അനൈക്യസംഘം എങ്ങനെ നവോത്ഥാന പട്ടികയില്‍ വരും

ചേരമാന്‍ പെരുമാളിന്റെ നിര്‍ദ്ദേശപ്രകാരം കൊടുങ്ങല്ലൂരില്‍ നിര്‍മ്മിക്കപ്പെട്ട ആദ്യ മുസ്‌ലിം പള്ളിയുടെ പ്രഥമ ഖാസിയായിരുന്നു മാലിക് ഇബ്‌നു ദീനാര്‍.

എ.ഡി 629ലോ 630ലോ മാടായി പള്ളി നിര്‍മിക്കപ്പെട്ടതായി ചിലര്‍ കരുതുന്നു. ഹിജ്‌റ 5 എന്ന് രേഖപ്പെടുത്തപ്പെട്ട ശില ആ പള്ളിയില്‍ ഇപ്പോഴും ഉണ്ട്.

ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട ഈ സംഭവങ്ങളെക്കുറിച്ച് വില്യം ലോഗന്‍ പറയുന്നത് ഇങ്ങനെ: ”ഇവിടുന്ന് കുറച്ചു കഴിഞ്ഞപ്പോള്‍ മാലിക്ക് ദീനാര്‍, ദക്ഷിണ കൊല്ലത്തേക്ക് (കൊയിലാണ്ടി) മാലിക്ക് ഇബ്‌നു ഹബീബിനേയും ഭാര്യയേയും അവരുടെ മക്കളില്‍ ചിലരേയും പറഞ്ഞയച്ചു. ഒരു മാപ്പിള രേഖപ്രകാരം മലയാളക്കരയിലെ രണ്ടാമത്തെ മുസ്‌ലിം പള്ളി സ്ഥാപിച്ചത് ദക്ഷിണകൊല്ലത്തല്ല, മറിച്ച് ഉത്തരകൊല്ലമായ പന്തലായിനി-കൊല്ലത്താണ്.

ഇതേ രേഖ വിശ്വസിക്കാമെങ്കില്‍ ഒമ്പതു മുസ്‌ലിം പള്ളികളില്‍ അവസാനത്തേതാണ് ദക്ഷിണകൊല്ലത്ത് സ്ഥാപിക്കപ്പെട്ടത്. ദക്ഷിണകൊല്ലത്തെത്തിയ ഇബ്‌നു ഹബീബിനേയും കുടുംബത്തേയും ദക്ഷിണകോലത്തിരി (തിരുവിതാംകൂര്‍ രാജ) ആദരപൂര്‍വ്വം സ്വീകരിക്കുകയും പള്ളി പണിയാന്‍ സൗകര്യം നല്‍കുകയും ചെയ്തു.

ഇവിടെ സ്ഥാപിതമായ രണ്ടാമത്തെ മുസ്‌ലിം പള്ളിയുടെ ഖാസിയായി ഇബ്‌നു ഹബീബിനാല്‍ അനുഗതരായി വടക്കന്‍ കോലത്തിരിയുടെ (ചിറയ്ക്കല്‍ രാജ) രാജ്യത്തിലേക്കു പോയി.

അവിടെ ‘ബുഹായി മറാവി’ (മാടായി) അഥവാ പഴയങ്ങാടിയില്‍ കോലത്തിരി രാജാക്കന്മാരില്‍ ഒരാളുടെ കൊട്ടാരത്തിന്നു തൊട്ടടുത്തായി മൂന്നാമത്തെ മുസ്‌ലിം പള്ളി പണിതു. പള്ളി നടത്തിപ്പിനുള്ള സ്വത്തുവഹകളും ലഭ്യമാക്കി.

പഴയങ്ങാടി പള്ളിയെക്കുറിച്ച് പ്രചാരത്തിലുള്ള ഒരു ഐതിഹ്യം, അറേബ്യയില്‍ നിന്നു വന്ന മതപ്രചാരകസംഘം അവരുടെ കൂടെ മൂന്നു വെളുത്ത മാര്‍ബിള്‍ (വെണ്ണക്കല്ല്) പലകകള്‍ കൊണ്ടുവന്നിരുന്നുവെന്നും അവയിലൊന്ന് ഈ പള്ളിക്കകത്ത് സ്ഥാപിച്ചതിപ്പോഴും കാണാമെന്നുമാണ്.

