ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ മതം ഇസ്‌ലാം; ഉത്തരേന്ത്യ മുസ്‌ലിം സാന്ദ്രതയേറിയ പ്രദേശം

ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ മതം ഇസ്‌ലാമാണെന്ന് പുതിയ പഠനഫലം. Pew Forum on Religion and Public Life ഈയടുത്ത് ‘ഗ്ലോബല്‍ റിലീജ്യസ് ലാന്‍ഡ്സ്കേപ്പ്’ എന്ന പേരില്‍ നടത്തിയ പഠനമാണ് ആഗോളമുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ഏറെ പ്രതീക്ഷയുളവാക്കുന്ന ഈ ഫലം പുറത്തു കൊണ്ടുവന്നിരിക്കുന്നത്.
6.9 ബില്യന്‍ വരുന്ന ലോകജനസംഖ്യയുടെ 1.6 ബില്യനും മുസ്‌ലിംകളാണ്. അത് ലോകനജസംഖ്യയുടെ 23 ശതമാനം വരും. 2.2 ബില്യന്‍ വരുന്ന ക്രിസ്ത്യാനികളാണ് ലോകവിശ്വാസികളുടെ പട്ടികയില് ഒന്നാം സ്ഥാനത്ത്. ക്രിസ്ത്യാനികള്‍ ലോക ജനസംഖ്യയുടെ 32 ശതമാനം വരുമ്പോള്‍ ഹിന്ദുക്കള്‍ 15 ശതമാനം മാത്രമാണ്. ബുദ്ധമതക്കാര്‍ 7 ശതമാനത്തോളം വരുമ്പോള്‍ ലോക ജനസംഖ്യയിലെ ജൂതന്മാരുടെ ശതമാനം 0.2 മാത്രമാണ്.
ആഗോള മുസ്‌ലിംകളിലെ 87-90 ശതമാനം പേരും സുന്നികളാണെന്നും 10-13 ശതമാനം വരെ മാത്രമെ ശിയാ വിശ്വാസക്കാരുള്ളൂവെന്നും പഠനം വ്യക്തമാക്കുന്നുണ്ട്. മുസ്‌ലിംകളിലെ 62 ശതമാനം ആളുകളും ഏഷ്യാ-പസിഫിക് പ്രദേശത്താണ് വസിക്കുന്നത്. ആറ് ശതമാനം യൂറോപ്പിലും ഓരോ ശതമാനം വീതം ലാറ്റിനമേരിക്കയിലും വടക്കേ അമേരിക്കയിലും വസിക്കുന്നു.

47 ലോകരാജ്യങ്ങളില്‍ മുസ്‌ലിംകളാണ് ഭൂരിപക്ഷമെങ്കില്‍ 157 രാജ്യങ്ങളില്‍ ക്രിസ്ത്യാനികള്‍ക്കാണ് ഭൂരിപക്ഷം. ലോകജനസംഖ്യയില്‍ യുവാക്കള്‍ കൂടുതലുള്ളത് മുസ്‌ലിം വിഭാഗത്തിലാണെന്നും പഠനം വ്യക്തമാക്കുന്നുണ്ട്.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം മുസ്‌ലിംകള്‍ ജനസംഖ്യയുടെ 14 ശതാമനം മാത്രം വരുന്ന ന്യൂനപക്ഷമാണെങ്കിലും, ഉത്തരേന്ത്യ ആഗോളാടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല് മുസ്‌ലിംസാന്ദ്രതയുള്ള പ്രദേശങ്ങളിലൊന്നാണ്.ഇന്തനേഷ്യ കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്ലിംകളുള്ളത് ഇന്ത്യയിലാണ്. ഇന്തോനേഷ്യ, ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, നൈജീരിയ, ഈജിപ്ത്, ഇറാന്‍, തുര്‍ക്കി, അള്‍ജീരിയ, മൊറോക്കോ തുടങ്ങിയ പത്തുരാജ്യങ്ങളിലാണ് ആഗോള മുസ്‌ലിംകളുടെ മൂന്നില് രണ്ടുഭാഗവും വസിക്കുന്നത്- പഠനം വ്യക്തമാക്കുന്നു.

2.500 ലേറെ സെന്‍സസുകള്‍, ജനസംഖ്യാ റജിസ്റ്ററുകള്‍, സര്‍വേകള്‍ എന്നിവ അടിസ്ഥാനമാക്കിയാണ് ഈ പഠനം നടത്തിയിട്ടുള്ളത്.