ഹജ്ജ് നറുക്കെടുപ്പ്: 1257 പേരെ തെരഞ്ഞെടുത്തു, 35650 പേര്‍ വെയ്റ്റിംഗ് ലിസ്റ്റില്‍

രാവിലെ ഹജ്ജ്ഹൗസില്‍ നടന്ന നറുക്കെടുപ്പ്
ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ടി. എം
ബാപ്പുമുസ്‌ല്യാര്‍ നിര്‍വഹിക്കുന്നു 
കൊണ്ടോട്ടി; സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി 1257 പേരെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. മൊത്തം 43869 അപേക്ഷകരില്‍ 6984 പേര്‍ റിസര്‍വ് കാറ്റഗറിയില്‍ ഉണ്ട്. ബാക്കി വന്ന 36907 അപേക്ഷകരില്‍ നിന്നാണ് ജനറല്‍ കാറ്റഗറിയില്‍ നറുക്കെടുപ്പ് നടന്നത്. 8241 പേര്‍ക്കാണ് ക്വാട്ട അനുവദിച്ചത്.

ജനറല്‍ കാറ്റഗറിയില്‍ ബാക്കിവരുന്ന 35650 പേര്‍ക്കും നറുക്കെടുപ്പ് നടന്നു. ഇവരെ വെയ്റ്റിംഗ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. ക്വാട്ട ഇനിയും ലഭിക്കുന്ന മുറക്കും അവസരം ലഭിച്ചവരില്‍ യാത്ര റദ്ദാക്കുന്നപക്ഷവും വെയ്റ്റിംഗ് ലിസ്റ്റില്‍ നിന്നും സീനിയോറിറ്റി പ്രകാരം തെരഞ്ഞെടുക്കും. രാജ്യത്ത് 2,98,325 അപേക്ഷകരില്‍ കേരളമാണ് കൂടിയ അപേക്ഷകരുള്ള സംസ്ഥാനം.
സംസ്ഥാന ഹജ്ജ്ഹൗസില്‍ ഇന്നലെ രാവിലെ നടന്ന നറുക്കെടുപ്പ് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പുമുസ്‌ല്യാര്‍ നിര്‍വഹിച്ചു. കെ. മുഹമ്മദുണ്ണിഹാജി എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. എ.കെ. അബ്ദുറഹിമാന്‍, ജില്ലാ കലക്ടര്‍ എം.സി. മോഹന്‍ദാസ്, ഡോ. ഇ.കെ. അഹമ്മദ്കുട്ടി, മുഹമ്മദ്‌മോന്‍ഹാജി, അഹമ്മദ്മൂപ്പന്‍, പി. മോയുട്ടിമൗലവി, പി.എ. ജബ്ബാര്‍ഹാജി പ്രസംഗിച്ചു. ഹജ്ജ് അസിസ്റ്റന്റ് സെക്രട്ടറി ഇ.സി. മുഹമ്മദ് സ്വാഗതവും മുജീബ് പുത്തലത്ത് നന്ദിയും പറഞ്ഞു.