ഖത്തര്‍ ഡിബേറ്റ്; ദാറുല്‍ഹുദാക്ക് മികച്ച വിജയം

ദോഹ: ഖത്തര്‍ ഫൌണ്ടേഷന്‍ സംഘടിപ്പിച്ച നാലാമത് രാജ്യാന്തര അറബിക് ഡിബേറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ദാറുല്‍ഹുദാ ഇസ്‌ലാമിക്‌ സര്‍വകലാശാലക്ക് മികച്ച വിജയം. പാകിസ്ഥാനിലെ ഇന്റര്‍നാഷനല്‍ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റി, മാലിദ്വീപ് ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റി, ബല്‍ഗേറിയ യൂനിവേഴ്‌സിറ്റി, ഇന്തോനേഷ്യന്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി തുടങ്ങിയ സര്‍വകലാശാലകളെ പരാജയപ്പെടുത്തിയാണ് അറബേതര സര്‍വകലാശാലകളുടെ കൂട്ടത്തില്‍ ദാറുല്‍ഹുദാ കഴിവുതെളിയിച്ചത്.
ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, ഓസ്‌ട്രേലിയ, അമേരിക്ക ഭൂഖണ്ഡങ്ങളില്‍ നിന്നായി നാല്‍പത്താറ് രാജ്യങ്ങളിലെ സര്‍വകലാശാലകളാണ് ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരച്ചത്. മത്സരിച്ച അഞ്ചു റൌണ്ടുകളില്‍ നാലിലും വിജയിച്ച് ഇന്ത്യന്‍ സര്‍വകലാശാലകളുടെ ഗണത്തിലും ദാറുല്‍ഹുദാ ഒന്നാമതെത്തി. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി രണ്ടാം സ്ഥാനവും ഡല്‍ഹി ജവാഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റി മൂന്നാം സ്ഥാനവും നേടി.
ഡിഗ്രി വിദ്യാര്‍ത്ഥികളായ ഖമറുല്‍ ഫാരിസ് പൂക്കിപ്പറമ്പ്, ആശിഖുര്‍റഹ്!മാന്‍ കാളികാവ്, മുസ്ഥഫ പൂനൂര്‍, മുഹമ്മദ് കെ ചേലക്കാട് എന്നിവരാണ് ദാറുല്‍ഹുദാ ടീമിലുണ്ടായിരുന്നത്. വിദൂരപഠനവിഭാഗം പഠിതാക്കളായ രണ്ടു ദാറുല്‍ഹുദാ വിദ്യാര്‍ത്ഥികളാണ് കാലിക്കറ്റ് സര്‍വകലാശാലയെയും പ്രതിനിധീകരിച്ചിരുന്നത്.
രാജ്യാന്തര ചാമ്പ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാര്‍ത്ഥികളെ ദാറുല്‍ഹുദാ സ്റ്റാഫ് കൗണ്‍സില്‍ അഭിനന്ദിച്ചു.
ഫോട്ടോ: അന്താരാഷ്ട്ര അറബിക് ഡിബേറ്റ് ചാമ്പ്യന്ഷിപ്പില്‍ പങ്കെടുത്ത വിവിധ സര്‍വകലാശാല ടീം അംഗങ്ങള്‍ സംഘാടകരോടൊപ്പം
- Darul Huda Islamic University