‘മമ്പുറം തങ്ങള്‍ കേരളീയര്‍ക്ക്‌ ദിശാബോധം നല്‍കി’ -റഷീദ്‌ അലി തങ്ങള്‍.

തിരൂരങ്ങാടി: കേരളീയ ജനതക്ക് ദിശാബോധവും അസ്തിത്വ ബോധവും നല്‍കിയതില്‍ മമ്പുറം തങ്ങളുടെ പങ്ക് അനിഷേധ്യമാണെന്ന് പാണക്കാട് സയ്യിദ് റശീദ് അലി ശിഹാബ് തങ്ങള്‍. സയ്യിദ് അലവി മമ്പുറം തങ്ങളുടെ 174- ആം ആണ്ടു നേര്‍ച്ചയോടനുബന്ധിച്ച് നടന്ന പ്രഭാഷണ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. താന്‍ ജീവിച്ച കാലത്തിന്റെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞാണ് മമ്പുറം തങ്ങള്‍ പ്രവര്‍ത്തിച്ചത്. സമൂഹത്തിലെ അടിച്ചമര്‍ത്തപ്പെട്ടവരെ സമുദ്ധരിക്കാന്‍ ഇതിലൂടെ തങ്ങള്‍ക്ക് സാധിച്ചു. കീഴാള വര്‍ഗത്തിലെ സ്ത്രീകള്‍ക്ക് മാറുമറക്കാനുള്ള അവകാശം നേടിയെടുക്കാന്‍ വരെ തങ്ങള്‍ സമരരംഗത്തിറങ്ങി. പ്രസ്തുത പോരാട്ടത്തിനിടയിലുണ്ടായ മുറിവായിരുന്നു തങ്ങളുടെ വിയോഗത്തിന് ഹേതുവെന്ന ചരിത്ര സത്യം ശ്രദ്ധേയമാണ്. ഇതുകൊണ്ടു തന്നെയാണ് ജാതിമതഭേദമന്യേ പതിനായിരങ്ങള്‍ ഇന്നും മഹാനവര്‍കളെ തേടി മമ്പുറത്തെത്തുന്നത്. ഇത്തരം ചരിത്ര സംഭവങ്ങളില്‍ നിന്ന് പാഠമുള്‍കൊണ്ട് മുന്നേറാന്‍ നമുക്കാവണം. ഇന്നിന്റെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് നിറവേറ്റാന്‍ നാം കര്‍മ്മ സജ്ജരായെങ്കിലേ ഇത്തരം മഹാന്‍മാരോട് കൂറു പുലര്‍ത്താന്‍ നമുക്കാവൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജലീല്‍ റഹ്മാനി വാണിയന്നൂര്‍ മുഖ്യപ്രഭാഷണം നടത്തി. ദാറുല്‍ ഹുദാ പി.ജി ഡീന്‍ കെ.സി മുഹമ്മദ് ബാഖവി അധ്യക്ഷത വഹിച്ചു. കെ.പി ജഅ്ഫര്‍ ഹുദവി കുളത്തൂര്‍ സ്വാഗതം പറഞ്ഞു. ഖാരിഅ് പി അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, ചെമുക്കന്‍ കുഞ്ഞാപ്പു ഹാജി, കെ.എം സൈതലവി ഹാജി, തോപ്പില്‍ കുഞ്ഞാപ്പു ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.
ദിക്ര്‍ - ദുആ മജ്‌ലിസ് ഇന്ന് 
ഇന്നു വൈകിട്ട് നടക്കുന്ന ദുആ സമ്മേളനം പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍ ദിക്ര്‍ - ദുആ മജ്‌ലിസിന് നേതൃത്വം നല്‍കും. കോഴിക്കോട് ഖാളി സയ്യിദ് അബ്ദുന്നാസര്‍ ഹയ്യ് തങ്ങള്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, സൈതാലി ഫൈസി അരിപ്ര, സയ്യിദ് അഹ്മദ് ജിഫ്‌രി തങ്ങള്‍ മമ്പുറം, അത്തിപ്പറ്റ മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, അബ്ദുല്ലക്കോയ തങ്ങള്‍ മമ്പുറം, അയ്യായ ഉസ്താദ്, ഹാജി എ മരക്കാര്‍ മുസ്‌ലിയാര്‍, ഹാജി കെ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, സൈതലവി ഫൈസി കോറാട് തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും.