ന്യൂന പക്ഷ രക്ഷ വിദ്യാഭ്യാസത്തിലൂടെ മാത്രം; അന്‍വര്‍ മാനിപ്പാടി

തിരൂരങ്ങാടി : ന്യൂന പക്ഷ രക്ഷ വിദ്യാഭ്യാസത്തിലൂടെ മാത്രമാണെന്നും കേരള മുസ്‌ലിം നവോത്ഥാനത്തിന്‌ ദാറുല്‍ ഹുദ നിര്‍വഹിച്ച പങ്ക്‌ അനിഷേധ്യമാണെന്നും ഇന്ത്യയാകമാനം ഈ മാതൃക പിന്തുടരണമെന്നും കര്‍ണാടക ന്യൂന പക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അന്‍വര്‍ മാനിപ്പാടി അഭിപ്രായപ്പെട്ടു. ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റിയില്‍ ഒരുക്കിയ സ്വീകരണ പരിപാടിയില്‍ സംബന്ധിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആന്ദ്രാപ്രദേശിലും മഹാരാഷ്‌ട്രയിലും ബംഗാളിലുമെന്ന പോലെ കര്‍ണാടകയിലും ദാറുല്‍ ഹുദാ ഓഫ്‌ കാമ്പസ്‌ വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യോഗം ദാറുല്‍ ഹുദാ യൂണിവേഴ്‌സിറ്റി വൈസ്‌ ചാന്‍സലര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി ഉദ്‌ഘാടനം ചെയ്‌തു. ഹമീദ്‌ ഹാജി മാംഗ്ലൂര്‍, അബ്‌ദുറഹ്‌മാന്‍ ഹാജി മാംഗ്ലൂര്‍, മൊയ്‌തീന്‍ ഹാജി ഉടുപ്പി, ഹമ്മബ്ബ ഹാജി ഉടുപ്പി, റിയാസ്‌ ഹാജി മാംഗ്ലൂര്‍, സമദ്‌ ഹാജി മാംഗ്ലൂര്‍ എന്നിവര്‍ സംസാരിച്ചു. ദാറുല്‍ ഹുദാ സെക്രട്ടറി യു.ശാഫി ഹാജി, ട്രഷറര്‍ സൈദലവി ഹാജി ദാറുല്‍ ഹുദാ രജിസ്‌ട്രാര്‍ ഡോ.സുബൈര്‍ ഹുദവി ചേകനൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.