മാനുഷ്യകത്തിന്റെ വേദഗ്രന്ഥമായ ഖുര്‍ആനും, അതിന്റെ പ്രായോഗിക വിശദീകരണമായ മുഹമ്മദ് നബി(സ)യുടെ ജീവിതവും മനുഷ്യാവകാശങ്ങളെക്കുറിച്ച് മുമ്പോട്ടുവക്കുന്ന സമഗ്രമായ കാഴ്ചപ്പാട്, നിലവിലുള്ള മനുഷ്യാവകാശ ചരിത്രത്തിന്റെ ദുര്‍ബലതയും വൈരുദ്ധ്യവും ബോദ്ധ്യപ്പെടുത്തുന്നുണ്ട്.
ധാര്‍മികതയുടെ അടിക്കല്ലുകളിലല്ല ആധുനിക മനുഷ്യാവകാശ സങ്കല്പം പണിതിട്ടുള്ളത്. കുറ്റമറ്റ മൂല്യങ്ങളിലോ ധാര്‍മികതയിലോ അടിത്തറ നിര്‍മിക്കാത്ത ഏതൊരു വീക്ഷണത്തിനും സംഭവിച്ച തകര്‍ച്ചതന്നെയാണ് മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള സമകാലിക കാഴ്ചപ്പാടുകള്‍ക്കും സംഭവിച്ചത്.
മുഹമ്മദ്നബിയുടെ പ്രഭാഷണത്തിലെ വിഷയങ്ങള്‍ തന്നെയാണ് ഇന്നും അറഫയില്‍ മുഴങ്ങുന്നത്. വിശ്വാസികള്‍ തമ്മിലുള്ള ഐക്യവും സ്നേഹവും നശിച്ചാല്‍ അത് മുസ്ലിം ലോകത്തിന്റെ തകര്‍ച്ചയായിരിക്കുമെന്ന് പണ്ഡിതന്മാര്ക്കറിയാം. ആര്‍ത്തിമൂത്ത മനുഷ്യര്‍ സര്‍വ്വവും വെട്ടിപ്പിടിക്കാന്‍ വെപ്രാളം കാണിക്കുന്ന വര്‍ത്തമാനകാലത്ത് അവകാശ സംരക്ഷണത്തെ കുറിച്ച് ഉദ്ബോധിപ്പിക്കുകയെന്നതിന് ഏറെ പ്രാധാന്യമുണ്ട്.
രക്തം പവിത്രമാണെന്ന് പഠിപ്പിക്കുന്ന ഇസ്ലാമിനെ മറയാക്കി അന്യായമായി ചോര ചിന്തുന്നവര്‍ പ്രകൃതിമതത്തെ വല്ലാതെ പരിഹസിക്കുകയാണ്. ലോകമുസ്ലിംകളുടെ പ്രതിനിധികള്‍ ഹജ്ജ് ചെയ്യുമ്പോള്‍ അവരുടെ സഹോദരങ്ങളുടെ രക്തം അന്യായമായി ഒഴുക്കപ്പെടുന്നത് ഓര്‍ക്കാതിരിക്കുമോ.
അന്യായമായി രക്തംചിന്തുന്നവര് ദൈവത്തെ വെല്ലുവിളിക്കുകയാണ്. ജീവിക്കാനുള്ള അവകാശത്തെയാണ് കൊലയാളി തകര്‍ക്കുന്നത്. സഹജീവികളുടെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കേണ്ടവര്‍ രക്തം ചിന്തുമ്പോള്‍ മനുഷ്യജീവിതത്തിന്റെ താളബദ്ധതയാണ് തകര്‍ക്കപ്പെടുന്നത്.
