രാഷ്ട്ര പുനര്‍നിര്‍മാണത്തിന് മുസ്‌ലിംകള്‍ സജ്ജരായിരിക്കണമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍

തൃശൂര്‍: രാഷ്ട്ര പുനര്‍നിര്‍മ്മാണത്തിന് മുസ്‌ലിംകള്‍ സജ്ജരായിരിക്കണമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. 'നീതി ബോധത്തിന്‍റെ നിതാന്ത ജാഗ്രത' യെന്ന മുദ്രാവാക്യവുമായി 2015 ഫെബ്രുവരിയില്‍ തൃശൂരില്‍ നടക്കാനിരിക്കുന്ന എസ്‌കെഎസ്എസ്എഫ് സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായ 'ഗ്രാന്‍ഡ് ഫിനാലെ'യുടെ സ്വാഗത സംഘം രൂപീകരണത്തിന്റെ ഉദ്ഘാടനം തൃശൂരില്‍ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
സാമൂഹിക ജീര്‍ണ്ണതക്കെതിരെ നിതാന്ത ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും സാംസ്‌ക്കാരിക വിശുദ്ധി നില നിര്‍ത്തേണ്ടത് വിശ്വാസി സമൂഹത്തിന്‍റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.തീവ്രവാദത്തിനും വര്‍ഗീയതക്കുമെതിരെ എന്നും മുന്നില്‍ നിന്ന പ്രസ്ഥാനമാണ് സമസ്ത.ഇസ്‌ലാം ഇന്ത്യയിലേക്ക് കടന്ന് വന്ന കൊടുങ്ങല്ലൂര്‍ ഉള്‍പ്പെടെ ചരിത്രപ്രാധാന്യവും സാംസ്‌ക്കാരിക സമ്പന്നവുമായ തൃശൂരാണ് സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്കായി തിരഞ്ഞെടുത്തിരിക്കുന്നതെന്ന് എസ്‌കെഎസ്എസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി പറഞ്ഞു.
സേവന രംഗത്തും വിദ്യാഭ്യാസ-സാംസ്‌ക്കാരിക രംഗത്തും നിസ്തുലമായ സംഭാവന കേരളത്തിന് നല്‍കിയ പ്രസ്ഥാനമെന്ന നിലയില്‍ എസ്‌കെഎസ്എസ്എഫ് എല്ലാവരാലും അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ചെറുവാളൂര്‍ ഹൈദ്രോസ് മുസ്ല്യാര്‍ അദ്ധ്യത വഹിച്ചു, സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ സമ്മേളന പ്രമേയ അവതരണം നടത്തി.(സുപ്രഭാതം)