പ്രാപഞ്ചിക പ്രതിഭാസങ്ങള് ഓര്മിപ്പിക്കുന്നത്

ഏകദൈവ വിശ്വാസത്തിന്റെ ഏറ്റവും വലിയ പ്രമാണങ്ങളിലൊന്നായി ഖുര്ആന് അവതരിപ്പിക്കുന്നത് പ്രാപഞ്ചികപ്രതിഭാസങ്ങളെയാണ്. ചിന്താശീലനായ മനുഷ്യനു മുമ്പില് അത്ഭുതങ്ങളുടെ കലവറകള് തന്നെ ഖുര്ആന് തുറന്നുവെക്കുന്നു.
പച്ചപ്പരവതാനികളും പടുകൂറ്റന് പാറക്കെട്ടുകളും നദികളും സമതലങ്ങളും നിറഞ്ഞ്, സസ്യ ജൈവജാലങ്ങള്ക്ക് ആവാസ കേന്ദ്രമായ ഭൂമി. ഭൂമിയെ വലയം ചെയ്ത് സൂര്യ ചന്ദ്ര നക്ഷത്രങ്ങളാല് ദീപാലങ്കൃതമായി അമ്പരിപ്പിക്കുന്ന ഘന ഗാംഭീര്യവുമായി അനന്ത വിസ്തൃതിയിലേക്ക് നീണ്ടുകിടക്കുന്ന ആകാശം. ആര്ത്തലച്ച് തിരമാലകള് തിങ്ങിനില്ക്കുന്ന മഹാസമുദ്രങ്ങള്......... തുടങ്ങി നിരവധി പ്രതിഭാസങ്ങള് ഖുര്ആനിലങ്ങോളമിങ്ങോളം വ്യത്യസ്ത അധ്യായങ്ങളിലായി ചിതറിക്കിടക്കുന്നതു കാണാം.
എന്തിനാണ് ഖുര്ആന് അതിമനോഹരമായ രീതിയില് ഇവയെല്ലാം നമുക്ക് വിവരിച്ചു തരുന്നത്. വര്ണ്ണനാചാതുര്യം കൊണ്ട് അനുവാചക ഹൃദയങ്ങള്ക്ക് ഉള്പ്പുളകം പകരുകയെന്ന കേവല സാഹിതീയ ധര്മമാണോ ഇവയിലന്തര്ലീനമായിക്കിടക്കുന്നത്? അതോ പ്രാപഞ്ചിക പ്രതിഭാസങ്ങളുടെ ഉള്ളറകളിലേക്കാനയിച്ചു കൊണ്ട് മനുഷ്യ ഹൃദയങ്ങളില് ശാസ്ത്രബോധം വളര്ത്തലാണോ ഇതിന്റെ ലക്ഷ്യം? വാസ്തവത്തില് ഇവയൊന്നുമല്ല ഖുര്ആന് ലക്ഷ്യമിടുന്നത്. ഇതിനു വേണ്ടി വാനലോകത്തു നിന്ന് ഒരു വേദഗ്രന്ഥം ഇറക്കേണ്ട ആവശ്യമില്ലല്ലോ.
മനുഷ്യന്റെ ആന്തരാത്മാവില് ദൈവിക സാന്നിധ്യവും ആത്മീയ ചൈതന്യവും ഊട്ടിയുറപ്പിക്കുകയെന്നതാണ് ഖുര്ആന്റെ ആദ്യന്തിക ലക്ഷ്യം. അതുകൊണ്ടു തന്നെ ദൈവാസ്തിക്യം, മനുഷ്യന്റെ ആഗമന ലക്ഷ്യം, ജീവിതത്തിന്റെ അര്ത്ഥം, നിലവിലുള്ള ലോകക്രമത്തിന്റെ തകര്ച്ചയും തുടര്ന്നുവരുന്ന നവലോകക്രമവും അതോടനുബന്ധിച്ചുള്ള മനുഷ്യന്റെ ഭാവിയും, ഭൗതിക ജീവിതത്തില് ഒരാള് നിര്ബന്ധമായും ആര്ജിച്ചിരിക്കേണ്ട ഇത്തരം മുന്നറിവുകള് പ്രാപഞ്ചിക പ്രതിഭാസങ്ങള് പരാമര്ശിക്കുന്ന ഖുര്ആന് സൂക്തങ്ങളുടെ വരികള്ക്കിടയില് നിന്നും വായിച്ചെടുക്കാന് സാധ്യമാണ്.
സകലവിധ സുഖസൗകര്യങ്ങളുമുള്ള ഒരു വീടിനോടാണ് ഖുര്ആന് പ്രപഞ്ചത്തെ ഉപമിക്കുന്നത്. ദൈവമാണതിന്റെ ഉടമസ്ഥന്. അവന്റെ പ്രതിനിധിയായ, സൃഷ്ടികളിലുല്കൃഷ്ടനായ മനുഷ്യനാണതിലെ അന്തേവാസി. വായു, വെള്ളം, വെളിച്ചം, വിനോദം തുടങ്ങി എല്ലാം ആവശ്യമായ അളവില് അതില് സംവിധാനിക്കപ്പെട്ടിരിക്കുന്നു. പച്ചപ്പരവതാനി വിരിക്കപ്പെട്ട ഭൂമി താഴ്ഭാഗവും സൂര്യന്, നക്ഷത്രങ്ങള് തുടങ്ങി വ്യത്യസ്ത സ്വഭാവങ്ങളുള്ള, മുകളില് കുളത്തിയിട്ട പ്രകാശ ഗോളങ്ങളാല് അലങ്കൃതമായ ആകാശം മേല്ക്കൂരയും. തൂണുകളില്ലാതെ ആകാശത്തെ ഒരു മേല്ക്കൂരയായി അവന് ഉയര്ത്തി (ഖു: 31:10) തുടങ്ങി നിരവധി വാക്യങ്ങളില് നിന്ന് ഖുര്ആന്റെ ഈ ചിത്രീകരണം വായിച്ചെടുക്കാവുന്നതാണ്.
