മദ്‌റസാ അധ്യാപക ക്ഷേമപദ്ധതി ബാധ്യത സര്‍ക്കാര്‍ വഹിക്കണം

ട്ടിണി കിടക്കുന്നവരുടെ വിഭാഗത്തില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്ത് മുസ്‌ലിംകളാണ്. തൊഴില്‍ രംഗത്തും വിദ്യാഭ്യാസ രംഗത്തും അവര്‍ മാപ്പര്‍ഹിക്കാത്ത അവഗണന നേരിടുന്നു.
ഈ പാശ്ചാതലത്തില്‍ കേരളത്തില്‍ കൊണ്ടുവന്ന പദ്ധതികളിലൊന്നാണ് മദ്‌റസാ അധ്യാപക ക്ഷേമ പദ്ധതി. എല്‍.ഡി.എഫ്. സര്‍ക്കാര്‍ അനുവദിച്ച ബജറ്റ് വിഹിതം സി.പി.എം. ഭരിക്കുന്ന കോഴിക്കോട് ജില്ലാ സഹകരണ ബാങ്കില്‍ നിക്ഷേപിച്ചു ലഭിക്കുന്ന അംശാദായ(പലിശ)ത്തില്‍ നിന്നുള്ള വരുമാന വഹിതം മദ്‌റസാ അധ്യാപകര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതായിരുന്നു പദ്ധതി.
സംസ്ഥാനത്തിലെ മുഴുവന്‍ മത സംഘടനാ പ്രതിനിധികളും ഇതിനോട് വിയോജിച്ചു. പലിശയുമായി ബന്ധപ്പെട്ടതിനാല്‍ മതപണ്ഡിതര്‍ ഇക്കാര്യത്തില്‍ സഹകരിച്ചില്ല. യു.ഡി.എഫ്. സര്‍ക്കാര്‍ നിലവില്‍ വന്നതില്‍ പിന്നെ ഫണ്ട് ബാങ്കില്‍ നിന്ന് പിന്‍വലിച്ച് കോഴിക്കോട് ട്രഷറിയിലേക്ക് മാറ്റി ക്ഷേമ വിഹിതം പലിശരഹിതമാക്കി ഉത്തരവിറക്കി.
2012 മാര്‍ച്ച് 19ന് ഉത്തരവായ സ.ഉ.(കൈ)57/12പൊ.ഭ.വ.പ്രകാരം ഇപ്പോള്‍ ഈ ക്ഷേമനിധി 100 ശതമാനം പലിശരഹിതമായിട്ടാണ് പുനരാവിഷ്‌കരിച്ചിട്ടുള്ളത്. കോഴിക്കോട് ജില്ലാ സഹകരണ ബാങ്കില്‍ പദ്ധതി നടത്തിപ്പിനായി ഫിക്‌സഡ് ഡെപ്പോസിറ്റായി നിക്ഷേപിച്ചിട്ടുണ്ടായിരുന്ന കോര്‍പ്പസ് ഫണ്ടായ പത്തുകോടി രൂപ ഇപ്പോള്‍ കോഴിക്കോട് പുതിയറ സബ് ട്രഷറിയില്‍ പലിശ രഹിതമായി നിക്ഷേപിച്ചിട്ടുണ്ട്.

നിര്‍ദ്ദിഷ്ട പദ്ധതിയില്‍ ഇത്‌വരെ എട്ടായിരത്തില്‍ താഴെ അംഗത്വമാണ് എടുത്തിട്ടുള്ളത്. ഇപ്പോള്‍ എല്ലാ ജില്ലകളിലും ഊര്‍ജിത അംഗത്വം ചേര്‍ക്കല്‍ നടന്നുവരികയാണ്. വകുപ്പ് മന്ത്രി തന്നെ ഇതിന് നേരിട്ട് നേതൃത്വം വഹിക്കുകയും ചെയ്യുന്നു. 2012 ഡിസംബര്‍ 18ന് മുമ്പ് എല്ലാ ജില്ലകളിലും കാമ്പയിനുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഊര്‍ജ്ജിത അംഗത്വം ചേര്‍ക്കല്‍ പദ്ധതിയുടെ ഭാഗമായി നടന്നുവരുന്ന പ്രവര്‍ത്തനം മഞ്ഞളാം കുഴി അലിയുടെ പ്രതിബദ്ധതക്കുള്ള സാക്ഷ്യമാണ്.