നശീകരണമല്ല, നിര്‍മ്മാണമാണ് മനുഷ്യനെ സവിശേഷമാക്കുന്നത്. കൊലയല്ല, ജീവന് രക്ഷിക്കലാണ് മനുഷ്യന്റെ പ്രത്യേകത. സ്വേച്ഛാധിപതികളായ ഭരണാധികാരികള്‍ എന്നും നശീകരണത്തിന്റെ മാര്‍ഗ്ഗമാണ് സ്വീകരിച്ചത്. ദുര്‍ബലരെ അറുകൊല ചെയ്ത് ഭൂതലത്തില്‍ നിന്ന് തുടച്ചുനീക്കുന്ന ക്രൂരന്മാരാണ് എവിടെയും. ഭൂമിയും അതിലെ വിഭവങ്ങളും കൊള്ളയടിച്ച് ജീവിക്കാനുള്ള ദുര്‍ബലരുടെ അവകാശങ്ങളെ തകര്‍ത്തെറിഞ്ഞാണ് ഇവര്‍ ലോകം അടക്കിവാഴുന്നത്. ദുര്‍ബലരുടെ ചതഞ്ഞരഞ്ഞ ജീവിതത്തില്‍ നിന്നാണ് ഇക്കൂട്ടരുടെ സുഖങ്ങള്‍ നിര്‍മിക്കപ്പെടുന്നത്.
മതത്തിലും രാഷ്ട്രീയത്തിലും വേറിട്ട അഭിപ്രായം വച്ചുപുലര്‍ത്തുന്നവരെ അരുംകൊല ചെയ്യുന്ന ഭീതിദമായ കാഴ്ച്ചയാണല്ലോ ചുറ്റുപാടും. കൊലയുടെ ലോകക്രമമാണ് നിലവിലുള്ളത്. ലോകത്തിലെ ഏറ്റവും വലിയ വ്യവസായം ആയുധ വ്യവസായമായി തീരുന്നതും അതുകൊണ്ടാണ്.
അയല്‍രാജ്യങ്ങളെ തമ്മില്‍ തല്ലിച്ചും, സംശയങ്ങള്‍ സൃഷ്ടിച്ചും, പരസ്പരവിശ്വാസം നഷ്ടപ്പെടുത്തിയുമെല്ലാം വന്‍ ആയുധകച്ചവടത്തിന് വിപണി കണ്ടെത്തുകയാണ് മാനവികതയുടെ ശത്രുക്കള്‍.
ദുരഭിമാനത്തിന്റെ പേരിലാണ് ഭൂമിയില്‍ ചോരപ്പുഴ ഒഴുകുന്നത്. സങ്കുചിതമായ ചിന്തകള്‍ പടര്‍ത്തി, മനുഷ്യവര്‍ഗ്ഗത്തെ ഭിന്നിപ്പിച്ചാണ് പിശാചിന്റെ പ്രതിരൂപങ്ങളായ ഭരണാധികാരികള്‍ എക്കാലവും മാനുഷ്യകത്തെ വെല്ലുവിളിച്ചിട്ടുള്ളത്.
വംശഹത്യകള്‍ പെരുകുകയാണ്. ശക്തര്‍ ദുര്‍ബലരെ ഭൂമിയില്‍നിന്ന് തുടച്ചുനീക്കാന്‍ സര്‍വ്വ ആയുധങ്ങളും ഉപയോഗിക്കുന്നു. കൊലയിലേക്ക് നയിക്കുന്ന എല്ലാ തിന്മകളെയും ഇസ്ലാം നിരാകരിക്കുന്നതായി കാണാം. വിദ്വേഷം, അസൂയ, പരിഹാസം, ദുരഭിമാനം തുടങ്ങിയ മഹാരോഗങ്ങളുടെ വേരറുക്കുകയാണ് ഇസ്ലാം.
ഈ ഹജ്ജ് വേളയില്‍ മുസ്ലിംകള് ഏറ്റവും കൂടുതല്‍ പ്രാര്‍ത്ഥിക്കുക ശീയ കാട്ടാളത്തത്തിനെതിരെയായിരിക്കും. അറബ്-ഇസ്ലാമിക ലോകത്ത് കലാപങ്ങള്‍ക്ക് തീകൊളുത്തി മുസ്ലിംകളുടെ അഭിമാനം തകര്‍ക്കുകയെന്ന ഒറ്റ ലക്ഷ്യമേ ശീയാകള്ക്കുള്ളൂ.