ഭൂമിയില് നാം അനുഭവിക്കുന്ന സൗകര്യങ്ങളോരോന്നും അവന് ഉദ്ദേശ്യപൂര്വ്വം നമുക്ക് വേണ്ടി ഒരുക്കിയതാണ്. ''അവനാണ് ആകാശത്ത് നിന്ന് മഴ വര്ഷിച്ചത്. അതുവഴി നിങ്ങള്ക്കു ഭക്ഷണമായ വിഭവങ്ങളെ ഭൂമിക്കുള്ളില് നിന്ന് പുറത്ത് കൊണ്ടുവന്നു'' (ഖു: 2:22), ''സൂര്യനെ ഒരു പ്രകാശ ഗോളമാക്കി'' അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം ഈ ആനുകൂല്യങ്ങളത്രയും എടുത്തുകളയാനും അവന് കഴിവുറ്റവനാണ്. അങ്ങനെ സംഭവിച്ചാല് ദുര്ബലനായ മനുഷ്യനെന്തു ചെയ്യാന് സാധിക്കും. ''പറയൂ നിങ്ങളുടെ കുടിവെള്ളം ഭൂമിക്കകത്തേക്ക് ആണ്ടുപോയാല് ആരാണു നിങ്ങള്ക്കു ശുദ്ധജലം കനിയുക.'' (ഖു: 67:30) ''ആലോചിച്ചു നോക്കൂ, ഉയര്ത്തെഴുന്നേല്പ്പുനാള് വരെ അല്ലാഹു രാത്രി നിശ്ചലമാക്കിയാല് (ഭൂമിയുടെ കറക്കം നിലച്ചാല്) അവനല്ലാതെ മറ്റേത് ദൈവമാണ് നിങ്ങള്ക്ക് വെളിച്ചം കൊണ്ടുവരിക''. (ഖു: 28:71)
നാം ഒരു വീട് വാടകക്കെടുക്കുന്ന പക്ഷം അതില് നാമുപയോഗിക്കുന്ന വെള്ളം, വെളിച്ചം, ഭക്ഷണം തുടങ്ങി ഓരോ ആനുകൂല്യങ്ങള്ക്കും വെവ്വേറെ വാടക നല്കേണ്ടിവരും. നമുക്കേറ്റവും വിലപ്പെട്ട ശ്വാസവായു ബില്ലിനു പുറത്താണ്. ഒരു ദിവസത്തേക്ക് കൃത്രിമ ഒക്സിജന് നല്കാന് എത്ര രൂപ നല്കേണ്ടി വരും. ഇത്ര വിപുലമായ സൗകര്യ-സംവിധാനങ്ങളുള്ള പ്രപഞ്ചത്തെ അല്ലാഹു മനുഷ്യനെ ഏല്പ്പിക്കുന്നു. അവന്റെ പ്രതിനിധിയായി. ''നിശ്ചയം ഞാന് ഭൂമിയില് ഒരു പ്രതിനിധിയെ നിശ്ചയിക്കുന്നു''(ഖു:). പ്രപഞ്ചത്തിലെ സകല സംവിധാനങ്ങളുമൊരുക്കിയത് നമുക്ക് വേണ്ടിയാണ്. ''അവന് നിങ്ങള്ക്കു വേണ്ടി ഭൂമിയിലുള്ള സകലവും സൃഷ്ടിച്ചു” (2:29) എത്രമാത്രം വിപുലവും ചിന്തോദ്ദീപകവുമാണീ സംവിധാനം.
നമ്മുടെ ദൈനംദിന ജീവിതത്തില് ഏറ്റവും പ്രാധന്യമര്ഹിക്കുന്ന ഒന്നാണല്ലോ സൂര്യന്. ഭൗതിക സംവിധാനത്തിന്റെ തന്നെ കേന്ദ്രബിന്ദുവാണത്. സൂര്യനില്ലെങ്കില് ഇരുളും വെളിച്ചവുമില്ല. വെയിലും മഴയുമില്ല. സസ്യങ്ങള് വളരുകയോ ജൈവവായു ലഭിക്കുകയോ ഇല്ല. സര്വ്വോപരി ദൃശ്യപ്രപഞ്ചത്തിന്റെ കേന്ദ്രബിന്ദുവും ഊര്ജ്ജ പ്രസരണത്തിന്റെ സ്രോതസ്സുമായ സുര്യനെങ്ങാനും കെട്ടണഞ്ഞാല് അതിനെ ആശ്രയിച്ച്, ആകര്ഷണ വികര്ഷണക്രമത്തില് കോര്ത്തിണക്കപ്പെട്ട സകല ഗോളങ്ങളും താരാപഥങ്ങളും അടര്ന്നു വീണ് പ്രപഞ്ചക്രമം തന്നെ താറുമാറായിപ്പോവും. ഇതു തന്നെയാണ് ലോകാവസാനത്തില് വരാനിരിക്കുന്നതും.
സൂര്യനും ഭൂമിയും തമ്മിലുള്ള അകലം നിലവിലുള്ളതില് നിന്ന് അല്പം കായുകയോ ഭൂമിയുടെ ചലന വേഗത മന്ദഗതി പ്രാപിക്കുകയോ ചെയ്താല് താങ്ങാനാവാത്ത സൂര്യതാപമേറ്റ് ഭൂമി കത്തിച്ചാമ്പലായിപ്പോകും. ഇതിനു നേര്വിപരീതം സംഭവിച്ചാലോ, സൂര്യനില് നിന്നകന്നു കഴിയുന്ന യുറാനസിനെ പോലെ, പ്ലൂട്ടോയെ പോലെ ഭൂമി മനുഷ്യവാസ യോഗ്യമല്ലാത്ത നിലയില് തണുത്തുറഞ്ഞ മഞ്ഞുകട്ടയായി മാറും. എല്ലാം ഒരു നിശ്ചിത ദൂരക്രമത്തിലും ചലനഗതിയിലും സംവിധാനിക്കപ്പെട്ടു. ''സൂര്യനും ചന്ദ്രനും നിശ്ചിത കണക്കിലാണുള്ളത്''(ഖു: 55:5)
രാത്രികാലങ്ങളില് നമുക്ക് കുളിരും വെളിച്ചവും പകര്ന്നുകൊണ്ട് ആകാശ ഗംഗയില് വിരിഞ്ഞു നില്ക്കുന്ന ചന്ദ്രന് നമ്മുടെ ജീവിതത്തില് വലിയ സ്വാധീനമൊന്നുമില്ലെന്ന് വിശ്വസിക്കുന്നവരാണ് നമ്മിലധികവും. എന്നാല് ഭൂമിക്ക് ഉപഗ്രഹമായി സൃഷ്ടിച്ച ചന്ദ്രനില്ലെങ്കില് ഭൂമിലോകത്ത് ജൈവ സാന്നിധ്യം തന്നെ അപകടത്തിലാവും. ഭൂമിയുടെ ശക്തമായ ആകര്ഷണ ബലത്തെ ഭേദിച്ച് കണിറുകളിലും കുളങ്ങളിലും മറ്റുമായി വെള്ളം പിടിച്ചു നിര്ത്തുന്നത് സമുദ്രങ്ങളിലെ വേലിയേറ്റങ്ങള്ക്ക് കാരണക്കാരനായ ചന്ദ്രന്റെ ആകര്ഷണ ബലത്തിലാണ്. ''നാം ആ വെള്ളത്തെ ഒരളവോളം ഉപരിതലത്തില് ശേഷിപ്പിച്ചു. അവയെ കൊണ്ടുപോകാനും അവന് കെല്പ്പുള്ളവനാണ്''(ഖു: 23:18) ഭൂമുഖത്ത് പുഷ്പങ്ങള് വിരിയുന്നതിലും പ്രത്യുല്പാദനം നടക്കുന്നതിലും ചന്ദ്രന് അതിന്റേതായ സ്വാധീനമുണ്ട്. പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളിലും മനുഷ്യനുപകാരമുണ്ട്. നമുക്ക് ചുറ്റും ശല്യവലയം തീര്ക്കുന്ന ചെറു കീടങ്ങളും പുഴുക്കളുമില്ലെങ്കില് ഭൂമുഖം മാലിന്യങ്ങളാല് നിറഞ്ഞു പോകുമായിരുന്നു.
