കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പൊളിച്ചെഴുതണം. പിണങ്ങോട് അബൂബക്കര്‍ മുസ്ലിയാർ

ചേളാരി: മാധവ്‌സിംഗ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പ്രാഥമിക ചര്‍ച്ചകള്‍പോലും നടത്താതെ ഗ്രാമസഭകളും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും തിരിച്ചയച്ചതിനെ തുടര്‍ന്നു അധിക ഗൃഹപാഠം ചെയ്യാതെ തയ്യാറാക്കിയ കസ്തുരിരംഗന്‍ റിപ്പോര്‍ട്ട് പൊളിച്ചെഴുതേണ്ടതുണ്ടെന്ന് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജര്‍ പിണങ്ങോട് അബൂബക്കര്‍ മുസ്ലിയാർ പറഞ്ഞു.
പരിസ്ഥിതി ലോല പ്രദേശം, അതിലോല പ്രദേശം എന്നിങ്ങനെ പശ്ചിമഘട്ട മലനിരകളെ വേര്‍തിരിച്ചത് സമ്പൂര്‍ണ്ണ പഠനങ്ങള്‍ ആധാരമാക്കിയല്ല. പരിസ്ഥിതി ആഗാത മേഖലകള്‍ സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണ്. എന്നാല്‍ വലിയ ജനസാന്ദ്രതയും, കൃഷിയും നടക്കുന്ന പ്രദേശങ്ങളുടെ മേല്‍ പുതിയ നിയന്ത്രണങ്ങള്‍ വെക്കുമ്പോള്‍ ഉണ്ടാവാനിടയുള്ള ആവാസ വ്യവസ്ഥകളും, ബദല്‍ പുനരധിവാസ പാക്കേജുകളും രൂപപ്പെടേണ്ടതുണ്ട്. 
സഹ്യസാനുക്കളില്‍ നൂറ്റാണ്ടുകളായി മണ്ണിനോട് മല്ലടിച്ചു കഴിയുന്ന കര്‍ഷകരെ ഒറ്റയടിക്ക് ആവഗണിക്കാനാവില്ല. സഭകളും, സഭാനേതൃവും, സംഘടനകളും ഉയര്‍ത്തുന്നത് ജനകീയ വികാരമാണ്.
വന്യജീവികള്‍ക്കെന്നപോലെ മനുഷ്യര്‍ക്കും സംരക്ഷണം ലഭിക്കേണ്ടതുണ്ട്. ജൈവ സമ്പത്തും സംരക്ഷിക്കപ്പെടണം. ജനകീയ ചര്‍ച്ചകളും, സമഗ്രപഠനങ്ങളും നടത്തിവേണം ഇത്തരം നിയമ നിര്‍മ്മാണങ്ങള്‍ നടത്തേണ്ടത്. 123 വില്ലേജുകളിലെ ജനങ്ങളുടെ ഭയവും, ആശങ്കയും തീര്‍ക്കാതെ ഒരു സര്‍ക്കാറും മുന്നോട്ട് പോകുന്നത് ശരിയല്ലന്നും അദ്ദേഹം പറഞ്ഞു.