ഖാസിയുടെ മരണം : സത്യാവസ്ഥ എന്ത് ?


സിദ്ധീഖ്‌ നദ്‌`വി ഫൈസി ചേരൂര്‍

പ്രശസ്ത ഇസ്ലാമിക പണ്ഡിതനും, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡണ്ടും സര്‍വ്വാദരണീയനുമായിരുന്ന ഖാസി സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹമരണം സംബന്ധിച്ച വിവാദം പുതിയ വഴിത്തിരിവില്‍ എത്തി നില്‍ക്കുകയാണ്. ലോക്കല്‍ പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലാതെ വന്നപ്പോള്‍ ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കുകയും, അതും കാര്യമായ പുരോഗതി നേടാതിരുന്നപ്പോള്‍ അന്വേഷണം സി ബി ഐ യെ ഏല്‍പ്പിക്കണമെന്ന ശക്തമായ മുറവിളി ഉയരുകയും, തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം സി ബി ഐ സംഘം അന്വേഷിച്ചു തുടങ്ങുകയും ചെയ്തു.
തുടര്‍ന്നും അവരുടെ അന്വേഷണം പത്തുമാസം പൂര്‍ത്തിയാക്കിയ ഘട്ടത്തില്‍ ഇടക്കാല റിപ്പോര്‍ട്ട് നല്‍കി തല്‍ക്കാലം അന്വേഷണം നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇപ്പോള്‍ സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡിപ്പാര്‍ട്ട്‌മെന്റ് തലത്തില്‍ നടക്കുന്ന കൂടിയാലോചനയ്ക്ക് ശേഷമേ ഇനി മുന്നോട്ടു അന്വേഷണം തുടരണോ വേണ്ടയോ എന്നതു സംബന്ധിച്ച തീരുമാനം ഉണ്ടാകൂ എന്നാണ് ബന്ധപ്പെട്ടവരില്‍ നിന്ന് മനസ്സിലാക്കാനായത്.
എന്നാല്‍, ഇതുവരെയുള്ള അന്വേഷണത്തിന്റെ ഫലമായി തയ്യാറാക്കി സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ട് ഔദ്യോഗികമായി പുറത്തുവിട്ടില്ലെങ്കിലും, പല പത്രങ്ങളും, മണത്തും ചോര്‍ത്തിയും കിട്ടിയ വിവരങ്ങളും മെനഞ്ഞെടുത്ത ഭാവനകളും കലര്‍ത്തി ഇതിനകം വാര്‍ത്തകള്‍ പുറത്തുവിട്ടു കഴിഞ്ഞു. മലയാള മനോരമയടക്കമുള്ള പത്രങ്ങള്‍ ഇതുസംബന്ധിച്ച് പ്രസിദ്ധീകരിച്ച വിവരങ്ങള്‍ അദ്ദേഹത്തിന്റെ ദാരുണ മരണത്തെത്തുടര്‍ന്ന് വേദനയില്‍ കഴിയുന്ന പരസഹസ്രങ്ങളെ കുത്തിനോവിക്കുന്ന തരത്തിലായിപ്പോയി. ആത്മഹത്യയെന്ന സാധ്യതപ്പോലും സങ്കല്‍പ്പിക്കുന്നത് ആ ധന്യ വ്യക്തിത്വത്തിന്റെ ആത്മാവിനോട് കാണിക്കുന്ന ക്രൂരതയായിരിക്കുമെന്ന് മനസ്സിലാക്കി വിഷയം ചര്‍ച്ചയാക്കുന്നതില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു, പരേതന്റെ ബന്ധുക്കളും, ശിഷ്യരും നാട്ടുകാരും, അനുയായികളുമടങ്ങിയ പരസഹസ്രവൃത്തങ്ങള്‍. മുമ്പ് ചില ഒറ്റപ്പെട്ട കേന്ദ്രങ്ങള്‍ ആത്മഹത്യാവാദവുമായി രംഗത്തു വന്നപ്പോള്‍ അത്തരം വാദങ്ങളെ തീര്‍ത്തും അവഗണിക്കുകയായിരുന്നു അവര്‍. ഇത്തരം ഒരു വിവാദം ഉയര്‍ത്തിക്കൊണ്ടുവന്നതിന്റെ താല്‍പ്പര്യങ്ങളെപ്പറ്റിയും ഗൂഡോദ്യോശങ്ങളെക്കുറിച്ചും ശരിക്കും ബോധവാന്‍മാരായിരുന്നു അവര്‍. 
എന്നാല്‍, സി ബി ഐ റിപ്പോര്‍ട്ടിന്റെ മറപിടിച്ചു സമൂഹത്തില്‍ സ്വാധീനമുള്ള ചില പത്രങ്ങള്‍ക്കൂടി വിഷയം ഏറ്റെടുത്തു പ്രചരിച്ചുതുടങ്ങിയപ്പോള്‍ ഗത്യന്തരമില്ലാതെ വിവാദത്തില്‍ കക്ഷി ചേരാന്‍ പരേതന്റെ ബന്ധുക്കളും, ശിഷ്യഗണങ്ങളും നിര്‍ബന്ധിതരായിരിക്കുകയാണ്.
