കുവൈത്ത് : കുവൈത്ത് കേരള സുന്നി മുസ്ലിം കൗണ്‍സില്‍ സംഘടിപ്പിച്ച ഹുബ്ബുറസൂല്‍ സമ്മേളനം സമാപിച്ചു. ഫെബ്രുവരി 1 ന് അബ്ബാസിയ്യ റഈസുല്‍ ഉലമാ നഗറില്‍ (റിഥം ഓഡിറ്റോറിയം) സംഘടിപ്പിച്ച പരിപാടിയില്‍ മൗലിദ് പാരായണം, ബുര്‍ദ മജ്ലിസ്, പൊതു സമ്മേളനം എന്നിവ നടന്നു. മൗലിദ് പാരായണത്തിനു സയ്യിദ് ഗാലിബ് അല്‍-മഷ്ഹൂര്‍, സയ്യിദ് ഹംസ കോയ തങ്ങള്‍ ഹൈദ്രോസി, മുഹമ്മദലി ഫൈസി, പി.കുഞ്ഞഹമ്മദ്‌കുട്ടി ഫൈസി, ശംസുദ്ധീന്‍ മൗലവി, അബ്ദുല്‍ ഹമീദ് മൗലവി എന്നിവര്‍ നേത്രത്വം നല്‍കി. ശേഷം ബുര്‍ദമജ്ലിസിന് മുഹമ്മദലി ബദരി നേത്രത്വം നല്‍കി. കുരുന്നുകളുടെ ഇശല്‍ മേളവും നടന്നു. മഗ്‍രിബിന്ന് ശേഷം നടന്ന സമാപന സമ്മേളനത്തിന് പി.കുഞ്ഞഹമ്മദ്‌കുട്ടി ഫൈസിയുടെ പ്രാര്‍ഥനയോടെ ആരംഭം കുറിച്ചു. ഉസ്താദ് അബ്ദുല്‍ സലാം മുസ്ലിയാര്‍ അധ്യക്ഷനായിരുന്നു. യുസഫ് അല്‍-ഖാസിമി ഖിറാഅത്ത് നടത്തി. സയ്യിദ് ഗാലിബ് അല്‍-മഷ്ഹൂര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രമുഖ ചിന്തകനും പ്രഭാഷകനുമായ അലവിക്കുട്ടി ഹുദവി മുണ്ടംപറമ്പ് മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. പ്രവാചകര്‍ മുഹമ്മദ് നബി(സ)യുടെ മഹത്വം പറയല്‍ പുണ്യകരമായ കാര്യമാണെന്നും ഖുര്‍ആന് മുമ്പുള്ള പൂര്‍വ വേദ ഗ്രന്ഥങ്ങളിലെല്ലാം നബി(സ)യുടെ മഹത്വവും നബി(സ)യെ കുറിച്ചുള്ള സന്തോഷ വാര്‍ത്തയും വന്നിട്ടുണ്ടെന്നും അലവിക്കുട്ടി ഹുദവി പ്രാമാണിക തെളിവുകളുടെ അടിസ്ഥാനത്തില്‍ വിശദീകരിച്ചു. നബി(സ)യുടെ ആസാറുകള്‍ ബഹുമാനിക്കപ്പെടുന്നതും അത് കൊണ്ട് ബറക്കത്തെടുക്കപ്പെടുന്നതും പുണ്യം ലഭിക്കുന്നതുമാണ്. സ്വഹാബാ കിറാം അത്തരത്തില്‍ ബറകത്ത് എടുത്തിരുന്നതായി അദ്ദേഹം വിശദീകരിച്ചു. എന്നാല്‍ വ്യാജ ആസാറുകളുടെ പേരില്‍ തട്ടിപ്പ് നടത്തുന്നത് സുന്നികള്‍ക്ക് ചേര്‍ന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2014 ഏപ്രില്‍ 4,5,6 തിയ്യതികളില്‍ കാസര്‍ഗോഡ് വാദിത്വൈബയില്‍ നടക്കുന്ന SYS അറുപതാം വാര്‍ഷിക മഹാസമ്മേളന പ്രചാരണത്തിന്‍റെ കുവൈത്ത്-തല ഉദ്ഘാടനവും വേദിയില്‍ നടന്നു. SYS സമ്മേളന പരിചയപ്പെടുത്തല്‍ സൈനുല്‍ ആബിദ് ഫൈസി നിര്‍വഹിച്ചു. സമ്മേളന വിജയത്തിനായി മുഴുവന്‍ ആളുകളുടെയും സഹകരണം അദ്ദേഹം അഭ്യര്‍ഥിച്ചു.
മികച്ച സംഘാടകര്‍ക്കുള്ള ഉപഹാരങ്ങള്‍ ഇസ്മായില്‍ ബെവിഞ്ച, മുഹമ്മദ് ബാപ്പു എന്നിവര്‍ ഏറ്റു വാങ്ങി. അലവിക്കുട്ടി ഹുദവിക്കുള്ള സുന്നി കൗണ്‌സിലിന്‍റെ ഉപഹാരം അബ്ദുല്‍ സലാം മുസ്ലിയാര്‍ അദ്ദേഹത്തിനു നല്‍കി. സയ്യിദ് നിസാര്‍ അല്‍-മഷ്ഹൂര്‍, ബഷീര്‍ ബാത്ത, അബ്ദുല്‍ സലാം സാഹിബ്, നസീര്‍ ഖാന്‍, മുജീബ് ഹൈതാമി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സെക്രട്ടറി ആബിദ് അലവി അല-ഖാസിമി സ്വാഗതവും ശംസുദ്ധീന്‍ മൗലവി നന്ദിയും പറഞ്ഞു. മരക്കാര്‍ കുട്ടി ഹാജി, അന്‍വര്‍ കവ്വായി, ഇസ്മായില്‍ ബെവിഞ്ച, അബ്ദു പാലപ്പുറ, നാസര്‍ കോടൂര്‍, അബ്ദുല്‍ ഹകീം, അബു ശബീല്‍, യുസഫ് ഫറോഖ് തുടങ്ങിയവര്‍ സമ്മേളനത്തിന്‍റെ കോര്‍ഡിനേറ്റര്‍മാരായിരുന്നു.