അന്യായമായി മനുഷ്യരുടെ രക്തം ചിന്തുവാനാണ് വിപ്ലവ ഇസ്ലാമിസ്റ്റുകളും ശ്രമിക്കുന്നത്. നേതാക്കള്‍ ഓരോന്നായി നഷ്ടപ്പെട്ട അല്‍ഖാഇദ മുസ്ലിംലോകത്ത് സാന്നിധ്യം അറിയിക്കാന്‍ പുത്തന്‍ അടവുകള്‍ പ്രയോഗിച്ച് കൊണ്ടിരിക്കുകയാണ്.
നബിനിന്ദാ ചിത്രീകരിച്ച സിനിമ അല്‍ഖാഇദക്ക് ഉറഞ്ഞ്തുള്ളാന്‍ ഒന്നാന്തരം ആയുധമായി. അതിന്റെ പേരിലും ഭൂമിയില്‍ ചോരചിന്താന്‍ അവരെ പ്രേരിപ്പിക്കുന്നത് നിലനില്‍പ്പിന്റെ പ്രശ്നം തന്നെയാണ്. അന്യായമായി ഒരാളുടെ രക്തം ചിന്തിയാല്‍ മനുഷ്യസമൂഹത്തിന്റെ രക്തം ചിന്തുന്നതിന് തുല്യമാണെന്ന ഖുര്‍ആനിക പ്രഖ്യാപനം ഇസ്ലാമിന്റെ പേരില്‍ സായുധ സംഘട്ടനം നടത്തുന്നവര്‍ വിസ്മരിക്കുകയാണ്.
ധനത്തിന് പവിത്രത കല്പിച്ച മതമാണ് ഇസ്ലാം. അതിന്റെ ശരിയായ കൈകാര്യം സമൂഹത്തിന് ഭദ്രത നല്‍കുകയും, തെറ്റായ കൈകാര്യം എല്ലാ അടിത്തറയെയും തകര്‍ക്കുകയും ചെയ്യും.
ആഗോളതലത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ യഥാര്‍ത്ഥ കാരണങ്ങള്‍ സമ്പത്തിന്റെ തെറ്റായ വിനിയോഗമാണെന്നത് ഏറെകുറെ തെളിയിക്കപ്പെട്ട വസ്തുതയാണല്ലോ.
അവിഹിത സമ്പാദ്യവും ധൂര്‍ത്തും ഇസ്ലാം നിരാകരിക്കുന്നു. അപരന്റെ സമ്പാദ്യം അവിഹിതമായി കൈക്കലാക്കുന്ന എല്ലാ ഏര്‍പ്പാടുകളും ഇസ്ലാം വിലക്കുന്നു. പലിശ ചൂഷണമാണ്. പലിശയിലൂടെ അന്യരുടെ രക്തവും അഭിമാനവും ജീവിക്കാനുള്ള അവകാശവുമാണ് കവര്‍ന്നെടുക്കുന്നത്.
സ്വന്തം സമ്പാദ്യമാണെങ്കിലും ധൂര്‍ത്തടിക്കുന്നത് ഇസ്ലാം അനുവദിക്കുന്നില്ല. ആര്ഭാടജ്വരം കുടുംബത്തെയും സമൂഹത്തെയും തകര്‍ക്കും. ധൂര്‍ത്തടിക്കാനാണ് വിവരമില്ലാത്തവര്‍ ദുരാചാരങ്ങളുടെ പ്രചാരകരും പ്രായോക്താക്കളുമാകുന്നത്. ചെലവഴിക്കാന്‍ മാര്ഗ്ഗമന്വേഷിക്കുകയാണ് ചിലര്‍. സ്വന്തത്തിന് വേണ്ടി എന്തും ചെലവഴിക്കുന്നതോടൊപ്പം മറ്റുള്ളവരും ജീവിക്കട്ടെയെന്ന ചിന്തയൊന്നും ഇക്കൂട്ടര്‍ക്കില്ല.