കൊലപാതകമാവാന്‍ സാധ്യതയില്ലെന്ന് സമര്‍ത്ഥിക്കാന്‍ സി ബി ഐ ഉദ്ധരിച്ചതായി പത്രങ്ങള്‍ എടുത്തു പറഞ്ഞ ഒരു വാദം അദ്ദേഹം എല്ലാ വിഭാഗക്കാര്‍ക്കിടയിലും ഒരു പോലെ ആദരണീയനായതുകൊണ്ട് അദ്ദേഹത്തെ വധിക്കാന്‍ ആരെങ്കിലും ഗൂഡാലോചന നടത്തിയിരിക്കാന്‍ സാധ്യതയില്ലെന്നാണ്. ഈ വാദം നിലനില്‍ക്കുന്നതല്ല. ലോകത്ത് ബഹുഭൂരിഭാഗം അംഗീകരിക്കുകയും, ആദരിക്കുകയും ചെയ്യുന്ന മഹിത വ്യക്തിത്വങ്ങളെ അസൂയക്കൊണ്ടും അവരുടെ സാന്നിധ്യം തങ്ങളുടെ അധമതാല്‍പ്പര്യങ്ങള്‍ക്ക് വിഘാതമാകുന്നുവെന്ന് വരുമ്പോഴും കൊല നടത്താന്‍ ഗൂഡാലോചന നടത്തിയതിനും വിജയകരമായി നടപ്പില്‍ വരുത്തിയതിനും ചരിത്രത്തില്‍ എത്രയോ ഉദാഹരണങ്ങള്‍ ഉണ്ട്. ഇസ്ലാമിക ചരിത്രത്തിലും അത്തരം മഹാരഥന്‍മാര്‍ വധിക്കപ്പെട്ടതിനു തെളിവുകള്‍ കുറവല്ല. നന്മയുടെ നിറകതിര്‍ ചൊരിയുന്ന വിളക്കുമാടങ്ങള്‍ കത്തി നില്‍ക്കുന്നത് ഇരുട്ടിന്റെ ശക്തികള്‍ക്ക് എപ്പോഴും അരോചകവും, അസ്വാസ്ഥ്യജനകവുമായിരുന്നല്ലോ. സ്വാഭാവികമായും പൈശാചിക പ്രേരണയാല്‍ പ്രചോദിതരായ അധമശക്തികള്‍ ആ വിളക്കുമാടങ്ങളെ തച്ചുതകര്‍ക്കാന്‍ ശ്രമിക്കും.
പിന്നെ സര്‍വ്വാദരണീയനായതുകൊണ്ട് ആരും കൊല്ലാന്‍ മുന്നോട്ടുവരില്ലെന്ന് പറഞ്ഞ് ജനങ്ങളുടെ ഭാഗം ന്യായീകരിക്കാന്‍ ശ്രമിക്കുമ്പോള്‍ ഇങ്ങനെ സര്‍വ്വരുടെയും ആദരവിന് പാത്രമായ ഒരു വ്യക്തിത്വം എങ്ങനെ രൂപപ്പെട്ടു എന്ന് ചിന്തിക്കേണ്ടതല്ലേ ? കുലീനവും, വൈജ്ഞാനിക പ്രഭ ചൊരിഞ്ഞുനില്‍ക്കുന്നതുമായ കുടുംബ പശ്ചാത്തലവും കളങ്കരഹിതമായ മനസ്സും, കരളുറപ്പോടെയുള്ള പൊതുസേവനവും, മാതൃകായോഗ്യമായ പെരുമാറ്റ രീതിയും, സര്‍വ്വോപരി മഹിതമായ ഒരു ലക്ഷ്യത്തിന് സ്വയം സമര്‍പ്പിച്ച ജീവിതവുമായി എല്ലാവര്‍ക്കും വഴിക്കാട്ടിയായി നിന്നതുകൊണ്ടാണല്ലോ പരേതന്‍ ഈ ആദരവിന് അര്‍ഹനായത്. അത്തരം ഒരു വ്യക്തി, ഭീരുക്കളും വികാരജീവികളും ചപലമായ മനസ്സിന്റെ ഉടമകളും മാത്രം ചെയ്യാന്‍ മുതിരുന്ന ആത്മഹത്യയിലേക്ക് പാഞ്ഞടുത്തുവെന്ന് പറയുന്നത് എത്രമാത്രം ബാലിശമാണ് !
