സമസ്‌ത: സമൂഹത്തിന്‌ അസ്‌തിത്വം നല്‍കിയ പ്രസ്ഥാനം : ഓണമ്പിള്ളി

കമ്പളക്കാട്‌ : കേരളത്തിന്റെ മതമേഖലയില്‍ നവോത്ഥാനം സൃഷ്‌ടിക്കുകയും ഐക്യത്തിന്റേയും സൗഹാര്‍ദ്ദത്തിന്റേയും ജീവിത പരിസരം സൃഷ്‌ടിക്കുകയും ചെയ്‌ത മഹത്തായ പ്രസ്ഥാനമാണ്‌ സമസ്‌ത കേരളാ ജംഇയ്യത്തുല്‍ ഉലമായെന്ന്‌ SKSSF സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ: ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസി പ്രസ്‌താവിച്ചു. ജനാംഗീകാരമുള്ള പ്രസ്ഥാനങ്ങള്‍ക്ക്‌ ശത്രുക്കളും വ്യാജന്മാരുമുണ്ടാവുകയെന്നത്‌ സ്വാഭാവികമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കമ്പളക്കാട്‌ ഇസ്സത്തുല്‍ ഇസ്‌ലാം മഹല്ല്‌ കമ്മിറ്റി സമസ്‌ത 85-ാം വാര്‍ഷികത്തിന്റെ ഭാഗമായി നടത്തിയ കുടുംബസംഗമത്തില്‍ വിഷയമവതരിപ്പിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹല്ല്‌ പ്രസിഡണ്ട്‌ വി പി മൊയ്‌തു ഹാജി അദ്ധ്യക്ഷനായിരുന്നു. നിരീശ്വര-നിര്‍മ്മിത പ്രസ്ഥാനത്തിന്റെ നായകനായ പിണറായി വിജയന്‌ പോലും പ്രവാചക സ്‌നേഹികള്‍ക്ക്‌ മുറിവേല്‍പ്പിക്കുന്ന രീതിയില്‍ പ്രസ്‌താവനയിറക്കാന്‍ സാഹചര്യമുണ്ടാക്കിയ കാന്തപുരം വിഭാഗം വ്യാജകേശത്തിന്‌ സനദ്‌ ഹാജരാക്കിയോ, അത്‌ കത്തിച്ചോ സമൂഹത്തെ നിജസ്ഥിതി ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 
കെ കെ അഹ്‌മദ്‌ ഹാജി ഉദ്‌ഘാടനം ചെയ്‌തു. എം എം ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍, കെ മുഹമ്മദ്‌കുട്ടി ഹസനി, ശംസുദ്ദീന്‍ റഹ്‌മാനി, വി പി മുഹമ്മദ്‌കുട്ടി ഹാജി, എസ്‌ കെ മ്മു, പി ടി കുഞ്ഞബ്‌ദുള്ള ഹാജി, വി പി അമ്മദ്‌ ഹാജി തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന്‌ നടന്ന ആത്മീയ സദസ്സിന്‌ പാണക്കാട്‌ സയ്യിദ്‌ ശഹീറലി ശിഹാബ്‌ തങ്ങള്‍ നേതൃത്വം നല്‍കി. പി കെ അഹ്‌മദ്‌ കുട്ടി ഹാജി സ്വാഗതവും സി പി ഹാരിസ്‌ ബാഖവി നന്ദിയും പറഞ്ഞു.
കമ്പളക്കാട്‌ മഹല്ല്‌ കുടുംബ സംഗമത്തില്‍ അഡ്വ: ഓണമ്പിള്ളി മുഹമ്മദ്‌കുട്ടി ഫൈസി പ്രഭാഷണം നടത്തുന്നു.