65 വയസ് പൂര്‍ത്തിയായ ക്ഷേമനിധിയില്‍ അംഗങ്ങളായ മദ്‌റസാ അധ്യാപകര്‍ക്കാണ് പെന്‍ഷന്‍.
ഏറ്റവും ചുരുങ്ങിയ പെന്‍ഷന്‍ 500 രൂപയായിരിക്കും.
20 വര്‍ഷത്തില്‍ കുറയാത്ത കാലം അംശാദായമടച്ച് ക്ഷേമനിധി അംഗത്വം നിലനിര്‍ത്തിയതും മദ്‌റസാ അധ്യാപക പ്രവൃത്തിയില്‍ സ്വയം വിരമിച്ചതുമായ അംഗത്തിനും മിനിമം പെന്‍ഷന് അര്‍ഹതയുണ്ട്.
പെന്‍ഷന് അര്‍ഹതയുള്ള ക്ഷേമനിധി അംഗത്തിന് പെന്‍ഷനുപകരം നിശ്ചിത തുക കൈപറ്റാനുള്ള അവസരം / മിനിമം പെന്‍ഷന്‍ ലഭിക്കാന്‍ ആവശ്യമായ തുക നിലനിര്‍ത്തി ബാക്കി തുക (പരമാവധി 50%) കൈപ്പറ്റാനുള്ള അവസരമുണ്ട്.

സേവനത്തിലിരിക്കുമ്പോഴോ പെന്‍ഷന് അര്‍ഹതനേടിയതിനു ശേഷമോ ക്ഷേമനിധിയിലെ ഒരംഗം മരിക്കുകയാണെങ്കില്‍ നിശ്ചിത തുക നോമിനിക്കോ അവകാശികള്‍ക്കോ ലഭിക്കും.
അംഗത്തിന്റെ പേരില്‍ പെന്‍ഷന്‍ ഫണ്ടായി നിക്ഷേപിക്കപ്പെടുന്ന തുക പെന്‍ഷന്‍കാരുടെ കാലശേഷം പൂര്‍ണമായും അവകാശിക്ക് നല്‍കും.

ക്ഷേമനിധി അംഗത്വം റദ്ദാക്കുകയോ, നിക്ഷേപം നിര്‍ത്തുകയോ ചെയ്താല്‍ അംഗത്തിന്റെ കണക്കിലുള്ള തുക തിരിച്ചുനല്‍കും. ക്ഷേമനിധിയുടെ ആസ്ഥാന ഓഫീസ് ഇപ്പോള്‍ കോഴിക്കോട് പൂതിയറയിലാണ്.
20 വയസ് തികഞ്ഞ 60 വയസ് പൂര്‍ത്തിയാകാത്ത മദ്‌റസാ അധ്യാപകര്‍ക്ക് പദ്ധതിയില്‍ അംഗമാകാനാവും.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരില്‍ നിന്നോ അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്നോ പെന്‍ഷന്‍ ലഭിക്കുവാന്‍ അര്‍ഹതപ്പെട്ടവര്‍ക്ക് അംഗമാകാന്‍ കഴിയില്ല.

അപേക്ഷയോടൊപ്പം പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ മൂന്ന് എണ്ണം, വയസ് തെളിയിക്കാന്‍ പാസ്‌പോര്‍ട്ട് അല്ലെങ്കില്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റിന്റെ ശരിപകര്‍പ്പ്, മേല്‍ പറഞ്ഞ രേഖകളുടെ അഭാവത്തില്‍ വിദ്യാലയത്തിലോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലോ അപേക്ഷകന്റെ ജനനതീയതി സംബന്ധിച്ച രേഖകള്‍ ലഭ്യമല്ലെന്നു വ്യക്തമാക്കുന്ന ബന്ധപ്പെട്ട സ്ഥാപനത്തില്‍ നിന്നുള്ള റിപ്പോര്‍ട്ടിനോടൊപ്പം അസിസ്റ്റന്റ് സര്‍ജന്റെ റാങ്കില്‍ താഴെയല്ലാത്ത മെഡിക്കല്‍ ഓഫീസറില്‍ നിന്നുള്ള അപേക്ഷകന്റെ വയസ് വ്യക്തമാക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റും ഹാജരാക്കാം.