അതുപോലെ ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങള്‍ മാസങ്ങളോളം ചികഞ്ഞ് അന്വേഷിച്ച് അന്വേഷകര്‍ക്ക് കിട്ടിയത് ആകെക്കൂടി അദ്ദേഹത്തിന് കാല്‍മുട്ടിന് വേദനയുണ്ടായിരുന്നുവെന്നും, കരള്‍ സംബന്ധമായ അസുഖമുണ്ടായിരുന്നുവെന്നുമാണ്. ഇങ്ങനെയൊരു ന്യായീകരണത്തിലൂടെ ഇവര്‍ സമൂഹത്തിലേക്ക് നല്‍കുന്ന സന്ദേശം എത്രമാത്രം അപകടകരമാണ് ! ലോകത്ത് അദ്ദേഹത്തിന്റെ പ്രായത്തിലും നിലവാരത്തിലുമുള്ള എത്ര പേര്‍ ഇത്തരം സ്വാഭാവിക രോഗങ്ങളുടെ അടമകളായി പ്രയാസപ്പെടുന്നുണ്ട് ? അവര്‍ക്കൊന്നും തോന്നാത്ത ഒരു ദുര്‍വിചാരം, പാണ്ഡിത്യ മികവുകൊണ്ടും ആത്മീയ ശക്തക്കൊണ്ടും മഹിതമായ ലക്ഷ്യബോധം കൊണ്ടും അപാരമായ ഇച്ഛാശക്തിക്കൊണ്ടും മറ്റുള്ളവരില്‍ നിന്ന് എത്രയോ വേറിട്ടും ഉയര്‍ന്നും നില്‍ക്കുന്ന അപൂര്‍വ്വ വ്യക്തിത്വത്തെ മഥിച്ചുവെന്നും മുമ്പില്‍ ആലോചിക്കാതെ അദ്ദേഹം കടലില്‍ ചാടി ജീവനൊടുക്കി എന്നും പറഞ്ഞാല്‍ അതു വിശ്വസിക്കാന്‍ അദ്ദേഹത്തെ അടുത്തറിയുന്ന ഒരു കുട്ടിയെപ്പോലും കിട്ടില്ല.
സാധാരണഗതിയില്‍ ജീവിതത്തില്‍ നിരാശയും ഇച്ഛാഭംഗവും ബാധിച്ച, താങ്ങാനാവാത്ത മാനസിക സമ്മര്‍ദ്ദവും വിഭ്രാന്തിയും കൊണ്ട് പൊറുതിമുട്ടിയ അല്‍പ്പബുദ്ധികളുടെ അത്താണിയാണ് ആത്മഹത്യ. സ്വാഭാവികമായും പ്രത്യേക പ്രിയക്കാരും, പ്രത്യേക രീതിയിലുള്ള ജീവിതരീതിയുടെ ഉടമകളുമാണ് ഇത്തരം കടുംകൈ ചെയ്യാന്‍ മുന്നോട്ടുവരിക. ആത്മഹത്യ ചെയ്തവരുടെ ജീവിത പശ്ചാത്തലം പരിശോധിച്ചാല്‍ അത്തരം ചാപല്യത്തിന്റെ അടയാളങ്ങള്‍ കണ്ടെത്താന്‍ കഴിയും. ഇവിടെ ചെറുപ്പം മുതല്‍ മരിക്കുന്നതിന് ഏതാനും മണിക്കൂര്‍ മുമ്പു വരെ ദൈവീക ചിന്തയിലും വൈജ്ഞാനിക സംവാദനത്തിലും സേവനത്തിലും ജനങ്ങളെ നന്മയിലേക്കും ശക്തിയിലേക്കും വഴി നടത്തുന്നതിലും മുമ്പന്തിയില്‍ നിന്ന്, നേതൃപരമായ പങ്കുവഹിച്ചിരുന്ന ഒരു വ്യക്തിയില്‍ നിന്ന് ഒരിക്കലും അത്തരം ഒരു നീക്കം പ്രതീക്ഷിക്കാനാവില്ല. കൂടാതെ അദ്ദേഹത്തെ എന്തുതരം സമ്മര്‍ദ്ദമാണ് ഇത്തരം കടുത്ത തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചിരിക്കുകയെന്ന് ഒരാള്‍ക്കു പോലും ചൂണ്ടിക്കാട്ടാനില്ല. ശാരീരിക അവശതകള്‍ ഒരിക്കലും അദ്ദേഹത്തെ അലട്ടുന്ന പ്രശ്‌നമേ ആയിരുന്നില്ല. താന്‍ നട്ടുവളര്‍ത്തിയ ഒരു സ്ഥാപനത്തില്‍ നിന്ന് പടിയിറങ്ങേണ്ടി വന്ന ശേഷം വീട്ടിലിരിക്കുന്ന സമയത്ത് തന്റെ കര്‍ത്തവ്യബോധവും സേവന തൃഷ്ണയും അസ്വാസ്ഥ്യപ്പെടുത്തിയത് കൊണ്ടാണ് അറുപത് പിന്നിട്ട ഘട്ടത്തില്‍ വിശ്രമ ജീവിതം മാറ്റിവെച്ച് വലിയൊരു സ്ഥാപനത്തിന്റെ നിര്‍മ്മാണ യജ്ഞത്തിലേക്ക് എടുത്തുചാടിയത്. ആരും അദ്ദേഹത്തെ നിര്‍ബന്ധിച്ചില്ല. തന്റെ വിവിധ മഹല്ലുകളുടെ ഖാസി എന്ന ഉത്തരവാദിത്തവുമായി ബാക്കി സമയം വിശ്രമ ജീവിതം നയിക്കാന്‍ അദ്ദേഹം തെരഞ്ഞെടുത്തിരുന്നുവെങ്കില്‍ ആരും അതിനെ ചോദ്യം ചെയ്യുകയോ അതില്‍ അനൗചിത്യം കാണുകയോ ചെയ്യുമായിരുന്നില്ല. ഇത്തരമൊരു ഘട്ടത്തിലാണ് അദ്ദേഹം മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സിന് ബീജവാപം നല്‍കാനും അതിനെ നട്ടുനയിച്ച് ഇന്നത്തെ നിലയിലുള്ള ഒരു വലിയ സ്ഥാപനമായി ഉയര്‍ത്താനും നേതൃത്വം നല്‍കിയത്. ഈ സ്ഥാപനത്തിന്റെ നേതൃത്വം കേവലം ഒരലങ്കാരപദവിയായിരുന്നില്ല. മറിച്ച് അതിന്റെ സര്‍വ്വസ്വവുമായിരുന്നു. ഓഫീസ് കാര്യങ്ങള്‍ മുതല്‍, അടുക്കള കാര്യം വരെ അദ്ദേഹത്തിന്റെ ശ്രദ്ധ പതിഞ്ഞിരുന്നു. കത്തിടപാടുകള്‍ പോലും അദ്ദേഹം നേരിട്ടു സ്വന്തം കൈപ്പടക്കൊണ്ടാണ് പലപ്പോഴും നടത്തിയിരുന്നത്.
