സമസ്‌ത 85-ാം വാര്‍ഷികം; ``നേതൃദാരിദ്ര്യത്തിന്റെ കാണാപുറങ്ങള്‍'' - 400 കേന്ദ്രങ്ങളില്‍ കാമ്പയിന്‍ നടത്തും : SMF

മലപ്പുറം : ലോക സമൂഹം കടുത്ത നേതൃദാരിദ്ര്യം നേരിടുകയാണ്‌. എല്ലാ അരാജകത്വങ്ങളുടെയും ഉത്ഭവകേന്ദ്രം മൂല്യമില്ലാത്ത നേതൃത്വമാണ്‌. നല്ല അനുയായികളാണ്‌ മഹത്വമുള്ള നേതൃത്വത്തെ സൃഷ്ടിക്കുന്നത്‌. വിശുദ്ധ ഇസ്‌ലാം നേതൃത്വത്തിന്‌ ഉന്നതപതവി നല്‍കിയതോടൊപ്പം വലിയ ഉത്തരവാദിത്വവും നല്‍കിയിട്ടുണ്ട്‌. സമൂഹത്തെ ചൈതന്യവത്താക്കുന്ന `സമൂഹ സമ്പത്ത്‌' വളര്‍ത്തുന്നതിന്‌ വേണ്ടി കേരളം, തമിഴ്‌നാട്‌, കര്‍ണാടക, പോണ്ടിച്ചേരി, ലക്ഷദ്വീപുകള്‍, അന്തമാന്‍, മലേഷ്യ എന്നിവിടങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട 400 കേന്ദ്രങ്ങളില്‍ 2012 ഫെബ്രുവരി 6-10 തിയ്യതികളില്‍ ``നേതൃദാരിദ്ര്യത്തിന്റെ കാണാപുറങ്ങള്‍'' എന്ന പ്രമേയത്തെ അധികരിച്ച്‌ വിപുലമായ ക്യാമ്പയിന്‍ നടത്തുവാന്‍ എസ്‌.എം.എഫ്‌. (സുന്നി മഹല്ല്‌ ഫെഡറേഷന്‍) സംസ്ഥാന നേതൃക്യാമ്പ്‌ പദ്ധതികള്‍ ആസൂത്രണം ചെയ്‌തു. ചേളാരി സമസ്‌ത കോണ്‍ഫ്രന്‍സ്‌ ഹാളില്‍ നടന്ന ചടങ്ങില്‍ പ്രൊ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്‌തു. പിണങ്ങോട്‌ അബൂബക്കര്‍, മുസ്‌തഫ മാസ്റ്റര്‍ മുണ്ടുപാറ വിഷയം അവതരിപ്പിച്ചു. കെ.ടി.ഹംസ മുസ്‌ലിയാര്‍, വാവാട്‌ കുഞ്ഞിക്കോയ മുസ്‌ലിയാര്‍, കാളാവ്‌ സൈതലവി മുസ്‌ലിയാര്‍ പ്രസംഗിച്ചു. ഉമര്‍ഫൈസി മുക്കം സ്വാഗതവും അഹ്‌മദ്‌ തെര്‍ളായി നന്ദിയും പറഞ്ഞു. 2012 ഫെബ്രുവരി 23 - 26 തിയ്യതികളില്‍ നടക്കുന്ന സമസ്‌ത എണ്‍പത്തി അഞ്ചാം വാര്‍ഷിക പ്രചാരണാര്‍ത്ഥം ജനുവരി 23 മുതല്‍ ഫെബ്രുവരി 2 വരെ നടക്കുന്ന സമസ്‌ത സന്ദേശയാത്ര വിജയിപ്പിക്കാന്‍ യോഗം കര്‍മ്മപദ്ധതി ആസൂത്രണം ചെയ്‌തു.