അപേക്ഷാ ഫോറം എല്ലാ ജില്ലാ കലക്‌ട്രേറ്റിലും പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ സെല്‍ എന്നിവിടങ്ങളില്‍ നിന്ന് നേരിട്ടും അഞ്ചുരൂപ സ്റ്റാമ്പ് ഒട്ടിച്ച് സ്വന്തം വിലാസമെഴുതിയ കവര്‍ സഹിതം കേരള മദ്‌റസാ അധ്യാപക ക്ഷേമനിധിയുടെ കോഴിക്കോട് ഓഫീസില്‍ അപേക്ഷിച്ചാല്‍ തപാലിലും ഫോറം ലഭിക്കും. കൂടാതെ ംംം.ാശിീൃശ്യേംലഹളമൃല.സലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാനാവും.
എല്ലാ കോളങ്ങളും പൂരിപ്പിച്ച് മാനേജര്‍, കേരള മദ്‌റസാ അധ്യാപക ക്ഷേമനിധി ഓഫീസ്, പുതിയറ (പി.ഒ), കോഴിക്കോട് – 673 004 വിലാസത്തില്‍ അയക്കുകയോ ജില്ലാ കലക്ടറേറ്റിലുള്ള ന്യൂനപക്ഷ സെല്ലില്‍ നേരിട്ട് സമര്‍പ്പിക്കുകയോ ചെയ്യാം.

ക്ഷേമ നിധി അംഗങ്ങള്‍ക്ക് മദ്‌റസാ അധ്യാപക ക്ഷേമനിധിയില്‍ നിക്ഷേപിക്കുന്നതിനായി മാസംതോറും 50രൂപ മദ്‌റസാ മാനേജ്‌മെന്റ് നല്‍കണം. ബാക്കി 50 രൂപ അധ്യാപകനും അടക്കണം. (മദ്‌റസാ അധ്യാപകന്‍ 50 രൂപ, മദ്‌റസാ മാനേജ്‌മെന്റ് 50 രൂപ, ആകെ 100 രൂപ) വര്‍ഷം 1200രൂപ.
മദ്‌റസാ അധ്യാപക ക്ഷേമനിധിയില്‍ അംഗമായിരിക്കുന്നതിനുള്ള നിബന്ധനകള്‍ ലംഘിക്കുകയോ തെറ്റായ വിവരങ്ങള്‍ നല്‍കി അംഗത്വം നേടുകയോ അംശാദായം കൃത്യമായി അടയ്ക്കുന്നതില്‍ വീഴ്ച വരുത്തുകയോ ചെയ്താല്‍ അംഗത്വം റദ്ദാക്കും. ഓരോ സാമ്പത്തികവര്‍ഷത്തെയും മാര്‍ച്ച് 10ന് മുമ്പ് അംശാദായം പൂര്‍ണമായി അടച്ചില്ലെങ്കില്‍ അംഗത്വം റദ്ദാക്കും.

സംസ്ഥാനത്ത് ഇപ്പോള്‍ 28 ക്ഷേമ പദ്ധതികള്‍ നിലവിലുണ്ട്. ഉദാ: വിധവാ പെന്‍ഷന്‍, വാര്‍ധക്യകാല പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍. മതരംഗത്ത് സേവനമനുഷ്ഠിക്കുന്നവര്‍ക്ക് താരതമ്യേനെ വരുമാനം കുറവാണെന്ന പ്രചാരണം വളര്‍ത്താനായി എന്നതില്‍ കവിഞ്ഞ ഗുണം നിര്‍ദ്ദിഷ്ട പദ്ധതികൊണ്ട് നേടാനാവുന്നില്ല. നിര്‍ദ്ദേശിക്കപ്പെട്ട പദ്ധതിയുടെ പോരായ്മകളാണ് അപേക്ഷകള്‍ കുറയാന്‍ കാരണം. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന എട്ട് ബോര്‍ഡുകളിലായി ഒരു ലക്ഷത്തിലേറെ അധ്യാപകരുണ്ടെന്നിരിക്കെ അപേക്ഷകര്‍ എട്ടായിരം തികഞ്ഞിട്ടില്ല.
അധ്യാപകര്‍ വാര്‍ഷിക പ്രീമിയം 600രൂപ അടയ്ക്കുക എന്നത് പ്രായോഗികമല്ല. ചെറിയൊരു തുക അംഗത്വ ഫീസായി നിശ്ചയിച്ചു ക്ഷേമനിധിയില്‍ ഉള്‍പ്പെടുത്തി ആനുകൂല്യം നല്‍കുന്നതാണ് നീതി. നിലവിലുള്ള മതപണ്ഡിതരുടെ ഡാറ്റ വില്ലേജ് ഉദ്യോഗസ്ഥരെയോ മറ്റോ ഉപയോഗപ്പെടുത്തി സര്‍ക്കാരിന് ശേഖരിക്കാവുന്നതാണ്.

