അറബി മലയാളത്തിലെ അധിനിവേശ വിരുദ്ധത; ചരിത്ര സെമിനാര്‍ നാളെ (18 വെള്ളി) ദാറുല്‍ഹുദായില്‍

തിരൂരങ്ങാടി : രാജ്യത്തെ വിവിധ ഭാഷകളിലെ കയ്യെഴുത്ത്‌ ഗ്രന്ഥങ്ങളുടെ സംരക്ഷണാര്‍ത്ഥം ഡല്‍ഹിയിലെ നാഷണല്‍ മിഷന്‍ ഫോര്‍ മാനുസ്‌ക്രിപ്‌റ്റ്‌ നടത്തുന്ന ഗവേഷണ പഠനങ്ങളുടെ ഭാഗമായി നാളെ ദാറുല്‍ഹുദായില്‍ ചരിത്ര സെമിനാര്‍ നടക്കും. തൃപ്പൂണിത്തറയിലെ മാനുസ്‌ക്രിപ്‌റ്റ്‌ റിസോഴ്‌സ്‌ സെന്ററിന്റെ ആഭിമുഖ്യത്തില്‍ നാളെ ഉച്ചക്ക്‌ രണ്ടിന്‌ ദാറുല്‍ഹുദാ ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റി ഓഡിറ്റോറിയത്തില്‍ നടക്കുന്ന സെമിനാര്‍ കാലിക്കറ്റ്‌ മുന്‍ വി.സി. ഡോ.കെ.കെ. എന്‍ കുറുപ്പ്‌ ഉദ്‌ഘാടനം ചെയ്യും. ദാറുല്‍ഹുദാ വൈസ്‌ ചാന്‍സ്‌ലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി ആധ്യക്ഷം വഹിക്കും. അറബി, അറബി-മലയാള സാഹിത്യത്തിലെ അധിനിവേശ വിരുദ്ധത എന്ന വിഷയത്തില്‍ ഡോ. എന്‍.എ.എം അബ്‌ദുല്‍ ഖാദിര്‍ പ്രബന്ധം അവതരിപ്പിക്കും. കെ.സി മുഹമ്മദ്‌ ബാഖവി കിഴിശ്ശേരി, പി. ഇസ്‌ഹാഖ്‌ ബാഖവി ചെമ്മാട്‌, ഡോ. സുബൈര്‍ ഹുദവി ചേകനൂര്‍, ഡോ. ബഹാഉദ്ദീന്‍ ഹുദവി മേല്‍മുറി സംബന്ധിക്കും.
രാജ്യത്ത്‌ ചിതലരിച്ചുകൊണ്ടിരിക്കുന്ന ചരിത്രാധാരങ്ങളായ കയ്യെഴുത്ത്‌ കൃതികളെ സംരക്ഷിക്കാന്‍ ഡിജിറ്റലൈസേഷന്‍ അടങ്ങുന്ന വിപുലമായ പദ്ധതികള്‍ക്ക്‌ നാഷണല്‍ മിഷന്‍ ഫോര്‍ മാനുസ്‌ക്രിപ്‌റ്റ്‌ തുടക്കമിട്ടിട്ടുണ്ട്‌.