനു ധാരണ. തുനീഷ്യയിലെ പര്യടനത്തിനിടയില്‍  ദാറുല്‍ ഹുദാ വൈസ്ചാന്‍സലര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി സൈതൂന സര്‍വകലാശാല അധികൃതരുമായി നടത്തിയ ചര്‍ച്ചയിലാണ് സഹകരണത്തിന് ധാരണയായത്. 
സൈതൂന യൂനിവേഴ്‌സിറ്റി കാമ്പസില്‍ നടന്ന ചടങ്ങില്‍  റെക്ടര്‍ പ്രൊഫ. ഡോ. അബ്ദുല്‍ ജലീല്‍ സാലിമും  ദാറുല്‍ ഹുദാ വൈസ് ചാന്‍സലര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിയും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. അധ്യാപക-വിദ്യാര്‍ത്ഥി കൈമാറ്റം, ഗവേഷണം, അക്കാദമിക് സഹകരണം തുടങ്ങിയ മേഖലകളിലാണ് ഇരു സര്‍വകലാശാലകളും ധാരണയിലെത്തിയത്.
ഇസ്‌ലാമിക സര്‍വകലാശാലകളുടെ അന്തര്‍ദേശീയ കൂട്ടായ്മകളായ ലീഗ് ഓഫ് ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റീസ്, ഫെഡറേഷന്‍ ഓഫ് ദി യൂനിവേഴ്‌സിറ്റീസ് ഓഫ് ദി ഇസ്‌ലാമിക് വേള്‍ഡ് എന്നിവയില്‍ ദാറുല്‍ ഹുദാക്ക് അംഗത്വമുണ്ട്. മലേഷ്യയിലെ ഇന്റര്‍ നാഷണല്‍ ഇസ്‌ലാമിക്  യൂനിവേഴ്‌സിറ്റി, ഇറാനിലെ അല്‍ മുസ്ഥഫ ഇന്റര്‍നാഷനല്‍ യൂനിവേഴ്‌സിറ്റി, സുഡാനിലെ ഉമ്മുദുര്‍മാന്‍ യൂനിവേഴ്‌സിറ്റി, ലിബിയയിലെ അല്‍ഫാതിഹ് യൂനിവേഴ്‌സിറ്റി തുടങ്ങി നിരവധി വിദേശ സര്‍വകലാശാലകളുമായി ദാറുല്‍ ഹുദാ നേരത്തെ തന്നെ എം.ഒ.യു ബന്ധം സ്ഥാപിച്ചിട്ടുണ്ട്.
- Darul Huda Islamic University