മരിക്കുന്നതിന്റെ തലേദിവസം മലബാര്‍ കോംപ്ലക്‌സിന്റെ ഗള്‍ഫിലെ പ്രവര്‍ത്തകനായ തന്റെ ബന്ധുവിനോട് ഗള്‍ഫിലെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താന്‍ വേണ്ട ഉപദേശങ്ങള്‍ നല്‍കുകയും പതിവുപോലെ താന്‍ വിലാസമടക്കം എഴുതിയ കത്തുകള്‍ വിവിധ കമ്മിറ്റികള്‍ക്ക് നല്‍കാനായി അദ്ദേഹത്തെ ഏല്‍പ്പിക്കുകയും ചെയ്തു. കൂടാതെ ഒന്നുരണ്ടു ആഴ്ചകള്‍ക്കു ശേഷം നടക്കുന്ന മീലാദ് പരിപാടികള്‍ വിപുലമായി നടത്തേണ്ടതിന്റെ പ്രാധാന്യം ഉണര്‍ത്തുകയും, അദ്ദേഹത്തില്‍ നിന്ന് സംഭാവന സ്വീകരിക്കുകയും ചെയ്യുന്നു, അന്നു തന്നെ വൈകുന്നേരം തന്റെ നാട്ടിലെ പള്ളിക്കമ്മിറ്റി സെക്രട്ടറിയെ വിളിച്ച് ഇന്നു റബ്ബീഉല്‍അവ്വല്‍ മാസപ്പിറവി കാണാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ നിങ്ങള്‍ ഒന്നുരണ്ടു പേര്‍ മാസപ്പിറ വീക്ഷിച്ച് എനിക്ക് റിപ്പോര്‍ട്ട് തരണമെന്നും ആവശ്യപ്പെടുന്നു. ഒരു ഖാസി എന്ന നിലയില്‍ പിറ്റേദിവസം മാസം ഉറപ്പിക്കേണ്ട ചുമതലാബോധത്തില്‍ നിന്നാണ് ആ ആവശ്യമുയര്‍ന്നത്. ആത്മഹത്യ ചെയ്യാന്‍ മാനസീകമായി ഒരുങ്ങിയ മനുഷ്യനില്‍ നിന്ന് അബോധമനസ്സിലൂടെയെങ്കിലും അതിനു ഉപോല്‍ബലകമായ വാക്കോ പ്രവര്‍ത്തിയോ നീക്കങ്ങളോ ഉണ്ടാകുമെന്നത് മനശാസ്ത്രപരമായ ഒരു യാഥാര്‍ത്ഥ്യമാണല്ലോ. ഇവിടെ തൊട്ടടുത്ത മണിക്കൂറുകളിലും, ദിവസങ്ങളിലും ആഴ്ചകളിലും തന്റെ പങ്കാളിത്തത്തിലും നേതൃത്വത്തിലും നടക്കേണ്ട കാര്യങ്ങളെക്കുറിച്ച് ചിന്തിച്ച് അതിനു അനുകൂലമായ കാല്‍വെയ്പ്പുകള്‍ നടത്തുന്ന മാനസീക സന്തുലിതത്വവും അവധാനതയും ഒത്തിണങ്ങിയ ദീര്‍ഘദര്‍ശിയും പക്വമതിയുമായ ഒരു പണ്ഡിതന്റെയും നായകന്റെയും റോളിലാണ് അവസാന നിമിഷം വരെ അദ്ദേഹം പെരുമാറിയത്. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഓരോഘട്ടങ്ങളും, ചലനങ്ങളും മന:ശാസ്ത്രത്തിന്റെ ഏത് മാനദണ്ഡങ്ങള്‍ വച്ച് പരിശോധിച്ചാലും ഒരു ആത്മഹത്യാ സാധ്യതയുടെ നേരിയ ശതമാനം പോലും കണ്ടെത്താനാവില്ല.
