വിസ്‌മയങ്ങളുടെ നേര്‍സാക്ഷ്യമായി `സാക്ഷ്യം '12'

കൂരിയാട്‌ : (വരക്കല്‍ മുല്ലക്കോയ തങ്ങള്‍  നഗര്‍ ) മലയാള മുസ്‌ലിമിന്റെ ഗമനവീഥികളെ ചാരുതയാര്‍ന്ന ഭാവനാവൈഭവത്തോടെ അടയാളപ്പെടുത്തുന്ന സാക്ഷ്യം'12 സന്ദര്‍ശകരുടെ ആധിക്യം കൊണ്ട്‌ ശ്രദ്ധേയമാകുന്നു. സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ 85ാം വാര്‍ഷിക മഹാസമ്മേളനത്തോടനുബന്ധിച്ച്‌ സമ്മേളന നഗരിയോടുചേര്‍ന്ന്‌ സജ്ജീകരിക്കപ്പെട്ട പ്രദര്‍ശനം അഞ്ചു ദിവസം പിന്നിടുമ്പോള്‍ അര ലക്ഷത്തലധികം പേര്‍ സന്ദര്‍ശിച്ചു കഴിഞ്ഞു. പണ്ഡിതര്‍ , ചിന്തകര്‍ , അധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരാണ്‌ ദിനേന സന്ദര്‍ശനത്തിനെത്തുന്നത്‌ .
ആഴമേറിയ ആശയങ്ങളും അനുഭവവേദ്യമായ ആവിഷ്‌കാരങ്ങളുമാണ്‌ എക്‌സിബിഷനെ ശ്രദ്ധേയമാക്കുന്നത്‌ . അന്ധകാരം നിറഞ്ഞ ആറാം നൂറ്റാണ്ടില്‍ തുടങ്ങി നിംനോന്നതികളുടെ വിവിധ ഘട്ടങ്ങള്‍ പിന്നിട്ട്‌ സമസ്‌തയിലെത്തി നില്‍ക്കുന്ന കേരളീയ ഇസ്‌ലാമിക ചരിത്രത്തിന്റെ സഞ്ചാര പഥങ്ങളെ ശാസ്‌ത്രീയമായി പുനരവതരിപ്പിക്കുന്ന പ്രദര്‍ശനം അനിര്‍വചനീയമായ ആത്മസംതൃപ്‌തിയും ചരിത്രാവബോധവുമാണ്‌ സന്ദര്‍ശകന്‌ പകര്‍ന്നുനല്‍കുന്നത്‌. ആറാം നൂറ്റാണ്ടിന്റെ ഭയാനകതയിലൂടെ കടന്ന്‌ മാലിക്‌ദീനാറിന്റെ കപ്പലില്‍ ചരിത്രപ്പെരുമ പേറുന്ന കൊടുങ്ങല്ലൂര്‍ പള്ളിയില്‍ വലതുകാല്‍ വെച്ച്‌ കേറുന്ന സന്ദര്‍ശകന്‌ തന്റെ അഭിമാനം പേറുന്ന ചരിത്രത്തില്‍ സ്വയം അലിഞ്ഞില്ലാതാവുന്ന പ്രതീതി ജനിക്കുന്നു. മനസ്സ്‌ നിറഞ്ഞ്‌ നില്‍ക്കുമ്പോള്‍ പൊന്നാനി പള്ളിയുടെ പൊന്‍മിനാരങ്ങള്‍ ദൃശ്യമാവുകയായി. മഖ്‌ദൂമുമാരിലൂടെ സാധിച്ച വിദ്യാഭ്യാസ വിസ്‌ഫോടനത്തിന്റെ ലിഖിത സാക്ഷ്യങ്ങള്‍ അനുവാചകന്‌ പകരുന്ന അറിവും നിറവും പ്രദര്‍ശനത്തിന്റെ സവിശേഷതയാണ്‌ . തുടര്‍ന്ന്‌ സമസ്‌തയിലെത്തി പ്രബോധന പാതയിലെ ശ്രദ്ധേയ സംഭവങ്ങള്‍ , വ്യക്തികള്‍ , സമസ്‌ത നയിച്ച നവോത്ഥാന മുന്നേറ്റങ്ങള്‍ തുടങ്ങി നിരവധി കൂട്ടുകള്‍ കൊണ്ട്‌ സമ്പന്നമാണ്‌ പ്രദര്‍ശനത്തിന്റെ ഓരോ പവലിയനും.