അവശേഷിച്ച രണ്ടു ഫലകങ്ങള്‍ ഒന്ന് കൊടുങ്ങല്ലൂരും മറ്റൊന്ന് തെക്കന്‍ കൊല്ലത്തുമുള്ള പള്ളികളില്‍ സ്ഥാപിച്ചു. മാടായി (പഴയങ്ങാടി) പള്ളിയിലെ ഖാസിയായി അബ്ദുറഹ്മാന്‍ സ്ഥാനമേറ്റു.

ഇതിനുശേഷം അറേബ്യന്‍ കുടുംബം ബാക്കനൂര്‍(ബര്‍കര്‍)ക്കും മഞ്ചാലൂര്‍ക്കും (മംഗലാപൂരം) വടക്കന്‍ കാഞ്ഞിരോട്ടേക്കും (കാസര്‍കോട്) പോയി. ഈ മൂന്നു സ്ഥലങ്ങളും കര്‍ണാടകത്തിലാണ്. മൂന്നിടത്തും പള്ളികള്‍ സ്ഥാപിക്കുകയും യഥാക്രമം ഇബ്രാഹീം, മൂസ, മുഹമ്മദ് എന്നിവരെ അവയില്‍ ഖാസിമാരായി നിര്‍ത്തുകയും ചെയ്തു.

സംഘത്തില്‍ അവശേഷിച്ചവര്‍ മാടായി (പഴയങ്ങാടി)ക്ക് തിരിച്ചുവരികയും അവിടെ മൂന്നു മാസം താമസിക്കുകയും ചെയ്തു.

അടുത്തായി സ്ഥാപിക്കപ്പെട്ട പള്ളിയുടെ സ്ഥാനത്തെപ്പറ്റി തര്‍ക്കമുണ്ട്. ‘ചിരികണ്ടടം’, അഥവാ ‘ചെറുപട്ടണം’ എന്നു വിശേഷിപ്പിക്കപ്പെടുന്ന ചിറക്കല്‍ താലൂക്കില്‍പെട്ട ശ്രീകണ്ഠപുരമാണ് ഈ സ്ഥലമെന്ന കാര്യം മാപ്പിളരേഖകള്‍ പൊതുവില്‍ അംഗീകരിച്ചതായി കാണുന്നു.

റോളന്‍ഡ്‌സന്റെ ഗ്രന്ഥത്തില്‍ ‘സറഫട്ടന്‍’ എന്നും തുഹുഫത്ത്-ഉല്‍-മുജാഹിദീനില്‍ ‘ജാര്‍ഫട്ടന്‍’ എന്നും ശ്രീകണ്ഠപുരം വിവരിച്ചു കാണുന്നുണ്ട്.

പൊന്നാനിയിലും കോഴിക്കോട്ടുമുള്ള പുരാതന അറബികുടിയേറ്റ കുടുംബങ്ങള്‍ സൂക്ഷിച്ച രേഖകളില്‍ കാണുന്നതും ‘ജാര്‍ഫട്ടന്‍’ എന്നാണ്. വളപട്ടണം പുഴയുടെ കൈവഴികളിലൊന്നിന്റെ കരയില്‍ (ഇരിക്കൂര്‍പുഴ) സ്ഥിതി ചെയ്യുന്ന ഈ സ്ഥലം കുടകും മൈസൂരുമായുള്ള മലബാറിന്റെ വ്യാപാരമാര്‍ഗത്തിന്റെ ഒരു സുപ്രധാന സങ്കേതമായിരുന്നു ഒരുകാലത്ത്.

ശ്രീകണ്ഠപുരത്തെ ഈ പള്ളിയിലെ ആദ്യത്തെ ഖാസി മാലിക്ക് ഇബ്‌നു ഹബീബിന്റെ പത്തുമക്കളില്‍ ഒരാളായിരുന്നു.

ഇതില്‍പ്പിന്നീടാണ് അറബികളുടെ മതപ്രചാരകുടുംബത്തിലെ അവശേഷിച്ചവര്‍ ധര്‍മപട്ടണവും (കോട്ടയം താലൂക്ക്) പന്തലായിനി-കൊല്ലവും (കറുമ്പ്രനാട് താലൂക്ക്) അവസാനമായി ചാലിയവും (ഏറനാട് താലൂക്ക്) സന്ദര്‍ശിച്ചു പള്ളികള്‍ പണിതത്. ഈ മൂന്നിടങ്ങളിലും ഖാസിമാരായി യഥാക്രമം ഹുസൈനും മുഹമ്മദും താകിയുദ്ദീനും സ്ഥാനമേറ്റു.