ഇനി ഭൂമുഖത്തെ പ്രഥമ താമസക്കാരനായ മനുഷ്യന്റെ കാര്യമെടുക്കാം. ആരാണ് നമ്മെ സൃഷ്ടിച്ചത്? നമ്മുടെ ജ•ഹേതുക്കാര് മാതാപിതാക്കളാണെന്ന് നമ്മുടെ മനസ്സു നമ്മോടു മന്ത്രിക്കുന്നു. എന്നാല് മാതാപിതാക്കള്ക്ക് നമ്മുടെ ജനനത്തിലെന്തു പങ്കാണുള്ളത്? നമ്മുടെ സ്വഭാവ-ലിംഗ നിര്ണയത്തില് മാതാപിതാക്കള്ക്കെന്തു സ്വാധീനമാണുള്ളത്? മാതാപിതാക്കള് മനസ്സുവെച്ചതു കൊണ്ടാണ് നാം ഉണ്ടായതെങ്കില് സന്താന സൗഭാഗ്യം നിഷേധിക്കപ്പെട്ടവര്ക്ക് എല്ലാ ഭൗതിക സാഹചര്യങ്ങളുണ്ടായിട്ടും എന്തു കൊണ്ടതു നേടിയെടുക്കാന് സാധിക്കുന്നില്ല? യഥാര്ത്ഥത്തില് നമ്മെ സൃഷ്ടിച്ച് നമ്മുടെ സ്വഭാവ-രൂപ കല്പനകള് നടത്തിയത് അല്ലാഹുവാണ്. മാതാപിതാക്കള് അതിന്റെ ഭൗതിക ഉപാധികളായി നിശ്ചയിക്കപ്പെട്ടു എന്നു മാത്രം.
ദൈവസാന്നിധ്യത്തിനുപോല്ബലകമായ, പ്രധാന ദൃഷ്ടാന്തങ്ങളിലൊന്നായി ഖുര്ആന് ഗണിക്കുന്നത് മനുഷ്യോല്പ്പത്തിയാണ്. ഖുര്ആനില് മനുഷ്യനോടു നടത്തുന്ന പ്രഥമ അഭിസംബോധനം: ''രക്ത പിണ്ഡത്തില് നിന്ന് മനുഷ്യന്റെ സൃഷ്ടികര്മ്മം നിര്വ്വഹിച്ച നാഥന്റെ നാമത്തില് വായിക്കുക''(ഖു: 96:1,2) എന്നായിരുന്നു. മറ്റു പല സ്ഥലങ്ങളില് ''മണ്ണില് നിന്ന് മനുഷ്യനെ സൃഷ്ടിച്ചു'' എന്നും കാണാം. മനുഷ്യ സൃഷ്ടിപ്പിന്റെ രണ്ട് ഘട്ടങ്ങളെയാണിത് പ്രതിനിധീകരിക്കുന്നത്. ആദിമ മനുഷ്യനായ ആദമിനെ നേരിട്ട് മണ്ണില് നിന്നും ആദമിന്റെ പിന്തലമുറയെ മണ്ണിന്റെ ഉപോല്പ്പന്നമായ ഇന്ദ്രിയതുള്ളിയില് നിന്നും സൃഷ്ടിച്ചു എന്നാണിതിനര്ത്ഥം. ആദം മണ്ണിന്റെ ഉല്പന്നമാണെങ്കില് നാം മണ്ണിന്റെ ഉപോല്പന്നങ്ങളാണ്.
“ഒരു തുള്ളി ഇന്ദ്രിയത്തില് നിന്ന്, വിവിധ ഘട്ടങ്ങള് പിന്നിട്ട് മനുഷ്യന് പിറവിയെടുക്കുന്ന രംഗങ്ങള് ഖുര്ആന് സവിസ്തരം പ്രതിപാദിക്കുന്നു. ശാസ്ത്രത്തിന്റെ ബാലപാഠം പോലുമറിയാത്ത ഒരു സാമൂഹിക പശ്ചാത്തലത്തിലവതീര്ണ്ണമായ ഖുര്ആനില്, ഭ്രൂണശാസ്ത്ര സങ്കീര്ണ്ണതകളെക്കുറിച്ച് പരാമര്ശിക്കുന്ന ഈ സവിശേഷ ഭാഗമാണ് മോറിസ് ബുക്കായ് എന്ന വിശ്വ പ്രശസ്ത ശാസ്ത്ര ചിന്തകനെ ഇസ്ലാമിലേക്കാകര്ഷിച്ചത്. ഒരു തുള്ളി ഇന്ദ്രിയത്തില് തന്നെ ഒരു മനുഷ്യന് ജ•ം നല്കാനുതകുന്ന 2 കോടിയോളം കോശങ്ങളുണ്ടത്രെ. ഈ നിശ്ചിത അളവില് ഒന്നു കുറഞ്ഞു പോയാല് പ്രത്യുല്പാദനം നടക്കില്ല. ഇത്ര ശേഷിയുള്ള ഈ ദ്രാവകം ''നട്ടെല്ലിനും മുതുകെല്ലിനുമിടയില് നിന്നാണ് പുറപ്പെടുന്നത്'' (ഖു: 86:7) ഒറ്റ നോട്ടത്തില് നിസാരമായ ഇതിനകത്തുള്ള സങ്കീര്ണ്ണതകളോരോന്നും ശാസ്ത്രം വെളിച്ചത്തു കൊണ്ടുവരുന്നതു കാണുമ്പോഴാണ് ഇന്ദ്രിയ തുള്ളിയെക്കുറിച്ച് ഖുര്ആനിലുള്ള വ്യത്യസ്ത പ്രയോഗ ശൈലികളുടെ പ്രസക്തി നമുക്ക് ബോധ്യപ്പെടുന്നത്.