മറ്റൊരു കാര്യം, അദ്ദേഹത്തിന് പരാശ്രയം കൂടാതെ നടക്കാന്‍ കഴിഞ്ഞിരുന്നുവെന്നും അത് കൊണ്ട് സ്വന്തം നിലക്ക് പാറക്കെട്ടിലേക്ക് പാതിരാ നേരത്ത് സ്വയം നടന്നു ചെന്ന് കടലില്‍ ചാടിയതാകുമെന്നും സമര്‍ത്ഥിക്കാന്‍ ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്. മരണത്തിന് മുമ്പൊരു ദിവസം അദ്ദേഹം കാറില്‍ പള്ളിയുടെ അടുത്ത് വന്ന ഉയരത്തിലുള്ള തന്റെ പിതാവിന്റെയും, പിതാമഹന്മാരുടെയും ഖബറിടങ്ങളിലേക്ക് കയറിചെന്നുവെന്നുമാണ്. അദ്ദേഹത്തിന് മരിച്ച് കിടന്നതിന്റെ തൊട്ടടുത്തുള്ള പാറക്കെട്ടിലേക്ക് നടന്നടുക്കാന്‍ കഴിയുമായിരുന്നോ എന്നതല്ല പ്രസക്തം, അദ്ദേഹം അത് ചെയ്യുമോ എന്നതാണ്. തലേ ദിവസം തന്റെ സാത്വികനും നാട് മുഴുവന്‍ ഭക്തിയാദരവുകളോടെ ഓര്‍ക്കുന്ന പുണ്യ പുരുഷനുമായിരുന്ന പിതാവിന്റെയും പിതാമഹന്മാരുടെയും ചാരത്തേക്ക് അവരോ അല്ലാഹുവോ ഇഷ്ടപ്പെടാത്ത ഒരു ദുര്‍മരണത്തിന് പൊരുത്തവും ആശിര്‍വാദവും വാങ്ങാനായിരിക്കും ഇദ്ദേഹം ചെന്നതെന്ന് വിചാരിക്കുന്നത് ക്രൂരവും ഹീനവുമല്ലേ? സത്യത്തില്‍ തന്റെ അന്ത്യം അടുത്തുവെന്ന ഉള്‍വിളിയില്‍ പ്രചോദിതനായിട്ടായിരിക്കും ഒരു സുകൃതമെന്ന നിലക്ക് ആ സന്ദര്‍ശനത്തിന് സാഹസപൂര്‍വ്വം ഒരുങ്ങി പുറപ്പെട്ടത്.
ഇനി എല്ലാം മാറ്റിവച്ചു അദ്ദേഹം ആത്മഹത്യ ചെയ്യാന്‍ തന്നെ തീരുമാനിച്ചുവെന്ന് സങ്കല്‍പ്പിക്കുക. അതിന് ഇത്രയേറെ കഷ്ടപ്പെട്ട് പാതിരാവിന്റെ മറവില്‍ അത്ര ദൂരെയുള്ള പാറക്കെട്ടില്‍ ചെന്ന് കടലില്‍ ചാടുക എന്ന അവിവേകം ചെയ്തു, താന്‍ അതുവരെ ഏതൊരു നാടിന്റെയും, സമുദായത്തിന്റെയും, കുടുംബത്തിന്റെയും താങ്ങും തണലും മതിപ്പിന്റെയും, അഭിമാനത്തിന്റെയും, കേന്ദ്രബിന്ദുവായി നിലകൊണ്ടുവോ അവരെയെല്ലാം അപമാനത്തിന്റെയും, ആശങ്കയുടെയും അരക്ഷിതാവസ്ഥയുടെയും മുള്‍ മുനയില്‍ നിര്‍ത്തുമായിരുന്നോ ? മരണം സ്വയം തെരഞ്ഞെടുക്കുകയാണെങ്കില്‍ അതിലും സുരക്ഷിതവും, സൗകര്യപ്രദവും, ബുദ്ധിപരവുമായ ഒരു രീതി തെരഞ്ഞെടുക്കുവാന്‍ അദ്ദേഹത്തിന് നിശ്ചയമായും കഴിയുമായിരുന്നു. തന്റെ വീടിനുള്ളില്‍ കിടന്ന കിടപ്പിലോ, ഇരുന്ന ഇരിപ്പിലോ ഞൊടിയിടയില്‍ ജീവിതം അവസാനിപ്പിക്കാനുള്ള വഴികളൊന്നും അദ്ദേഹത്തിന് ആരും പറഞ്ഞുകൊടുക്കേണ്ടിവരില്ല. വര്‍ഷങ്ങളായി പ്രമേഹത്തിന് ഇന്‍സുലിന്‍ സ്വയം കുത്തിവെക്കുന്ന അദ്ദേഹം പതിവായി ഒന്നിലധികം ഗുളികകള്‍ കഴിച്ചുകൊണ്ടിരിക്കുന്ന വ്യക്തി, ആ മരുന്നുകള്‍ കഴിക്കാതിരിക്കുകയോ, കൂടുതല്‍ കഴിക്കുകയോ ചെയ്താല്‍ പോലും അതു ജീവന് ഭീഷണിയാകുമായിരുന്നു. ആരും സംശയിച്ചും പോസ്റ്റുമോര്‍ട്ടത്തിനോ അന്വേഷണത്തിനോ ആവശ്യപ്പെടാനും ഇറങ്ങില്ലായിരുന്നു. ജീവിതത്തിലുടനീളം ഏറ്റവും സൂക്ഷ്മതയും ജാഗ്രതയും വിവേകവും പക്വതയും ദീര്‍ഘവീക്ഷണവും, ക്രാന്ത ദര്‍ശിത്വവും പ്രകടിപ്പിച്ച ഒരു മഹത് വ്യക്തി മരണത്തിനായി ഇത്ര ഹീനവും, അതിവേഗപരവുമായ ഒരു മാര്‍ഗ്ഗം തെരഞ്ഞെടുക്കുമെന്ന് ആര്‍ക്കെങ്കിലും സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല.