ആദര്‍ശ പ്രാസ്ഥാനിക സാക്ഷ്യങ്ങള്‍ക്കൊപ്പം സമൂഹം, ശാസ്‌ത്രം, സംസ്‌കാരം, പഠനം, ഗവേഷണം അനുഭവം തുടങ്ങിയ മേഖലകളും തന്മയത്വത്തോടെ സന്ദര്‍ശകരെ സ്വികരിക്കാനൊരുങ്ങി നില്‍ക്കുന്നുണ്ട്‌ . വിശുദ്ധ ഖുര്‍ആന്‍ വര്‍ത്തമാന ശാസ്‌ത്രവിദ്യയുടെ അടിസ്ഥാനമായി മാറുന്ന വിസ്‌മയ സത്യം സചിത്രം സമര്‍ത്ഥിക്കുന്ന ഹൃദ്യമായ സ്റ്റാളുകള്‍ ഓരോ സന്ദര്‍ശകന്റെയും ഹൃദയാന്തരങ്ങളില്‍ ചലനം സൃഷ്‌ടിക്കുമെന്നത്‌ തീര്‍ച്ച. കൂടെ ശാസ്‌ത്ര ഗവേഷക വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ കൗതുകകരമായ വിവിധ പരീക്ഷണങ്ങളുടെ പ്രദര്‍ശനങ്ങളും എക്‌സിബിഷന്‌ ഏറെ മിഴിവേകുന്നു.
അതിവിശിഷ്‌ടമായ കലാചാതുരിയില്‍ തീര്‍ത്ത കഅ്‌ബാ മന്ദിരം മറ്റൊരു ആകര്‍ഷണമാണ്‌. ഇബ്‌റാഹീം മഖാമും ഹിജ്‌റ്‌ ഇസ്‌മാഈലും ഹജറുല്‍ അസ്‌വദും യാഥാര്‍ഥ്യത്തിന്റെ ലാവണ്യത്തോടെ മുന്നില്‍ നില്‍ക്കുമ്പോള്‍ സന്ദര്‍ശകന്‍ അറിയാതെ ആത്മീയതയുടെ ദിവ്യയാനത്തില്‍ ഒരു വേള ആത്മായനം നടത്തും. കാവനൂര്‍ മജ്‌മഅ്‌ വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ ഈ ദൃശ്യ വിസ്‌മയമാണ്‌ ഏറെ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നത്‌.
ആത്മീയതയുടെ മധുനുകര്‍ന്ന്‌ ഇനിയെത്തുന്നത്‌ വിരല്‍ തുമ്പ്‌ കൊണ്ട്‌ വിസ്‌മയം തീര്‍ക്കുന്ന അന്ധസഹോദരങ്ങളുടെ വിസ്‌മയ പ്രകടനത്തിലാണ്‌. സൃഷ്‌ടാവിന്റെ സംവിധാനത്തില്‍ കാഴ്‌ച മറഞ്ഞ്‌ പോയ ഈ മനുഷ്യ ഹൃദയങ്ങളുടെ ഉള്‍ക്കരുത്തും മാത്സര്യ മനോഭാവവും കാഴ്‌ചയുള്ളവരെ വിസ്‌മയിപ്പിക്കും. വിരലുപയോഗിച്ച്‌ ഖുര്‍ആനടക്കം ഗ്രന്ഥങ്ങള്‍ അതിവേഗതയില്‍ പാരായണം ചെയ്‌ത്‌ ഓരോ സന്ദര്‍ശകനെയും പിടിച്ചുനിര്‍ത്തുകയാണ്‌ ഈ ആയിരം അകക്കണ്ണുള്ള സഹോദരങ്ങള്‍ .
കാല്‌, കൈ തുടങ്ങി ശരീരത്തിന്റെ വിവിധ വശങ്ങള്‍ കൊണ്ട്‌ വിവിധ ഭാഷകള്‍ ലാവണ്യത്തോടെ എഴുതുന്ന അബ്ദുല്ല പുല്‍പറമ്പ്‌ വിസ്‌മയിപ്പിക്കുന്ന പ്രകടനങ്ങളാണ്‌ പിന്നീട്‌ സന്ദര്‍ശകനെ വരവേല്‍ക്കുന്നത്‌. എല്ലാം കണ്ട്‌ അത്ഭുതം കൂറുന്നവര്‍ക്ക്‌ ഒരു ചാരിതാര്‍ത്ഥ്യത്തിന്റെ ശൈക്ക്‌ ഹാന്‍ഡ്‌ കൊടുക്കാന്‍ പവലിയനില്‍ സുസ്‌മേര വദനനായി നില്‍ക്കുന്നുണ്ട്‌.
വിസ്‌മയത്തിന്റെയും ആത്മവിചാരത്തിന്റെയും പരകോടിയിലെത്തുന്ന സന്ദര്‍ശകനെ വീണ്ടും വീണ്ടും പ്രീതിപ്പെടുത്താന്‍ ഇനിയുമുണ്ട്‌ ഒരു കൂട്ടം കാഴ്‌ചവിരുന്നുകള്‍. മമ്പുറം തങ്ങളുടെ തലപ്പാവ്‌, വിവിധ നാണയങ്ങള്‍ , ഗൃഹാതുരതയുണര്‍ത്തുന്ന മാപ്പിളസംസ്‌കാരത്തന്റെ തിരുശേഷിപ്പുകള്‍ , വിവിധ പ്രാമാണിക ഗ്രന്ഥങ്ങളുടെ കൈയെഴുത്തു പ്രതികള്‍ , പട്ടിക്കാട്‌ എം.ഇ.എ എഞ്ചിനീയറിംഗ്‌ കോളേജ്‌, ക്രസന്റ്‌ സ്‌കൂള്‍ തുടങ്ങി വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളൊരുക്കുന്ന വിസ്‌മയക്കാഴ്‌ചകള്‍ , എസ്‌. കെ. എസ്‌. എസ്‌.എഫ്‌ കരിയര്‍ വിഭാഗം ട്രന്റ്‌ ഒരുക്കിയ കരിയര്‍ ഗാലറി തുടങ്ങി പഠിക്കാനും പകര്‍ത്താനും ഒരായിരം രസക്കൂട്ടുകളാല്‍ സമ്പന്നമാണ്‌ സാക്ഷ്യം 12.
20ന്‌ 11 മണിക്ക്‌ സാമൂഹ്യ ക്ഷേമവകുപ്പ്‌ മന്ത്രി ഡോ. എം.കെ മുനീറാണ്‌ എക്‌സിബിഷന്‍ ഉദ്‌ഘാടനം ചെയ്‌തത്‌. നാലാം ദിനം പിന്നിടുന്ന പ്രദര്‍ശനം ഇതിനകം മത സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സന്ദര്‍ശിച്ചു കഴിഞ്ഞു. ഇരുപത്‌ രൂപയുടെ കൂപ്പണ്‍മുഖേനെയാണ്‌ പ്രവേശന മനുവദിക്കുന്നത്‌. മദ്‌റസാവിദ്യാര്‍ത്ഥികള്‍ക്ക്‌ പ്രത്യേക ഇളവനുവദിച്ചിട്ടുണ്ട്‌. 26 വരെ നീളുന്ന എക്‌സിബിഷന്‍ രാവിലെ ഒമ്പതുമുതല്‍ രാത്രി എട്ടുവരെയാണ്‌ സന്ദര്‍ശകര്‍ക്കായി തുറക്കുന്നത്‌. ആവിഷ്‌കാരത്തിന്റെ വ്യതിരിക്തത കൊണ്ടും സന്ദര്‍ശകരുടെ റെക്കോഡ്‌ കടന്ന ആധിക്യം കൊണ്ടും സാക്ഷ്യം 12 ചരിത്രത്തില്‍ മറ്റൊരു വിസ്‌മയമായി മാറുമെന്ന്‌ ഓരോ സന്ദര്‍ശകനും സാക്ഷ്യപ്പെടുത്തുമ്പോഴും സാക്ഷ്യം കാത്തിരിക്കുകയാണ്‌ ഇനിയും കൗതുകം വറ്റാത്ത മലയാളത്തിലെ ഒരായിരം പ്രബുദ്ധ സാക്ഷികളെയും കാത്ത്‌....