നൌഷാദ്‌ അഹ്‌സനിയും സംഘവും കാന്തപുരംവിഭാഗം വിട്ടു

കാന്തപുരം വിഭാഗം വിട്ട നൌഷാദ്‌ അഹ്‌സനി ഒതുക്കുങ്ങല്‍ പാണക്കാട്‌  ഹൈദരലിതങ്ങളടക്കമുള്ള സമസ്‌ത നേതാക്കളോടൊപ്പം
കോഴിക്കോട്: പ്രവാചകന്റെ പേരില്‍ വ്യാജ കേശം ഉപയോഗിച്ച് നടക്കുന്ന സാമ്പത്തിക ആത്മീയ ചൂഷണത്തിന്റെ പൊള്ളത്തരങ്ങള്‍ തിരിച്ചറിഞ്ഞ സാഹചര്യത്തില്‍ കാന്തപുരം വിഭാഗത്തിലെ പ്രമുഖ പ്രഭാഷകനും പണ്ഡിതനുമായ നൗഷാദ് അഹ്‌സനി ഒതുക്കങ്ങലും സംഘവും സംഘടന വിട്ടു. കഴിഞ്ഞ മൂന്ന് വര്‍ഷമായി കേരളത്തില്‍ നടന്ന് വരുന്ന കേശ വിവാദത്തില്‍ കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാരുടെ പ്രവര്‍ത്തനങ്ങളെ ന്യായീകരിച്ച് സംസ്ഥാനത്തിനകത്തും പുറത്തും വ്യാപകമായ പ്രചരണത്തിന് നേതൃത്വം കൊടുത്ത പ്രമുഖ പ്രഭാഷകനാണ് അദ്ദേഹം. തല്‍സംബന്ധമായ സംവാദങ്ങള്‍ക്ക് നേതൃത്വം നല്‍കാനും സംഘടന നിയോഗിച്ചിരുന്നത് അഹ്‌സനിയെയായിരുന്നു. കാന്തപുരം വിഭാഗം കേശ വിവാദത്തിലൂടെയും ആദര്‍ശ പ്രശ്‌നങ്ങളിലൂടെയും വിശ്വാസികള്‍ക്ക് അണിനിരക്കാന്‍ പറ്റാത്ത ഒരു സംഘമായി മാറിയിരിക്കുന്നതിനാല്‍ തുടര്‍ന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കീഴില്‍ പ്രവര്‍ത്തിക്കാനാണ് താല്‍പര്യമെന്ന് നൗഷാദ് അഹ്‌സനി അറിയിച്ചു.
തന്റെ ഈ ആവശ്യം അറിയിച്ച് സമസ്ത ഉപാധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെയും സമസ്ത ജന.സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരെയും നൗഷാദ് അഹ്‌സനി നേരില്‍ കണ്ട് അനുമതി വാങ്ങി. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ട് പി.കെപി അബ്ദുസ്സലാം മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി കോട്ടുമല ടി.എം ബാപ്പുമുസ്‌ലിയാര്‍, പ്രഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് എന്നിവരെയും അദ്ദേഹം സന്ദര്‍ശിച്ചു.
 കാന്തപുരം വിഭാഗം വിട്ട പ്രമുഖര് ശനിയാഴ്‌ച കോഴിക്കോട്‌ നടക്കുന്ന സമസ്‌ത ആദര്‍ശ സമ്മേളനത്തില്‍ സംബന്ധിക്കും.