ധനം മനുഷ്യരുടെ ഭൂമിയിലുള്ള നിലനില്പിന്റെ ആധാരമായിട്ടാണ് ഖുര്‍ആന്‍ പഠപ്പിക്കുന്നത്. അല്ലാഹു നിങ്ങളുടെ നിലനില്‍പ്പിനുള്ള മാര്‍ഗ്ഗമായി നിശ്ചയിച്ച് തന്നിട്ടുള്ള നിങ്ങളുടെ സ്വത്തുക്കള്‍ നിങ്ങള്‍ വിവേകമില്ലാത്തവര്‍ക്ക് കൈവിട്ട് കൊടുക്കരുത്. (നിസാഅ് 5)
ധനം സൂക്ഷ്മമായി കൈകാര്യം ചെയ്യുമ്പോഴേ അത് മനുഷ്യര്‍ക്ക് മുഴുവന്‍ ഉപകരിക്കുകയുള്ളൂ. ധൂര്‍ത്തടിച്ചും, ആയുധങ്ങള്‍ വാങ്ങിയും, സാമ്പത്തികാടിത്തറ തകര്‍ത്ത് ക്രിത്രിമമായ മൂല്യങ്ങള്‍ കടലാസ് കഷ്ണങ്ങള്‍ക്ക് നിര്‍മ്മിച്ച് നല്കി ലോകത്തെ കബളിപ്പിക്കുകയാണ് വന്‍ ശക്തികള്‍.
സമതുലാനവസ്ഥ തകരാതിരിക്കാനായി വെള്ളിയും സ്വര്‍ണ്ണവും മൂല്യമായി നിശ്ചയിച്ച ഇസ്ലാമിന്റെ കുറ്റമറ്റ സാമ്പത്തിക കാഴ്ചപ്പാടുകളെ അംഗീകരിക്കാന്‍ അറപ്പോടെയാണെങ്കിലും ലോകം തയ്യാറായിരിക്കുകയാണ്. ദുര്‍ബലരെ കൂടുതല്‍ പാപ്പരാക്കുന്നതും, ഉപരിവര്‍ഗ്ഗങ്ങളെ കൂടുതല്‍ കരുത്തരാക്കുന്നതുമായ തലതിരിഞ്ഞ സാമ്പത്തിക കാഴ്ചപ്പാടാണ് നവലോകത്തിന്റേത്.
സാമൂഹിക അസമത്വങ്ങള്‍ പെരുകുകയും ദുര്‍ബല വിഭാഗത്തിന്റെ ജീവിതം ദുസ്സഹമാകുകയും ചെയ്യുന്ന ദുരന്തപൂര്‍ണ്ണമായ സാഹചര്യമാണ് പുതുലോകക്രമം സൃഷ്ടിച്ചത്.
സമ്പത്ത് ധനികരില്‍ മാത്രം കുന്നുകൂടാതെ ദുര്‍ബല വിഭാഗങ്ങളുടെ ഉയിര്‍പ്പ് കൂടി ഇസ്ലാമിലെ സകാത്ത് സംവിധാനം ലക്ഷ്യംവയ്ക്കുന്നു. അതിന് പകരംവയ്ക്കാന്‍ പറ്റുന്ന കുറ്റമറ്റ ഒരു രീതി കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റുകളുടെ പക്കലോ മുതലാളിത്തത്തിന്റെ സിദ്ധാന്തങ്ങളിലോ കാണാനാവില്ല.
ദാരിദ്ര്യനിര്മാജനത്തിന്റെ പ്രായോഗിക മാര്‍ഗമാണ് സകാത്ത്. സകാത്തിനെ വളര്‍ച്ചയും, വികാസവുമായും പലിശയെ തകര്‍ച്ചയുമായും ബന്ധിപ്പിച്ച ഖുര്‍ആനിക വചനത്തിന്റെ ആഴത്തിലുള്ള അര്‍ഥമാണ് പഠനവിധേയമാക്കേണ്ടത്.
