മദ്യനിരോധനനീക്കം സ്വാഗതാര്‍ഹം : SMF

ചേളാരി : കേരളം സമ്പൂര്‍ണ മദ്യനിരോധിത സംസ്ഥാനമാക്കുന്നതിനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കം സ്വാഗതാര്‍ഹമാണെന്ന് സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി പിണങ്ങോട് അബൂബക്കര്‍ പ്രസ്താവിച്ചു. ഇന്ത്യയില്‍ ഏറ്റവുമധികം ആളോഹരി ലഹരി ഉപയോഗം നടക്കുന്ന സംസ്ഥാനമാണ് കേരളം. യുവജനങ്ങളും വിദ്യാര്‍ത്ഥികളും സ്ത്രീകളും ഈ വിപത്തിന്റെ ഇരകളാണ്. ചാരായ നിരോധനം പറയത്തക്കഫലം കിട്ടാതെ പോയത് നാടുനീളെ ബാറും ബീവറേജസ് കോര്‍പ്പറേഷന്‍ ഷോപ്പുകളും അനുവദിച്ചതുകൊണ്ടായിരുന്നു.
മദ്യനിരോധനം പ്രഖ്യാപിത നയമായി സ്വീകരിച്ച മുസ്‌ലിംലീഗ് പാര്‍ട്ടിയെ പ്രത്യേകം അഭിനന്ദിക്കുന്നു. പി.എം. സുധീരന് ശക്തി പകര്‍ന്ന പാര്‍ട്ടി തീരുമാനമാണ് സംസ്ഥാന സര്‍ക്കാര്‍ പത്ത് വര്‍ഷം കൊണ്ട് മദ്യനിരോധനം സാധ്യമാക്കാന്‍ തീരുമാനിക്കാനിടയായത്. കേരള കോണ്‍ഗ്രസ് നിലപാടുകളും മുസ്‌ലിം സംഘടനകളും ക്രൈസ്തവ മതാധ്യക്ഷന്മാരും ഇക്കാര്യത്തില്‍ സ്വീകരിച്ചുവന്ന സമീപനങ്ങളും സര്‍ക്കാര്‍ തീരുമാനത്തിന് ശക്തിപകരാന്‍ കാരണമായി.
പുതിയ 418 ബാറുകള്‍ തുറക്കില്ലെന്നും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന 323 ബാറുകള്‍ കൂടി പൂട്ടുമെന്നുമുള്ള സര്‍ക്കാര്‍ തീരുമാനം ആശാവഹമാണ്. സമാധാനമാഗ്രഹിക്കുന്ന എല്ലാ സുമനസ്സുകള്‍ക്കും ആശ്വാസം കൊള്ളുന്നതാണ് സര്‍ക്കാര്‍ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
- Samasthalayam Chelari