അതുപോലെ മരിക്കുന്നതിനു മാസങ്ങള്‍ക്കു മുമ്പ് മാരകമായ കരള്‍രോഗം അനുഭവപ്പെട്ട് മംഗലാപുരത്ത് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍മാര്‍ക്ക് ആദ്യം രോഗലക്ഷണങ്ങളൊന്നും കണ്ടെത്താനായില്ല. കാര്യമായ കുഴപ്പമൊന്നുമില്ലെന്നും, അഡ്മിറ്റ് ചെയ്യേണ്ടതില്ലെന്നും നിര്‍ദ്ദേശിച്ച ഡോക്ടര്‍മാരോട് തനിക്ക് അസുഖമുണ്ടെന്നും, കൂടുതല്‍ വിദഗ്ധ പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ടപ്പോഴാണ് ഡോക്ടര്‍മാര്‍ വിദഗ്ധ പരിശോധന നടത്തി കരള്‍ രോഗം കണ്ടെത്തിയതും അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയത്. ഭിഷഗ്വരര്‍ക്ക് പോലും പ്രഥമ പരിശോധനയില്‍ കണ്ടെത്താന്‍ കഴിയാത്ത കാര്യം അദ്ദേഹം സ്വയം തിരിച്ചറിഞ്ഞിരുന്നുവെന്ന് മനസ്സിലാക്കണം.
ഒരു മേജര്‍ ഓപ്പറേഷന്‍ കഴിഞ്ഞ് ആശുപത്രിയില്‍ വിശ്രമിക്കുന്ന വേളയില്‍പ്പോലും ഗ്രന്ഥപാരായണത്തിലും ഗ്രന്ഥരചനയിലും കഴിച്ചുകൂട്ടിയ ഒരു മനുഷ്യനെക്കുറിച്ചാണ് ശാരീരിക അവശതയുടെ പേരില്‍ ആത്മഹത്യ ചെയ്തുവെന്ന് ഇവര്‍ ജല്‍പ്പിക്കുന്നത്. ആ അസുഖത്തിനു ശേഷം താന്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് അദ്ദേഹത്തിന് പ്രതീക്ഷയുണ്ടായിരുന്നില്ല. അടുത്തവരോടൊക്കെ അതിനുശേഷം കിട്ടിയ ജീവിതം ശ്രഷ്ടാവിന്റെ പ്രത്യേക ദാനമായും, ബോണസായുമായാണ് വിശേഷിപ്പിച്ചിരുന്നത്. അതുകൊണ്ടുതന്നെ തുടര്‍ന്നുള്ള മാസങ്ങളില്‍ കിട്ടിയ ഒഴിവുവേളകള്‍ അദ്ദേഹം അള്ളാഹുവിനോട് നന്ദിയും കടപ്പാടും കൂടുതല്‍ പ്രകടിപ്പിക്കുന്നവിധമാണ് ചെലവഴിച്ചത്. ബുദ്ധപരിഭാഷ അടക്കം മൂന്ന് ഗ്രന്ഥങ്ങള്‍ രചിച്ചത് ഈ ഇടവേളയിലാണ്. തീവ്രപരിചരണ വിഭാഗത്തില്‍ വിശ്രമിക്കുന്ന വേളയില്‍ പോലും കിടന്ന നിലയില്‍ ഗ്രന്ഥങ്ങള്‍ നെഞ്ചത്ത് വെച്ച് വായിക്കുകയും, പുതിയ രചനയ്ക്ക് കുറിപ്പുകള്‍ തയ്യാറാക്കുകയും ചെയ്ത കര്‍മനല്‍ സുക്യത്തിന്റെ പ്രതിരൂപമായ ഒരു വ്യക്തിയാണത്രെ ശാരീരിക അവശതയുടെ പേരില്‍ അരുതാത്തത് ചെയ്യാന്‍ മുതിര്‍ന്നത് ! സത്യത്തില്‍ താന്‍ ഉയര്‍ത്തിപ്പിടിക്കുന്ന മഹിതമായ ലക്ഷ്യത്തിന്റെയും, ധര്‍മ്മത്തിന്റെയും സാക്ഷാത്ക്കാരത്തിന് ജീവിതം തികയാത്ത പോലെയാണ് വിശ്രമം അറിയാതെ അദ്ദേഹം കര്‍മ്മനിരതനായിരുന്നത്. ഒരു നൂറു ജന്മം കിട്ടിയാലും അതെല്ലാം വൈജ്ഞാനിക തൃഷ്ണ ശമിപ്പിക്കാനും സേവനദൗത്യം നിര്‍വ്വഹിക്കാനും ഇലാഹി പ്രീതി സമ്പാദിക്കാനും വേണ്ടി സ്വയം സമര്‍പ്പിക്കുമായിരുന്ന ഒരു സാത്വിക പ്രതിഭയെക്കുറിച്ച് സ്വയം മരണം പുല്‍കിയെന്ന് അനുമാനിക്കുന്നതു പോലും അക്ഷന്തവ്യമായ അപരാധമായിരിക്കുമെന്ന് ആ ധന്യ ജീവിതം സാക്ഷ്യപ്പെടുത്തുന്നു.
