വാഫിക്ക് അലീഗഡ് പഠനകേന്ദ്രം അനുവദിച്ചു

വളാഞ്ചേരി: അലിഗഡ് മുസ്ലിം സര്‍വകലാശാലയുടെ വിദൂര വിദ്യാഭ്യാസ പഠനകേന്ദ്രം വളാഞ്ചേരി മര്‍കസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോഡിനേഷന്‍ ഓഫ് ഇസ്‌ലാമിക് കോളജസിന് (സി.ഐ.സി) അനുവദിച്ച് വിഞ്ജാപനമിറിക്കി. കേരളത്തില് ‍അലീഗഡ് സര്‍വകലാശാല അംഗീകരിക്കുന്ന ആദ്യത്തെ പഠനകേന്ദ്രമാണിത്. അലീഗഡ് ഡിസ്റ്റന്‍സ് എഡുക്കേഷന്‍ സെന്‍റര്‍ മേധാവി ഡോ.നസീഫ് അഹ്മദ് അന്‍സാരിയുടെ നേതൃത്വത്തിലുള്ള ഉന്നതസംഘം കഴിഞ്ഞ ജനുവരിയില്‍ മര്‍കസ് സന്ദര്‍ശിച്ച് സൌകര്യങ്ങള്‍ വിലയിരുത്തിയിരുന്നു. അലീഗഡ് സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ച എല്ലാ കോഴുസുകളും പുതുതായി അനുവദിക്കപ്പെട്ട ഈ കേന്ദ്രം വഴി ചെയ്യാവുന്നതാണ്. അതിനിടെ വാഫി കോഴ്സിലേക്കുള്ള പുതിയ അധ്യയന വര്‍ഷത്തെ പ്രവേശന പരീക്ഷ മെയ് 8,9 തിയ്യതികളിലായി നടക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. മദ്രസയില്‍ ഏഴാം തരം പാസായ എസ്എസ്എല്‍സി പരീക്ഷയില്‍ തുടര്‍പഠനയോഗ്യതയും നേടിയവര്‍ക്കാണ് പ്രവേശനം നല്‍കുന്നത്. അപേക്ഷാഫോമുകള്‍ വാഫി കോളജുകളില്‍ നിന്നും സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കും. വിശദവിവരങ്ങള്‍ക്ക് 9349677788 എന്ന നമ്പറില്‍ ബന്ധപ്പെടുക.