ഹജ്ജ്; ആരോപണത്തില്‍ കഴമ്പില്ല - ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍

കോഴിക്കോട്:സംസ്ഥാന ഹജ്ജ് സര്‍വ്വീസുമായി ബന്ധപ്പെട്ട് വന്ന ആരോപണത്തില്‍ യാതൊരു കഴമ്പുമില്ലെന്നും നിലവില്‍ അനുവദിച്ച ക്വാട്ടയില്‍ ഒരു തിരിമറിയും നടത്താന്‍ കഴിയില്ലെന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ശൈഖുനാ കോട്ടുമല ബാപ്പു മുസ്‌ല്യാര്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. ക്വാട്ടയെ സംബന്ധിച്ച് ഹജ്ജ് വെബ്‌സൈറ്റില്‍ വ്യക്തമായി തന്നെ ഉണ്ട്. 70 വയസ്സിനു മുകളില്‍ ഉള്ള റിസര്‍വ് കാറ്റഗറിക്കാരുടെ സഹായിക്ക് പോകാന്‍ അനുവദിച്ചതാണ്. ഇതു തന്നെ സ്വന്തക്കാരാവണമെന്നാണ്. ഇവരുടെ പാസ്‌പോര്‍ട്ടുകള്‍ ഹജ്ജ് കമ്മിറ്റി പരിശോധിച്ചാണ് ഉറപ്പു വരുത്തുന്നത്. ചിലത് അല്ലാത്ത തരത്തില്‍ വന്നിരുന്നു. ഇത് ഹജ്ജ് കമ്മിറ്റി തടഞ്ഞതാണ്. ജി.ക്യു. ക്വാട്ടയില്‍ ആരെ വിടണമെന്ന് തീരുമാനിക്കേണ്ടത് അത് അനുവദിച്ച വി.ഐ.പി.കള്‍ക്ക് മാത്രമാണ്. സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴിയാണ് ജി.ക്യു. ക്വാട്ടയില്‍പ്പെട്ട 27 പേര്‍ പുറപ്പെട്ടത് എന്ന് മാത്രം. ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ഇതു സംബന്ധമായി അന്വേഷണം നടത്താന്‍ ജില്ലാ പൊലീസ് സൂപ്രണ്ടിന് പരാതി നല്‍കിയിട്ടുള്ളതായും ചെയര്‍മാന്‍ അറിയിച്ചു.