ഒരു നിമിഷം മനുഷ്യനില് നിന്ന് സ്രവിക്കുന്ന കോടക്കണക്കിന് കോശങ്ങളിലൊന്നു മാത്രമാണല്ലോ സ്ത്രീയുടെ അണ്ഡവുമായി ചേര്ന്ന് ഭ്രൂണമായി മാറുന്നത്. ''നീ സ്കലിക്കുന്ന ഇന്ദ്രിയത്തില് നിന്ന് ഒരു കണമായിരുന്നില്ലേ.'' (ഖു: 75:37). അണ്ഡവും ബീജവും ചേര്ന്ന് സ്ത്രീയുടെ അണ്ഡവാഹിനിക്കുഴലിന്റെ സങ്കോച വികാസങ്ങളുടെ ഫലമായി ഇളക്കുന്ന വാലുമായി മുന്നോട്ട് സഞ്ചരിച്ച് നാല് ദിവസങ്ങള്ക്ക് ശേഷം ഗര്ഭ പാത്രമുഖത്ത് ചെന്ന് അനുവാദം കാത്ത് നില്ക്കുന്നു. ആറ് ദിവസങ്ങളോളം അതിന്റെ മുഖത്ത് ചെന്ന് മുട്ടുന്നതിന്റെ ഫലമായി ആറാം ദിവസം അകത്ത് കടക്കുന്നു. ഗര്ഭപാത്രത്തിനകത്ത് തികഞ്ഞ അപരിചതത്വത്തോടെ ഒരു മൂലയില് അള്ളിപ്പിടിച്ചു നില്ക്കുന്ന ഭ്രൂണത്തിന്റെ ഭിന്ന സ്വഭാവങ്ങളും വളര്ച്ചയുടെ ഘട്ടങ്ങളോരോന്നും ഖുര്ആന് വളരെ വ്യക്തമായി പരാമര്ശിക്കുന്നു: ''ഒട്ടിപ്പിടിക്കുന്നതിനെ നാം മാംസ പിണ്ഡമാക്കി മാറ്റി. മാംസ പിണ്ഡത്തെ അസ്ഥികളാക്കുകയും അസ്ഥികളെ ഊനം തട്ടാത്ത മാംസംകൊണ്ട് ഉടുപ്പണിയിക്കുകയും ചെയ്തു.'' (ഖു: 23:14)
മേല് സൂക്തത്തിലുപയോഗിച്ച വാക്കുകളോരോന്നും വളരെ കൃത്യവും വസ്തുനിഷ്ഠവുമാണെന്ന് ഭ്രൂണശാസ്ത്രം ഇന്നു കണെ്ടത്തിയിരിക്കുന്നു. അറബിയില് ‘അട്ട’ എന്നര്ത്ഥമുള്ള 'അലഖ'യാണ് ഗര്ഭ പാത്രത്തിനകത്തു കടന്ന ഭ്രൂണിത്തിനുപയോഗിക്കുന്നത്. ഒരു ഭാഗത്ത് അള്ളിപ്പിടിച്ചു നില്ക്കുന്ന ഭ്രൂണത്തിന്റെ യഥാര്ത്ഥ ചിത്രം നല്കാന് ഇതിനേക്കാള് അനുയോജ്യമായ മറ്റൊരു പദം അറബിയിലില്ല. ഭ്രൂണത്തിന്റെ അടുത്ത ഘട്ടം വിവരിക്കാന് 'മുള്ഗ' എന്ന പദമാണ് സ്വീകരിച്ചിരിക്കുന്നത്. അറബിയില് ‘ചവച്ചു’ എന്നാണ് 'മളഗ'ക്കര്ത്ഥം. മാംസക്കഷ്ണമായി മാറിയ ഈ ഭ്രൂണത്തിന് സാധാരണ നിലയിലുള്ള മാംസ (ലഹം) ത്തിന്റെ സ്വഭാവമല്ല ഉള്ളത്. കടിച്ചു തുപ്പിയ വസ്തുവെപോലെ ഒരുതരം പതുപതുപ്പ് അതില് ദൃശ്യമാണ്. ചവച്ചു തുപ്പിയ പോലെ, പല്ലിന്റെ അടയാളങ്ങള്ക്ക് സമാനമായ പാടുകള് പോലും അതില് ദൃശ്യമാണെന്ന് ശാസ്ത്രജ്ഞര് വിശദീകരിക്കുന്നു. ശേഷം ഇതിനകത്ത് അസ്ഥിയും അതിനെ പൊതിഞ്ഞ് മാംസവും രൂപപ്പെടുന്നു. നാല് മാസത്തോടെ മനുഷ്യരൂപം പ്രാപിച്ച ഭ്രൂണത്തിന് വായുവും അന്നവും ആവശ്യമായ മുഴുവന് പരിരക്ഷകളും സംവിധാനിച്ച്-വളര്ച്ച പൂര്ണ്ണമാവുമ്പോള് വളരെ അത്ഭുതകരമായ നിലയില് ഭൂമിലോകത്തേക്ക് കടന്നു വരാന് വഴിയൊരുക്കുകയും ചെയ്യുന്നവന് എത്രമാത്രം പ്രതാപശാലിയാണ്.
