സമസ്‌തയുടെ പണ്ഡിതന്‍മാര്‍ തട്ടിപ്പറിയാത്തവര്‍ : എം.ഐ. ഷാനവാസ്‌ എം.പി

സമസ്‌ത 85ാം വാര്‍ഷിക സമ്മേളനത്തിന്റെ
ഭാഗമായി നടന്ന പഠന ക്യാമ്പിലെ നവോത്ഥാനം
സെഷനില്‍ എം.ഐ ഷാനവാസ്‌ എം.പി സംസാരിക്കുന്നു.
കൂരിയാട്‌ : (വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗര്‍ ) പൊതുസമൂഹത്തിനിടയില്‍ അവഹേളിക്കപ്പെടാത്ത വിധം ഇസ്‌ലാം കേരളത്തില്‍ പരിരക്ഷിക്കപ്പെട്ടുവെന്നതാണ്‌ സമസ്‌തയുടെ പ്രവര്‍ത്തനങ്ങളുടെ പ്രത്യേകതയെന്ന്‌ എം.ഐ ഷാനവാസ്‌ എം.പി അഭിപ്രായപ്പെട്ടു. 

സമസ്‌ത 85ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി നടന്ന പഠന ക്യാമ്പില്‍ നവോത്ഥാനം സെഷനില്‍ പങ്കെടുത്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമസ്‌തയുടെ പണ്ഡിതര്‍ സാത്വികരാണ്‌. തട്ടിപ്പും വെട്ടിപ്പും കുതുകാല്‍ വെട്ടും അവര്‍ക്കറിയില്ല. അവരുടെ പദങ്ങള്‍ പോലും പരിധി വിടാറില്ല. അനുഗ്രഹീതരായ ഈ പണ്ഡിത നേതൃത്വവും പാണക്കാട്‌ തറവാടും ഈ രാജ്യത്തിന്റെ വിളക്കാണ്‌-അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
കാലമേല്‍പ്പിക്കുന്ന ഗൗരവമേറിയ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കലാണ്‌ മുസ്‌ലിം സമുദായത്തിന്റെ ബാധ്യത. ഈ കടമ നിര്‍വഹിക്കുന്നതില്‍ ജാഗ്രത കാണിക്കുകയാണ്‌ നമ്മുടെ ഉത്തരവാദിത്തം-ഷാനവാസ്‌ ഓര്‍മപ്പെടുത്തി. 
രാജ്യത്തെ മുസ്‌ലിംകള്‍ പിന്നോക്കക്കാരണ്‌. ഒട്ടേറെ പഠന റിപ്പോര്‍ട്ടുകള്‍ ഇക്കാര്യം ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌ . പിന്നാക്കാവസ്ഥ പരിഹരിക്കാനായി അര്‍ഹമായത്‌ ചോദിച്ചുവാങ്ങാന്‍ നമുക്ക്‌ അവകാശമുണ്ട്‌ . എന്റെ മണ്ഡലമായ വയനാടിനെ മുസ്‌ലിം സെക്‌ടര്‍ ഡവലപ്പ്‌മെന്റില്‍ ഉല്‍പ്പെടുത്തി 104 കോടി രൂപയുടെ പദ്ധതി വകയിരുത്തിയത്‌ ഇതിന്റെ ഭാഗമായാണെന്ന്‌ അദ്ദേഹം വിശദീകരിച്ചു.