ബഹ്‌റൈന്‍ ചാപ്‌റ്റര്‍ റഹ്‌മാനീസ്‌ അസോ. റഹ്‌ മാനിയ്യ ഐക്യദാര്‍ഢ്യ സമ്മേളനം സംഘടിപ്പിച്ചു

മനാമ: ബഹ്‌റൈന്‍ ചാപ്‌റ്റര്‍ റഹ്‌ മാനീസ്‌ അസോസിയേഷന്‍ മനാമ സമസ്‌താലയത്തില്‍ സംഘടിപ്പിച്ച കടമേരി റഹ്‌മാനിയ്യ ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ സയ്യിദ്‌ ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ സംസാരിക്കുന്നു 
മനാമ: കടമേരി റഹ്‌ മാനിയ്യ സ്ഥാപനങ്ങളുടെ വിജയം സ്വാത്വികരായ സ്ഥാപകരുടെ ഇഖ്‌ലാസ്‌ (ആത്മാര്‍ത്ഥത) ആണെന്നും സ്ഥാപകനായ ചീക്കിലോട്ടു കുഞ്ഞമ്മദ്‌ മുസ്ല്യാര്‍ എന്ന ഒരു വ്യക്തി ഒരു പ്രസ്ഥാനമായ ചരിത്രമാണ്‌ റഹ്‌മാനിയ്യയില്‍ നിന്നും വിശ്വാസികള്‍ക്ക്‌ പഠിക്കാനുള്ളതെന്നും ബഹ്‌റൈന്‍ ചാപ്‌റ്റര്‍ റഹ്‌മാനീസ്‌ അസോസിയേഷന്‍ ഐക്യദാര്‍ഢ്യ സമ്മേളനം അഭിപ്രായപ്പെട്ടു.
സമന്വയത്തിന്റെ നാല്‍പ്പതാണ്ട്‌ എന്ന പ്രമേയത്തില്‍ കടമേരി റഹ്‌ മാനിയ്യ അറബിക്‌ കോളേജിന്റെ 40 ആം വാര്‍ഷിക സനദ്‌ ദാന സമ്മേളനമായ റൂബി ജൂബിലിയുടെ ഭാഗമായി ബഹ്‌റൈന്‍ ചാപ്‌റ്റര്‍ റഹ്‌മാനീസ്‌ അസോസിയേഷന്‍ മനാമ സമസ്‌താലയത്തിലാണ്‌ ഐക്യദാര്‍ഢ്യ സമ്മേളനം സംഘടിപ്പിച്ചത്‌.
ചടങ്ങ്‌ സമസ്‌ത കേരള സുന്നി ജമാഅത്ത്‌ ജന.സെക്രട്ടറി എസ്‌.എം.അബ്‌ദുല്‍ വാഹിദ്‌ ഉദ്‌ഘാടനം ചെയ്‌തു. കേരളത്തിലാദ്യമായി മത സമന്വയ വിദ്യഭ്യാസത്തിന്‌ തുടക്കം കുറിക്കുകയും സിലബസ്‌ ആവിഷ്‌കരിച്ച്‌ നടപ്പിലാക്കുകയും ചെയ്‌ത സമസ്‌തയുടെ പ്രമുഖ സ്ഥാപനമായ കടമേരി റഹ്‌മാനിയ്യ അറബിക്‌ കോളേജിന്റെ ആവശ്യകതയിലേക്ക്‌ വിരല്‍ ചൂണ്ടി സംസാരിച്ച അദ്ധേഹം സ്ഥാപന സന്തതികളുടെ സജീവ സാന്നിധ്യം സമുദായത്തിനാവശ്യമാണെന്ന്‌ അഭിപ്രായപ്പെട്ടു.
നമ്മുടെ മക്കളും വിദ്യാഭ്യാസവും എന്ന വിഷയമവതരിപ്പിച്ച്‌ സയ്യിദ്‌ ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ തേങ്ങാപട്ടണം മുഖ്യ പ്രഭാഷണം നടത്തി. ബഹ്‌റൈന്‍ സമസ്‌ത നേതാക്കളായ അത്തിപ്പറ്റ സൈതലവി മുസ്ല്യാര്‍, വി.കെ.കുഞ്ഞഹമ്മദ്‌ ഹാജി എന്നിവര്‍ ആശംസകളര്‍പ്പിച്ചു. കോളേജ്‌ കമ്മറ്റി പ്രതിനിധികളായി ഭാരവാഹികളായ പ്രസിഡന്റ്‌ അഹമ്മദ്‌ ഹാജി ആയഞ്ചേരി, ജന.സെക്രട്ടറി തയ്യില്‍ ഇബ്രാഹീം ഹാജി കുമ്മങ്കോട്‌, ആലിയ ഹമീദ്‌ ഹാജി എന്നിവര്‍ സംബന്ധിച്ചു. റഹ്‌ മാനീസ്‌ വൈ.പ്രസി. സലീം ഫൈസി അദ്ധ്യക്ഷത വഹിച്ചു. ഖാസിം റഹ്‌ മാനി പടിഞ്ഞാറത്തറ സ്വാഗതവും ഉബൈദുല്ലാ റഹ്‌ മാനി കൊമ്പംകല്ല്‌ നന്ദിയും പറഞ്ഞു. ബഹ്‌റൈന്‍ സമസ്‌ത കേന്ദ്ര ഏരിയാ നേതാക്കളും പോഷക സംഘടനാ പ്രതിനിധികളും സംബന്ധിച്ചു.