ശരീരത്തിലെ അവയവങ്ങളായ കണ്ണ്, കാത്, മൂക്ക്, നാക്ക് എല്ലാം അവന് സൃഷ്ടിച്ചു. അറിവും ബോധവും നല്കി. പഞ്ചേന്ദ്രിയങ്ങളോരോന്നും ശരിപ്പെടുത്തി. ''അല്ലാഹു നിങ്ങളെ ഉമ്മമാരുടെ ഗര്ഭ പാത്രത്തില് നിന്നും പുറത്ത് കൊണ്ടുവന്നു. നിങ്ങള്ക്കപ്പോള് ഒന്നുമറിയില്ലായിരുന്നു. നിങ്ങള്ക്കവന് കേള്വിയും കാഴ്ചകളും ഹൃദയങ്ങളും നല്കുകയും ചെയ്തു''. (ഖു: 16:78) കാഴ്ചയെന്നത് അല്ലാഹു നല്കിയ എത്രവലിയ അനുഗ്രഹമാണ്. മനുഷ്യന് കുരങ്ങില് നിന്ന് പരിണമിച്ചുണ്ടായതാണെന്ന് സിദ്ധാന്തിച്ച ഡാര്വിന് കണ്ണിന്റെ സങ്കീര്ണ്ണതകള്ക്കു മുമ്പില് അത്ഭുതപ്പെട്ടുകൊണ്ട് നിര്ജീവ വസ്തുവില് നിന്ന് കണ്ണു പോലുള്ള ഒരവയവം എങ്ങനെ ഉണ്ടായി എന്നത് ഊഹിക്കാനാവുന്നില്ലെന്ന് പ്രസ്താവിച്ചുവത്രെ.
മനുഷ്യ സൃഷ്ടിയിലെ ഓരോഭാഗവും സൂക്ഷ്മമായി പരിശോധിച്ചാല് അല്ലാഹുവിന്റെ അജയ്യമായ സൃഷ്ടി വൈഭവം നമുക്ക് ബോധ്യമാവുന്നു. ഭൂമിയിലെ അഖില അഖില വസ്തുക്കളും മനുഷ്യനു വേണ്ടിയാണ് സൃഷ്ടിച്ചത്. എന്നാല് മനുഷ്യരായ നമ്മെ എന്തിനു വേണ്ടിയാണ് സൃഷ്ടിച്ചത്? നാം ഒരു തെങ്ങ് നടുന്നത് നാളികേരം ലഭിക്കാന് വേണ്ടിയാണ്. ഒരു നേട്ടവുമില്ലാത്ത ഒരു വൃക്ഷം ഒരാള് നട്ടുവളര്ത്തുമോ? ഇതുപോലെ നമ്മെയും അല്ലാഹു വെറുതെ സൃഷ്ടിച്ചതല്ല. ''നാം നിങ്ങളെ വെറുതെയാണ് സൃഷ്ടിച്ചതെന്ന് ധരിക്കുന്നുണേ്ടാ''(ഖു: 23:115) ഈ പ്രപഞ്ചത്തിലെ ഏറ്റവും ഉല്കൃഷ്ടനായ ജീവിയാണല്ലോ മനുഷ്യന്. ഭൂമിയിലെ സകല വസ്തുക്കളുമവന് കീഴ്പ്പെടുത്തി കൊടുത്തു. ''നിശ്ചയം ആദം സന്തതികളെ നാം ആദരിച്ചു കടലിലും കരയിലും നാം അവനെ വാഹനത്തില് കയറ്റി.'' (ഖു: 17:70) മനുഷ്യനെക്കാള് കരുത്തും കായിക ബലവുമുള്ള ജീവികള് പോലും അവനു മുമ്പില് തല ഉയര്ത്തി നില്ക്കുന്നില്ല. ഇത്രമാത്രം ആദരണീയനായ മനുഷ്യനെ സൃഷ്ടിച്ചത് ഏറ്റവും ഉല്കൃഷ്ട്ായ അല്ലാഹുവിനെ ആരാധിക്കുകയെന്ന ലക്ഷ്യത്തിനു വേണ്ടിയാണ്. ''മനുഷ്യ ഭൂത വര്ഗത്തെ എന്നെ ആരാധിക്കാനല്ലാതെ ഞാന് പടച്ചിട്ടില്ല.'' (ഖു: 51:56)
ഭൂമിയെ ഒരു വീടായി നല്കിയ, അതിലെ സകലമാന ആനുകൂല്യങ്ങളും അനുഭവിക്കാനവസരം നല്കിയ അല്ലാഹു മനുഷ്യനെ അതിന്റെ അവകാശിയായി നിശ്ചയിച്ചത് തന്നെ ആരാധിക്കാനും അനുസരിക്കാനുമാണ്. അവനെ ആരാധിച്ചാലും ഇല്ലെങ്കിലും ഭൗതിക ലോകത്ത് അവന്റെ ആനുകൂല്യങ്ങള് അനുവദിച്ചു കൊടുക്കുന്നതില് യാതൊരു ഭംഗവും വരുത്തുകയില്ല. എന്നാല് താല്ക്കാലികമായ ഈ സംവിധാനം തകര്ന്ന് പുതിയ ഒരു ലോകക്രമം കൈവരുമ്പോഴാണ് അനുസരിച്ചവന് പ്രതിഫലവും നിഷേധിച്ചവന് പ്രത്യാഘാതവും നേരിടുക. ഈയൊരു രംഗം വിശദീകരിക്കാന് വേണ്ടി ഖുര്ആനിലെ വലിയൊരു ഭാഗം മാറ്റിവെക്കപ്പെട്ടിരിക്കുന്നു.
''സൂര്യന് കെട്ടണയുമ്പോള്'' (ഖു: 81:1) ''നക്ഷത്രങ്ങള് ഇടിഞ്ഞു വീഴുമ്പോള്''(ഖു: 82:2) ''കടലുകള് കത്തിയെരിയുമ്പോള്, ഭൂമി അതിന്റെ കിടിലം കൊള്ളലാരംഭിച്ചാല്''(ഖു: 99:1) തുടങ്ങി വിവിധ സൂക്തങ്ങളിലൂടെ പ്രപഞ്ചത്തിലെ ഗോളങ്ങള് മുഴുവന് കത്തിച്ചാമ്പലാവുകയും പൊട്ടിത്തകര്ന്ന് പോവുകയും ചെയ്യുന്ന ദൗര്ഭാഗ്യകരമായ രംഗങ്ങളുടെ ഭീതിത ദൃശ്യങ്ങളോരോന്നും വിശദീകരിക്കുന്നുണ്ട്. സൗരയൂഥത്തിന്റെ കേന്ദ്രമായ സൂര്യന് കെട്ടണഞ്ഞു പോവുന്നതാണ് ഇതിന്റെ പ്രാരംഭ ദശയായി സൂചിപ്പിക്കപ്പെടുന്നത്. ഇത്തരമൊരു സാഹചര്യം അധികമൊന്നും ദൂരയല്ലെന്ന പൊള്ളുന്ന സത്യം പാശ്ചാത്യലോകം വലിയ ഉല്കണ്ഠയോടെയാണ് ഇന്ന് വിലയിരുത്തിക്കൊണ്ടിരിക്കുന്നത്. പാശ്ചാത്യലോകത്ത് വെളിച്ചം കാണുന്ന പല ഭാവാനാ സൃഷ്ടികളിലും നോവലുകളിലും നിറഞ്ഞു നില്ക്കുന്നത് ഈ യാഥാര്ത്ഥ്യമാണ്.
