മുടി വിവാദം; കാന്തപുരം ഒറ്റപ്പെട്ടു : ഹമീദ്‌ ഫൈസി അമ്പലക്കടവ്‌

വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗര്‍ , കൂരിയാട്‌ : വ്യാജ കേശവിവാദത്തോടെ ഒപ്പം നിന്നവരും കാന്തപുരത്തെ കൈയൊഴിഞ്ഞിരിക്കുകയാണെന്ന്‌ എസ്‌ .വൈ. എസ്‌ ജന.സെക്രട്ടറി അബ്ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവ്‌ . സമസ്‌ത 85-ാം വാര്‍ഷികത്തിന്റെ ആദര്‍ശം സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എം സംസ്ഥാന സമിതി അംഗം ടി.കെ ഹംസ ദേശാഭിമാനിയിലെഴുതിയ `മുടി വിവാദത്തിലെ രാഷ്‌ട്രീയം' എന്ന ലേഖനത്തെ പരാമര്‍ശിച്ചാണ്‌ ഫൈസി ഇങ്ങനെ പ്രതികരിച്ചത്‌ . താന്‍ പ്രഖ്യാപിത എ.പി സുന്നിയാണെന്ന്‌ പറഞ്ഞിരുന്ന ടി.കെ ഹംസ കാന്തപുരവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന വ്യക്തിയാണ്‌ . എന്നാല്‍ മുടി വിവാദത്തിന്റെ പൊരുളറിഞ്ഞതോടെ അദ്ദേഹം നിലപാട്‌ മാറ്റുകയായിരുന്നു. തങ്ങള്‍ രാഷ്‌ട്രീയത്തില്‍ ഇടപെട്ടില്ലെന്ന കാന്തപുരത്തിന്റെ അവകാശവാദം കളവും മാന്യതക്ക്‌ നിരക്കാത്തതുമാണെന്ന്‌ ലേഖനത്തില്‍ പരാമര്‍ശമുണ്ട്‌ . തിരുകേശം കത്തില്ലെന്ന്‌ വാദമുണ്ടെങ്കില്‍ തന്ത്രപരമായി ഒഴിഞ്ഞുമാറാതെ മുടി കത്തിച്ച്‌ പരിശോധന നടത്താന്‍ തയ്യാറാവണമെന്ന ഹംസയുടെ നിര്‍ദ്ദേശത്തോട്‌ കാന്തപുരം പ്രതികരിക്കണമെന്ന്‌ ഫൈസി ആവശ്യപ്പെട്ടു.
ആദര്‍ശം സെഷനില്‍ സുന്നി ആചാരങ്ങള്‍ എന്ന വിഷയം സയ്യിദ്‌ ജിഫ്രി മുത്തുകോയ തങ്ങള്‍ അവതരിപ്പിച്ചു. ദീനിന്റെ അടിസ്ഥാനം ബഹുമാനമാണെന്നും സുന്നികളുടെ മുഴുവന്‍ ആചാരങ്ങളും മുന്‍കാല പണ്ഡിതന്‍മാര്‍ ചെയ്‌തു പോന്നതാണെന്നും അദ്ദേഹം പറഞ്ഞു. എം.ടി അബൂബകര്‍ ദാരിമി തൗഹീദ്‌ എന്ന വിഷയം അവതരിപ്പിച്ചു. ഏകദൈവവിശ്വാസം ഇസ്‌ലാമിന്റെ മൗലിക തത്വമാണെന്നും ജമാഅത്തുകാരും മുജാഹിദുകളും യഥാര്‍ഥ തൗഹീദിനെ വികലമാക്കുന്ന നിലപാടാണ്‌ സ്വീകരിച്ചെതെന്നും അദ്ദേഹം പറഞ്ഞു. കെ.എ റഹ്മാന്‍ ഫൈസി സ്വാഗതം പറഞ്ഞു.