അല്ലാഹു പലിശയെ ക്ഷയിപ്പിക്കുന്നു. ദാനധര്‍മ്മങ്ങളെ പോഷിപ്പിക്കുകയും ചെയ്യുന്നു. (അല്‍ബഖറ 276)
അന്തസ്സിന് ക്ഷതമേല്പിക്കുന്ന ഒരു നിലപാടും ഇസ്ലാം അംഗീകരിക്കുന്നില്ല. വിമര്‍ശനത്തില്‍ പോലും ഗുണകാംക്ഷയാണ് നിറഞ്ഞുനില്ക്കേണ്ടതെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. ഒരു സമൂഹത്തോടുള്ള വിദ്വേഷം അവരുടെ അഭിമാനം തകര്‍ക്കാന്‍ ഹേതുവായിക്കൂടാ.
ശക്തര്‍ ദുര്‍ബലരുടെ അന്തസ്സിന് ക്ഷതമേല്പിക്കുന്ന നിലപാടുകളാണ് എവിടെയും സ്വീകരിക്കുന്നത്. ജാതിവത്ക്കരണം വ്യാപകമാണ്. പിന്നാക്കക്കാരന്, അവര്ണന്, തൊഴിലാളി, ഇര, പട്ടിണിക്കാരന്, നിരക്ഷരന്, ആദിവാസി എന്നൊക്കെ പേരിട്ട് മനുഷ്യരുടെ അന്തസ്സ് നശിപ്പിക്കുന്നതിലാണ് ചിലര്‍ ആനന്ദം കണ്ടെത്തുന്നത്.
തീവ്രവാദികള്‍, ഭീകരവാദികള്‍, രാജ്യദ്രോഹികള്‍, ചാരന്മാര് എന്നിങ്ങനെ അപനിര്‍മിതി നടത്തി ഒരു സമൂഹത്തെ അപരവത്ക്കരിക്കാനുള്ള ശ്രമവും ദ്രുതഗതിയില്‍ നടക്കുന്നു.
മനുഷ്യാവകാശങ്ങളെക്കുറിച്ച് വാചാലരാവുന്നവരുടെ ദര്‍ശനങ്ങള്‍ പൊള്ളയാണെന്ന് അറിയുകയും, മനുഷ്യാവകാശങ്ങളെ ശരിയായ അര്‍ഥത്തില്‍ പരിഗണിക്കാന്‍ ഇസ്ലാമിന് മാത്രമേ സാധിക്കുകയുള്ളൂവെന്ന് മനസ്സിലാക്കുകയും ചെയ്യുന്നവരാണ് ഇസ്ലാമിനെതിരെ അപനിര്‍മിതികള്‍ നടത്തുന്നത്.
ലോകത്തിലെ ഏറ്റവും വലിയ ആയുധമായ മീഡിയകള്‍ ഉപയോഗിച്ചാണ് നഗ്നവും കിരാതവുമായ മനുഷ്യാവകാശ ധ്വംസനങ്ങളെ തമസ്ക്കരിക്കുന്നത്. മനുഷ്യരുടെ ന്യായമായ അവകാശങ്ങളെ മീഡിയകള്‍ തീര്‍ക്കുന്ന പൂരപൊലിമ കൊണ്ട് മറച്ചുപിടിക്കുന്നു. മനുഷ്യാവകാശങ്ങളുടെ പേര് പറഞ്ഞാണ് ‘ആഗോള ഭീകരതക്കെതിരെയുള്ള’ യുദ്ധത്തിന് സാമ്രാജ്യത്വം പുറപ്പെട്ടത്.
ഇസ്ലാമിക സാഹോദര്യത്തിന്റെ മഹത്വമാണല്ലോ ഹജ്ജ് വിളംബരം ചെയ്യുന്നത്. ഹജ്ജിലെ ഓരോ കര്‍മ്മവും സഹകരണത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും സന്ദേശമാണ് പഠിപ്പിക്കുന്നത്.
