സമുദായ നേതൃത്വത്തെ ഒറ്റ തിരിഞ്ഞ് അക്രമിക്കാനുള്ള നീക്കം ഒറ്റക്കെട്ടായി ചെറുക്കും: എസ്.കെ.എസ്.എസ്.എഫ്


പൊന്നാനി: മുസ്‌ലിം സമുദായ നേതൃത്വത്തെ ഒറ്റ തിരിഞ്ഞ് അക്രമിക്കാനുള്ള നീക്കം ഒറ്റക്കെട്ടായി ചെറുക്കുമെന്ന് എസ്.കെ.എസ്.എസ്.എഫ്. മുസ്‌ലിം സമുദായം അനര്‍ഹമായി നേടുന്നു എന്ന വിധത്തില്‍ പ്രചരണമുണ്ടാക്കുന്ന സമുദായ സംഘടനകള്‍ ഫാഷിസ്റ്റുകളുടെ ഇരകളായി മാറുകയാണെന്നും ഇത് കേരളത്തിലെ മതസൗഹാര്‍ദ്ദാന്തരീക്ഷം തകര്‍ക്കാനേ ഉപകരിക്കൂ എന്ന് തിരിച്ചറിയണമെന്നും എസ്.കെ.എസ്.എസ്.എഫ് ജില്ലാ സെമിനാര്‍ അഭിപ്രായപ്പെട്ടു. മുസ്‌ലിം ഭൂരിപക്ഷ ജില്ലയായ മലപ്പുറത്ത് പോലും മുസ്‌ലിംകള്‍ക്ക് ജനസംഖ്യാനുപാതികമായി പ്രാതിനിധ്യവും അവസരവും ലഭിച്ചിട്ടില്ലെന്നിരിക്കെ മറിച്ചുള്ള പ്രചാരണം അപകടകരമാണ്. സാമൂഹ്യ നീതിക്കായി പൊരുതേണ്ട ജനാധിപത്യ പ്രസ്ഥാനങ്ങള്‍ വംശീയവാദമുയര്‍ത്തി രാഷ്ട്രീയ പ്രീണനം നടത്തുന്നത് നീതീകരിക്കാനാവില്ല. ചില സാമുദായിക സംഘടനകള്‍ അപകടരമായ പ്രസ്താവനകളിലൂടെ രംഗം മലീമസമാക്കുന്നു. അവരുടെ ചരിത്രം പോലും മറന്നാണ് പ്രവര്‍ത്തനം. മുസ്‌ലിംലീഗ് ബഹുസ്വര ജനാധിപത്യത്തിലൂടെ നേടിയ അധികാര പങ്കാളിത്തം ഉത്തരേന്ത്യന്‍ മുസ്‌ലിംകള്‍ക്ക് മാതൃകയാണ്.

സാമുദായിക വാദവും സാമൂഹ്യ നീതിയും എന്ന വിഷയത്തില്‍ പൊന്നാനി ചമ്രവട്ടം ജംഗ്ഷനില്‍ സംഘടിപ്പിച്ച സെമിനാര്‍ മുസ്‌ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റ് അഷറഫ് കോക്കൂര്‍ ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി പി.എം. റഫീഖ് അഹ്മദ് അധ്യക്ഷത വഹിച്ചു. നൂഹ് കരിങ്കപ്പാറ മോഡറേറ്ററായിരുന്നു. സി.പി.എം ജില്ലാ കമ്മിറ്റിയംഗം എം.എം. നാരായണന്‍, നോവലിസ്റ്റ് പി. സുരേന്ദ്രന്‍, ടി.കെ.എം. റാഫി ഹുദവി, പി.വി. മുഹമ്മദ് മൗലവി, ശഹീര്‍ അന്‍വരി, വി. ആസിഫ് പ്രസംഗിച്ചു.