ഇങ്ങനെ സ്ഥാപിക്കപ്പെട്ട ഒമ്പതു പള്ളികളും മാലിക് ഇബ്‌നു ദീനാര്‍ ഊഴമിട്ട് സന്ദര്‍ശിച്ചതായും കൊടുങ്ങല്ലൂര്‍ക്കു മടങ്ങിയെത്തിയശേഷം മാലിക് ഇബ്‌നു ഹബീബുമൊത്തു ദക്ഷിണ കൊല്ലത്തേക്കു പോയതായും അവിടുന്നു അദ്ദേഹം അറേബ്യയിലെ ‘ഖൊറാസാനി’ലേക്കു യാത്ര തിരിച്ച് അവിടെ അന്ത്യനിദ്രകൊണ്ടതായും പറയപ്പെടുന്നു.”

ഇസ്‌ലാമിന്റെ ആവിര്‍ഭാവ കാലത്തോ തൊട്ടടുത്ത കാലത്തോ ഇസ്‌ലാം വിശുദ്ധാത്മാക്കള്‍ മുഖേനെ കേരളത്തിലെത്തിയിരുന്നു എന്ന് രേഖാമൂലം ഓര്‍മപ്പെടുത്താന്‍വേണ്ടിയാണ് വില്യം ലോഗന്റെ ‘മലബാര്‍ മാന്വല്‍’ എന്ന കൃതിയില്‍നിന്ന് ഇത്രയും പകര്‍ത്തേണ്ടിവന്നത്.

കേരള മുസ്‌ലിംകള്‍ക്കിടയില്‍ ഭിന്നിപ്പിന്റെ വിത്തു മുളപ്പിച്ചെടുക്കാന്‍ എല്ലാ അനൈക്യ പ്രസ്ഥാനങ്ങളും ഉപയോഗപ്പെടുത്തിയത് പള്ളികളും മഹല്ലുകളുമാണ്. യഥാര്‍ത്ഥത്തില്‍ മുസ്‌ലിം കോളനികളും പള്ളികളും പ്രതിനിധീകരിക്കുന്നത് ഐക്യമാണല്ലോ.

അണിയൊപ്പിച്ച ജമാഅത്ത് നിസ്‌കാരം, ജുമുഅ: എല്ലാം ഐക്യത്തെ പ്രതിഫലിപ്പിക്കുന്നു. പെരുന്നാളുകള്‍ പോലും ഒരുമിച്ച് ആഘോഷിക്കാന്‍ അനുവദിക്കാത്ത സാഹചര്യം ആരാണുണ്ടാക്കിയത്.

ഖാസി, മാസനിര്‍ണയം തുടങ്ങിയവയൊക്കെ കര്‍മശാസ്ത്ര പണ്ഡിതര്‍ ഐക്യവും കൂടി പരിഗണിച്ചാണ് ഏകീകരിച്ചത്. ഖാസിയുടെ അതിര്, തെരഞ്ഞെടുപ്പുരീതികള്‍, നിയമനാധികാരികള്‍ തുടങ്ങിയവ പരിശോധിച്ചാല്‍ ഇക്കാര്യങ്ങള്‍ ഗ്രാഹ്യമാവും.

എന്നാല്‍, ഈ മേഖലകളിലൊക്കെ കലഹങ്ങള്‍ ഉണ്ടാക്കി പലപ്പോഴും ശരീഅത്ത് വിരുദ്ധ രീതികള്‍ പോലും അവലംബിച്ച് ഭിന്നിപ്പിക്കാന്‍ പ്രഥമമായി കേരളത്തില്‍ ധാര്‍ഷ്ട്യം കാണിച്ച പ്രസ്ഥാനമാണ് ഐക്യസംഘം.

കൊടുങ്ങല്ലൂരിലെ സമ്പന്ന മുസ്‌ലിം കുടുംബങ്ങളിലെ ഗോത്രകലഹങ്ങളും കക്ഷിവഴക്കുകളും അവസാനിപ്പിക്കാനായി 1922ല്‍ എറിയാട്ട് ഒരു സമ്മേളനം നടത്തി ഭിന്നിപ്പ് തീര്‍ക്കാനും ഗോത്രങ്ങള്‍ക്കിടയില്‍ നിഷ്പക്ഷത പാലിക്കാനും ഒരു സ്ഥിരം സംവിധാനമായി നിഷ്പക്ഷ സംഘം എന്ന പേരില്‍ ഒരു വേദി ഉണ്ടാക്കി.

