തീവ്രവാദം ആപത്ത് : അബ്ബാസലി തങ്ങള്‍



ദുബൈ : തീവ്രവാദവും ഭീകരതയും സാമൂഹിക നന്മക്ക് ആപത്താണെന്നും യുവാക്കള്‍ക്കിടയില്‍ തീവ്രവാദം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവര്‍ സമുദായത്തെ നാശത്തിലേക്ക് നയിക്കാനാണ് ശ്രമിക്കുന്നതെന്നും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പറഞ്ഞു. SKSSF ദുബൈ കമ്മിറ്റി സംഘടിപ്പിച്ച മനുഷ്യജാലിക ഐക്യദാര്‍ഢ്യവും മജ്‍ലിസ് ഇന്‍തിസ്വാബ് പ്രചാരണ സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാഷിസത്തിനും വര്‍ഗീയതക്കുമെതിരെ എന്ന പേരില്‍ തെറ്റായ ദിശയിലേക്ക് നീങ്ങുന്നത് ദൂര്യവ്യാപക ദുഷ്ഫലങ്ങളുണ്ടാക്കുമെന്നും മത സൗഹാര്‍ദ്ദത്തിന്‍റെയും സഹിഷ്ണുതയുടെയും പാത കാണിച്ചു തന്ന മുന്‍ഗാമികളുടെ മാര്‍ഗ്ഗം പിന്തുടരണമെന്നും തങ്ങള്‍ ആഹ്വാനം ചെയ്തു. ഈ സന്ദേശം സമൂഹത്തിലെത്തിക്കാനാണ് SKSSF റിപ്പബ്ലിക് ദിനത്തില്‍ മനുഷ്യജാലിക സംഘടിപ്പിക്കുന്നത്. SKSSF സംസ്ഥാന വൈസ്പ്രസിഡന്‍റ് സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ പ്രമേയ പ്രഭാഷണം നടത്തി. ദുബൈ സുന്നി സെന്‍റര്‍ പ്രസിഡന്‍റ് സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ അധ്യക്ഷനായിരുന്നു.


ദുബൈ കെ.എം.സി.സി. പ്രസിഡന്‍റ് ഇബ്റാഹീം എളേറ്റില്‍ , സിദ്ദീഖ് നദ്‍വി ചേരൂര്‍ , സയ്യിദ് പൂക്കോയ തങ്ങള്‍ , അബൂബക്കര്‍ ഹാജി, ഷൌക്കത്ത് മൗലവി തുടങ്ങിയവര്‍ സംസാരിച്ചു.


ദുബൈ സ്റ്റേറ്റ് SKSSF പ്രസിഡന്‍റ് അബ്ദുല്‍ ഹക്കീം ഫൈസി സ്വാഗതവും വര്‍ക്കിംഗ് സെക്രട്ടറി അബ്ദുല്‍ കരീം നന്ദിയും പറഞ്ഞു.