സത്യത്തില്‍ ചിലര്‍ മെനഞ്ഞെടുത്ത തിരക്കഥയ്ക്ക് അനുസൃതമായാണ് മരണത്തിന്റെ ആദ്യ മണിക്കൂര്‍ മുതല്‍ തന്നെ കാര്യങ്ങള്‍ നീങ്ങിയത്. സംഭവസ്ഥലത്ത് ഓടിയെത്തിയ അന്നത്തെ ഡി വൈ എസ് പി ഹബീബ് റഹ്മാന്‍ എല്ലാം തീരുമാനിച്ചുറപ്പിച്ച പോലെയാണ് ആദ്യം മുതല്‍ പെരുമാറിയത്. അപ്രതീക്ഷിതമായ സംഭവത്തിന്റെ ആഘാതത്തില്‍ നാട് വിറങ്ങലിച്ച് നില്‍ക്കുമ്പോള്‍ അത് ആത്മഹത്യയാണെന്ന മട്ടില്‍ പോസ്റ്റുമോര്‍ട്ടം പോലും നടത്താതെ സംസ്‌കരിക്കാനുള്ള ധൃതിയിലായിരുന്നു അദ്ദേഹം. ആത്മഹത്യയാണെന്ന തരത്തില്‍ ഇദ്ദേഹം സംസാരിച്ചപ്പോള്‍ അവിടെ തടിച്ചുകൂടിയ അന്യസമുദായക്കാരായ മത്സ്യത്തൊഴിലാളികള്‍ പോലും അദ്ദേഹത്തെ തിരുത്തിക്കൊണ്ട് ഏക സ്വരത്തില്‍ പ്രഖ്യാപിക്കുകയായിരുന്നു, 'ഇല്ല ഖാളിയാര്‍ച്ച ആത്മഹത്യ ചെയ്യില്ല ' കൂടാതെ ഇത്തരം ദുരൂഹമരണങ്ങളില്‍ സാധാരണ സ്വീകരിക്കാറുള്ള ഒരു നടപടിക്രമവും അവിടെ പാലിക്കപ്പെട്ടില്ല. മൃതദേഹത്തിലും പരേതന്‍ അവസാനം തങ്ങിയ മുറിയിലും വിരലടയാള വിദഗ്ധരടക്കമുള്ളവരെക്കൊണ്ട് ശാസ്ത്രീയ പരിശോധന നടത്തിയില്ല. അടഞ്ഞുകിടന്ന മുറി വിദഗ്ധ പരിശോധകര്‍ തുറന്ന് പരിശോധിക്കുന്നതിന് പകരം ഹബീബ് റഹ്മാന്‍ നേരിട്ട് അവിടെ കയറിച്ചെല്ലുകയായിരുന്നു. അവിടെയുണ്ടായിരുന്ന രേഖകളും മറ്റും ചികഞ്ഞു ഒരു തുണ്ടു കടലാസ് കയ്യിലെടുത്ത് ഇതാ ഞങ്ങള്‍ക്ക് കിട്ടേണ്ടത് കിട്ടി എന്നു പ്രഖ്യാപിച്ച അദ്ദേഹം, അതിന്റെ ഉള്ളടക്കത്തിന് മരണവുമായി ഒരു ബന്ധമില്ലെന്നും, ഖാസി പരിഭാഷപ്പെടുത്തിയ കാവ്യ ഗ്രന്ഥത്തിലെ ഒരു വരിയില്‍ കവി നടത്തിയ പ്രസ്താവനയുടെ പരിഭാഷയാണെന്നും വ്യക്തമായതോടെ അതിനെ ആത്മഹത്യാക്കുറിപ്പായി ചിത്രീകരിക്കാന്‍ വ്യഗ്രത കാട്ടിയവരും ഇളിഭ്യരാവുകയായിരുന്നു.
അന്നു രാവിലെ സ്വന്തം നിലയ്ക്ക് ഖാസിയുടെ മുറിയില്‍ കടന്ന് തിരച്ചില്‍ നടത്തിയ ഹബീബ് റഹ്മാന്‍ ഉച്ചയ്ക്ക് ശേഷം വീണ്ടും സ്ഥലത്തെ ബ്ലാക്ക് മെയിലിന് പേരുകേട്ട ഒരു സായാഹ്ന പത്രത്തിന്റെ അധ്യാപകനെയും കൂട്ടിയാണ് അവിടെയെത്തിയത്. തുടര്‍ന്ന് ആ കുറിപ്പ് അടക്കമുള്ളവ ക്യാമറയില്‍ പകര്‍ത്തുകയും ഇതിന്റെ നിജസ്ഥിതി അറിയുന്നതിനു മുമ്പ് പുറത്തുവിടരുതെന്ന ബന്ധുക്കളുടെ അഭ്യര്‍ത്ഥന അവഗണിച്ചുകൊണ്ട് പത്രക്കാര്‍ക്ക് നല്‍കുകയുമായിരുന്നു. അങ്ങനെയാണ് ചില പത്രങ്ങള്‍ പിറ്റേദിവസം മരണം ആത്മഹത്യയാണെന്നും, അതിലെ സൂചനയായി കുറിപ്പ് കിട്ടിയെന്നും അച്ചടിച്ചു വിട്ടത്.