പതിനൊന്നംഗ സമിതി ആയിരുന്നു അത്. എന്നാല്‍, കൊടുങ്ങല്ലൂരിലെ ഗോത്രകലഹത്തിന് അറുതിവരുത്താന്‍ സംഘത്തിന് കഴിഞ്ഞില്ല. കേരള മുസ്‌ലിം നവോത്ഥാന ചരിത്രം (പേ.120). സംഘത്തിന്റെ പ്രവര്‍ത്തനം സംസ്ഥാന വ്യപകമാക്കുന്നതിനായി പേര് കേരള മുസ്‌ലിം ഐക്യ സംഘം എന്നാക്കി പിന്നീട് മാറ്റുകയായിരുന്നു.

”തത്വത്തില്‍ കേരള മുസ്‌ലിംകളുടെ കൂട്ടായ്മയായിരുന്നു സംഘമെങ്കിലും പ്രയോഗത്തില്‍ ഇസ്‌ലാഹി ഉല്‍പതിഷ്ണു ചിന്തകളാണ് സംഘത്തെ നയിച്ചിരുന്നത്. സംഘത്തിന്റെ തണലില്‍ രൂപീകരിക്കപ്പെട്ട ജംഇയ്യത്തുല്‍ ഉലമാ പൂര്‍ണമായും സലഫി ആശയഗതിക്കാരായിരുന്നു” (ഇസ്‌ലാമിക വിജ്ഞാന കോശം ഐ.പി.എഛ് – വാല്യം 8, പേ.591)

ഐക്യസംഘത്തിന്റെ ഒന്നാം വാര്‍ഷം സമ്മേളനം 1923ല്‍ എറിയാട്ടു നടന്നു. വഹാബി ചിന്തകനായ വക്കം അബ്ദുല്‍ഖാദിര്‍ മൗലവിയായിരുന്നു അധ്യക്ഷന്‍. പ്രധാന സംഘാടകരും ഉപദേശകരും കെ.എം.മൗലവിയും എം.സി.സി. സഹോദരങ്ങളുമായിരുന്നു.

പ്രസ്തുത സമ്മേളനത്തില്‍ ഇസ്‌ലാമികാചാരനുഷ്ഠാനങ്ങള്‍ക്കെതിരെ പ്രമേയങ്ങളും പ്രസംഗങ്ങളും നടന്നു. സംഘത്തിന്റെ പ്രസിദ്ധീകരണങ്ങളായിരുന്ന മുസ്‌ലിം ഐക്യം, അല്‍ഇര്‍ഷാദ് എന്നിവയിലൂടെയും പുത്തന്‍ സിദ്ധാന്തങ്ങള്‍ പുറത്തുവന്നിരുന്നു.

നേരത്തെ തന്നെ വഹാബി ആശയക്കാരനായി മുദ്രകുത്തപ്പെട്ട വക്കം അബ്ദുല്‍ഖാദിര്‍ മൗലവിയുടെ സാന്നിധ്യം അക്കാലത്ത് തന്നെ പണ്ഡിതരും ഉമറാക്കളും ചോദ്യം ചെയ്തിരുന്നു.

ആലുവായില്‍ വെച്ച് 1924 മെയ് 10-12 തിയ്യതികളില്‍ നടന്ന സംഘത്തിന്റെ രണ്ടാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് ഉലമാ കോണ്‍ഫ്രന്‍സ് സംഘടിപ്പിച്ചിരുന്നു. തങ്ങള്‍ പ്രചരിപ്പിക്കുന്ന വാദങ്ങള്‍ക്ക് പണ്ഡിതരുടെ പിന്തുണയുണ്ടെന്ന് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള തന്ത്രമായിരുന്നു അത്.

പൊതുയോഗത്തില്‍ വെച്ച് കേരള ജംഇയ്യത്തുല്‍ ഉലമാ രൂപീകൃതമായതായി പ്രഖ്യാപിക്കപ്പെട്ടു. ഈ സംഘടനയാണിപ്പോഴും കേരളത്തിലെ മുജാഹിദുകളുടെ പണ്ഡിത സംഘടനയായി അറിയപ്പെടുന്നത്.

1925-ല്‍ ഐക്യസംഘത്തിന്റെ മൂന്നാം വാര്‍ഷികം കോഴിക്കോട് നടന്നതോടെയാണ് ഐക്യസംഘം മലബാറിലേക്കെത്തുന്നത്. ഇതിന്റെ ഭവിഷത്ത് മുന്‍കൂട്ടികണ്ട ദീര്‍ഘ ദൃക്കുകളായ ഉലമാക്കള്‍ മൗലാനാ അഹ്മദ് കോയ ശാലിയാത്തിയുടെ നേതൃത്വത്തില്‍ കോഴിക്കോട്ടെ പൗരപ്രമുഖരെയും സ്വാഗതസംഘം ഭാരവാഹികളെയും നേരില്‍കണ്ടു അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് പ്രബുദ്ധരാക്കിയിരുന്നു.