മത ശാസ്ത്ര പക്ഷങ്ങള്
ദൈവവിശ്വാസത്തിന്റെ പ്രമാണങ്ങളിലൊന്നായാണ് ഇസ്ലാം ശാസ്ത്രത്തെ വീക്ഷിക്കുന്നത്. അവ രണ്ടും ശത്രുക്കളല്ല; പരസ്പരപോഷകങ്ങളാണ്. മതം ശാസ്ത്രത്തിനും ശാസ്ത്രം മതത്തിനും പരസ്പരം ഊര്ജ്ജവും ദിശാബോധവും പകരുന്ന രണ്ട് സ്വതന്ത്ര മേഖലകളാണ്. ശരിയായ മതബോധമില്ലാത്ത ശാസ്ത്രം അപൂര്ണ്ണമാണ്. ശാസ്ത്രവളര്ച്ചക്ക് തുരങ്കം വെക്കുന്ന മതം സങ്കുചിതവുമാണ്.
മതവും ശാസ്ത്രവും തമ്മിലുള്ള ശത്രുത ക്രൈസ്തവതയുടെ സൃഷ്ടിയാണ്. നാസ്തികതയും ആസ്തികതയും കൂടിക്കുഴഞ്ഞു കിടന്നിരുന്ന ഗ്രീക്ക് ചിന്താധാരകളുമായുള്ള മിശ്രണമാണ് ഈ വികല ധാരണക്കാധാരം. പ്രാചീന ഗ്രീക്കുകാര്ക്കിടയില് ഒരു ഐതിഹ്യമുണ്ടായിരുന്നു. മനുഷ്യപൂര്വ്വികരിലൊരാളായ പ്രോമിത്യൂസ് ദൈവത്തെയും മാലാഖമാരെയും മറികടന്ന് സ്വര്ഗ്ഗലോകത്തു നിന്ന് ആവാഹിച്ചെടുത്ത പ്രകാശമാണ് മനുഷ്യ ഹൃദയങ്ങളില് വെളിച്ചവും ജ്ഞാന പ്രചോദകവുമായി വര്ത്തിച്ചത് എന്ന് അവരിലൊരു വിഭാഗം വിശ്വസിച്ചുവരുന്നു. ദൈവത്തെ പ്രതിനിധീകരിക്കുന്ന മതവും ഭൗതിക വിജ്ഞാനത്തെ പ്രതിനിധാനം ചെയ്യുന്ന ശാസ്ത്രവും തമ്മിലുള്ള അകലം വര്ദ്ധിപ്പിക്കുന്നതില് കഴമ്പില്ലാത്ത ഈ കെട്ടുകഥക്ക് വളരെ വലിയ സ്വാധീനമുണ്ട്.
ഇതനുസരിച്ച് മനുഷ്യന്റെ ശാസ്ത്രപുരോഗതിയെ ദൈവം നീരസത്തോടെയാണ് നോക്കിക്കാണുന്നത്. കാരണം ദൈവകരങ്ങളില് നിന്ന് മനുഷ്യന് മോചനം നേടാനുള്ള മാര്ഗമാണ് ശാസ്ത്രം. ശാസ്ത്ര രംഗത്ത്, മനുഷ്യന് ഓരോ അടി മുമ്പോട്ട് വെക്കുമ്പോഴും ദൈവം ഒരിഞ്ച് പിന്വലിയാന് നിര്ബന്ധിതനാവുന്നുവെന്നര്ത്ഥം. 'പ്രപഞ്ചത്തെ കീഴടക്കുക' 'ചന്ദ്രനില് ആധിപത്യമുറപ്പിക്കുക' തുടങ്ങിയ, നാം സാധാരണ ഉപയോഗിക്കാറുള്ള ഭാഷാ ശൈലികള് പോലും ഇത്തരമൊരു വീക്ഷണത്തിന്റെ ശേഷിപ്പുകളാണ്.
രണ്ടാം നൂറ്റാണ്ടില് ഗ്രീസിലും റോമിലും ലക്ഷക്കണക്കിനാളുകള്ക്ക് കൂട്ടത്തോടെ ക്രൈസ്തവതയിലേക്ക് ചേക്കേറേണ്ടിവന്നു. തങ്ങളുടെ പരമ്പരാഗത വിശ്വാസൈതിഹ്യങ്ങളൊന്നും അവര് കൈവെടിഞ്ഞിരുന്നില്ല. ക്രിസ്തുമതത്തിനങ്ങനെ ഒരു നിര്ബന്ധ ബുദ്ധിയുമുണ്ടായിരുന്നില്ല. തദ്ഫലമായി പ്രപഞ്ചം, സൂര്യന്, ഭൂമി എന്നിവയെക്കുറിച്ച് അരിസ്റ്റോട്ടിലും സോക്രട്ടീസും പറഞ്ഞുവെച്ച കാഴ്ചപ്പാടുകളത്രയും ചര്ച്ച് അംഗീകരിക്കുകയും ബൈബിളില് പോലും അവക്കിടം നല്കുകയും ചെയ്തു. അതിന്റെ ഭാഗമെന്നോണം പ്രോമിത്യൂസിനെക്കുറിച്ചുള്ള ഐതിഹ്യം ആദമിന്റെ സ്വര്ഗാരോഹണക്കഥയുമായി കൂടിക്കലര്ന്നു. പ്രോമിത്യൂസ് ആദമും, അകത്താക്കിയ ഫലം അറിവിന്റേതുമായി ചിത്രീകരിക്കപ്പെട്ടു. അറിവും ശാസ്ത്രബോധവുമൊക്കെ ദൈവ വിശ്വാസത്തില് നിന്ന് മനുഷ്യനെ പിന്തരിപ്പിക്കുന്ന ഘടകങ്ങളാണെന്ന ധാരണ വളര്ന്നുവന്നു.