തുടര്‍ന്നുള്ള ആഴ്ചകളില്‍ സുപ്രധാന തെളിവുകള്‍ ലഭ്യമാകേണ്ട നിര്‍ണ്ണായക ഘട്ടത്തില്‍ ഇതേ ഉദ്യോഗസ്ഥന്റെ നിയന്ത്രണത്തിലാണ് കാര്യങ്ങള്‍ നീങ്ങിയത്. സ്വാഭാവികമായും കാര്യങ്ങള്‍ തന്റെ നിലപാടിനനുകൂലമാക്കാനും അതിനു വിരുദ്ധമായ തെളിവുകള്‍ നശിപ്പിക്കാനും വേണ്ടത്ര സമയമാണ് ഇവിടെ ഒരുക്കപ്പെട്ടത്. അതിനുശേഷം വന്ന ക്രൈംബ്രാഞ്ച് അന്വേഷണവും, സി ബി ഐ അന്വേഷണവും ഒരു പുരോഗതിയും കാണാതെ ഇരുട്ടില്‍ തപ്പുകയായിരുന്നുവെങ്കില്‍ അതിനു വഴിയൊരുക്കിയത് ആ നിര്‍ണ്ണായക വേളയിലെ കളികളാണെന്ന് ബന്ധുക്കള്‍ ന്യായമായും സംശയിക്കുന്നു. അതുകൊണ്ട് ഇനി നടക്കേണ്ട അന്വേഷണം മരണദിവസം ലോക്കല്‍ പോലീസ് തട്ടിക്കൂട്ടിയ റിപ്പോര്‍ട്ടുകളുടെയോ, അജ്ഞാത കേന്ദ്രങ്ങളില്‍ രൂപപ്പെട്ട തിരക്കഥകളുടെയോ അടിസ്ഥാനത്തിലാകരുത്. പുതിയൊരു സി ബി ഐ ടീം എല്ലാം പൊളിച്ചെഴുതി അടിമുടി പുതിയ കാഴ്ചപ്പാടോടെ നടത്തുന്ന സമഗ്രവും, വസ്തുനിഷ്ഠവുമായ അന്വേഷണമാകണം. അതില്‍ ആരേയും രക്ഷിക്കാനോ, അകാരണമായി ശിക്ഷിക്കാനോ ഉള്ള വ്യഗ്രത ഉണ്ടാകരുത്. പിന്നെ കേസ് തേയ്ച്ചുമായ്ക്കാനും കുടുംബത്തെ നിര്‍വ്വീര്യമാക്കി നിര്‍ത്തി തുടരന്വേഷണം മരവിപ്പിക്കാനും ഉദ്ദേശിച്ച് കുടുംബവുമായി ബന്ധപ്പെട്ട് ആരും വിശ്വസിക്കാത്ത ചില കള്ളക്കഥകള്‍ മെനഞ്ഞെടുത്ത് ഉന്നതങ്ങളിലും ഉദ്യോഗസ്ഥതലങ്ങളിലും വരെ പ്രചരിപ്പിക്കപ്പെടുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. അത്തരം കല്‍പ്പിത കഥകള്‍ കേട്ട് കുടുംബാംഗങ്ങളോ പരേതനെ സ്‌നേഹിക്കുന്ന പരസഹസ്രം ജനങ്ങളോ നടത്തി നടുങ്ങിപ്പോകുമെന്നും, പ്രക്ഷോഭരംഗത്തു നിന്നും മാറി നില്‍ക്കുമെന്നും ആരെങ്കിലും വ്യാമോഹിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് നിരാശപ്പെടേണ്ടിവരുമെന്ന് മാത്രമേ ഇപ്പോള്‍ പറയുന്നുള്ളു. സത്യാവസ്ഥ പുറത്തുകൊണ്ടുവരുന്നതിന് ഏതറ്റംവരെ പോകേണ്ടി വന്നാലും പിന്‍മാറുന്ന പ്രശ്‌നമില്ല. വസ്തുതകള്‍ക്ക് മുകളില്‍ കള്ളക്കളികളുടെ ഏതു ഹിമാലയം തീര്‍ത്താലും ഒരു നാള്‍ സത്യം പുറത്തുവരും. അന്ന് ആര് വേഷം മാറ്റി വെക്കേണ്ടി വരുമെന്ന് (ആത്മഹത്യയാണെന്ന തന്റെ നിലപാടിനു വിരുദ്ധമായി അന്വേഷണ റിപ്പോര്‍ട്ട് വന്നാല്‍ തന്റെ പോലീസ് വേഷം മാറ്റിവെക്കുമെന്ന് ഹബീബ് റഹ്മാന്‍ പറഞ്ഞതായി ജനസംസാരമുണ്ട്). ജനം തീരുമാനിച്ചുകൊള്ളും. പണവും സ്വീധീനവും, അധികാരവുമുണ്ടെങ്കില്‍ ഏത് ഹീനകൃത്യം ചെയ്തും പ്രതികള്‍ക്ക് രക്ഷപ്പെടാമെന്ന ധാരണയ്ക്ക് ഇതോടെ അന്ത്യം കുറിക്കപ്പെടണം.