കോഴിക്കോട്ടെ ഹിമായത്തുല്‍ ഇസ്‌ലാം മദ്രസ ഗ്രൗണ്ടില്‍ സമ്മേളനം നടത്താന്‍ നിശ്ചയിച്ചിരുന്നതിനാല്‍ സ്‌കൂള്‍ ഭാരവാഹികളെയും കാര്യം തെര്യപ്പെടുത്തിയിരുന്നു. മൗലാനാ ശാലിയാത്തി, മൗലാനാ പാങ്ങില്‍ അഹ്മദ്കുട്ടി മുസ്‌ലിയാര്‍, മൗലാനാ അബ്ദുല്‍ഖാദിര്‍ ഫള്ഫരി, അച്ചിപ്ര കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍ തുടങ്ങിയ മഹാപണ്ഡിതര്‍ ഈ ഐക്യസംഘത്തിന്നെതിരില്‍ രംഗത്തുണ്ടായിരുന്നു.

ഇസ്‌ലാമിന്റെ ആവിര്‍ഭാവഘട്ടം മുതല്‍ ഏകദേശം പതിമൂന്ന് നൂറ്റാണ്ട് കേരള മുസ്‌ലിംകള്‍ സ്വീകരിച്ചുവന്ന നിലപാടുകള്‍ തിരുത്താന്‍ എന്താണ് കാരണം? മുസ്‌ലിം കോളനികളും അവര്‍ക്കൊരു മതകീയ നേതൃത്വവും ഈ രീതിശാസ്ത്രം എന്തിന് നിരാകരിച്ചു.

മഖ്ദൂമി പണ്ഡിതര്‍, ഖാജാ അംബര്‍, ഖാജാ ഖാസിം, മമ്പുറം തങ്ങള്‍ വരെയുള്ളവര്‍ ജീവിച്ച കാലഘട്ടങ്ങളില്‍ പള്ളികളും അവിടുത്തെ ആചാരങ്ങളും മുസ്‌ലിം നാട്ടുമാമൂലുകളും മുസ്‌ലിം ഐക്യത്തിന്റെ സിംബലുകളായിരുന്നുവല്ലോ.

ഏതെങ്കിലുമൊരു പള്ളിയില്‍ പ്രാദേശിക ഭാഷയിലുള്ള ഖുതുബ, സ്ത്രീ ജുമുഅ ജമാഅത്ത്, തറാഹീവിന്റെ എണ്ണക്കുറവ് രേഖപ്പെടുത്തപ്പെട്ടിട്ടില്ല. ശാഫിഈ, ഹനഫീ, മാലികീ, ഹമ്പലീ മദ്ഹബിലൊന്ന് കര്‍മപരമായും മാത്വുരൂദീ, അശ്അരീ മദ്ഹബിലൊന്ന് വിശ്വാസാചാരപരമായും മുറുകെപിടിച്ചു ലോക മുസ്‌ലിംകള്‍ ഐക്യപ്പെട്ടപോലെ കേരള മുസ്‌ലിംകളും ഐക്യപ്പെട്ടു. അവര്‍ക്ക് ഈ മഹിതമായ പാഠം ഇസ്‌ലാമിന്റെ പൂര്‍വ്വസൂരികളായ ഉലമാഅ് പഠിപ്പിച്ചു കൊടുത്തതുമാണല്ലോ.

ഈ രീതികള്‍ നിലനിന്നിരുന്ന പതിമൂന്ന് നൂറ്റാണ്ടുകള്‍ക്കിടയില്‍ മുസ്‌ലിംകള്‍ക്കിടയില്‍ യാതൊരു ഭിന്നിപ്പും ചരിത്രം രേഖപ്പെടുത്തിയിട്ടില്ല.

പോര്‍ച്ചുഗീസുകാരും ഫ്രഞ്ചുകാരും വെള്ളക്കാരും നടത്തിയ അധിനിവേശത്തെ അഞ്ഞൂറ് വര്‍ഷം നേരിട്ടതും അതിന് മുസ്‌ലിംകളെ പ്രാപ്തമാക്കിയതും ആദര്‍ശ ഐക്യവും മഹത്തായ നേതൃത്വവുമായിരുന്നു. പക്ഷെ ഈ മഹത്തായ അനുഗ്രഹങ്ങളെ തകര്‍ക്കുകയാണ് കൊടുങ്ങല്ലൂരില്‍ രൂപംകൊണ്ട ഐക്യസംഘം ചെയ്തത്.