സ്വന്തം സഹോദരനെ തള്ളിമാറ്റി ആരാധനയില്‍ എത്ര ആത്മാര്‍ത്ഥത പ്രകടിപ്പിച്ചിട്ടും കാര്യമില്ല. ത്വവാഫും സഅ്യും മിനയിലെ താമസവും , അറഫയും മുസ്ദലിഫയുമെല്ലാം പരസ്പരം സഹകരണത്തിന്റെ പാഠങ്ങളാണ് നല്‍കുന്നത്.
സ്വന്തം സഹോദരന് വേണ്ടി എന്തും ത്യജിക്കാനുള്ള മാനസിക അവസ്ഥയിലേക്ക് ഹജ്ജ് വിശ്വാസിയെ എത്തിക്കും. അഹങ്കാരത്തിന്റെ എല്ലാ ചിഹ്നവും ഹജ്ജ് വേളയില്‍ തകര്‍ന്ന് വീഴുകയാണ്. ത്യാഗത്തിന്റെ കനല്‍പഥങ്ങളിലൂടെ സഞ്ചരിച്ച് ജീവിതം ചരിത്രമാക്കി മാറ്റിയ ഇബ്രാഹിം നബിയുടെ ചരിത്രം ഹജ്ജ് ചെയ്യുന്നവര്‍ക്ക് എങ്ങനെയാണ് മറക്കാനാവുക.
അധ്വാനത്തിന്റെ വിലയെന്തെന്ന് ഓരോ വിശ്വാസിയും ഹജ്ജ് വേളയില്‍ അറിയുന്നു. അധ്വാനത്തിന്റെ വിലയറിയുന്നവന് തന്റെ തൊഴിലാളിയോടോ ജനതയോടോ ക്രൂരമായി പെരുമാറാനാവുമോ. നിര്‍മ്മലമായ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും തലത്തിലേക്കാണ് ഹജ്ജും ബലിപെരുന്നാളുമെല്ലാം മനുഷ്യരെ ഉയര്‍ത്തുന്നത്. മനുഷ്യരുടെ അവകാശങ്ങള്‍ ഹനിക്കാതെ മാന്യമായി സമൂഹത്തില്‍ ജീവിക്കാനുള്ള കരുത്താണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ വിശ്വാസികള്‍ നേടിയെടുക്കേണ്ടത്.
മനുഷ്യരുടെ ഭാഷയും വര്‍ണ്ണവും നോക്കി വിഭജിക്കുന്ന കാടന്‍ സമ്പ്രദായം പലരൂപത്തിലും തിരിച്ചുവരുന്ന സമകാലലോകത്ത് വര്‍ണ്ണത്തിനും വര്‍ഗ്ഗത്തിനും പ്രസക്തിയില്ലെന്നും അതെല്ലാം തിരിച്ചറിയാനുള്ള അടയാളങ്ങളാണെന്നുമുള്ള ഹജ്ജിന്റെ സന്ദേശത്തിന് ഏറെ പ്രസക്തിയുണ്ട്.
ദൈവത്തെ സൂക്ഷിച്ച് ജീവിക്കുന്നവരാണ് അല്ലാഹുവിന്റെ അടുക്കല്‍ ആദരണീയന്‍ എന്നാണ് ക്വുര്‍ആന്‍ പഠിപ്പിക്കുന്നത്. മാനവിക സമത്വദര്‍ശനം വിളംബരം ചെയ്യുന്ന ഹജ്ജിന്റെ അര്‍ഥവും ആശയവും സമൂഹത്തില്‍ പടര്‍ത്താന്‍ കഴിയുമ്പോഴേ ഹജ്ജിന്റെ സൗന്ദര്യം മനുഷ്യര്‍ തിരിച്ചറിയൂ.-എ.ഐ .അ .മജീദ്