20-35 വയസും മത വിദ്യാഭ്യാസത്തോടൊപ്പം ഉന്നത വിദ്യാഭ്യാസവും നേടിയവര്‍. ഇവര്‍ക്ക് മികച്ച പഠനസൗകര്യങ്ങള്‍, തൊഴില്‍ പരിശീലന പരിപാടികള്‍, കമ്പ്യൂട്ടര്‍ പഠന സ്ഥാപനം തുടങ്ങിയവ നടത്തുന്നതിന് നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ സ്വയം ഭരണ സഹകരണ സംഘങ്ങള്‍ രൂപീകരിച്ച് പലിശരഹിത വായ്പകള്‍ ലഭ്യമാക്കുക. മദ്‌റസാ അധ്യാപനം കഴിഞ്ഞതിന് ശേഷം സമയം ഫലപ്രദമായി ഉപയോഗപ്പെടത്തുന്നതിനും തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുന്നതിനും ഉപകാരപ്പെടും.

35-65 വയസുള്ളവരും പള്ളികളില്‍ സേവനമനുഷ്ടിക്കുന്നവരും. ഇവര്‍ക്കായി പ്രത്യേക പദ്ധതി നടപ്പിലാക്കാവുന്നതാണ്. വീട്ടുകാര്‍ക്ക് നടപ്പിലാക്കുന്ന പദ്ധതികളും നിര്‍ദ്ദേശിക്കാം. പശുവളര്‍ത്തല്‍, അച്ചാര്‍ നിര്‍മാണം, പള്ളികളോടനുബന്ധിച്ച് ചെറുകിട പെട്ടിക്കടകള്‍ (പുസ്തകം, തൊപ്പി, അത്തര്‍, തസ്ബീഹ് മാല, മുസ്വല്ല തുടങ്ങിയവ വില്‍ക്കാനുള്ള സ്ഥാപനം) തുടങ്ങുന്നതിന് പലിശ രഹിത സാമ്പത്തിക സഹായം നല്‍കാവുന്നതാണ്. സബ്‌സിഡി പദ്ധതിയില്‍ നിന്ന് ഉല്‍പാദന പദ്ധതിയിലേക്ക് പരിവര്‍ത്തിപ്പിക്കുന്നതാവും ഗുണം.
പദ്ധതി നടത്തിപ്പിന്ന് ബജറ്റില്‍ ഗ്രാന്റ് ഇന്‍എയ്ഡായി തുക വകയിരുത്തണം. ഉസ്താദുമാരില്‍ നിന്ന് വിഹിതം സ്വീകരിക്കരുത്. കമ്മിറ്റികള്‍ക്കും വാര്‍ഷിക തുക ചുമത്താവുന്നതാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിപോലെ ന്യൂനപക്ഷ ക്ഷേമകാര്യ വകുപ്പ് മന്ത്രിക്ക് ഒരു നിധി രൂപീകരിക്കാവുന്നതും ഫണ്ട് ലഭ്യമാക്കാവുന്നതുമാണ്. നിലവില്‍ നിയമവ്യവസ്ഥയില്ലെങ്കില്‍ നിയമനിര്‍മാണം നടത്താവുന്നതാണ്. ഈ നിധിയിലേക്ക് സംഭാവന സ്വരൂപീക്കാന്‍ മതപണ്ഡിതരെ ഉപയോഗപ്പെടുത്താവുന്നതാണ്. വര്‍ഷത്തിലൊരു നിശ്ചിത ദിവസം ഫണ്ട് ശേഖരണ ദനിമായി ആചരിക്കാന്‍ പ്രയാസമുണ്ടാവില്ല. കേന്ദ്ര സര്‍ക്കാറിന്റെ മൈനോറിറ്റി സ്‌കീമില്‍ നിന്നും ഫണ്ടും കണ്ടെത്താനും പ്രയാസങ്ങളില്ല.

കേരളത്തിന് വെളിയില്‍ സേവനമനുഷ്ഠിക്കുന്ന പതിനയ്യായിരത്തോളം മതപണ്ഡിതരുണ്ട്. തമിഴ്‌നാട്, പോണ്ടിച്ചേരി, കര്‍ണാടക, ദ്വീപുകള്‍ (തുടങ്ങിയ സ്ഥലങ്ങള്‍) ഇവര്‍ക്കും ക്ഷേമനിധിയുടെ ആനുകൂല്യം ലഭ്യമാക്കണം. സംസ്ഥാനത്ത് താമസക്കാരായ മുഴുവന്‍ പണ്ഡിതര്‍ക്കും ആനുകൂല്യം ലഭിക്കുന്നതിന് നിയമവ്യവസ്ഥകള്‍ ഉണ്ടാക്കണം.
വിവാഹം, ഭവനനിര്‍മാണം, രോഗം എന്നിവക്കും ധനസഹായ നിര്‍ദേശ പദ്ധതിയില്‍ ഉള്‍പ്പെടുത്തണം.-പിണങ്ങോട് അബൂബക്കര്‍ സാഹിബ്‌((( )((ചന്ദ്രിക Nov. 15)