
തീര്‍ഥാടകര്‍ യാത്രാ സമയത്തിന് വളരെ മുമ്പ് വിമാനത്താവളത്തില്‍ എത്തുന്നതാണ് തിക്കും തിരക്കും ബഹളവും കൂടാന്‍ കാരണമാകുന്നതെന്ന് അന്ന് എയര്‍പോര്‍ട്ടിലെ പ്രശ്നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച പ്രത്യേക സമിതി കണ്ടെത്തിയിരുന്നു. ഇത്തരം സംഭവങ്ങള്‍ രാജ്യത്തിന്‍െറ പ്രതിച്ഛായക്ക് തന്നെ കോട്ടമുണ്ടാക്കുന്നുണ്ട്.
18 ലക്ഷത്തിലധികം തീര്‍ഥാടകര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് ഇത്തവണ ഹജ്ജിനെത്തിയിരുന്നു. ഇവരുടെ മടക്കയാത്രക്ക് വ്യക്തമായ ഷെഡ്യൂള്‍ ഒരോ മുത്വവഫും തയാറാക്കണമെന്ന് ഹജ്ജ് മന്ത്രാലയം നിര്‍ദേശിച്ചു. മക്കയിലെയും മദീനയിലെയും താമസ സ്ഥലങ്ങളില്‍ ഒരോ യാത്രക്കാരന്‍െറയും യാത്രാ തീയതി, ബുക്കിങ് എന്നിവ ഉറപ്പുവരുത്തിയ ശേഷമായിരിക്കണം വിമാനത്താവളത്തിലേക്ക് അയക്കേണ്ടത്. ഇവ ഉറപ്പുവരുത്താന്‍ വിമാനത്താവളത്തിലേക്കുള്ള വഴിയില്‍ പ്രത്യേക പരിശോധനാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. ഇതിനായി ഹജ്ജ് മന്ത്രാലയം ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. നിശ്ചിത സമയത്തിനു മുമ്പ് ഈ കേന്ദ്രങ്ങളിലെത്തുന്ന ഹാജിമാരുടെ ബസുകള്‍ എയര്‍പോര്‍ട്ടിലേക്ക് കടക്കാനുള്ള അനുമതി നല്കുന്നതല്ളെന്നും അധികൃതര്‍ വ്യക്തമാക്കി.
അതേസമയം, നിശ്ചിത സമയത്ത് തീര്‍ഥാടകരെ കൊണ്ടുപോകാത്ത വിമാന കമ്പനികള്‍ക്ക് പിഴയുണ്ടാകുമെന്ന് സിവില്‍ ഏവിയേഷന്‍ അധികൃതര്‍ മുന്നറിയിപ്പ് നല്കി. ദുല്‍ഹജ്ജ് 14 (വ്യാഴം) മുതലാണ് മടക്കയാത്രക്കായി ഹജ്ജ് ടെര്‍മിനല്‍ തുറക്കുക. മുഹര്‍റം 15 വരെ മടക്കയാത്ര തുടരും. മൂന്ന് മണിക്കൂറിലധികം യാത്ര വൈകുകയാണെങ്കില്‍ യാത്രക്കാര്‍ക്ക് ഭക്ഷണം നല്‍കണം. ആറ് മണിക്കൂര്‍ വൈകുകയാണെങ്കില്‍ താമസ സൗകര്യമേര്‍പ്പെടുത്തണം. യാത്ര വൈകുമ്പോള്‍ തീര്‍ഥാടകര്‍ക്ക് ഭക്ഷണവും താമസവും നല്‍കാത്ത വിമാന കമ്പനികളില്‍ നിന്ന് ചെലവുകള്‍ വസൂലാക്കും. ഇതിനായി ഒരോ വിമാന കമ്പനിയും 10000 -20000 റിയാല്‍ കെട്ടിവെക്കണമെന്നും സിവില്‍ ഏവിയേഷന്‍ വ്യവസ്ഥ വെച്ചിട്ടുണ്ട്.
മടക്ക യാത്രക്ക് എത്തുന്ന തീര്‍ഥാടരുടെ വര്‍ധിച്ച തിരക്ക് കണക്കിലെടുത്ത് ഹജ്ജ് ടെര്‍മിനലില്‍ ആവശ്യമായ ഒരുക്കങ്ങള്‍ പുര്‍ത്തിയാക്കിയിട്ടുണ്ട്.
ലഗേജുകള്‍ കൈകാര്യം ചെയ്യുന്നതിനായി കൂടുതല്‍ ആളുകളെ നിയോഗിക്കും. സംവിധാനങ്ങള്‍ കുറ്റമറ്റമതാണെന്ന് ഉറപ്പുവരുത്തുകയും ആവശ്യമായ സാങ്കേതിക വിദഗ്ധരെയും മറ്റും നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.
തീര്‍ഥാടകരുടെ മദീനാ സന്ദര്‍ശനം ഇന്ന് രാത്രിയോടെ വീണ്ടും ആരംഭിക്കും. ഏകദേശം 12ലക്ഷത്തോളം തീര്‍ഥാടകര്‍ മദീന സന്ദര്ശിക്കാനുണ്ട്്. ഇവരെ സ്വീകരിക്കാനാവശ്യമായ ഒരുക്കങ്ങള്‍ മദീനയില്‍ വിവിധ വകുപ്പുകള്‍ക്ക് കീഴില്‍ പൂര്‍ത്തിയായി. മദീന എയര്‍പോര്‍ട്ട് വഴി 1500 വിമാന സര്‍വീസുകളിലായി നാല് ലക്ഷത്തോളം തീര്‍ഥാടകര്‍ മടക്ക യാത്ര നടത്തും.