സമ്മേളന നഗരിയിലേക്ക് വിശ്വാസിലക്ഷങ്ങള്‍ നിറഞ്ഞൊഴുകി



വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗര്‍: സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ 85-ാം വാര്‍ഷിക മഹാസമ്മേളനത്തിനു ലക്ഷക്കണക്കിന് ശുഭ വസ്ത്രാധാരികള്‍ ജനസാഗരം തീര്‍ത്തതായി പ്രമുഖ പത്രങ്ങളെല്ലാം വിലയിരുത്തി. കേരളത്തിലെ മുഴുവന്‍ പത്രങ്ങളും വന്‍ പ്രാധാന്യപൂര്‍വമാണ് സമസ്ത സമ്മേളന പരിപാടികള്‍ റിപ്പോര്‍ട്ട്‌ ചെയ്തത്.
രാവിലെ മുതല്‍ തന്നെ വിദൂരസ്ഥലങ്ങളില്‍ നിന്നുള്ളവര്‍ ബസ്സുകളിലും ചെറുവാഹനങ്ങളിലുമായി ഒഴുകിയെത്തി. നാലുമണി ആയപ്പോഴേക്കും വാഹനങ്ങളുടെ ബാഹുല്യവും ജനങ്ങളുടെ ഇടതടവില്ലാത്ത ഒഴുക്കും കുന്നുംപുറം, വി.കെ.പടി, തലപ്പാറ, കൊളപ്പുറം, കക്കാട്, വേങ്ങര, വെന്നിയൂര്‍ ഭാഗങ്ങളെ വീര്‍പ്പുമുട്ടിച്ചു. പോലീസും സമ്മേളന വളണ്ടിയര്‍മാരും കിണഞ്ഞ് പരിശ്രമിച്ചെങ്കിലും വാഹനക്കുരുക്ക് അഴിക്കുവാന്‍ പലപ്പോഴും പാടുപെട്ടു. വാഹനങ്ങളുടെ നീണ്ടനിരകള്‍ പോക്കറ്റ് റോഡുകളും തൊട്ടടുത്തുള്ള വീട്ടുവളപ്പുകളും കൈയടക്കി. വാഹനങ്ങളിലെത്തിയവര്‍ കിലോമീറ്ററുകള്‍ക്കപ്പുറം വണ്ടിനിര്‍ത്തി സമ്മേളന നഗരിയിലേക്ക് നടന്നെത്തുകയായിരുന്നു.

ദേശീയപാതയിലൂടെയുള്ള വാഹനഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടത് യാത്രികരെയും വലച്ചു. കോട്ടയ്ക്കല്‍ ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങള്‍ മിക്കവയും തലപ്പാറനിന്ന് ചെമ്മാട് വഴിയാണ് പോയത്. വാഹനങ്ങള്‍ പലസ്ഥലങ്ങളിലും നിര്‍ത്തിയിട്ടതും വാഹനക്കുരുക്കിനിടയാക്കി.

സമ്മേളനനഗരിയില്‍ 20ന് ഒരുക്കിയ സാക്ഷ്യം എക്‌സിബിഷന്‍ കാണുവാന്‍ ആദ്യംമുതലേ ആളുകള്‍ എത്തിക്കൊണ്ടിരുന്നു. മുഖ്യരക്ഷാധികാരിയായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ തുടങ്ങിയ സമ്മേളനത്തില്‍ കൊടിമരജാഥകള്‍, ഖബര്‍ സിയാറത്ത്, പതാകജാഥ, പുസ്തക പ്രകാശനം, സുവനീര്‍, വിദ്യാഭ്യാസ ചര്‍ച്ചകള്‍, പലതരത്തിലുള്ള വിജ്ഞാനസദസ്സുകള്‍, ദിക്‌റ് ദുആ മജ്‌ലിസ്, ഉദ്‌ബോധന സമ്മേളനങ്ങള്‍, മഹല്ല് സംഗമം തുടങ്ങിയ വിഷയങ്ങളുമായി പണ്ഡിതരും പ്രവര്‍ത്തകരും ദിനരാത്രങ്ങളില്‍ ഒത്തുകൂടി. കമനീയമായി ഒരുക്കിയ ഓലപ്പന്തലിനുള്ളിലായിരുന്നു സമ്മേളനങ്ങള്‍. അതുകൊണ്ട് വിശ്വാസികള്‍ക്ക് ചൂടില്‍നിന്നും രക്ഷനേടാനായി. പ്രാഥമിക സൗകര്യത്തിനും നമസ്‌കരിക്കുന്നതിനും ഭക്ഷണം തുടങ്ങിയുള്ള എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിരുന്നു.
ഞായറാഴ്ച സമ്മേളന നഗരിയിലേക്ക് പ്രവര്‍ത്തകര്‍ക്ക് എത്തുവാന്‍ ദേശീയപാതയില്‍ നിന്ന് നഗരിയിലേക്ക് പലകയടിച്ച് താത്കാലിക റോഡുണ്ടാക്കിയിരുന്നു.
വളണ്ടിയര്‍മാരുടെയും പ്രവര്‍ത്തകരുടെയും തദ്ദേശവാസികളുടെയും നിസ്സീമ സഹകരണവും ഒത്തുകൂടലും സമ്മേളന നടത്തിപ്പ് കുറ്റമറ്റതാക്കി.
ചില സ്വകാര്യ ചനെലുകളില്‍ തത്സമയ  പ്രക്ഷേപണവും ഉണ്ടായിരുന്നു