ജാമിഅ: അസ്അദിയ്യ വാര്‍ഷിക സമ്മേളനം

പാപ്പിനിശ്ശേരി: സമസ്ത കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ കീഴിലുള്ള പാപ്പിനിശ്ശേരി ജാമിഅ: അസ്അദിയ്യ ഇസ്‌ലാമിയ അറബിക് ആന്‍ഡ് ആര്‍ട്‌സ് കോളേജ് ഇരുപതാം വാര്‍ഷികവും സനദ്ദാന സമ്മേളനവും പാപ്പിനിശ്ശേരി വെസ്റ്റ് ഇല്ലിപ്പുറത്ത് തുടങ്ങി. തെക്കുമ്പാട് കുഞ്ഞഹമ്മദ് മുസലിയാറിന്റെ കാര്‍മികത്വത്തില്‍ പി.കെ.പി.അബ്ദുള്‍സലാം മുസ്‌ലിയാര്‍ പതാക ഉയര്‍ത്തി.

അറബിക് കോളേജ് അങ്കണത്തില്‍ നടന്ന സനദ്ദാന സമ്മേളനം സംസ്ഥാന സുന്നി ബാലവേദി പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമിദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് അസ്‌ലം മഷ്ഹൂര്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. ബി.പി.അബ്ദുള്‍ഗഫൂര്‍ ഹാജി സുവനീര്‍ പ്രകാശനം ചെയ്തു. അബ്ദുള്‍നാസര്‍ ഫൈസി മുഖ്യപ്രഭാഷണം നടത്തി. യു.എം.അബ്ദുള്‍റഹിമാന്‍ മുസ്‌ലിയാര്‍, എം.എം.ഖാസിം മുസ്‌ലിയാര്‍, വി.കെ.അബ്ദുള്‍ഖാദര്‍ മൗലവി, കെ.പി.നൂറുദ്ദീന്‍, മലയമ്മ അബൂബക്കര്‍ ബാഖവി, മാണിയൂര്‍ അബ്ദുള്‍റഹ്മാന്‍ ഫൈസി, കെ.എം.സൂപ്പി, സി.എച്ച്.അബൂബക്കര്‍ ഹാജി എന്നിവര്‍ പ്രസംഗിച്ചു. എ.കെ.അബ്ദുബാഖി സ്വാഗതവും പി.കെ.ഇബ്രാഹിം മൗലവി നന്ദിയും പറഞ്ഞു.

ഉദ്ഘാടനത്തിന്റെ ഭാഗമായി പാപ്പിനിശ്ശേരി മൂന്നുപെറ്റുമ്മ പള്ളി പരിസരത്തുനിന്ന് കോളേജ് ക്യാമ്പസിലേക്ക് ഘോഷയാത്രയുണ്ടായി. ശനിയാഴ്ച നടക്കുന്ന വിവിധ സമ്മേളനങ്ങളില്‍ കൃഷിമന്ത്രി കെ.പി.മോഹനന്‍, കെ.സുധാകരന്‍ എം.പി., എ.പി.അബ്ദുള്ളക്കുട്ടി എം.എല്‍.എ. എന്നിവര്‍ പങ്കെടുക്കും.