മൊബൈലിന്റെ ദുരുപയോഗം സമൂഹത്തിന്റെ ലക്ഷ്യം തെറ്റിക്കുന്നു: ഹമീദലി ശിഹാബ് തങ്ങള്‍

ഗുരുവായൂര്‍: മൊബൈല്‍ ഫോണിന്റെ ദുരുപയോഗവും സിനിമാതാരങ്ങളെ അന്ധമായി അനുകരിക്കലും മൂലം സമൂഹം ശരിയുടെ പാതയില്‍ നിന്നും വ്യതിചലിക്കുന്നുവെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ് തൈക്കാട് യൂണിറ്റിന്റെ മജിലിസുന്നൂര്‍ രണ്ടാം വാര്‍ഷികവും മതപ്രഭാഷണവും ചൊവ്വല്ലൂര്‍പടിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഹമീദലി ശിഹാബ് തങ്ങള്‍. സമൂഹത്തിന്റെ ആത്മീയബോധം തിരിച്ചുപിടിക്കാന്‍ മജ്‌ലിസുന്നൂര്‍ ആത്മീയ സംഗമങ്ങള്‍ക്ക് കഴിയുമെന്നും തങ്ങള്‍ പറഞ്ഞു. മഹത്തുക്കളുടെ ജീവിതം അനുകരിക്കാന്‍ തയ്യാറായാല്‍ അനുഗ്രഹീത ജീവിതം കെട്ടിപ്പടുക്കാം. ആര്‍ദ്രമായ മനസ്സുള്ള നിസ്വാര്‍ത്ഥ സേവകരെ സമൂഹത്തിന് നല്‍കാന്‍ എസ്.കെ.എസ്.എസ്.എഫ് യൂണിറ്റുകള്‍ക്ക് കഴിയണം. വേദനിക്കുന്നവന്റെ കണ്ണീരൊപ്പുക എന്നതാണ് ‘സഹചാരി സെന്ററുകളുടെ’ ലക്ഷ്യം. സഹചാരി സെന്ററിന് നല്‍കുന്ന ഓരോ നാണയതുട്ടും പാഴാവില്ലെന്നും ഹമീദലി തങ്ങള്‍ പറഞ്ഞു. ബഷീര്‍ ഫൈസി ദേശമംഗലം അധ്യക്ഷനായി. മൊയ്തുണ്ണി ഹാജി, ഷഹീര്‍ ദേശമംഗലം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജഅഫര്‍.ടി.ജെ സ്വാഗതം പറഞ്ഞു. തുടര്‍ന്ന് അഷ്‌റഫ് റഹ്മാനി കാസര്‍കോട് പ്രഭാഷണം നടത്തി. ഇന്ന് നടക്കുന്ന മജ്‌ലിസുന്നൂറും ആത്മീയ സംഗമവും ഇസ്മാഈല്‍ റഹ്മാനി ഉദ്ഘാടനം ചെയ്യും. ശാഹുല്‍ ഹമീദ് റഹ്മാനി അധ്യക്ഷനാകും. ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ പ്രഭാഷണം നടത്തും. സമാപന ദുആയ്ക്ക് പാണക്കാട് സയ്യിദ് ശഹീറലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും.