അശാന്തിയില്‍ നിന്നുള്ള മോചനം ആത്മീയ ചൈതന്യത്തിലൂടെ : സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍

ബഹ്റൈന്‍ : അശാന്തിയും അനീതിയും അധാര്‍മികതയും കൊടികുത്തി വാഴുന്ന ആധുനിക മനുഷ്യ കുലത്തിന് സമാധാനത്തിന്റെ പാതയൊരുക്കാന്‍ ആത്മീയ ചൈതന്യം നേടിയ സമൂഹത്തിന് മാത്രമേ സാധിക്കുവെന്ന് SKSSF പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ ഉദ്‌ബോധിപ്പിച്ചു. നന്‍മ മാത്രം പകര്‍ന്ന് നല്‍കിയ പൂര്‍വ്വസൂരികളുടെ ചരിത്രം ഈ യാഥാര്‍ഥ്യത്തെയാണ് മനസ്സിലാക്കി തരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ പാതയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പണ്ഡിത നേതൃത്വം നിസ്തുലമായ മാതൃകയാണ് കാണിച്ചു തന്നതെന്നും ന്യൂനപക്ഷ സുരക്ഷിതത്തിനു കേരളീയ സമൂഹത്തെ പ്രാപ്തരാക്കുന്നതിന് ഈ ആത്മീയ സാന്നിദ്യത്തിന്റെ വെളിച്ചം വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും തങ്ങള്‍ ഓര്‍മിപ്പിച്ചു. SKSSF ബഹ്‌റൈന്‍ തങ്ങള്‍ക്കും മകന്‍ ഹാഫിള് റാജിഹ് അലി ശിഹാബ് തങ്ങള്‍ക്കും സ്വീകരണ നല്‍കിയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹംസ അന്‍വരി മോളൂരിന്റെ അധ്യക്ഷതയില്‍ സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫക്‌റുദ്ധീന്‍ തങ്ങള്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കെ.എം.സി.സി ജനറല്‍ സിക്രട്ടറി ഹസൈനാര്‍ കളത്തിങ്ങല്‍, സമസ്ത ബഹ്‌റൈന്‍ ജനറല്‍ സിക്രട്ടറി എസ്.എം അബ്ദുല്‍ വാഹിദ് ആശംസകള്‍ നേര്‍ന്നു. വിശിഷ്ടാതിഥികള്‍ക്കുള്ള ഉപഹാരങ്ങള്‍ സയ്യിദ് ഫക്‌റുദ്ധീന്‍ തങ്ങള്‍, നവാസ് കൊല്ലം, ശഹീര്‍ കാട്ടാമ്പള്ളി, എസ്.എം അബ്ദുല്‍ വാഹിദ്, അന്‍സാര്‍ അന്‍വരി കൊല്ലം എന്നിവര്‍ നല്‍കി. SKSSF ചികിത്‌സാസഹായ നിധിയായ സഹചാരി സംരംഭത്തിലേക്കുള്ള ബഹ്‌റൈന്‍ വിഹിതമായ ഒരുലക്ഷം SKSSF ബഹ്‌റൈന്‍ പ്രസിഡന്റ് ഹംസ അന്‍വരി മോളൂരും ശംസുല്‍ ഉലമാ അക്കാദമി ഫണ്ട് അബ്ദുറഹ്മാന്‍ ഹാജി പേരാമ്പ്രയും തങ്ങള്‍ക്ക് കൈമാറി.
എസ്.വി ജലീല്‍, സൈദലവി മുസ് ലിയാര്‍ അത്തിപ്പറ്റ, കുന്നോത്ത് കുഞ്ഞബ്ദുള്ള ഹാജി, അബ്ദുറഹ്മാന്‍ ഹാജി ബൂഅലി, മൂസമൗലവി വണ്ടൂര്‍, ഖാസിം റഹ്മാനി, നൂറുദ്ദീന്‍ മുണ്ടേരി, കെ.ടി സലിം, മുഹമ്മദലി വളാഞ്ചേരി തുടങ്ങിയവര്‍ സംബന്ധിച്ചു. ഹാഫിള് റാജിഹ് അലി ശിഹാബ് തങ്ങളുടെ ഖുര്‍ആന്‍ പാരായണത്തില്‍ തുടക്കം കുറിച്ച പരിപാടിയില്‍ ഉമറുല്‍ ഫാറൂഖ് ഹുദവി സ്വാഗതവും അബ്ദുല്‍ മജീദ് ചോലക്കോട് നന്ദിയും പറഞ്ഞു. ഫലസ്തീനിലെ ദുരിതമനുഭവിക്കുന്നവര്‍ക്ക് വേണ്ടിയുള്ള അബ്ബാസ് അലി തങ്ങളുടെ പ്രാര്‍ത്ഥനയോടെയാണ് പരിപാടി അവസാനിച്ചത്.
- Samastha Bahrain