ബൈബിള് നേരത്തെ അംഗീകാരം നല്കിയ നിഗമനങ്ങള്ക്കെതിരെയുള്ള ആശയങ്ങള്, അവക്ക് എത്ര തന്നെ ബൗദ്ധിക പ്രമാണങ്ങളുടെ പിന്ബലമുണെ്ടങ്കിലും ദൈവനിരാസമായി മുദ്രകുത്തപ്പെട്ടു. അതിനോട് ഔദ്ധത്യം കാണിക്കുന്ന ശാസ്ത്രഗവേഷകരെ കൈകാര്യം ചെയ്യാന് ‘ഇന്ക്യൂസിഷന് കോര്ട്ട്’ എന്ന കുറ്റാന്വേഷണ വിഭാഗം നിലവില് വന്നു. തുടര്ന്ന്, ഗലീലിയോ, ബ്രൂണെ, കെപ്ലര് തുടങ്ങി നിരവധി ശാസ്ത്രജ്ഞര് ചര്ച്ചിന്റെ കൊലക്കോ ക്രൂര പീഡനങ്ങള്ക്കോ വിധേയരായി. നവോത്ഥാന യുഗം പുലര്ന്നതോടെ ശാസ്ത്രം ചര്ച്ചിന്റെ ഉരുക്കു മുഷ്ടികളില് നിന്നു കുതറിമാറി അനതിവിദൂരം മുന്നോട്ട് സഞ്ചരിച്ചു കഴിഞ്ഞിരുന്നു. മുന്നിലെത്തിയ ശാസ്ത്രം പന്നിലുള്ള മതത്തെ നോക്കി പഴഞ്ചന്, പിന്തിരിപ്പന് എന്നൊക്കെ പരിഹസിച്ചു.
ഇസ്ലാമിന് ഒരുകാലത്തും ശാസ്ത്രവുമായി സംഘട്ടനത്തിലേര്പ്പെടേണ്ട ഗതികേടുണ്ടായിട്ടില്ല. മുസ്ലിം ലോകത്ത് ഒരു കാലത്തും ഒരു ‘ഇന്ക്യുസിഷന് കോടതി്’ ഉണ്ടായിട്ടുമില്ല. കാലോചിതമായ ശാസ്ത്ര നിഗമനങ്ങള്ക്കനുസരിച്ച് മതത്തെ വ്യാഖ്യാനിക്കാന് ശ്രമിച്ചവരെത്തന്നെ പില്ക്കാലത്ത് തിരുത്തിയിട്ടുമുണ്ട്. മുസ്ലിംകളെ ശാസ്ത്രരംഗത്ത് മുന്നേറാന് സഹായിച്ചത് പണ്ഡിതസഭയുടെ പ്രചോദനവും ഭരണകൂടത്തിന്റെ നിര്ലോഭ പിന്തുണയുമായിരുന്നു. ഒട്ടുമിക്ക മുസ്ലിം ശാസ്ത്രജ്ഞരും ഇസ്ലാമിക വിജ്ഞാനീയങ്ങളില് അഗാധജ്ഞാനം നേടിയവര് കൂടിയായിരുന്നു. അതുകൊണ്ടു തന്നെ പ്രാചീന ഗ്രീക്കിലും റോമിലും പേര്ഷ്യയിലുമുണ്ടായിരുന്ന വിജ്ഞാനങ്ങള് അവര് അഭ്യസിച്ചിരുന്നെങ്കിലും ഇസ്ലാമേതര ഐതിഹ്യങ്ങളും വിശ്വാസ ദര്നങ്ങളും നുഴഞ്ഞുകയറി ഇസ്ലാമിന്റെ ശുദ്ധതയെ കളങ്കപ്പെടുത്തുന്നത് ഒരു പരിധിവരെ പ്രതിരോധിക്കാനും ഇസ്ലാമിക അടിസ്ഥാനങ്ങള്ക്കനുസരിച്ച് അവക്ക് പുതിയ വ്യാഖ്യാനങ്ങള് നല്കാനുമവര്ക്ക് സാധിച്ചു.
നിലവിലുള്ള ശാസത്രീയ വീക്ഷണങ്ങളില് മതവിരുദ്ധമായവയെ അണ്ണാക്ക് തൊടാതെ വിഴുങ്ങാന് മുസ്ലിം ചിന്തകര് തയ്യാറായില്ല. ഇസ്ലാമിക പരിപ്രേക്ഷ്യത്തലവയുടെ യഥാര്ത്ഥ വശം കണെ്ടത്താനാണവര് ശ്രമിച്ചത്. കാര്യകാരണ ബന്ധങ്ങളുടെ ആദ്യന്തികതയില് വിശ്വസിച്ചു പോന്ന ചിന്താരീതിക്ക്, ഇസ്ലാമിക വിജ്ഞാനീയങ്ങളില് അഗാധജ്ഞാനം നേടിയ ഇമാം ഗസ്സാലി(റ) പുതിയ വ്യാഖ്യാനം നല്കി. (പ്രപഞ്ചത്തില് ഒരു കാര്യം സംഭവിക്കുന്നത് അതിനാവശ്യമായ കാരണങ്ങള് ഒത്തു ചേരുമ്പോഴാണ്. ഇത്തരം കാണങ്ങളുടെ കണ്ടുപിടിക്കലാണ് ശാസ്ത്രത്തിന്റെ ലക്ഷ്യം.) കാരണങ്ങളൊത്തു ചേരുമ്പോഴൊക്കെ കാര്യങ്ങള് സംഭവിക്കണമെന്നില്ലെന്നും കാരണങ്ങളുടെ കാരണക്കാരാനായ സ്രഷ്ടാവിന്റെ ഉദ്ദേശ്യം കൂടി അനുകൂലമായാലേ കാര്യങ്ങള് സംഭവിക്കൂ എന്നും, കാരണങ്ങളൊന്നുമില്ലെങ്കിലും കാര്യം സംഭവിക്കാമെന്നും അദ്ദേഹം സിദ്ധാന്തിച്ചു. പ്രാപഞ്ചിക കാര്യനിര്വ്വഹണത്തില് ദൈവ സാന്നിധ്യം അപ്രസക്തമാണെന്ന ഭൗതികവാദത്തില് നിന്നുള്ള ഇസ്ലാമിക ശാസ്ത്രചിന്തയുടെ ചുവടുമാറ്റമാണിതിലൂടെ സംഭവിച്ചത്. ഇതുപോലെ ഭൗതിക-തത്ത്വശാസ്ത്ര വീക്ഷണങ്ങള് മതവുമായി വൈരുദ്ധ്യം വെച്ചു പുലര്ത്തുന്നിടത്തൊക്കെ ഇസ്ലാമിന്റെ യുക്തി ഭദ്രത തെളിവു സഹിതം സമര്ത്ഥിക്കാനാണ് മുസ്ലിം പണ്ഡിത•ാര് ശ്രമിച്ചത്.
പരിശുദ്ധ ഖുര്ആന്റെ സൂചനകളും പ്രവാചകരുടെ തിരുമൊഴികളുമാണ് മുസ്ലിംകളെ ശാസ്ത്ര രംഗത്തേക്ക് തിരിച്ചുവിട്ടത്. ഇടക്ക് പേര്ഷ്യ, റോം, ഗ്രീക്ക് തുടങ്ങിയ സംസ്കാരങ്ങളില് നിന്നു കൈമാറിക്കിട്ടിയ ഗ്രന്ഥങ്ങള് അവര്ക്ക് വഴിതെളിയിച്ചുട്ടുണ്ട് എന്നത് നിഷേധിക്കേണ്ടതില്ല. അബ്ബാസീ കാലഘട്ടമാവുമ്പോഴേക്കും ബഗ്ദാദും കോര്ദോവയും കേന്ദ്രീകരിച്ച് ഒരു കുതിച്ചുചാട്ടം തന്നെ സാധ്യമായി. യുദ്ധ കോലാഹലങ്ങളില്ലാത്ത സ്വതന്ത്രഗവേഷണത്തിനുതകുന്ന, സാഹചര്യം അന്നാണ് സംജാതമായത് എന്നതായിരിക്കാം ശാസ്ത്ര പുരോഗതിയെ ഇത്രയെങ്കിലും പിന്തിപ്പിച്ചത്. മറുവശത്ത് യൂറോപ്യന് നാടുകളില് ശാസ്ത്രം അപ്പോഴും ചര്ച്ചിന്റെ തടവറയിലായിരുന്നു.
ശാസ്ത്രത്തിന്റെ വളര്ച്ച അല്ലാഹുവിന്റെ ശക്തി വിശേഷങ്ങളെയും അനുഗ്രഹങ്ങളെയും കൂടുതല് ഉള്ക്കൊണ്ട് അവനിലേക്ക് അടുക്കുവാനുള്ള അവസരമായാണ് ഇസ്ലാം വിലയിരുത്തുന്നത്. കണ്ണ്, കാത് എന്നിവ പോലെ ബുദ്ധി ഉപയോഗിച്ച് പുതിയ മേഖലകളും സൗകര്യങ്ങളും കണ്ടുപിടിക്കുന്നതിനെ അഹങ്കാരത്തിന്റെയും ദൈവനിന്ദയുടെയും ഉപാധിയായി സ്വീകരിക്കുമ്പോഴാണ് ഇസ്ലാം അതിനെ വിമര്ശിക്കുന്നത്. ഖാറൂന്, ഫിര്ഔന് തുടങ്ങിയവര് അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ ദൈവ നിന്ദക്ക് വേണ്ടി ദുരുപയോഗപ്പെടുത്തിയപ്പോള് അല്ലാഹു അവരെ നശിപ്പിച്ചു. എന്നാല് കാറ്റ് കീഴ്പ്പെടുത്തപ്പെട്ട സുലൈമാന് (അ)ഉം ഇരുമ്പ് കുഴമ്പാക്കാനുള്ള സവിശേഷ കഴിവ് നല്കപ്പെട്ട ദാവൂദ്(അ)ഉം അല്ലാഹുവിന്ന് കൂടുതല് കൃതജ്ഞത രേഖപ്പെടുത്തിയ ഭാഗം ഖുര്ആന് വീണ്ടും വീണ്ടും എടുത്ത് പറയുന്നു. ഇതുപോലെ ശാസ്ത്രീയ നേട്ടങ്ങളോരോന്നും മനുഷ്യനെ കൂടുതല് വിനീതനും ദൈവഭക്തനുമാക്കി മാറ്റുകയാണ് വേണ്ടത്.
താന് ജീവിക്കുന്ന പ്രപഞ്ചത്തെക്കുറിച്ചും ചുറ്റുപാടുമുള്ള വസ്തുക്കളെക്കുറിച്ചുമൊന്നും ചിന്തിക്കാതെ അടഞ്ഞ കണ്ണുകളും ഇരുള് മൂടിയ ഹൃദയവുമായി ജീവിതം തുലക്കുന്ന ചിന്താവിഹീനരെ ഖുര്ആന് നിശിതമായി വിമര്ശിക്കുന്നു. ''അവര്ക്കെന്തു പറ്റി അവരുടെ ഹൃദയം പൂട്ടുവെച്ച് അടക്കപ്പെട്ടുവോ''(ഖു: 47:24) എന്നാണ് ഖുര്ആന് ചോദിക്കുന്നത്.
എന്നാല് പ്രാപഞ്ചിക പ്രതിഭാസങ്ങള് കണ്ട്, അവയുടെ സംഭവ്യകാരണങ്ങളന്വേഷിക്കുകയോ, അവയെ സൃഷ്ടിച്ച അല്ലാഹുവിന്റെ സൃഷ്ടി വൈഭവങ്ങളിലേക്ക് കണ്ണെത്തിക്കാന് ശ്രമിക്കുകയോ ചെയ്യാതെ, ആകാശം, ഭൂമി, സൂര്യന് തുടങ്ങിയവയെ ദേവികളും ദേവ•ാരുമാക്കി ആരാധിക്കുന്ന ബുദ്ധിഹീനതയെ ഖുര്ആന് ശക്തമായെതിര്ക്കുന്നു. ''നിങ്ങള് സൂര്യനെയോ ചന്ദ്രനെയോ ആരാധിക്കരുത്. അവയെ സൃഷ്ടിച്ച അല്ലാഹുവിനെ ആരാധിക്കുക''(ഖു: 41:37). പ്രാചീന ഇന്ത്യയിലും റോമിലും ചൈനയിലുമുള്ള ജനങ്ങളെല്ലാം ഈ അബദ്ധത്തിന്റെ വക്താക്കളായിരുന്നു.