സമസ്‌ത സമ്മേളനം ഇന്ന്‌ സമാപിക്കും

വലക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗര്‍ , മലപ്പുറം : ആത്മ വിശുദ്ധിയുടെ സത്യസന്ദേശം പകര്‍ന്ന്‌ നാലു ദിവസമായി കൂരിയാട്‌ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ നടക്കുന്ന സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ 85-ാം വാര്‍ഷിക മഹാസമ്മേളനം ഇന്ന്‌ സമാപിക്കും. നാടിന്റെ നാനാഭാഗത്തുനിന്ന്‌ ഒഴുകിയെത്തുന്ന പരലക്ഷങ്ങള്‍ സമാപന സംഗമത്തിന്‌ സാക്ഷികളാവും.

ഇരുപത്തിയഞ്ച്‌ ലക്ഷത്തിലധികം പേരെ ഉള്‍കൊള്ളിക്കുന്ന സമാപന സമ്മേളന നഗരിയുടെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. ആധുനിക ലോകത്ത്‌ ഇസ്‌ലാമിന്റെ പ്രസക്തിയും ബഹുസ്വര സമൂഹത്തില്‍ മുസ്‌ലിമിന്റെ കടമയും യഥാര്‍ഥ ഇസ്‌ലാമിനെ ഉള്‍കൊണ്ട സമസ്‌തയുടെ പ്രവര്‍ത്തനങ്ങളുമടക്കം പന്ത്രണ്ടോളം കാലിക പ്രസക്തമായ വിഷയങ്ങളാണ്‌ നാല്‌ ദിവസങ്ങളിലായി സമ്മേളന നഗരിയില്‍ ചര്‍ച്ചക്ക്‌ വിധേയമായത്‌. മുപ്പതിനായിരം സ്ഥിരം പ്രതിനിധികളായിരുന്നു ചര്‍ച്ചയില്‍ പങ്കാളികളായത്‌. ഇന്ത്യക്കകത്തും പുറത്തുമുള്ള പ്രമുഖ ചിന്തകരും പ്രഭാഷകരും വിവിധ സെഷനുകളില്‍ വിഷയം അവതരിപ്പിച്ചു.
സമ്മേളന നഗരിയില്‍ ഇന്ന്‌ രാവിലെ മുതല്‍ രണ്ടു വേദികളിലായി മുഅല്ലിം സംഗമം, പ്രവാസി സംഗമം, ദേശീയ വിദ്യാര്‍ത്ഥി സംഗമം, ദഅ്‌വാ നവലോക സാധ്യതകള്‍ , സിവില്‍ സര്‍വ്വീസ്‌ സാധ്യതകള്‍ , കുരുന്നുകൂട്ടം, എംപ്ലോയ്‌സ്‌ മീറ്റ്‌, കന്നട, അറബി, തമിഴ്‌ ഭാഷാ സംഗമങ്ങള്‍ അരങ്ങേറും. 
വൈകിട്ട്‌ ഏഴിന്‌ ആരംഭിക്കുന്ന സമാപന മഹാസമ്മേളനം പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്യും. സമസ്‌ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. സമസ്‌ത പ്രസിഡന്റ്‌ കാളമ്പാടി മുഹമ്മദ്‌ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. യു.എ.ഇ മതകാര്യ ഉപദേഷ്‌ടാവ്‌ സയ്യിദ്‌ അലിയ്യുല്‍ ഹാശിമിയാണ്‌ മുഖ്യാതിഥി.
കോട്ടുമല ടി.എം ബാപ്പുമുസ്ലിയാര്‍ , പാറന്നൂര്‍ പി,.പി. ഇബ്രാഹീം മുസ്‌ലിയാര്‍ , കേന്ദ്ര മാനവ വിഭവശേഷി സഹ മന്ത്രി ഇ. അഹമ്മദ്‌, സംസ്ഥാന ഐ.ടി വകുപ്പ്‌ മന്ത്രി പി.കെ കുഞ്ഞാലികുട്ടി, പത്മശ്രീ എം.എ യൂസുഫ്‌ അലി, ടി.കെ.എം ബാവ മുസ്‌ലിയാര്‍ , പ്രൊഫ.ആലിക്കുട്ടി മുസ്‌ലിയാര്‍ , പി.കെ.പി അബ്‌ദുസ്സലാം മുസ്‌ലിയാര്‍ , എം.ടി അബ്‌ദുല്ല മുസ്‌ലിയാര്‍ , സയ്യിദ്‌ ജിഫ്രി മുത്തുക്കോയ തങ്ങള്‍ , സി.കെ.എം.സാദിഖ്‌ മുസ്‌ലിയാര്‍ , എം.എ. മുഹ്‌യദ്ദീന്‍ മുസ്‌ലിയാര്‍ ആലുവ, അബ്‌ദുസ്സമദ്‌ പൂകോട്ടൂര്‍ , റഹ്‌മത്തുല്ല ഖാസിമി മുത്തേടം, അബ്ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവ്‌ തുടങ്ങിയവര്‍ പ്രസംഗിക്കും.